Malayalam Poem : വഴി, അഭിനന്ദ് ശിവാനന്ദന്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published May 14, 2022, 3:52 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അഭിനന്ദ് ശിവാനന്ദന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

സമനിലകളില്‍നിന്ന്  
ഭ്രാന്തിന്റെ നശിച്ച കുളങ്ങളിലേക്ക് 
നിന്നെ നീ വലിച്ചെറിയുന്നു.

കാതുകളിലേക്ക് ചെളി കയറുമ്പോഴും 
നീ പഴയ റഷ്യന്‍ വിപ്ലവഗാനങ്ങള്‍ക്കായി
ചെവിയോര്‍ക്കുന്നു.

കണ്ണടയും മുമ്പ് എനിക്ക് പേര് അറിയാത്ത
സിനിമകളിലെ വില്ലനെ നീ കാണുന്നു.

പരല്‍ മീനുകള്‍ നിന്റെ ചുണ്ടുകള്‍ 
കൊത്തി വലിക്കും മുമ്പ് 
ഒരു കവിള്‍ പുകക്ക് വേണ്ടി
നിന്റെ ചുണ്ടുകള്‍ വിതുമ്പുന്നു.

ഇപ്പോള്‍ നിനക്ക് കട്ട പിടിച്ച
ചോരയുടെ മണമാണ്, 
അല്ലെങ്കില്‍ പോപ്പി പൂക്കളുടെ.

നിന്റെ തലയോട്ടിയിലേക്ക്  
ഉന്നം പിടിക്കുന്ന നിന്റെ
പെരുവിരല്‍ ആദ്യം 
എന്റെ രക്തം കുടിക്കട്ടെ. 

നിനക്ക് സാധാരണത്വത്തിലേക്ക് 
വഴി കാട്ടണം എന്ന് അതിയായി ഞാന്‍
ആഗ്രഹിക്കുന്നു, 
എങ്കിലും
നിനക്ക് മുന്നേ അസാധാരണമായത്
ഞാന്‍ തന്നെയാണ്

എങ്കിലും പ്രിയപ്പെട്ടവനെ
നീ തൂങ്ങി ചാവാതിരിക്കുക.
നിന്റെ ദുഃഖങ്ങള്‍ എനിക്ക് 
കവിതകളിലേക്കുള്ള 
വഴി കാട്ടട്ടെ.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!