Malayalam Poem : അസ്വസ്ഥമ (മാ) രണം, സരിതമോഹന്‍ എഴുതിയ കവിത

Published : Nov 11, 2022, 05:13 PM IST
Malayalam Poem : അസ്വസ്ഥമ (മാ) രണം,   സരിതമോഹന്‍ എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സരിതമോഹന്‍ എഴുതിയ കവിത    

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ഒന്ന് സ്വസ്ഥമായി മരിക്കാന്‍
തോന്നിയാല്‍ മാത്രം
അമ്മയെപ്പോലാകും.

നേരവും ആരോഗ്യവും 
ഒത്തുവന്നാല്‍ മാത്രം 
തൂത്തിട്ടിരുന്ന മുറ്റത്തെയോര്‍ത്തു
ഞാന്‍ ആകുലപ്പെടും.

അത് കണ്ട് മൂക്കത്ത് വിരല്
വെക്കുന്ന മുഖങ്ങളൊക്കെ
ചുമ്മാ ഓര്‍മ്മ വരും.

ഒന്ന് മരിക്കാന്‍ പോലും
സ്വസ്ഥത ഇല്ലാത്ത 
ഈ ലോകത്ത് ജീവിക്കാന്‍
എന്ത് പ്രയാസമെന്നോര്‍ക്കും.

എന്റെ മരണം ഇതെന്ത്
മാരണമെന്നോര്‍ത്തു 
എനിക്ക് പിന്നെയും സമയം തരും.

പിന്നീടൊരിക്കല്‍ കൈകാട്ടി
വിളിച്ചപ്പോള്‍ എന്നെ കിടത്തേണ്ട
നിലം ചൂണ്ടി ഞാന്‍ പിന്നെയും 
സമയം ചോദിച്ചു.
പിന്നെയോരോ തവണ 
കഴുകാത്ത പാത്രങ്ങള്‍,
പനിപ്പുതപ്പുകളങ്ങിനെ-
യോരോന്നുമാറി മാറി 
രംഗപ്രവേശം ചെയ്തു.

പിന്നെയൊരിക്കല്‍ 
കൂട്ടുകാരോടൊത്ത് 
യാത്രപോയി മടങ്ങുമ്പോള്‍
ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരു
വണ്ടിയില്‍ നാലു പേരുണ്ടായിട്ടും 
ഒരേ പോലെ  കരഞ്ഞു. 

പിറ്റേ ദിവസത്തെ 
പത്രത്തിലെ വാര്‍ത്തക്കപ്പുറം
വായിക്കുന്നവരെയോര്‍ത്തു
ഒരേ താളത്തില്‍ നെടുവീര്‍പ്പിട്ടു.
പിന്നെയും സമയം ചോദിച്ചു.

ഇതൊരു പകര്‍ച്ചപ്പനിയാണെന്നും
ജീവിച്ചിരിക്കുമ്പോള്‍ 
പേടിയില്ലെങ്കിലും
മരണശേഷം ആധിയാണെന്നും
പിന്നെയും 
അമ്മയെപ്പോലെയാകുന്നെന്നും
ഒരു സങ്കടം ഇരച്ചു വരുന്നു.


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത