ഉള്‍ക്കാടുകളില്‍  ശ്വാസനദികളില്‍

By Chilla Lit SpaceFirst Published Oct 16, 2021, 4:55 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷീജ ജെ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

നിനക്കായി 
പിടയുന്ന കരളിന്റെ 
ഓരോ ദിക്കിലും,
നീ വലിച്ചെറിഞ്ഞുപോയ 
ഒരു വസന്തം 
നിറം വറ്റി വാടിക്കിടപ്പുണ്ട് 

മരുപ്പച്ചയുടെ ചതുപ്പുകള്‍ 
തേടിപ്പായുന്ന 
നിന്റെ ചില്ലകള്‍ 
തഴച്ചതിവളുടെ നനവിലാണെന്ന് 
ചിലപ്പോഴൊക്കെ 
വരളുന്നുണ്ട് 
നെഞ്ചകം.

വരണ്ട ചെങ്കടല്‍ പോലെ 
പകലോന്റെ മുന്നില്‍ 
ഉള്‍വലിഞ്ഞ് നിന്നാലും,
രാത്രിയുടെ ആകാശനദിയില്‍ 
നക്ഷത്ര മീനുകള്‍ 
തെളിയുമ്പോള്‍ മാത്രം
കണ്ണുകള്‍ കഠിന താപത്താല്‍
ചോര്‍ന്നൊലിക്കാറുണ്ട്.

ചില നേരങ്ങളില്‍ 
ശ്വാസത്തിന്റെ പോലും 
ഗതിവിഗതികള്‍ മറന്ന്
അഹല്യയായങ്ങനെ
അന്തര്‍മുഖയാവാറുണ്ട്.

നിറക്കൂട്ടുകള്‍
വാരിയണിഞ്ഞ്
കാണികളെ ആര്‍ത്തു ചിരിപ്പിക്കുന്ന
കോമാളിയ്ക്ക്,
ചേര്‍ത്തു നിര്‍ത്തി തലോടാന്‍
സ്വന്തം നിഴല്‍ 
മാത്രമേയുള്ളുവെന്ന സത്യം 
വെളിച്ചപ്പാട് തുള്ളി
ഉറക്കം പൊട്ടിച്ചെറിയാറുണ്ട്!

click me!