ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സഞ്ജയ്‌നാഥ് എഴുതിയ കവിത. Asianet News Chilla Literary Space. Malayalam Poem by Sanjay Nath
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അപ്‌സര തീയറ്റര്‍
അപ്‌സര തീയറ്റര്‍ നിന്നയിടം
ഇപ്പോള്‍ ഒഴിഞ്ഞ പറമ്പാണ്.
കമ്മ്യൂണിസ്റ്റ് പച്ചകള്‍ മൂടി
കാട്ടു പന്നികള്‍ മേയുന്നയിടം.
പണ്ടത്തെ പകലറുതികളില്‍
പള്ളിപ്പറമ്പില്‍ ആറ് മണി മുട്ടുമ്പോള്‍
അപ്‌സര തീയറ്ററില്‍ ‘നാരായണ നമഃ’
എന്ന പ്രാര്‍ത്ഥനാ ഗീതം ഉയരും.
വെള്ളിത്തിരയിലെ നസീറിനും
സത്യനും ജയനുമൊപ്പം ജനങ്ങള്‍
ചിരിച്ചു കരഞ്ഞു കൈയ്യടിച്ചു.
കെപി ഉമ്മറിനേയും ബാലന്‍ കെ നായരേയും
തെറി പറഞ്ഞു.
ഷീലയും ജയഭാരതിയും വിധുബാലയും
സ്‌ക്രീനില്‍ നിറഞ്ഞപ്പോള്‍ അവര്‍
ചൂളം വിളിച്ചു, പൂച്ച കരഞ്ഞു.
അവരുടെ ദിനസരികളില്‍ അപ്‌സര തീയറ്റര്‍
നിറഞ്ഞു നിന്നു.
അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പനും
ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും
അവരുടെ മനസ്സിലുടക്കി.
ഓലമേഞ്ഞ തീയറ്ററിന്റെ ഇരുട്ടിലിരുന്ന്
കപ്പലണ്ടി കൊറിച്ചും ബീഡി വലിച്ചും
അവര്‍ ജീവിത ദുഃഖങ്ങള്‍ മറന്നു.
രാത്രികളില്‍ ഇടവഴികളിലൂടെ
ജനം അപ്‌സരയിലേക്കൊഴുകി.
അഭയവും ആശ്രയവും ആശ്വാസവുമായി അപ്‌സര.
പള്ളി പറമ്പിലെ ആറുമണി മുട്ടവസാനിച്ച നാളുകളില്‍
അപ്‌സര തീയറ്റര്‍ നിശ്ശബ്ദമായി.
പകലറുതികളില്‍ നാരായണ നമഃ കേള്‍ക്കാതെയായി.
സത്യനും നസീറും ജയനും ഒഴിഞ്ഞ
ഗ്രാമഭിത്തികളില്‍ നിന്ന് അപ്‌സര തീയറ്റര്‍
എന്ന പേര് ഇല്ലാതെയായി.
തുലാവര്‍ഷ പെയ്ത്തില്‍ അപ്‌സര തീയറ്റര്‍
പൊളിഞ്ഞ് വീണ ദിവസം
ഗ്രാമം മൗനത്തിലാണ്ടു.
തീയറ്ററിന്റെ ഇരുട്ടാസ്വദിച്ചിരുന്ന തലമുറ
ഓര്‍മ്മകള്‍ പങ്ക് വച്ചു.
ആ രാത്രിയില്‍ അവര്‍ ചെമ്മീനിലെ
പരീക്കുട്ടിയെ ഓര്‍ത്തു.
മാനസമൈനേ എന്ന പാട്ട് മൂളി
സത്യനും നസീറും ഇല്ലാതായ സന്ധ്യകളില്‍
അവര്‍ അനാഥരെ പോലെ ഗ്രാമത്തിന്റെ ഇരുട്ടിലലഞ്ഞു.
കമ്മ്യൂണിസ്റ്റ് പച്ചകള്‍ മൂടിയ പറമ്പില്‍
കാട്ടു പന്നികള്‍ മുക്രയിട്ടു.
രാത്രികളില്‍ വഴിയാത്രക്കാരെ
ആക്രമിച്ച പന്നിക്കൂട്ടങ്ങളെ പേടിച്ച്
വഴികള്‍ വിജനങ്ങളായി.
രാത്രികളെ സന്തോഷിപ്പിച്ചിരുന്ന
അപ്‌സര തീയറ്റര്‍ അപ്‌സര പന്നിപ്പറമ്പായി.
ഒഴിവ് സമയങ്ങളില്‍ വടിയും കത്തിയുമായി
വേട്ടയ്ക്കിറങ്ങുന്ന തലമുറ ഗ്രാമത്തിലെ കാഴ്ചയായി.
അവര്‍ക്കൊപ്പം
തച്ചോളി ഒതേനനും
ചെല്ലപ്പനും വേലായുധനും
കടത്തനാട്ട് മാക്കവും
നാഗമഠത്ത് തമ്പുരാട്ടിയും കൂട്ട് ചെന്നു.
അപ്‌സര തീയറ്ററിപ്പോള്‍ അവരുടെ മനസ്സുകളിലാണ്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


