Malayalam Poem: പഴയ വാടക വീട്, ഷഹന ജാസ്മിന്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Apr 4, 2024, 4:33 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷഹന ജാസ്മിന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

എങ്ങനെയാണ് 
പഴയൊരു വാടക വീട്
തകര്‍ക്കപ്പെടാനാവാത്ത വിധം
ജീവിതത്തിനോട് ചേര്‍ന്നുപോവുന്നതെന്ന്
ഞാനത്ഭുതപ്പെടുന്നു.

അതിന്റെ ഓരോ കുടുസുമുറികളും 
ഓരോ തുരുത്തുകളാവുന്നത്
എങ്ങനെയെന്ന്!

പൊട്ടിയ ഓടിന്‍ കഷണങ്ങള്‍ക്കിടയിലൂടെ
അത് ആകാശം കാണിക്കുന്നത്
എങ്ങനെയെന്ന്. 

മഴക്കാലത്തിന്റെ വരാന്തകളില്‍,
അത് മഴ കോരിയിടുന്നത്
എങ്ങനെയെന്ന്. 

മഴയും ഇരുട്ടും കടന്നെത്തുന്ന രാത്രികളില്‍
ഒരു തിരിക്കറ്റമിരുന്ന് 
അത് ജീവിതമെന്ന മട്ടില്‍ 
ഇളകുകയായിരിക്കും.

അപ്പോള്‍ ആ വീടിന്
പ്രേതങ്ങളുടെയും 
സ്വപ്നങ്ങളുടെയും 
ഛായ. 

രണ്ടു കല്‍പ്പടവുകളുള്ള വരാന്തയിലിരിക്കിമ്പോള്‍
വീടിന്റെയൊരു കണ്ണ്
റബ്ബര്‍ മരങ്ങള്‍ക്കപ്പുറം,
ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ
നിറം തിരിച്ചറിയാനാവാത്ത
കുന്നുകളിലേക്കും,
നക്ഷത്രങ്ങളിലേക്കും,
ആകാശങ്ങളിലേക്കും
വലിച്ചെറിയപ്പെടുകയായിരിക്കും!

കുന്നിനപ്പുറം 
ഒരു ലോകമില്ലേ എന്നതിന്റെ നാവ്,
ആരിലേക്കെന്നില്ലാതെ 
ചോദ്യമെറിഞ്ഞുകൊണ്ടിരിക്കും.

പ്രേതങ്ങളുടെയും സ്വപ്നങ്ങളുടെയും 
ഛായയുള്ള വീട് 
വേനലിനും വസന്തത്തിനും
വര്‍ഷകാലത്തിനും
രാത്രിയൊരുക്കും.

ഒടുവില്‍,
കാലം ഒരു മഴക്കാലത്തെ ചളിയൊഴുക്കില്‍,
അതിന്റെ കണ്ണുകളെയും കാതുകളെയും നാവുകളെയും
ഒഴുക്കിവിടുമ്പോള്‍,
വീടിന്റെ ഓരോ മുക്കും മൂലയും ഭൂപടങ്ങളും
ആരിലൊക്കെയോ അച്ചടിച്ചു വെക്കും

അങ്ങനെ,
ഒരുപാട് തുരുത്തുകളോട് കൂടിയ ആ വീട്
സ്വര്‍ഗ്ഗത്തിലെ മനുഷ്യരെപ്പോലെ
പ്രായമേറാത്ത മുപ്പത്തിമൂന്നുകാരാവും.


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!