ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് കാവ്യ തെരേസ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Kavya Theresa

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മൂന്നാം നാളിലെ വെളിപാട്

പതിവ് തെറ്റിക്കാതെ രാവിലെ ഏഴ് മണിക്ക് തന്നെ എഴുന്നേറ്റ് വരാന്തയിലെ ചാരുകസേരയുടെ അരികിലേക്ക് നീങ്ങി കാരണവര്‍. കണ്ണട വച്ചിട്ടില്ലാത്തതിനാല്‍ അല്പം കാഴ്ചക്കുറവുണ്ട്. കണ്ണടയില്ലാതെ പ്രഭാതദൃശ്യങ്ങള്‍ നേര്‍ത്ത മങ്ങലോടെ വീക്ഷിക്കുന്നതും അയാള്‍ക്കിഷ്ടമുള്ള കാര്യമാണ്. ചിരപരിചിതമായ സ്ഥലങ്ങള്‍ മനക്കണ്ണില്‍ കാണാന്‍ കണ്ണടയുടെ ആവശ്യമില്ലല്ലോ.

ആ വീടിന്റെ ഓരോ കോണും അയാള്‍ക്ക് അത്രമേല്‍ സുപരിചിതമായിരുന്നു. അയാള്‍ ആ ചാരുകസേരയിലേക്ക് ചാഞ്ഞതും എന്തോ വസ്തു ശബ്ദത്തോടെ നിലം പതിക്കുന്ന ശബ്ദംകേട്ടു. ഒപ്പം അയാളുടെ ഉച്ചത്തിലുള്ള നിലവിളിയും. അത് കേട്ടാണ് കാരണവത്തിയും മകനും മരുമകളും കൊച്ചുമക്കളും വീടിന്റെ ഉമ്മറത്തേക്ക് ഓടിപ്പാഞ്ഞു വന്നത്. അവര്‍ നോക്കുമ്പോള്‍ അയാള്‍ നിലത്തു വീണുകിടക്കുകയായിരുന്നു. ചാരുകസേര കിടന്നയിടമാകട്ടെ ശൂന്യമായി കാണപ്പെട്ടു. അച്ഛനെ ആയാസപ്പെട്ട് പിടിച്ചെഴുന്നേല്പിക്കുമ്പോള്‍ മകനും മരുമകളും അര്‍ദ്ധോക്തിയില്‍ പരസ്പരം നോക്കി, ഇതിനിയും അവസാനിച്ചില്ലേ എന്ന മട്ടില്‍.

ഇതാദ്യത്തെ സംഭവമല്ല. വീട്ടില്‍ നിന്നും ഓരോരോ വസ്തുക്കള്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസം തുടങ്ങിയിട്ട് മാസം രണ്ടായി. മോഷണമല്ല. മുങ്ങിയതെല്ലാം ഒന്നുപോലും വിട്ടുപോവാതെ മൂന്നുനാള്‍ തികയുന്ന ദിനം കൃത്യമായി വീടിന്റെ നാലതിരുകള്‍ക്കുള്ളില്‍ എവിടെയെങ്കിലും പൊങ്ങാറുണ്ട്. കാണാതായി മൂന്ന് പകലിരവുകള്‍ താണ്ടി വെളിപ്പെടുന്നവയെല്ലാം വീട്ടിലുള്ളവര്‍ പരസ്പരം മറച്ചുവച്ച രഹസ്യങ്ങളിലേക്കുള്ള ചൂണ്ടുപലകകളായിരുന്നു.

കസേര മാത്രം മറ്റുള്ളവയില്‍ നിന്നും വേറിട്ട് നിന്നു. അതൊരു വീഴ്ചയായിരുന്നു. കാരണവര്‍ക്കൊപ്പം ഭൂമി തൊട്ടത് മേല്‍ക്കോയ്മയുടെ അധികാര ശാസനങ്ങളായിരുന്നു. ചാരുകസേരയുടെ ക്രാസിലേക്ക് ഇരുകാലുകളും കയറ്റി വച്ച് അയാളും അയാള്‍ക്ക് പിന്നിലേക്ക് നീളുന്ന വേരുകളിലെ നിരവധി പേരും പുറപ്പെടുവിച്ച ആണ്‍ ആജ്ഞകളുടെ പ്രതീകമാണ് പെട്ടന്നൊരുനാള്‍ കാണാതായത്. പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും ആ വീട്ടിലെ പലരും കസേരയുടെ വീരചരമത്തില്‍ സന്തോഷിച്ചു. തലമുറകള്‍ താണ്ടി വന്ന കല്പനകളുടെയും മനസ്സില്ലാമനസ്സോടെയുള്ള അനുവര്‍ത്തിക്കലിന്റെയും, തെല്ലിട അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിചലിക്കാത്ത അനുസരണത്തിന്റെയും അധികാരത്തിന്റെയും അതിന്റെ പരിണിതഫലമായ അടിച്ചമര്‍ത്തലിന്റെയും അടയാളമായിരുന്നു അത്.

ആശുപത്രി വരാന്തയില്‍ അത്യാഹിത വിഭാഗത്തിന് എതിര്‍ വശത്തായി നില്‍ക്കുമ്പോള്‍ കാരണവരുടെ മകന്‍ തന്റെ ഭാര്യയ്‌ക്കൊരു നോട്ടം കൈമാറി. തുടരെ തുടരെയുള്ള ഈ പ്രതിഭാസത്തിന് അന്ത്യം കുറിക്കാന്‍ ചെയ്ത പൂജകളും ക്രിയകളും വിഫലമായതല്ലാതെ ആശ്ചര്യാവഹമായ അപ്രത്യക്ഷമാകല്‍ പരമ്പരയ്ക്ക് അവസാനമില്ലല്ലോ എന്ന് അയാള്‍ ആശങ്കപ്പെട്ടു.പുണ്യാളന്റെ രൂപത്തില്‍ ചാര്‍ത്തിയ പൊന്നിന്റെ മോതിരവും, പള്ളിക്ക് നേര്‍ച്ചയായി കൊടുത്ത രണ്ടു ചാക്ക് അരിയും വെറുതെയായല്ലോ എന്ന് ആ സ്ത്രീയും നെടുവീര്‍പ്പിട്ടു. അതിനൊക്കെ ഇടയിലും കാരണവരെ, കഴുത്തിന് ചുറ്റും പറ്റിച്ചേര്‍ന്ന കോളറിനെക്കാള്‍ ശ്വാസം മുട്ടിച്ചത് തന്റെ ചാരുകസേര എവിടെപ്പോയി എന്ന ചോദ്യമായിരുന്നു.

രണ്ട് മാസത്തോളമായി ദിവസേന ഈ പ്രക്രിയ. പരിഹാരം തേടി അലഞ്ഞൊടുവില്‍ കയ്യിലെ പണം പോയത് മിച്ചം. അയല്‍ക്കാരിയുടെ മകള്‍ ജര്‍മനിയില്‍ നിന്നും വന്ന വകയില്‍ കിട്ടിയ ഫോറിന്‍ മിഠായിപ്പൊതി മറ്റാര്‍ക്കും രുചിച്ചു നോക്കാന്‍ പോലും കൊടുക്കാതെ തനിച്ചു കഴിച്ചു തീര്‍ത്തപ്പോള്‍ തോന്നിയ ആനന്ദം, ഷുഗറുള്ള കാരണവത്തിക്ക് മലവെള്ളപ്പാച്ചില്‍ പോലെ ഒലിച്ചു പോയത്, താന്‍ കുപ്പയില്‍ കൊണ്ടിട്ട മിഠായിക്കടലാസുകള്‍ അടുക്കളയിലെ ഷെല്‍ഫില്‍ നിന്നും മരുമകള്‍ കണ്ടെത്തിയപ്പോഴാണ്. ഷുഗര്‍ കൂടി ആശുപത്രിയില്‍ കിടന്നാല്‍ താന്‍ കൂട്ടിരിക്കാന്‍ വരില്ലെന്ന അവളുടെ പ്രസ്താവനയില്‍ പിടിച്ചു കയറി ആദ്യത്തെ തീപ്പൊരി ചന്നം പിന്നം പാറി. അത് മാലപ്പടക്കത്തിലെ ആദ്യത്തെ പൊട്ടിത്തെറി മാത്രമായിരുന്നു എന്ന് അവര്‍ അന്ന് മനസ്സിലാക്കിയതേയില്ല. വരും ദിവസങ്ങളില്‍ നഷ്ടപ്പെടലിനും, മൂന്ന് ദിനരാത്രങ്ങള്‍ മാത്രം നീണ്ടു നിന്ന വനവാസത്തിനും ഇപ്പുറം വീണ്ടുകിട്ടിയ വസ്തുക്കളാല്‍ വീട്ടിലെ സമാധാന സമവാക്യം താറുമാറായി. എന്തെന്നാല്‍ വീണ്ടുകിട്ടിയവയോരോന്നും ഓരോ വെളിപ്പെടുത്തലുകള്‍ ആയിരുന്നല്ലോ.

'എനിക്ക് നിന്നോടും നിനക്ക് എന്നോടും ഒന്നും മറച്ചു വയ്ക്കാനില്ല, അപ്പോള്‍ പിന്നെ എന്ത് വെളിപ്പെട്ടാലും നമുക്കെന്ത്...' കാരണവരുടെ മകന്‍ ഇടയ്ക്കിടെ തന്റെ ഭാര്യയോട് സ്വയം പറഞ്ഞു പഠിപ്പിക്കാന്‍ വേണ്ടിയെന്നോണം ആ വാചകം ആവര്‍ത്തിച്ചു. നൂറ് വട്ടം ആവര്‍ത്തിച്ചു പറഞ്ഞാല്‍ ഏത് പച്ചക്കള്ളവും സത്യമായി പരിണമിക്കും എന്നാണല്ലോ. മറുപടിയെന്നോണം വന്ന ഭാര്യയുടെ മൂളലിന് മൂടല്‍ മഞ്ഞിന്റെ ആവരണമുണ്ടായിരുന്നു. കാത്തുസൂക്ഷിക്കേണ്ടവ അലമാരയിലെ ലോക്കറിലും മൊബൈലിലും പേഴ്‌സിലുമായി കണ്‍വെട്ടത്തു തന്നെയുണ്ട് എന്ന ഉറപ്പില്‍ ഇരുവരും സമാശ്വസിച്ചു.

മൂന്നാം പക്കം തൊടിയിലെ കുളത്തില്‍ കാലൊടിഞ്ഞ ചാരുകസേര പൊങ്ങിയതിനൊപ്പം സുപ്രധാനമായ മറ്റൊരു സംഭവത്തിന് കൂടി അവിടം വേദിയായി. ഭദ്രമായി അടച്ചു പൂട്ടിയ അലമാരയില്‍ നിന്നും കാണാതായത് ഒന്നും രണ്ടുമല്ല, പതിനായിരം രൂപയായിരുന്നു. കാരണവരുടെ മകനും മരുമകളും തങ്ങളുടെ മുറിക്ക് പുറമേ വീടിന്റെ ഓരോ മുക്കും മൂലയും പരതി. അവരുടെ ഇരുപത് വയസ്സുകാരന്‍ മകനും പതിനാറുകാരി മകളും തിരച്ചിലില്‍ കൂടെക്കൂടി. എല്ലാവരും വേപഥു പൂണ്ടു നിന്നു. 'ഇതും നീളുന്ന നഷ്ടപ്പെടല്‍ പരമ്പരയിലെ കണ്ണിയാണോ?' അയാള്‍ ആശങ്കാകുലനായി. 'മൂന്ന് ദിവസം കഴിഞ്ഞു കണ്ടുകിട്ടിയേക്കും എന്ന മിഥ്യാ ബോധത്തില്‍ മുഴുകി കാത്തിരിക്കാനാവില്ല' - വിവേകമതിയായ ഭാര്യ ഓര്‍മ്മിപ്പിച്ചു.

'വണ്ടിയെടുക്കെടാ, പോലീസ് സ്റ്റേഷനില്‍ പോകാം' എന്ന അച്ഛന്റെ വാചകത്തില്‍ ഇരുപത് വയസ്സുകാരന്‍ നിന്ന് വിയര്‍ത്തു. അവനിലെ മാറ്റം അച്ഛനും അമ്മയും അനുജത്തിയും ശ്രദ്ധിക്കാതിരുന്നില്ല. പണം കാണാതായാല്‍ അതും കാണാതാകല്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന് കരുതിയത് അവന്റെ ബുദ്ധിശൂന്യത. പോലീസിന്റെ വിരട്ടലും ചോദ്യം ചെയ്യലും പിന്നെ അല്പസ്വല്പം കയ്യാങ്കളിയും... അതിനേക്കാള്‍ ഭേദം വീട്ടുകാരുടെ ശകാരവും ഏറിപ്പോയാല്‍ രണ്ട് തല്ലുമാണെന്ന് മനസ്സിലാക്കി അവന്‍ കുറ്റം ഏറ്റുപറഞ്ഞു. കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കാന്‍ വേണ്ടി താനാണ് പണം കവര്‍ന്നതെന്ന പുതിയ സത്യത്തിന് മുന്നില്‍ ആടിയുലഞ്ഞ് സമാധാനത്തിന്റെ അവസാന കണികയും ക്ഷണനേരം കൊണ്ട് ഇല്ലാതായി. പറമ്പിലെ ശീമക്കൊന്നയുടെ വെട്ടിയെടുത്ത കമ്പിന്റെ തോല്‍ ഇളകിയതിന് ആനുപാതികമായി അവന്റെ കയ്യിലും കാലിലും ഇടം പിടിച്ചു തിണര്‍ത്ത പാടുകള്‍. അടി കിട്ടിയാലെന്താ, പോലീസ് പിടിച്ചില്ലല്ലോ എന്നത് അവന് ആ വേദനയിലും ആശ്വാസമേകി.

മായയോ, മറിമായമോ എന്തുമാകട്ടെ. കാര്യപരിപാടി മുടക്കമില്ലാതെ തുടര്‍ന്നു. മകന്റെ തോന്ന്യാസം മോഷണത്തില്‍ എത്തി നിന്ന വിഷമം ഭാര്യയുമായി പങ്കുവച്ച ശേഷം മുറിയില്‍ വന്ന് തന്റെ പേഴ്സ് തുറന്നു നോക്കിയ കാരണവരുടെ മകന്റെ കണ്ണുകള്‍ മിഴിഞ്ഞു.

'അത് പോയോ...' അയാള്‍ തലയില്‍ കൈവച്ച നിമിഷം തന്നെയാണ് ഭാര്യ മുറിയിലേക്ക് കടന്നു വന്നത്.

ഷെല്‍ഫില്‍ ധൃതിപ്പെട്ട് എന്തോ തിരഞ്ഞ ആ സ്ത്രീയുടെ കൈകള്‍ വിറകൊണ്ടു.

'നീയെന്താണ് തിരയുന്നത്?' അയാള്‍ സ്വന്തം പരിഭ്രമം മറച്ചു വച്ചു കൊണ്ട് ഭാര്യയോട് ആരാഞ്ഞു.

'എയ്, ഒന്നുമില്ല. നിങ്ങള്‍ക്കെന്താണ് ഒരു വെപ്രാളം പോലെ? എന്തെങ്കിലും കാണാതായോ?' - ഭാര്യയുടെ മറുചോദ്യത്തില്‍ അയാള്‍ വിളറിയെങ്കിലും അത് തന്ത്രപൂര്‍വ്വം മറച്ചു.

'എന്ത്... ഒന്നുമില്ല.'

നാല് കണ്ണുകള്‍ പരസ്പരം കോര്‍ക്കാതെ കളവ് പറഞ്ഞു.

ഇനി മൂന്നാം പക്കത്തിലെ പുത്തന്‍ വെളിപാടുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.