കടം , റഹീമ ശൈഖ് മുബാറക് എഴുതിയ കഥ

By Chilla Lit SpaceFirst Published Jun 25, 2021, 8:21 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് റഹീമ ശൈഖ് മുബാറക് എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 


എത്ര മണിക്ക് മരിപ്പെടുക്കാ? 

അറിയില്ല.

ചോദിച്ചവര്‍ക്കൊന്നുമറിയില്ല.

രാവിലെ പിടിച്ച മഴക്ക് നേരിയ ശമനം കിട്ടിയപ്പോള്‍ ഇറങ്ങി നടന്നു. 

എവിടേക്കാണ്..? 

മരിച്ചയാളെ ഒന്ന് കാണണം, ചെറിയ കടമുണ്ട്, വീട്ടണം. 

നടദൂരമേയുള്ളു. പക്ഷേ എന്തോ നടന്നിട്ടും നടന്നിട്ടും എത്താത്തത് പോലെ. 
കാലിനടിയില്‍ ആരോ ഭാരം കേറ്റി വലിക്കും പോലെ. 
ശവടക്ക് കഴിയുന്നതില് എന്തെങ്കിലും സങ്കടമുണ്ടായിട്ടല്ല. എത്തും മുന്‍പ് ദഹിപ്പിച്ചാല്‍ കടം ബാക്കിയാകും.

കടത്തെ കുറിച്ച് അറിയുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രമാണ്. മറ്റാര്‍ക്കും, എന്തിന് മരിച്ചു കിടക്കുന്നവന് പോലും, കടത്തിന്റെ കഥയറിയുമെന്ന് തോന്നുന്നില്ല. പക്ഷേ എനിക്കതല്ല. മനസാക്ഷിയുടെ കളിയാണ് ഇത്. 

മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ ഉള്‍ക്കുത്താണ്. ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇരുന്നപ്പോ വറ്റ് മുഴുവന്‍ തൊണ്ടയില്‍ കുരുക്കുന്നു. ഇറങ്ങുന്നില്ല. ഇടക്ക് നെഞ്ച് അടച്ചു. കുടിച്ച വെള്ളവും പുറത്തേക്ക് വന്നു. 

ആകെ ശ്വാസം കിട്ടാത്ത അവസ്ഥ. 

ആകാശം തെളിയുന്നതും നോക്കി പടിക്കല്‍ ഇരുന്നു. ഒന്ന് വെട്ടം കണ്ടപ്പോ ധൃതിയില്‍ എഴുന്നേറ്റ് നടന്നു. മേഘമൊന്ന് വെളുത്ത് കറുക്കും മുന്നേ കടം വീട്ടണം.

വീട്ടിയില്ലെങ്കില്‍ ആഹാരം ഇറങ്ങാണ്ട് ഞാന്‍ മരിക്കും. 

മരണവീടിന്റെ കരച്ചില്‍ റോഡിലേക്ക് ഒഴുകി. ആര്‍ത്താര്‍ത്ത് കരയുന്ന പെണ്‍ശബ്ദങ്ങള്‍. 

നിലവിളിച്ചു കരഞ്ഞാല്‍ മാത്രം തീരുന്ന വേദനകള്‍ സ്ത്രീകള്‍ക്ക് നീക്കിയിരിപ്പായി വച്ച ദൈവത്തിന് പിഴച്ചോ..? അല്ലെങ്കില്‍ പുരുഷനെ ഈ അഭ്യാസം പഠിപ്പിക്കുന്നതില്‍ ദൈവം അനീതി കാണിച്ചോ..? 

റോഡിന്റെ ഇരുവശവും കാറുകള്‍ നിറഞ്ഞിരുന്നു. കോളേജ് പിള്ളേരാണ് ഉമ്മറം നിറയെ. അവരാരും എനിക്ക് ഒപ്പം പഠിച്ചവരല്ല. മരിച്ചു കിടക്കുന്നവനും എനിക്കൊപ്പം പഠിച്ചിട്ടില്ല. ഞങ്ങള്‍ ഒരേ വര്‍ഷം ഒരേ ക്ലാസുകളില്‍ വെവ്വേറെ സ്‌കൂളുകളില്‍ പഠിച്ചതൊഴിച്ചാല്‍ മറ്റ് ബന്ധങ്ങളൊന്നുമില്ല. എന്നിട്ടും ഞാന്‍ അവന് കടക്കാരിയായി. 

ടാര്‍പായ വലിച്ചു കെട്ടിയ ടൈല്‍സ് പതിച്ച മുറ്റത്ത് കസേരകള്‍ മനുഷ്യരെ കൊണ്ട് തുളുമ്പി. അടക്കിപ്പിടിച്ച സംസാരങ്ങള്‍. നെടുവീര്‍പ്പുകള്‍. ടാര്‍പായയുടെ സൈഡിലൂടെ മഴതുള്ളികള്‍ പതിയെ നിലത്തേക്ക് പതിക്കുന്നു. ഓരോ തുള്ളികളിലേക്കും കണ്ണുകള്‍ പായിച്ച് ഊഴവും കാത്ത് ഒടുവിലായി ഞാന്‍ നിന്നു. 

നിമിഷങ്ങള്‍ നീങ്ങിയപ്പോള്‍ എന്റെ പുറകിലും ആളുകള്‍ നിരന്നു തുടങ്ങി. കാണുന്നവരൊന്നും അധികം സമയം കളയുന്നില്ല. മരിച്ചവനോട് ആര്‍ക്കും ഒന്നും സംസാരിക്കാനില്ല. 

ഇങ്ങനെയാണോ ഒരാള്‍ക്ക് അന്ത്യയാത്ര നല്‍കേണ്ടത്?  ഇനി ഒരു കാഴ്ചയുണ്ടാകില്ല. അവസാനത്തേതാണ്. 

ഒരല്‍പ്പം ദീര്‍ഘിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. രണ്ട് വാക്ക് സംസാരിക്കുന്നതില്‍ മനുഷ്യര്‍ എന്തിനാണ് ഇത്രക്കും പിശുക്ക് കാണിക്കുന്നത്. അല്ലെങ്കിലും മനുഷ്യര്‍ക്ക് അതിനൊക്കെ എവിടെയാണ് നേരം. ജീവനുള്ള എത്ര ശവശരീരങ്ങളാണ് മിണ്ടിയും പറഞ്ഞും തീര്‍ക്കേണ്ട സങ്കടങ്ങളും പേറി ഭൂമിയില്‍ അലയുന്നത്. 

എന്റെ ഊഴവും ഞാനും തമ്മില്‍ അടുത്ത് വന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ എനിക്കും മരിച്ചു കിടക്കുന്നവനും ഇടയില്‍ വളരെ ചുരുങ്ങിയ അകലം മാത്രം. ഇതേ അകലത്തില്‍ മണിക്കൂറുകള്‍ക്ക് മുന്‍പും ഞങ്ങള്‍ നിന്നിരുന്നു. ജീവന്റെ ചൂടും ചുമന്നുള്ള അവന്റെ അവസാനത്തെ നില്‍പ്പ്. ആരറിയുന്നു.എന്തറിയുന്നു.

ദൈവത്തിന്റെ വികൃതികളില്‍ മനുഷ്യന്‍ പൂര്‍ണ്ണ നഗ്‌നനാകുന്നു. അവന്റെ നഗ്‌നത മറക്കാനുള്ള ഉടുവസ്ത്രം പോലും എവിടെയെന്ന് ആ സമയം അവനറിയുന്നില്ല. അറിയുന്നുവെങ്കില്‍ അത് ധരിക്കാന്‍ അവനു കഴിയുന്നുമില്ല. 

ചെറിയ അകലത്തില്‍ നിന്നുകൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ പരസ്പ്പരം ഉടക്കുന്നു. ബസ്സിന്റെ മുകള്‍ കമ്പിയില്‍ നിന്നും ഇടക്കിടെ എന്റെ കൈ വഴുതി തൊട്ട് മുന്നിലെ മനുഷ്യനിലേക്ക് ഞാന്‍ ചായുകയും അയാള്‍ രൂക്ഷഭാവത്തോടെ എന്നെ നോക്കുകയും ചെയ്തതിനോട് ചേര്‍ന്നായിരുന്നു ഞങ്ങളുടെ കണ്ണുകളും ഉടക്കിയത്. 

ഉള്ളിലെവിടെയോ അപമാനത്തിന്റെ നുള്ള്‌കൊണ്ട് ഞാന്‍ നീറ്റുന്ന സമയം.

ബസ്സ് ഇറങ്ങി, സ്റ്റാന്‍ഡിന് സമീപമുള്ള കടയില്‍ കരുതിവച്ച കുടയുമെടുത്ത് വീട്ടിലേക്ക് നടക്കുമ്പോള്‍ അവന്റെ നോട്ടം ചിന്തകളുടെ വളവില്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു. എപ്പോഴൊക്കെയോ സ്വയം ചോദിച്ചു, എന്തിനാണ് അങ്ങനെ ചെയ്തതെന്ന്.

ഇപ്പോള്‍ അകലമെന്നൊന്ന് പറയാന്‍ ഇല്ലാത്ത വിധം ഞാന്‍ നിരയില്‍ മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു. ഒരു പതിനെട്ടുകാരന്‍ ഐസ് പെട്ടിയില്‍ നീണ്ട് നിവര്‍ന്നു കിടക്കുകയാണ്. സുന്ദരമായ കിടപ്പ്. മഴയുടെ തണുപ്പിലും ഫ്രീസറില്‍ വിറങ്ങലിച്ചു കിടക്കുന്നതിന്റെ അഭിമാനം കൊണ്ടാവാണം അവന്റെ മുഖം ഇത്രക്കും സുന്ദരമായത്. 

എവിടെയാണ് സുഹൃത്തേ മരണകാരണമായ ആ മുറിവ്....? കാണിക്കു ഞാനൊന്ന് കാണട്ടെ.

'അത് തുന്നിക്കൂട്ടിയ ശരീരത്തിന് അകത്താണ്...'
 
അവന്‍ ചുണ്ടുകള്‍ അനക്കാതെ പറഞ്ഞു. 

സുന്ദരമായ മുഖത്തും മുറിവുകള്‍ ഇല്ല. 

'ചത്താലും ചമഞ്ഞു കിടക്കണം എന്നാണല്ലോ....' അവന്‍ പിന്നെയും ചുണ്ടുകള്‍ അനക്കാതെ പറഞ്ഞു. 

ഐസ്‌പെട്ടിക്ക് അടുത്തേക്ക് കുറച്ച് കൂടെ ചേര്‍ന്ന് നിലത്ത് മുട്ടുകുത്തി ഞാന്‍ നിന്നു. പിന്നിലുള്ള ആളുകള്‍ അക്ഷമരായി കാണപ്പെട്ടു. അതെനിക്ക് ബാധകമായി തോന്നിയില്ല. മറ്റാര്‍ക്കും ഒന്നും സംസാരിക്കാന്‍ ഇല്ലാത്തത് എന്റെ കുറ്റവുമല്ല. 

അവന്റെ മുഖത്തേക്ക് സ്വല്‍പ്പനേരം ഞാന്‍ നോക്കിയിരുന്നു. എങ്ങനെയാണ് തുടങ്ങേണ്ടതെന്നതിനെ സംബന്ധിച്ച് എനിക്ക് ആശയ കുഴപ്പം തോന്നി. എന്റെ ചുണ്ടുകള്‍ ഒരല്‍പ്പം വരണ്ടതാണ്. അതുകൊണ്ട് തന്നെ വളരെ ദീര്‍ഘിച്ചൊരു ചിരി മനുഷ്യര്‍ക്ക് നല്‍കുന്നതില്‍ എനിക്ക് മടുപ്പ് തോന്നാറുണ്ട്. എങ്കിലും എന്റെ ചുണ്ടുകള്‍ അന്നുവരേയും പ്രസവിച്ചതില്‍ വച്ചേറ്റവും മനോഹരമായ പുഞ്ചിരി തന്നെ ഞാനവന് നല്‍കി. പേറ്റ് നോവിന്റെ വേദനകള്‍ ഇല്ലാത്ത അതിമനോഹരമായ ഒന്ന്. 

ശേഷം വളരെ രഹസ്യമായി, അവന്റെ ചെവിയോട് ചേര്‍ന്നിരുന്നു ഞാന്‍ പറഞ്ഞു, 

'സുഹൃത്തേ, 
എന്റെ കടം ഇവിടെ തീരുന്നു.  
മണിക്കൂറുകള്‍ക്ക് മുന്‍പ് താങ്കള്‍ നല്‍കിയ പുഞ്ചിരിക്ക് മറുപുഞ്ചിരി നല്‍കാന്‍ കഴിയാതെ പോയത് മനഃപൂര്‍വം അല്ലെന്ന് മനസിലാക്കണം.  എങ്കിലും താങ്കള്‍ ഇവിടം വിട്ട് പോകും മുന്‍പ് തന്നതിലും മനോഹരമായ ഒരു ചിരി ഞാന്‍ മടക്കിയിരിക്കുന്നു.ആഗ്രഹിക്കുന്നതിലും തൃപ്തിയോടെ ഈ ചിരി സ്വീകരിക്കുമല്ലോ.'' 

കടം തീര്‍ന്നപ്പോള്‍ ഇറങ്ങി നടന്നു. മറ്റൊരു ബന്ധവും അവകാശപ്പെടാന്‍ ഇല്ലല്ലോ. കാത്ത് കെട്ടി കിടക്കുന്നതില്‍ ഒരര്‍ത്ഥവും തോന്നിയില്ല. മരിച്ചു കിടക്കുന്നവന്റെ മുഖത്ത് നോക്കിയാണ് ചിരിച്ചത്. ഒരുപക്ഷേ അങ്ങനെ ഇറങ്ങി പോന്ന എന്റെ പെരുമാറ്റത്തില്‍ ആളുകള്‍ പിറുപിറുത്തിരിക്കാം. എനിക്ക് ഭ്രാന്ത് ആണെന്ന് വാഖ്യാനിച്ചിട്ടുമുണ്ടാകാം. കുറ്റപ്പെടുത്തലുകളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല.

എന്റെ ശരി ഇതാണ്. അതിനപ്പുറത്തേക്ക് സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിലേക്ക് എന്റെ കടത്തെ നിക്ഷേപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലോകത്തെ മനോഹരമാക്കുന്നത് മനുഷ്യര്‍ പരസ്പ്പരം കൈമാറുന്ന പുഞ്ചിരികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അവന്‍ എങ്ങനെയൊരു മനുഷ്യനാകും. ചുട്ട് പൊള്ളുന്ന ഹൃദയങ്ങളിലേക്ക് പെയ്യുന്ന തണുത്ത മഴപോലെയാണത്. 

എനിക്ക് ഇങ്ങനെയൊരു കടം ബാക്കി നിര്‍ത്താന്‍ ആവില്ല. 

കാലിനടിയില്‍ നിന്നും ഭാരം ഒഴിവാക്കപ്പെട്ടിരിക്കുന്നു. വഴിവക്കുകളില്‍ എന്നെ കാത്തിരിക്കുന്ന പുഞ്ചിരികള്‍ക്ക് മറുപുഞ്ചിരി കയ്യില്‍ കരുതികൊണ്ട് ഞാന്‍ ആഞ്ഞുനടന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!