Malayalam Poem: ഒരു വിറ്റമിന്‍ ഡി അപാരത, ജിസ്മി കെ. ജോസഫ് എഴുതിയ കവിത

By Chilla Lit SpaceFirst Published Mar 4, 2024, 6:52 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിസ്മി കെ. ജോസഫ്  എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

വെയില്‍ 
നമുക്കിഷ്ടമായിരുന്നില്ലേ
കൊള്ളാനും കൊടുക്കാനും.
ഞാന്‍ നിനക്കു വെയിലുമ്മ തന്നപ്പോഴൊക്കെ
നീ മോണകാട്ടിക്കൊതിച്ചിരുന്നല്ലോ. 

നമുക്കുള്ള മഞ്ഞവെയില്‍ക്കഷ്ണങ്ങള്‍
ഇലക്കുട്ടികളുടെ തളിര്‍ക്കോണകത്തില്‍പ്പൊതി-
ഞ്ഞിനിപ്പോടെയൊളിപ്പിച്ചുകടത്തി
മണ്ണമ്മ കണ്ണേറുകൊണ്ടു പുഞ്ചിരിതന്നതും
വേനലച്ഛന്‍ തീക്കണ്ണുരുട്ടിയതും
ഞാന്‍ നിന്നുവിയര്‍ത്തതും
നീ പാതി പെടുത്തതും
പകലുണ്ടു രസിച്ചതും
ചിരിയൂറിത്തിമിര്‍ത്തതും
അയ്യേ മറന്നുവോ. 

ഓര്‍മ്മയ്ക്കു വെയില്‍മണം. 

ഓട്ടത്തിലോളപ്പരപ്പില്‍
എന്റെ വെയിലിനും
നിന്റെ നിറം, 
കണ്ണിലെ അമളിത്തിളക്കം. 

ഒരിടത്തൊരിക്ക-
ലൊഴുക്കില്‍പ്പെട്ടപ്പഴോ, 
ജീവിതത്തിനൊരുപാടു നീളവും പരപ്പുമുണ്ടെന്ന്
(ആഴമില്ലെങ്കിലും) 
ഞാന്‍ പറഞ്ഞപ്പോള്‍
നീ കൂട്ടാക്കിയില്ല. 
ഇപ്പഴാകെ നീണ്ടുപരന്നു - 
കുളംകര കളിക്കുന്നു
കുളം... കര...
കര...കുളം....
ഇനി എന്റെ ഊഴം
കര.... കുളം...
കുളം.... കര.... 

ഒരു പകലാറിവെളുക്കേ, 
പല വെയിലോര്‍ത്തുകുളിര്‍ക്കേ, 
വെയിലുതീണ്ടാത്ത പുതിയകളിതേടി
അടങ്ങിയൊതുങ്ങിമെരുങ്ങി നമ്മള്‍ 
ഭീമന്‍വീടു ചുമക്കുന്ന കുഞ്ഞനാമകളെപ്പോലെ
വലിയ ബാഗും ചെറിയ യൂണിഫോമുമിട്ട 
വരണ്ടുമുരണ്ടു വിളര്‍ച്ചമുറ്റിയ 
മുതിര്‍ന്ന കുട്ടികളാക്കപ്പെട്ടു
ചുവപ്പുനാടയില്‍ത്തൂങ്ങിച്ചത്ത
വെളുത്തുകൊലുന്ന കടലാസുകുന്നുകേറി - 
പ്പൊടിതിന്നു തിണര്‍ത്തു
നാല്‍ക്കവലയില്‍ത്തറച്ച പാസ്പോര്‍ട്ട് പരുവങ്ങളിലെ
വെയില്‍മങ്ങിയ വിഡ്ഢിച്ചിരികണക്കെ
പതിനായിരത്തിലേതോ പരാക്രമക്കോലമെന്നറിയാതെ, 
പുതിയ ഭാണ്ഡങ്ങളുടെ മാറാലമറച്ച
അടച്ചിട്ട മുറിയിലെ പഴയ റാന്തല്‍പോലെ
നെറ്റിയില്‍ വെയില്‍പ്പൊട്ടു കുത്തീ, 
പുതിയ കളംവര-
ച്ചൊളിച്ചു നാം നമ്മളില്‍. 

(തിന്നുതീരാത്ത വെയില്‍ത്തുണ്ടൊരെണ്ണം
പൊള്ളിവീണു തുളുമ്പിയെന്നാലും....)
വരൂ, ഇനി ഒളിച്ചുകളിക്കാം
എന്നു നീ പറഞ്ഞപ്പോള്‍
ഞാനെതിര്‍ത്തതേയില്ല. 

ഞാനെണ്ണാം, നീയൊളിക്ക്. 
ഒന്നേ, രണ്ടേ.....കണ്ടേ.
ഇനി എന്റെ ഊഴം.....
ഒളിച്ചാലും ഒളിച്ചില്ലേലും സാറ്റ്. 

നീയെന്നെ കണ്ടേയില്ലല്ലോ!

എനിക്കു നിന്നോടു കെറുവാണ്. 
ഞാന്‍ ഒളിച്ചുതന്നെയിരിക്കുന്നു, 
നിന്റെ എണ്ണിത്തീരാത്ത കളികളിലൊക്കെയും 
കളികഴിഞ്ഞും...

ഒഴിവുദിവസത്തെ കളിയൊടുക്കം
ഒരു മഞ്ഞവെയില്‍മരണം.*

 

*(സനല്‍കുമാര്‍ ശശിധരന്റെയും ബെന്യാമിന്റെയും തലക്കെട്ടുകള്‍ കടമെടുത്തതാണ്).

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!