Malayalam Poem: ഇലഞ്ഞിപ്പൂവ്, ഷിബി നിലാമുറ്റം എഴുതിയ കവിത

Published : Apr 18, 2024, 05:12 PM ISTUpdated : May 04, 2024, 05:39 PM IST
Malayalam Poem: ഇലഞ്ഞിപ്പൂവ്, ഷിബി നിലാമുറ്റം എഴുതിയ കവിത

Synopsis

വാക്കുല്‍സവത്തില്‍ ഇന്ന് ഷിബി നിലാമുറ്റം എഴുതിയ കവിത

ഉലഞ്ഞടര്‍ന്ന് നോവ് തീക്ഷ്ണിച്ച 
എന്റെ ഓരോ ചുവടുകള്‍ക്കും 
നീ, പ്രത്യാശയുടെ
സൂര്യനാവുക.

-ഷിബി നിലാമുറ്റം എഴുതിയ കവിത

(This image is licensed under the Creative Commons Attribution 4.0.Photo: Sajith Erattupetta)
.................

 

ഇലഞ്ഞിപ്പൂവ്

കൂട്ടുകാരാ,      
നീ വരിക
മരുന്ന് മണക്കുന്ന 
എന്റെയീ ഉഷ്ണമുറിക്കുള്ളില്‍ നിന്നും
നിന്റെ ഇരുകരങ്ങളിലേക്ക്
നീയെന്നെ കോരുക

ദൂരെ,
ഒറ്റത്തുരുത്തിന്നുമപ്പുറം
ഇലഞ്ഞി പൂക്കുന്ന 
താഴ്വരയിലേക്ക്  
നീയെന്നെ കൈപിടിച്ചു 
നടത്തുക.

ഉലഞ്ഞടര്‍ന്ന് നോവ് തീക്ഷ്ണിച്ച 
എന്റെ ഓരോ ചുവടുകള്‍ക്കും 
നീ, പ്രത്യാശയുടെ
സൂര്യനാവുക.

നിദ്രയുടെ നിലാപ്പക്ഷികള്‍ 
ചിറകടിച്ച് 
ചുറ്റും ഭ്രമണം ചെയ്യുമ്പോള്‍,
നിന്റെ മാറിലേക്ക് 
എന്നെ ചായ്ക്കുക,
നിന്റെ ഉള്ളിലെ കവിതയാകെ
എന്റെ ചുണ്ടിലായ് ചുരത്തുക.

ഇലഞ്ഞിമണങ്ങള്‍ 
എനിക്കായി പൊഴിക്കുന്ന 
ഒടുവിലത്തെ പൂക്കളെയും 
നീയെന്റെ അഴിഞ്ഞുലഞ്ഞ 
മുടിയിലേക്ക് കുടയുക,

എന്റെ നോവലിഞ്ഞ് 
നിന്നിലേക്ക് ഒരു 
ഇലഞ്ഞിയായി ഞാന്‍ 
പൂത്തിറങ്ങും വരെ,
നീ പാടിക്കൊണ്ടേയിരിക്കുക.

നീ
പാടിക്കൊണ്ടേയിരിക്കുക

 


.............................

Also Read: മഴത്താളം, ഷിബി നിലാമുറ്റം എഴുതിയ കവിത

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത