Malayalam Poem : മകള്‍ പോയ നാള്‍, ഇയാസ് ചൂരല്‍മല എഴുതിയ കവിത

By Chilla Lit SpaceFirst Published Dec 9, 2021, 4:14 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഇയാസ് ചൂരല്‍മല എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

പറഞ്ഞു ബാക്കിവച്ച
കഥകള്‍ ഇനി
ഞാനാരെ 
പറഞ്ഞുകേള്‍പ്പിക്കും?

കേട്ടിരിക്കാന്‍ 
സമയമില്ലാത്തതിനാല്‍
പിന്നെ കേള്‍ക്കാമെന്ന്
പറഞ്ഞു വച്ചവയൊക്കെയും 
എനിക്കാരു പറഞ്ഞു തരും?

ഉപ്പയുടെ
മറുചോദ്യങ്ങളില്‍ നിന്ന്
രക്ഷ നേടാനായ്
ഇനി ഞാന്‍ ആര്‍ക്ക് 
ജാമ്യം നില്‍ക്കും?

എനിക്കൊന്ന്
തല വേദനിച്ചാല്‍
രക്തമൊലിച്ചാല്‍
ഈ വീടിനെ ആര്
ഉറങ്ങാതെ നോക്കും?

നിന്നെ കെട്ടിക്കാനായെന്ന് 
കുസൃതി പറഞ്ഞ്
ഇനി ഞാന്‍
ആരുടെ മുഖത്ത്
ദേഷ്യം വരുത്തും?

വയറു വേദനിക്കുന്നേന്നും
പറഞ്ഞെന്റെ മടിയില്‍
ആര് തല വെച്ചു കിടക്കും?
എന്നെ ഇറുകെ കെട്ടിപ്പിടിക്കും? 

മുറ്റത്തെച്ചെടികളെ 
കിങ്ങിണിപ്പൂച്ചയെ 
അമ്മിണിപ്പശുവിനെ 
ആര് തലോടും?
 

click me!