പൂമ്പാറ്റകളുടെ കടല്‍

By K P JayakumarFirst Published Jul 24, 2021, 8:18 PM IST
Highlights

ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ അവസാനിക്കുന്നു. രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 

പ്രിയപ്പെട്ട കൂട്ടുകാരെ,

അങ്ങനെ ഹുന്ത്രാപ്പി ബുസ്സാട്ടോ അവസാനിക്കുകയാണ്. 
വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വന്ന
നോവല്‍ ബഷീര്‍ ഓര്‍മ്മദിനത്തിലാണ് ആരംഭിച്ചത്. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്ന രണ്ടു കുട്ടികളുടെ കഥയാണിത്. 
ബഷീര്‍ അവര്‍ക്ക് ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു.
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി.

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്.
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍.
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്. 

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്.
ജഹനാരഎന്നാണ് അവളുടെ പേര്.
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്.

നോവല്‍ വായിച്ചവര്‍ അഭിപ്രായങ്ങള്‍ 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയക്കണം. 
വായിക്കാത്തവര്‍ നോവല്‍ മുഴുവനായി വായിക്കാന്‍ 
ഇതിന്റെ ഏറ്റവുമടിയില്‍ നോക്കിയാല്‍ മതി. 
അവിടെ ലിങ്കുകളുണ്ട്. 

 

 

കാലം പിന്നെയും കടന്നുപോയി. പഴയ മരുഭൂമി വന്‍കാടായി. പൂക്കളും കായ്കനികളുമുണ്ടായി. മണല്‍ഭൂമി പൂങ്കാവനമായി. 

''ചുള്ളിമൂപ്പത്തിയ്ക്കും പ്രായമേറി. പിന്നീട് പൊന്നുരുന്തിയായിരുന്നു ഈ കാടിനും തേവര്‍കുടിക്കും മുത്തശ്ശി.'' വൃദ്ധ പറഞ്ഞുനിര്‍ത്തി. 

''പൊന്നുരുന്തി ഒരു പുഴയുടെ പേരായിരുന്നു.'' ഹുന്ത്രാപ്പി പറഞ്ഞു. 

''അല്ല, പൊന്നുരുന്തി ഒരു കാടായിരുന്നു.'' ബുസ്സാട്ടോ ഓര്‍മ്മിച്ചു. 

''ഇന്ന് പൊന്നുരുന്തി എന്നാല്‍ ഈ കാടിന്റെ മുത്തശ്ശിയാണ്.'' വൃദ്ധ പറഞ്ഞു.

''അതാരാണ് പൊന്നുരുന്തി മുത്തശ്ശി. ഞങ്ങള്‍ക്ക് ആ മുത്തശ്ശിയെ കാണാന്‍ പറ്റുമോ?'' ബുസ്സാട്ടോയ്ക്ക് ആകാംക്ഷ. 

മരച്ചില്ലകളെതഴുകി ഇളംകാറ്റ് വീശിക്കൊണ്ടിരുന്നു. ദൂരെ നിന്നും തക്കോഡക്കോ മലമുകളിലേക്ക് പറന്നുവന്നു. 

മഞ്ഞപ്പൂക്കള്‍ നിറഞ്ഞ മലഞ്ചെരുവിലെ ഒറ്റയടിപ്പാതയിലൂടെ ആരൊക്കയോ തക്കുവിനെ അനുഗമിക്കുന്നുണ്ട്. 

''തീര്‍ച്ചയായും നിങ്ങള്‍ക്ക് പൊന്നുരുന്തി മുത്തശ്ശിയെ കാണാം.'' വൃദ്ധ പറഞ്ഞു. ''ആദ്യം നിങ്ങള്‍ കണ്ണുകള്‍ അടയ്ക്കുക.'' 

കുട്ടികള്‍ കണ്ണുകള്‍ അടച്ചു.

''ഇനി പത്തുവരെ എണ്ണുക''

''ഒന്ന്....രണ്ട്...മൂന്ന്....'' ഹുന്ത്രാപ്പിയും ബുസ്സാട്ടോയും എണ്ണിത്തുടങ്ങി. 

''മെല്ലെ കണ്ണുകള്‍ തുറക്കൂ...'' 

കുട്ടികള്‍ കണ്ണു തുറന്നു. 

മരത്തിന്റെ പിന്നില്‍ നിന്നും വൃദ്ധ ചിരിച്ചുകൊണ്ട് മുന്നിലേക്ക് നടന്നുവന്നു.

''കണ്ടില്ലേ, ഞാനാണ് ആ മുത്തശ്ശി.... പൊന്നുരുന്തി മുത്തശ്ശി.'' 

ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ആവേശത്തോടെ മുത്തശ്ശിയുടെ അടുത്തേക്കോടി. മുത്തശ്ശി സ്നേഹത്തോടെ അവരുടെ കൈകളില്‍ പിടിച്ചുകൊണ്ട് നടന്നു. 

പൂക്കളില്‍ അമര്‍ന്നിരിക്കുന്ന ചിത്രശലഭങ്ങള്‍ അവരുടെ ഓരോ ചുവടിലും ഉയര്‍ന്നു പറന്നു. പിന്നെയവ പൂക്കളിലേക്കു തന്നെ മടങ്ങി. മഞ്ഞയും ചോപ്പും ഇടകലര്‍ന്ന ചിത്രശലഭങ്ങളുടെ കൂട്ടം കടല്‍ത്തിരപോലെ ഉയര്‍ന്നു താഴുന്നു. ഇത്രയധികം ചിത്രശലഭങ്ങളെ ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ആദ്യമായി കാണുകയാണ്. കണ്ണുകള്‍ ഇമചിമ്മാതെ അവരാ വിസ്മയ കാഴ്ചകളില്‍ മുഴുകിനിന്നു. 

പൊന്നുരുന്തി മുത്തശ്ശി അവരുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു.

''എല്ലാവരും കഥകേട്ട് ക്ഷീണിച്ചോ.?'' പിന്നില്‍ നിന്നും തക്കോഡക്കോയുടെ ചോദ്യം.

കഴിക്കാന്‍ പഴങ്ങളും കുടിക്കാന്‍ കാട്ടുതേനുമായി തേവര്‍ കുടിയില്‍ നിന്നും ഒരു സംഘം തന്നെ അവരെ സ്വീകരിക്കാന്‍ വന്നിരിക്കുന്നു. 

തേനെന്നു കേട്ടതും ഹുന്ത്രാപ്പി ചാടിവീണു. കാട്ടുപഴങ്ങള്‍ തിന്ന് എല്ലാവരും വിശപ്പടക്കി. തേന്‍ കുടിച്ച് ഹുന്ത്രാപ്പിക്ക് മത്തുപിടിച്ചു.

തേനുണ്ട പക്ഷികള്‍ പാട്ടുപാടി.

''ഒന്നാനാംകുന്നില്‍ ഓരടിക്കുന്നില്‍ 
ഓരായിരം കിളി കൂടുകൂട്ടി.'' 

ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും തക്കോഡക്കോയും അണ്ണാറക്കണ്ണനും അനേകം കിളികളും പൂക്കളും പാട്ടേറ്റുപാടി. 

''കൂട്ടിനിളം കിളി താമര പൈങ്കിളി
കൂടുവിട്ടിങ്ങോട്ടു പോരാമോ..?'' 

ഹുന്ത്രാപ്പി മതിമറന്ന് പാടുകയാണ്. 

''ഒന്നാനാം കിളി രണ്ടാനാങ്കിളി 
രണ്ടായിരം കിളിക്കൂടൊരുക്കം.'' 

ബുസ്സാട്ടോയും പാട്ടില്‍ കൂട്ടു ചേര്‍ന്നു. 

''കൂടൊരുക്കി വിളിക്കുന്നൂകിളി 
കൂട്ടിന്നിളം കിളി താലോലം...'' 

മുയലും മയിലും കുയിലും കൂമനും കീരിയും മ്യാമിയും തക്കോഡക്കോയും നൃത്തം ചവുട്ടി. 

 


വര: ജഹനാര

 

വെയില്‍ ചായുന്നു. 

എവിടെ നിന്നോ പൊടുന്നനെ മഴത്തുമ്പികള്‍ മാനത്തേക്കുയര്‍ന്നു. മരച്ചില്ലയില്‍ പിന്നെയും കാറ്റൂതി. ആ കാറ്റിന് പതിവിലും തണുപ്പുണ്ടായിരുന്നു. മഴയുടെ മണമുള്ള കാറ്റ്.   

പൊന്നുരുന്തി മുത്തശ്ശിയോടും പക്ഷിമൃഗാദികളോടും യാത്രപറഞ്ഞ് കുടിയില്‍ നിന്നുവന്നവര്‍ മലയിറങ്ങി.

താഴ്വരയിലേക്ക് വളഞ്ഞുപുളഞ്ഞു പോകുന്ന കാട്ടുവഴിയിലൂടെ ചെടികള്‍ക്കും പൂക്കള്‍ക്കും ഇടയിലൂടെ അവര്‍ താഴേക്ക് നടന്നു. അപ്പോള്‍ ചേക്കേറാനായി പക്ഷികള്‍ കൂട്ടം കൂട്ടമായി കിഴക്കന്‍ ചക്രവാളത്തിലേക്ക് പറന്നുകൊണ്ടിരുന്നു. ഇരുട്ട് ഇറങ്ങിവന്ന് മായ്ച്ചുകളയുവോളം ഹുന്താപ്പിയും ബുസ്സാട്ടോയും അവരെ നോക്കി നിന്നു.

ആ ഒറ്റമരച്ചോട്ടില്‍ ഇപ്പോള്‍ ഹുന്ത്രാപ്പിയും ബുസ്സാട്ടോയും മ്യാമിയും തക്കോഡക്കോയും പൊന്നുരുന്തിമുത്തശ്ശിയും മാത്രം.  
മുത്തശ്ശി എഴുന്നേറ്റു. 

''ഇനിയും കാടുകാണാന്‍ കുട്ടികള്‍ വരും. അപ്പോള്‍ നിങ്ങള്‍ ഈ കഥകള്‍ അവരോടു പറയണം.'' 

ഹുന്ത്രാപ്പിയും ബുസ്സാട്ടോയും സമ്മതിച്ചു. മുത്തശ്ശി സ്നേഹത്തോടെ അവരുടെ ശിരസ്സില്‍ തലോടി. പിന്നെ തോളില്‍ കൈവച്ച് തിരിഞ്ഞു നടന്നു. 

ബുസ്സാട്ടോയുടെ കാലുകളില്‍ മുട്ടിയുരുമ്മിയാണ് മ്യാമി നടന്നത്. 

അവര്‍ക്കു തൊട്ടുമുന്നിലായി തക്കോഡക്കോ സാവധാനം ചിറകടിച്ച് പറന്നുകൊണ്ടിരുന്നു. 

പൂവുകള്‍ കൂമ്പിത്തുടങ്ങി. വണ്ടുകള്‍ പൂക്കളെ വിട്ട് മൂളിപ്പറന്നുകൊണ്ടിരുന്നു. രാത്രി വിടരുന്ന പൂക്കള്‍ അവയുടെ ഗന്ധം കാറ്റില്‍ ചാലിച്ചു. കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ചന്ദ്രന്‍ അവര്‍ക്ക് വഴികാണിച്ചുു. 

ഒരു മലമുഴക്കിവേഴാമ്പല്‍ ചിലച്ചുകൊണ്ട് അവരുടെ തലക്കുമുകളിലൂടെ പറന്നുപോയി. ഒരു നക്ഷത്രം ഭൂമിയെ ലക്ഷ്യമാക്കി മിന്നി മായുന്നതും നോക്കി അവര്‍ കുന്നിറങ്ങി. 

മുത്തശ്ശിയുടെ കുടിലിലെത്തുമ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു.

കാട്ടിലൂടെ അലഞ്ഞു നടന്നതിന്റെ ക്ഷീണംമൂലം ഹുന്ത്രാപ്പിയും ബുസ്സാട്ടോയും കിടന്ന ഉടനെ ഉറങ്ങി. ബുസ്സാട്ടോയുടെ കൂടെ അവളുടെ ചൂടുപറ്റി മ്യാമിയും കിടന്നു. ഹുന്ത്രാപ്പിയുടെ സമീപത്ത് ചാഞ്ഞിരുന്ന് തക്കോഡക്കോയും ഉറക്കമായി.

ഈ രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍ ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ഈ കാടിനോട് യാത്ര പറയും.

മണ്‍വിളക്കിന്റെ തിരി നീട്ടി മുത്തശ്ശി അവരെ നോക്കിയിരുന്നു.

ഉറക്കത്തില്‍ ഹുന്ത്രാപ്പിയും ബുസ്സാട്ടോയും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു. 

ഉറക്കത്തില്‍ അവര്‍ ചിരിച്ചു. 

കാടിന്റെ തണുപ്പുള്ള രാത്രി.

വിദൂരതയിലെവിടെയോ കാട്ടാനയുടെ ചിന്നംവിളി. 

മനുഷ്യരും ജന്തുക്കളും പക്ഷികളും ഒരേ പായയില്‍ ശാന്തമായുറങ്ങുന്നു.

അവര്‍ അപ്പോള്‍ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്റെ തീരത്ത്, പൊന്നുരുന്തി മുത്തശ്ശി ഉറങ്ങാതിരുന്നു.

(അവസാനിച്ചു.)ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്! 

ഭാഗം എട്ട്: പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?
ഭാഗം ഒമ്പത്: ആകാശത്തേയ്ക്ക് ഒരു ജലധാര,  ചുറ്റും മഴവില്ല്! 
ഭാഗം പത്ത്: ഒരു പാവം പുലിക്ക് പറ്റിയ അമളി! 

ഭാഗം 11: മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്
ഭാഗം 12: നെല്ലിയരുവിയുടെ കരയില്‍ നാല്‍വര്‍ സംഘം
ഭാഗം 13: കിഴക്കന്‍ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍
ഭാഗം 14:  മരുഭൂമിയിലെ ആ രാത്രിക്ക് പതിവിലുമേറെ നീളമായിരുന്നു

ഭാഗം 15: 
ഭാഗം 16: ആമി മുത്തശ്ശി പിന്നെ ഉണര്‍ന്നില്ല

click me!