Malayalam Poem : മുടിയേറ്റ്, അനുപ് ഗോപാലകൃഷ്ണന്‍ എഴുതിയ കവിത

Published : Apr 18, 2023, 03:31 PM IST
Malayalam Poem :  മുടിയേറ്റ്, അനുപ് ഗോപാലകൃഷ്ണന്‍ എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  അനുപ് ഗോപാലകൃഷ്ണന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

ഓര്‍മ്മവരാറുണ്ടിടയ്ക്ക്,
ഇടികുടുങ്ങുന്നൊരു മഴയത്ത് 
കവുങ്ങുപാള കുടയാക്കി 
നിനക്കൊപ്പം 
തോണിപ്പടിയിലെ 
വിറത്തണുപ്പിലിരുന്ന-
ക്കരെപ്പോയതും

ഒന്നരവെയിലിലുണക്കുന്ന വിത്ത് 
നിലാസാധകത്തിന് വെച്ച്
മുറ്റത്ത്, നിന്റെ മടിയില്‍ കിടന്ന് 
കുന്നിറങ്ങിയെത്തുന്നൊരു പാട്ടിന്
കാതോര്‍ത്തതും

തടം കോരലും
തളിച്ചുനനയുമൊക്കെ കഴിഞ്ഞ് 
കിണറ്റിന്‍കരയിലെത്തുന്ന
നിന്റെ വിയര്‍പ്പില്‍ 
വാഴച്ചുണ്ടിന്റെ മണമുതിരുന്നതും,
വയണപ്പൂവിട്ട കാച്ചെണ്ണ തേച്ച് നീ
വയല്‍ക്കുളത്തിലേക്ക് നടക്കുന്നതും, 
തേവരെ തൊഴുതുരിയാടിയെത്തുന്ന
നിന്റെ ഭസ്മക്കുറിച്ചേലും

വളപ്പിലെ 
മുണ്ടവരിക്കയടര്‍ത്താറായെന്ന് 
തൊട്ടോര്‍മ്മിപ്പിച്ചതും, 
അടുപ്പില്‍ തിള വന്ന് 
പാകം നോക്കുമ്പോള്‍
ഇലയിട്ട് വിളമ്പുമ്പോള്‍ 
നിന്റെ വിരലിന്റെ-
യിമ്പമറിഞ്ഞതും

ഒടുവിലൊരിടവപ്പാതിയുടെ 
മണ്ണിലേയ്ക്ക് നീ യാത്രയായതും

 

രണ്ട്

ഇന്നിപ്പോള്‍ 
തൊഴുത്തും തുറുവും 
തഴപ്പായും തിരികല്ലും
ഉപ്പുമരവിയും ഉരലും
ഉമിക്കരിക്കുടുക്കയും 
ഒരായിരം നാട്ടുഭാഷകളും 
നിന്റെയോര്‍മ്മയിലലിഞ്ഞു 
പിറക്കുമ്പോള്‍,
നാഴി നിലാവിനും 
ഒരു പലം നെല്ലിനുമൊപ്പം
ഉള്ളില്‍ മുടിയേറ്റുന്നു
നിന്നെ ഞാന്‍.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത