Malayalam Poem : വീടിനോട് അമ്മ പറഞ്ഞ കഥകള്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത

By Chilla Lit SpaceFirst Published Mar 28, 2024, 5:59 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സഞ്ജയ്‌നാഥ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

എത്ര തൂവിയിട്ടും വറ്റാത്ത ജലാശയമാണ്
കണ്ണുനീരെന്ന് അമ്മ പറയാറുണ്ടായിരുന്നു.

നനഞ്ഞ തോര്‍ത്ത് കൊണ്ട് മുഖമൊന്നമര്‍ത്തി
തുടച്ച് ഇല്ലാത്ത ചിരിയൊന്ന് വരുത്തി
തെളിയാതെ കത്തുന്ന വിളക്കിന് മുന്നില്‍
അമര്‍ന്നിരിക്കാറുണ്ടായിരുന്നു അമ്മ.

വീട് മലര്‍ക്കെ തുറന്നൊരു പുസ്തകം പോലെ
അമ്മയ്ക്ക് ചുറ്റും ചിതറിക്കിടക്കും.
ആരും വരാനില്ലങ്കിലും ആരൊക്കയോ
വരാനുള്ളത് പോലെ അമ്മയും വീടും പ്രതീക്ഷിക്കും.
എല്ലാ വൈകുന്നേരങ്ങളിലും ആരും വന്നില്ലല്ലോയെന്ന്
പരസ്പരം പരിഭവം പറയും.
ആരെങ്കിലും എത്താതിരിക്കിയില്ലെന്ന്
ചിരി വരുത്തി ആശ്വസിപ്പിക്കും.

വെളിച്ചമില്ലാത്ത സര്‍പ്പക്കാവില്‍
പുളിമരച്ചുവട്ടില്‍, ശൂന്യമായ കാലിത്തൊഴുത്തില്‍
വരണ്ട കുളപ്പടവില്‍, തരിശായ നിലങ്ങളില്‍
പുല്ല് മുളച്ച് തുടങ്ങിയ അസ്ഥിത്തറകളില്‍
വീട് മാത്രം അമ്മയ്ക്ക് കൂട്ട്‌ചെന്നു.
പ്രാര്‍ത്ഥനകളില്‍ അമ്മ വീടിനോടൊപ്പം
ലോകത്തേയും ഓര്‍ത്തു.

പഴയകാലങ്ങളിലേക്ക് അമ്മ 
വീടിനേയും കൂട്ടിപ്പോയി
നിറഞ്ഞ കാലിത്തൊഴുത്തില്‍
ജലസമൃദ്ധമായ കുളപ്പടവില്‍
എള്ളും നെല്ലും നിറഞ്ഞ നിലങ്ങളില്‍
നിറതിരി കത്തുന്ന അസ്ഥിത്തറകളില്‍
വീടിനെ കൊണ്ടിരുത്തി.

'എത്ര തൂവിയാലും
വറ്റാത്ത ജലാശയമാണ് കണ്ണീര്'
-വീട് കരയാന്‍ തുടങ്ങിയപ്പോള്‍
അമ്മ പറഞ്ഞു. 

വീടാകട്ടെ തന്റെ മുറികളെല്ലാം ചേര്‍ത്ത്
ഒറ്റമുറിയാക്കി അമ്മയെ ചേര്‍ത്തുപിടിച്ചു.
അമ്മ, എള്ളും നെല്ലും നിറഞ്ഞ പാടങ്ങള്‍
സ്വപ്നം കണ്ട് 
നിറതിരികത്തുന്ന
അസ്ഥിത്തറയിലേക്ക് 
പതുക്കെ 
നടന്നുപോയി. 
 


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!