Malayalam Poem: പ്രണയ വിത്തുകള്‍, അംബി ബാല എഴുതിയ കവിത

Published : Feb 04, 2023, 03:33 PM ISTUpdated : Feb 04, 2023, 03:52 PM IST
Malayalam Poem: പ്രണയ വിത്തുകള്‍, അംബി ബാല എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. അംബി ബാല എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

നമ്മളില്‍ പ്രണയം ചുംബിച്ചിരിക്കുന്നു
ഇലകൊഴിഞ്ഞ മരങ്ങളിലേക്ക്
വസന്തം വാരിയെറിഞ്ഞ
ആദ്യ
സൂര്യരശ്മികള്‍ പോലെ
നിന്‍റെ പ്രണയമെന്‍റെ ഹൃദയത്തിലേക്ക്
കടന്നിരിക്കുന്നു.

നമ്മുടെ കണ്ണുകളും കാതുകളും
പുതിയ പ്രകാശത്തെ സ്വീകരിച്ചിരിക്കുന്നു
ഉറക്കത്തിലേക്കുള്ള  വഴിയടച്ച്
രാത്രിയിലേക്കിറങ്ങി
നിലവിനോട് നക്ഷത്രങ്ങളിലേക്കുള്ള
ദൂരം തിരക്കുന്നു
പ്രണയത്തിന്‍റെ കിനിയുന്ന മധുരം
പ്രപഞ്ചത്തിന്‍റെ നാലു മൂലകളിലും
പകുത്തു വയ്ക്കുന്നു.

എന്‍റെ പ്രണയം
ഞാന്‍ കണ്ടെത്തിയിരിക്കുന്നു ,
അലച്ചിലിനൊടുവില്‍
നിധി കണ്ടെത്തിയ വേട്ടക്കാരന്‍
ഭ്രാന്തമായി ആനന്ദിക്കുന്നതുപോലെ
ഞാന്‍ നിന്‍റെ മുന്നില്‍  ആനന്ദിക്കുന്നു.
കണ്ണുകള്‍ നിറഞ്ഞുകവിയുന്നത്
നീ കാണുന്നില്ലേ?,
ഉള്ളുനിറഞ്ഞു കവിയുന്ന  ആനന്ദം
പുറപ്പെടുവിക്കുന്ന അശ്രുക്കളാണവ.

ഇന്നീ പ്രപഞ്ചം മുഴുവനും          
നമ്മുടെ പ്രണയത്തിന് സ്തുതികള്‍ പാടുന്നു
ഇന്നുവിരിഞ്ഞ പൂക്കളിലെ
മധുരം നമുക്കുള്ളതാണ്.

നമ്മുടെ വസന്തകാലം
ഇലകളില്ലാത്ത
ചുവന്ന പൂക്കളില്‍
ഒരുങ്ങിയിരിക്കുന്നു.

കണ്ണുകള്‍ കൊണ്ട്
കെട്ടിപ്പുണരുന്ന
മായാജാലം വശമുള്ളവനെ,
ആ മുറിവടയാളത്തില്‍
ഞാനെന്‍റെ ചുണ്ടുകളമര്‍ത്തുന്നു.

ഇനിയുമിനിയും
ചുംബിക്കാന്‍ കൊതിച്ച്
ചുണ്ടുകളിലെ ചിത്രശലഭങ്ങള്‍
ഒരുമിച്ചു പറന്നകലുന്നത്
ഏത് കടലിന്‍റെ
അവസാനത്തിലേക്കാവും?


കാറ്റുമേഘത്തെ ഉണര്‍ത്തി
ഉച്ചവെയില്‍ കൊള്ളിച്ച്
നമ്മുടെ പ്രണയത്തിനു കാവല്‍ നിര്‍ത്തുന്നു,
നിന്‍റെ ചിരിയില്‍
എന്‍റെ കണ്ണുകള്‍
വിരിയുന്നു.

ഞാനെന്‍റെ കണ്ണുകളടച്ച്
നിന്നോടുള്ള പ്രണയം
ഉരുവിടുന്നു,
നിന്‍റെ കൈവിരലുകളില്‍
എന്‍റെ ഛായാചിത്രം
വരച്ചു  ചേര്‍ക്കുന്നു.

പ്രണയമേ,
നീ നിന്‍റെ
മൃദുലകരങ്ങള്‍ കൊണ്ട്
ഞങ്ങളെ കാലങ്ങളോളം
പൊതിഞ്ഞുവയ്ക്കുക
ഓരോ വസന്തത്തിലും
ചുമന്ന പൂവുകള്‍
വിരിയട്ടെ.

പ്രണയത്തിന്‍റെ വിത്തുകള്‍ വീണ്
പ്രപഞ്ചം മുഴുവനും ആര്‍ദ്രമാവട്ടെ.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത