Malayalam Poem : പുഴയൊഴുകുന്നു, മായാ ജ്യോതിസ് എഴുതിയ കവിത

By Chilla Lit SpaceFirst Published Jan 1, 2022, 4:58 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മായാ ജ്യോതിസ് എഴുതിയ കവിത. ഫോട്ടോ: മായാ ജ്യോതിസ്

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


സൂര്യനെയുരുട്ടി പടിഞ്ഞാറേ
കടലിലെറിയുന്ന 
പകലിന്റെ ഭ്രാന്തിനൊപ്പം
നിഴലുകളിളകി
തെളിയുന്നു

മായുന്നു
നീളുന്നു
കുറുകുന്നു
പിന്നെയും പിന്നെയും
പുഴ വരക്കുന്ന 
ചിത്രങ്ങള്‍.

പുഴയൊഴുകുന്നു

നിഗൂഢമെത്രയോ
കഥകളുമൊളിപ്പിച്ച്
നിലക്കാത്ത
മീന്‍കളിപ്പാച്ചിലില്‍
പുളഞ്ഞ്
പുളകങ്ങള്‍ പകര്‍ന്ന്
പല ജീവന്ന-
മൃതൂട്ടി നിത്യവും
മറ്റൊരു കാടുപോല്‍
വന്യമായ്
നിതാന്തമായ്

പുഴയൊഴുകുന്നു

എരിവേനല്‍ താപത്തില്‍
ഉടല്‍നീറ്റി
മെലിഞ്ഞൊട്ടി
കിതച്ചു നിന്നും
മഴനൂല്‍ചിറകുമായെത്തും
മേഘപ്രണയത്തെ
നെഞ്ചേറ്റി കരകവിഞ്ഞും
നൂറുനൂറായിരം കൈവഴി
പിരിഞ്ഞവനി
വാഴ്വിന്
തെളിനീര്‍ പകര്‍ന്നും

പുഴയൊഴുകുന്നു

അക്കരയിക്കരെയെന്ന്
ഓരോ കരയെ,
മനുഷ്യരെ,
ജീവിതങ്ങളെ 
പകുത്തും
കടവുകളിലിണക്കിയും
പലവഴികള്‍ പലതായ് 
പകര്‍ന്നലഞ്ഞൊടുവിലൊരു
കടലാഴം ചെന്നുചേര്‍ന്നലിയുവോളം
കലമ്പികലങ്ങിയും 
തിളങ്ങിതെളിഞ്ഞും
കാലം പോല്‍
കാവല്‍ പോല്‍

പുഴയൊഴുകുന്നു

ആഴങ്ങളറിയാതെ
നിസ്സംഗമൊഴുകുന്ന
പാഴിലകളില്‍ 
മിഴിനട്ട്,
ഓര്‍മ്മകള്‍ പോലണയും
ഓളങ്ങളില്‍ കാല്‍തൊട്ട്,
വെറുമൊരു 
നിഴലുപോല്‍
നിലാവിലീ രാവില്‍
കടവിലേകയായ്
കാലത്തിനപ്പുറത്തേക്കെന്റെ
കിനാക്കളെ 
പുഴകടത്തുവാന്‍
ഞാന്‍ നില്‍ക്കുന്നു

പുഴയൊഴുകുന്നു.

click me!