വീടിനെ തീവണ്ടിയാക്കുന്ന വിദ്യ, എം ബഷീര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published May 5, 2023, 4:40 PM IST
Highlights

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. എം ബഷീര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

ഒറ്റയ്ക്കിരിക്കുമ്പോള്‍ 
വീടിനെ ഒരു തീവണ്ടിയാക്കുക 

അടുക്കളയാണ് എന്‍ജിന്‍ എന്ന് സങ്കല്‍പ്പിക്കുക 
കരിയും പുകയും തുപ്പുന്ന 
പഴയ പാഠപുസ്തകത്തിലെ 
കൂ കൂ തീവണ്ടിയുടെ 
രേഖാചിത്രം ഓര്‍ക്കുക 

അടച്ചിട്ട മുറി ഒരു ബോഗിയാണെന്നും 
ഇരമ്പുന്ന ഫാനിനു ചുവട്ടില്‍ 
പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങള്‍ 
അകന്നകന്നിരിക്കുന്ന 
അപരിചിതരായ യാത്രികരാണെന്നും 
കരുതുക 

ജനലിലൂടെ കാണുന്ന 
മുറ്റത്തെ ചട്ടിയില്‍ തളച്ചിട്ട പൂച്ചെടികള്‍ 
പിന്നോട്ട് പാറുന്ന 
ചിറകുള്ള നെല്‍വയലുകളാണെന്നും 

ചുമരില്‍ വന്നിരിക്കുന്ന 
ചാരനിറമുള്ള പാറ്റകള്‍ 
പുഴയ്ക്കുമുകളിലൂടെ 
ഒരേ ഇലാസ്തികതയില്‍ പാറുന്ന 
പക്ഷിക്കൂട്ടങ്ങളാണെന്നും നിശ്ചയിക്കുക 

പാവക്കുഞ്ഞുങ്ങള്‍ നിരന്നിരിക്കുന്ന 
ഷോകെയ്‌സുകള്‍ 
നിശ്ചലമായ തീവണ്ടിയാപ്പീസുകളാണെന്നും 
തലയിണയിലെ എണ്ണമെഴുക്കിന്റെ പാടുകള്‍ 
നിദ്രയുടെ ഇരുമ്പുപാലങ്ങളാണെന്നും 
പുതപ്പിലെ ശലഭങ്ങളുടെ ചിത്രം 
സ്വപ്നത്തിന്റെ തുരങ്കങ്ങളാണെന്നും 
ചുമ്മാ സങ്കല്‍പ്പിക്കുക 

കണ്ണാടിയില്‍ നോക്കുമ്പോള്‍ 
മുഖം കറുപ്പിച്ചു നില്‍ക്കുന്ന ആള്‍ 
കൈവീശിക്കാട്ടുന്ന കാല്‍നടക്കാരനാണെന്നും 

ടെറസിലേക്കുള്ള കോണിപ്പടികള്‍ 
ഓടിമറയുന്ന കുന്നുകളാണെന്നും 

അലക്കാന്‍ കൂട്ടിയിട്ട തുണികള്‍ 
അഴുക്കുപിടിച്ച ആകാശമാണെന്നും 

ചായഗ്‌ളാസ് വെച്ച പാടില്‍ 
വട്ടത്തില്‍ കൂടിയ ഉറുമ്പുകള്‍ 
നഗരാതിര്‍ത്തിയിലെ 
ആള്‍ക്കൂട്ടമാണെന്നും ഉറപ്പിക്കുക 

പച്ചക്കറി അരിയുമ്പോള്‍ 
കത്തി തട്ടി 
മുറിഞ്ഞ വിരല്‍ത്തുമ്പ് 
പൂത്ത ഗുല്‍മോഹറാണെന്നും 

ജനലില്‍ വീണ് ചിതറുന്ന 
മഴയുടെ ജലക്കൈകള്‍ 
പാറക്കെട്ടില്‍ തലതല്ലുന്ന 
കടല്‍ത്തിരയാണെന്നും കരുതുക 

ടീവിയിലെ യുഗ്മഗാനങ്ങള്‍ 
വസൂരിക്കലയുള്ള അന്ധഗായകന്റെ 
വയറ്റത്തടിച്ചുള്ള പാട്ടാണെന്നും 

എഴുതി പൂര്‍ത്തിയാക്കാത്ത 
കവിതയുടെ കടലാസിലെ അക്ഷരങ്ങള്‍ 
റെയില്‍പ്പാളത്തില്‍ ഉടഞ്ഞുചിതറിയ 
ആരുടെയോ 
ആത്മഹത്യാ കുറിപ്പാണെന്നും ഊഹിക്കുക 

ഇത്രയും കരുതിക്കഴിഞ്ഞാല്‍ പിന്നെ 
ഈ വണ്ടി എവിടെ നിര്‍ത്തുമെന്ന 
ചോദ്യത്തിന്റെ ചൂണ്ടക്കൊളുത്തില്‍ 
നിങ്ങള്‍ കൊത്താതിരിക്കില്ല 

ഓടുന്ന വണ്ടിയില്‍ നിന്ന് 
പുറത്തേക്ക് ചാടുന്നവരുടെ 
ഉടലില്‍ 
ചിറകുകള്‍  മുളയ്ക്കാതിരിക്കില്ലെന്ന 
വിശ്വാസത്തില്‍ 
ഇനി 

വാതില്‍ക്കലേക്ക് നടക്കുക.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!