രൂപാന്തര കാലം, എം. ബഷീര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published May 6, 2021, 7:18 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് എം. ബഷീര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

രൂപാന്തര കാലം

പെട്ടെന്ന്
മേല്‍ക്കൂരയില്‍ കൂടുകൂട്ടിയ
പ്രാവുകളുടെ
ചുണ്ടുകള്‍ കൂര്‍ത്തുവരുന്നത്
ഞാന്‍ കാണുന്നു

ഗോതമ്പുമണികളുപേക്ഷിച്ച്
മണ്ണിലേക്ക് താണുപറന്നിറങ്ങി
കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്നു
മരച്ചില്ലയില്‍ വന്നിരുന്ന്
മാംസം കൊത്തിവലിച്ച്
കൊക്കുകള്‍ ചോപ്പിക്കുന്നു

തെങ്ങോലകളില്‍
ബഹളം വെച്ചിരുന്ന കാക്കകള്‍
പൊടുന്നനെ ഏകാകികളും
മൗനികളുമാകുന്നു
കുഞ്ഞിന്റെ കയ്യിലെ നെയ്യപ്പം
ചത്ത എലിയുടെ ചീഞ്ഞ ദേഹം
ഒന്നും കാക്കകളെ പ്രലോഭിപ്പിക്കാതാകുന്നു

കൂട്ടക്കരച്ചില്‍ നിര്‍ത്തി
മണ്ണില്‍ നിന്ന് ധാന്യമണികള്‍
കൊത്തിത്തിന്ന്
ശാന്തരായി കാക്കകള്‍
കൂടുകളില്‍ ചേക്കേറുന്നു

പാമ്പുകള്‍ വൈഡൂര്യ കിരീടം ചൂടി
മുറ്റത്ത് കളിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്
കളിപ്പാട്ടങ്ങളാകുന്നു
വിഷസഞ്ചി വറ്റിയ പല്ലുകള്‍
മുല്ലമൊട്ടുകള്‍ പോലെ കൊഴിഞ്ഞുവീഴുന്നു
കുഞ്ഞുങ്ങള്‍ അവയെടുത്ത് മാലകോര്‍ക്കുന്നു

കോഴികള്‍ വറ്റു കൊടുത്ത കൈക്ക്
ആഞ്ഞുകൊത്തി ചോരകുടിക്കുന്നു
മുട്ടകള്‍ ഓംലെറ്റോ റോസ്റ്റോ
ഉണ്ടാക്കാന്‍ കൊടുക്കാതെ
അടയിരുന്ന് വിരിയിക്കുന്നു
വീടിനെ  കോഴികള്‍ നായാടിപ്പിടിച്ചടക്കുന്നു
കോഴികളുടെ കൊത്തേറ്റ്
വീട്ടുകാര്‍ വിഷംതീണ്ടി ചാവുന്നു

പുലികള്‍ തൊഴുത്തുകളില്‍
തല താഴ്ത്തി നിന്ന് പുല്ലുതിന്നുന്നു
കറവക്കാരന് അനുസരണയോടെ
അകിടുകള്‍ ചുരത്തിക്കൊടുക്കുന്നു

പശുക്കള്‍ കൂര്‍ത്ത ദ്രംഷ്ടകളും
കാല്‍നഖങ്ങളുമായി
കാടുകളിലേക്ക് പലായനം ചെയ്യുന്നു
ഇടയ്‌ക്കൊക്കെ ഒറ്റയ്ക്കും കൂട്ടമായും
നാട്ടിലിറങ്ങി മനുഷ്യരെ വേട്ടയാടിപ്പിടിക്കുന്നു
കൊന്നുതിന്നുന്നു

പൂച്ചകള്‍ ഒന്നുകൂടി പൊക്കം വെച്ച്
മ്യാവൂ മ്യാവൂ എന്ന കരച്ചിലിനെ
ഗര്‍ജ്ജനമാക്കി സ്വരഭേദം വരുത്തുന്നു
എലികളെ വെറുതെവിട്ട്
മുയലുകളുടെ പിന്നാലെ
ശരവേഗത്തില്‍ പായുന്നു
നഖങ്ങളില്‍ ചോരപറ്റുന്നു

അടുക്കള മുറ്റത്ത് സിംഹക്കുഞ്ഞുങ്ങള്‍
മീന്‍ തല തിന്ന് കോട്ടുവായിട്ടുറങ്ങുന്നു

ഇതെന്തു കാലമെന്ന് മൂക്കത്തു വിരല്‍ വെച്ച്
അന്തംവിട്ടു നില്‍ക്കവേ

കഴുകന്മാര്‍  ഒലീവ് ചില്ലകളുമായി
ഭൂമിയിലേക്ക് പറന്നുവരുന്നു.....

click me!