സിങ്ക് , ആതിര നാഥ് എഴുതിയ കവിത

By Chilla Lit SpaceFirst Published Jul 26, 2021, 6:38 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ആതിര നാഥ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

സ്ലാബിന്റെ താഴെ,
പൊട്ടില്ലയെന്നു കരുതി
കൈക്കലത്തോര്‍ത്തുകൊണ്ട്
ഊരാക്കുടുക്കിട്ട് കെട്ടിയത്
നനവൊട്ടി അയഞ്ഞപ്പോഴാണ്,
അടികരിഞ്ഞതും,
അഴുകിയതുമൊക്കെ
പ്ലേറ്റുകാണാതെ നീന്തി-
ഓവുചാലിലേക്ക് പോയത്


സിങ്ക് നിറയുമ്പോള്‍ 
കടല്‍ മണക്കും,
ഉപ്പിട്ടുണക്കിയ
മീനിന്റെ ഉളുമ്പ്,
തീരത്ത് വേവിച്ചാറിയിട്ട മണലത്ത്
പുളിവറ്റിച്ച ചീഞ്ചട്ടിയുടെ
ചാറ് കുറുകിയെത്തിയ വരയ്‌ക്കൊപ്പം
ബേസിനിലെ വെള്ളം,

ഉള്ളി നീരും, മോതിരവും
കൈവിരലടയാളവും
പകുതി പൊങ്ങി-
ത്തലേന്നത്തെ ദഹിക്കാത്ത
ഓക്കാനം കണക്കെ
ചൂടാക്കി വളച്ച 
പിവിസി പൈപ്പിലേക്ക്
പിന്നെ,
അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ.

നാറ്റം നിറഞ്ഞ മുറിയില്‍ നിന്നു-
മതിഥികള്‍ പുറത്തിറങ്ങുമ്പോള്‍
സ്ലാബ് കുത്തിപ്പൊളിച്ചു നോക്കാം.
കാലുകള്‍ മാറ്റുമ്പോള്‍
എച്ചിലിന്റെ പകുതിയിലെ
മുളയ്ക്കാത്ത 
രണ്ടോ മൂന്നോ വിത്തുകള്‍
ചിറകില്ലാത്ത മീന്‍ മുള്ള്
അടവിരിയാത്ത 
കുറേ എക്കിളുകള്‍.

click me!