Malayalam Poem: വായില്ലാക്കുന്നിലപ്പൻ, മനീഷ എഴുതിയ കവിത

Published : Jan 25, 2023, 04:16 PM ISTUpdated : Jan 25, 2023, 04:17 PM IST
Malayalam Poem: വായില്ലാക്കുന്നിലപ്പൻ, മനീഷ എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. മനീഷ എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

അയാൾക്ക്
അവൾ മാത്രമായിരുന്നു
കൂട്ട്.

ആനക്കൊമ്പിന്‍റെ
നിറമുള്ള,
പഞ്ഞിമിട്ടായി 
ഉടലുള്ള,
കാപ്പിക്കുരു
കണ്ണുള്ള
നായ്ക്കുട്ടി!

കട്ടിലിൽ അയാൾ
ഉറങ്ങുമ്പോൾ
അവൾ താഴെ കാവൽ.
മുറ്റത്തു അയാൾ ഇരിക്കുമ്പോൾ
അതിരുകളിൽ
അവളുടെ പരിശോധന.
അയാൾ കഴിക്കുന്നതൊക്കെ
അവളും കഴിച്ചു.
അയാൾ അവളെ മടിയിലിരുത്തി
ലോകവാർത്തകൾ
ചർച്ച ചെയ്തു.
രോമക്കാടുകൾ
ചീകിയൊതുക്കി.
പാലും,കോഴിയും
സ്നേഹവും 
കൊടുത്തിട്ടും
തുടുക്കുന്നില്ലന്നു
പരാതി പറഞ്ഞു.
ഞാനില്ലയെങ്കിൽ
ആരുണ്ട് ഇങ്ങനെ
പോറ്റാനെന്നു
നിശ്വസിച്ചു.

ഒറ്റപ്പെടലിന്‍റെ
നരയിൽ
തിളങ്ങി പാറിയ
പഴയ കറുപ്പിനെ
പരതി, ഉയിർ വേവുമ്പോൾ
കൊന്നവടി വെട്ടി
അവളെ തല്ലി.
ഉമ്മറത്തു മുള്ളി,
മുറ്റത്തു ഉലാത്തി,
വെറുതെ കുരച്ചു
കാരണങ്ങൾ കേട്ട് 
അവൾ ചിന്തിച്ചു.
ചിലപ്പോഴെ ഇതൊക്കെ
തല്ലുകിട്ടുന്ന കുറ്റമാവൂ?

നടക്കുമ്പോൾ വേച്ചു പോകുന്നു.
വീണാൽ ഇനി ഉയരുമോ
എന്നുറപ്പില്ല.
ഞാനില്ലെങ്കിൽ
അവൾ
ആർക്കും വേണ്ടാത്ത
തെരുവ് പട്ടിയാകുമോ
ആകുലപ്പെട്ട് അയാൾ
കണ്ണടച്ചു.
'നിദ്രാവന'ത്തിൽ ചാമ്പലായി.

അവൾ കുരച്ചു,
കരച്ചിൽ എന്ന്
മറ്റുള്ളവർ വ്യാഖ്യനിച്ചു.
തുടലില്ലാത്ത അവൾ
ഇറങ്ങിയോടി
മണം പിടിച്ചു
'നിദ്രാവന'ത്തിന്‍റെ
പടിക്കൽ കിടന്നു.
വളർത്തുമ്പോ പട്ടിയെ
വളർത്തണം.
മക്കളെ ചേർത്തണച്ചു
പലർ പറഞ്ഞു.
നിലാവിനും, വെയിലിനും
അപ്പുറം പട്ടിക്ക് 
വിശന്നു.
കരച്ചിൽ നേർത്തുവന്നു.
വിശപ്പകറ്റാൻ 
അടുത്ത വീട് പരതി.
വീട്ടു പുറകിലെ
തെങ്ങിൻ
ചോട്ടിൽ നിറയെ
ഭക്ഷണം.
"ഞാനില്ലെങ്കിൽ
നീയൊക്കെ പഠിക്കും"
അപ്പുറത്തൊരു
അമ്മ ശകാരം.

കുട്ടിയപ്പോൾ
വായില്ലാക്കുന്നിലപ്പന്‍റെ
കഥ വായിക്കുകയായിരുന്നു.

ഭക്ഷണശേഷം
നിദ്രാവന വാതിൽക്കൽ 
പട്ടി കിടന്നു.
അവിടെ 
ഒറ്റയായിപോയ
മറ്റൊരുവൾ അവളെ
മാടിവിളിച്ചു.
ഉടമ മരിച്ച അവളും
ഇണ മരിച്ചൊരു വൃദ്ധയും 
ജീവിതം തുടർന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത