Malayalam Poem: മരിച്ചതില്‍ പിന്നെ..., അക്ഷയ് ഗോപിനാഥ് എഴുതിയ രണ്ട് കവിതകള്‍

By Chilla Lit SpaceFirst Published Jan 31, 2023, 3:39 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മരിച്ചതില്‍ പിന്നെ..., അക്ഷയ് ഗോപിനാഥ് എഴുതിയ രണ്ട് കവിതകള്‍
 

 

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 


മരിച്ചതില്‍ പിന്നെ...


മരിച്ചതില്‍ പിന്നെ മാറിയുടുക്കാനായിട്ടില്ല
ഉടുത്തിരുന്നത് മുഷിഞ്ഞപ്പോള്‍,
രണ്ടും കല്‍പ്പിച്ച് പിന്നാമ്പുറത്ത്
വന്നെത്തിനോക്കി!

മൂന്നാളും കൂടെ മീന്‍ വറുത്ത് കഴിക്കുന്നു.
പെല ഇത്ര വേഗം കഴിഞ്ഞോ?
ഇന്നലെ മരിച്ച പോലെ ഓര്‍മ്മ.  

വിറകടുപ്പില്‍ കുടമ്പുളിച്ചാറില്‍
അയലക്കഷ്ണം.
ചത്തെങ്കിലും സന്തോഷത്തോടെ
തിളച്ചു പൊന്തുന്നു!
കൊതി തോന്നിയില്ല.

മനം പുരട്ടി  
ആരുമാരും കരഞ്ഞും കണ്ടില്ല  
മരിച്ചാല്‍ ഇത്ര വേഗം മറക്കുമോ?
മടുക്കാത്തൊരുവനേം മറക്കുമോ?

അവരൊക്കെയും ഇങ്ങനെയൊരുവന്‍
ഈ വഴി വരില്ലെന്ന് കരുതിക്കാണും  
കാല്‍ച്ചുവട്ടിലെ ചൂടാറിയിട്ടില്ല!
നടുമ്പുറത്തെ മരക്കറ മാഞ്ഞിട്ടില്ല.

അവളുടെ സിന്ദൂരക്കുറി മാച്ച സന്ധ്യയെ
പ്രാകി പുരക്കെട്ടിറങ്ങുമ്പോള്‍
കുറ്റിച്ചൂളന്‍
കൊഞ്ഞനംകുത്തി!

ഒരു കൈദൂരം അപ്പുറം താഴെ
തോട്ടീന്ന് കിട്ടിയ നാടന്‍ നായയൊന്ന്
നിര്‍ത്താതെ വാലാട്ടിക്കൊണ്ടിരുന്നു.

മരിച്ചതില്‍പിന്നെ
ഈ വഴിയൊന്നും
വരേണ്ടിയിരുന്നില്ല.  

 


വേലിക്കലെ വീട്


വേലിക്കലെ വീട്ടില്‍ നിന്ന്
ഏതു സമയവും പുക ഉയരുന്നത് കാണാം!
എന്നാല്‍ അവിടെ ആരുമൊന്നും കഴിക്കാറില്ല!

അവര്‍ ഞങ്ങളെ പോലെ അല്ല,
കഞ്ഞിക്കരിയിടും മുന്നേ
പ്ലാവില കൊണ്ട് കുമ്പിള്‍ കുത്തും,
പലക ഇട്ട് സ്ഥാനം പിടിക്കും.

കോലയിലിരുന്നാല്‍
എല്ലാരുടേം മുഖം കാണാം  

വെയില്‍ കൊള്ളാതെ
വാടിയ പകലിത്തിരി
കൂടുതല്‍ ഉറങ്ങിയാല്‍
പതിവിലും കുറച്ച് കഴിച്ചാ മതിയെന്നും
പതിവിലും കുറച്ച് വെച്ചാ മതിയെന്നും
ആ തള്ളയും കരുതും.  

കൊയ്തതില്‍ കുറച്ചരി ബാക്കി വന്നപ്പോള്‍
അത് വേലിക്കലേക്കെന്നും പറഞ്ഞ് മാറ്റി വച്ചു!

ആ പകല്‍
അവരുടെ അടുക്കള പുകഞ്ഞില്ല.

തെക്കുന്നും വടക്കുന്നും
ആളോടിക്കൂടി
വെന്ത വയറോടെ
അവര്‍ മൂവരും
കാലിക്കലത്തിനരികെ കിടന്നു!

വിറകില്ലാതെ അടുപ്പ് വാവിട്ട് കരഞ്ഞു.  

മാറ്റിവച്ച അരി പൂത്ത് കളയും വരെ
കലത്തിലിടാതെ തന്നെ
അതിന് വെന്ത മണമായിരുന്നു.

വേലിപൊളിച്ച് വീട് പോയെങ്കിലും
വേലിക്കലെത്തുമ്പോള്‍
പ്ലാവ് കുമ്പിള്‍ കുത്തിയ ഇല അടര്‍ത്തി ഇടും,
വെയില്‍ ഉച്ചവരെ മയങ്ങി
ഓര്‍മ്മകള്‍ക്ക്
പിന്നേം ചായം തേക്കും.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

click me!