ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സൗമ്യ മേരി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Soumya Mary
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

കരിന്തിരി
മണിമലച്ചോലയുടെ തണുത്ത ആഴങ്ങളിലേക്ക് വീഴുമ്പോള്‍ ആദ്യം കണ്ടത് ചാച്ചന്റെ ശാന്തമായ മുഖമാണ്. ചാച്ചന്‍ എപ്പോഴും അങ്ങനെയായിരുന്നു. ജീവിതം വലിച്ചിടുന്ന പ്രതിസന്ധികള്‍ എത്ര വലുതാണെങ്കിലും സ്‌തോഭം ഞാനാ മുഖത്തു കണ്ടിട്ടേയില്ല. എന്തിനധികം പറയുന്നു, അമ്മച്ചിയേയും ഞങ്ങള്‍ മക്കള്‍ മൂന്നുപേരെയും തനിച്ചാക്കി പോകേണ്ടി വരുമെന്നറിഞ്ഞിട്ടും ആശുപത്രി കിടക്കയില്‍ മരണം കാത്തു കിടക്കുമ്പോഴും ചാച്ചന്‍ ശാന്തനായിരുന്നു. എന്റെ കൈ പിടിച്ചു താഴത്തുങ്ങളെ നോക്കിക്കോളണമെന്ന് പറഞ്ഞേല്‍പ്പിച്ചു, നന്നായി പഠിക്കണമെന്ന് ഉപദേശിച്ചു, ഒരിടത്തും തോറ്റു പോകരുതെന്ന് ഓര്‍മിപ്പിച്ചു. ആ ചാച്ചനാണിപ്പോള്‍ ഇങ്ങോട്ടു വായോന്ന് സ്‌നേഹത്തോടെ വിളിക്കുന്നത്.
ഞാന്‍ വിലങ്ങനെ തലയാട്ടാന്‍ ശ്രമിച്ചു, വേണ്ട.. വരുന്നില്ല ചാച്ചാ.. എന്നലറി വിളിക്കാന്‍ ശ്രമിച്ചു. മൂക്കിലും വായിലും വീണ്ടും വെള്ളം ഇരച്ചു കയറി. തണുത്തുറഞ്ഞൊരു ഭയം പെരുവിരലില്‍ നിന്നുമെന്റെ ശിരസ്സിലേയ്ക്ക് കുതിച്ചു. ജോര്‍ജ്ജിനെയും റീനുമോളെയും പറ്റി ഓര്‍ത്തപ്പോളത് പതിന്മടങ്ങായി. മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന വെള്ളമത്രയും വകഞ്ഞുമാറ്റി മുകളിലേക്ക് നീന്തിക്കയറാന്‍ നോക്കി. പക്ഷേ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല. ദേഹം മുഴുവനും പടര്‍ന്നു കയറുന്നതു വേദനയാണോ മരവിപ്പാണോയെന്ന് തിരിയുന്നില്ല. വായിലും മൂക്കിലും കൊഴുത്തതെന്തോ വിങ്ങുന്നു. ഞാന്‍ ശ്വാസം വലിക്കുന്നുണ്ടോയെന്ന് പോലും സംശയം തോന്നി. ഒടുവില്‍ എങ്ങനയോ കണ്ണു വലിച്ചു തുറന്നെങ്കിലും ചുറ്റും ഇരുട്ടല്ലാതെയൊന്നും കാണാന്‍ കഴിഞ്ഞില്ല. ഒന്നു ചലിക്കുവാന്‍ കഴിയാത്ത വിധം ഭാരമേറിയതെന്തോ ശരീരത്തെ ഞെരിക്കുകയാണ്. അനങ്ങുമ്പോള്‍ അസ്ഥികള്‍ വലിയുന്ന വേദന.
സംഭ്രമിപ്പിക്കുന്ന ഇരുട്ടിലേക്ക് നോക്കി കുറെ നേരം നിശ്ചലമായി കിടന്നപ്പോള്‍ പതിയെ ഞാനൊരു കാര്യം മനസ്സിലാക്കി. മണിമലച്ചോലയിലേയ്ക്ക് ഞാന്‍ വീണിട്ടില്ല. കുറച്ച് മുന്‍പ് കണ്ടതൊക്കെയും മനസ്സിന്റെ തോന്നലായിരിക്കാം. ഞാന്‍ വേറെയെവിടെയോ അകപ്പെട്ടിരിക്കുകയാണ്. ഒരുപക്ഷേ നേരത്തെ കണ്ടതിലും ഭീകരമായ മറ്റേതോ അവസ്ഥയില്‍.
അലക്ഷ്യമായി നിറങ്ങള്‍ തേച്ചു പിടിപ്പിച്ച ക്യാന്‍വാസിലെന്ന പോലെ ചിന്തകള്‍ക്കോ ഓര്‍മ്മകള്‍ക്കോ ക്രമമോ അര്‍ത്ഥമോ തോന്നുന്നില്ല. എങ്കിലും കണ്ണുകള്‍ മുറുകെയടച്ച് എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു. ഇരുളടഞ്ഞ തുരങ്കത്തിലൂടെ എത്ര തന്നെ പിറകോട്ടോടിയിട്ടും തിരിച്ചറിവിന്റെ ചെറു വെട്ടം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവ്യക്തമായ കുറെയേറെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ആര്‍ത്തലച്ചുപെയ്യുന്ന മഴയില്‍ അതെല്ലാം നേര്‍ത്തു പോവുകയാണ്.
ഞാന്‍ വീണ്ടും കാതോര്‍ത്തു. ' അമ്മേ.. പപ്പേടെ കൂടെ ഞാനും വീട്ടില്‍ പൊക്കോട്ടേ...' റീനുമോളെുടെ ശബ്ദം കേട്ടപ്പോള്‍ ശരീരത്തിലൂടൊരു മിന്നല്‍ പാഞ്ഞു പോയതുകണക്കെ ഞാന്‍ പിടഞ്ഞു. അവശേഷിച്ച ശക്തി മുഴുവനും സംഭരിച്ചു എണീക്കുവാന്‍ ശ്രമിച്ചെങ്കിലും ശരീരം നുറുങ്ങുന്ന വേദന മാത്രമായിരുന്നു ഫലം. തല ഉയര്‍ത്തുമ്പോള്‍ മുകളില്‍ എവിടെ നിന്നോ മണ്ണും കല്ലുമൊക്കെ മുഖത്തേക്ക് വീഴുന്നുണ്ട്. ഞാന്‍ ഭയന്നു കരഞ്ഞു, എന്നാല്‍ പുറത്തേക്കു വരാതെ ശബ്ദം എന്റെ തൊണ്ടയില്‍ കുരുങ്ങി കിടന്നു. ഇടയ്‌ക്കെപ്പോഴോ കനമുള്ളതെന്തോ നെറ്റിയിലേക്ക് വീണപ്പോള്‍ എന്റെ കരച്ചിലും നിന്നു. പിന്നീട് ഇരുട്ടായിരുന്നു.
രണ്ട്
'കല്ല്യാണ പെണ്ണിനും കല്ല്യാണ ചെറുക്കനും മധുരം കൊടുക്കട്ടെ.'
വീട്ടുമുറ്റത്ത് ഒരുക്കിയ പന്തലില്‍ ഒത്തുകൂടിയവരോടായി ലില്ലിയാന്റി ചോദിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തോടെ സമ്മതം കൊടുത്തു. പലര്‍ക്കും കൗതുകമായിരുന്നു നീനയുടെയും നിബിന്റെയും മധുരം കിള്ളല്‍ ചടങ്ങ്. ഇരു ശരീരവും ഒരു മനസ്സുമായി വളര്‍ന്ന ഇരട്ട സഹോദരങ്ങള്‍ക്ക് തങ്ങളുടെ കല്യാണവും ഒരുമിച്ചു തന്നെ വേണമെന്ന വാശിയുടെ മധുരസാഫല്യം. ചാച്ചന്റെ വേര്‍പാടില്‍ ഉലയാതെ മക്കളെയെല്ലാം നന്നായി വളര്‍ത്തി വലുതാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം അമ്മയുടെ മുഖത്ത് വായിച്ചെടുക്കാം. സന്തോഷത്തിന്റെയൊരു കടല്‍ എന്റെ ഹൃദയത്തിലും തുടിച്ചു നിന്നു. അതുകൊണ്ടായിരിക്കാം ഹൃദയമിടിപ്പിന് പതിവില്ലാത്ത തിടുക്കവും പരവേശവും.
മധുരം കിള്ളല്‍ ചടങ്ങിനു ശേഷം രാവേറുവോളം ആഘോഷിക്കുവാന്‍ ഇരുവരുടെയും സുഹൃത്തുക്കള്‍ പാട്ടും ഡാന്‍സുമെല്ലാം തയ്യാറാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാതെ എത്തിയൊരു മഴയില്‍ ആവേശമെല്ലാം തണുത്തു. കുറച്ചു കഴിയുമ്പോള്‍ കുറയുമെന്നോര്‍ത്ത് കാത്തിരുന്നങ്കിലും തീവ്രത കൂടിയതല്ലാതെ മഴയടങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. കല്യാണ തലേന്നത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പതിയെ മടങ്ങി തുടങ്ങി. അടുത്ത കുറച്ചു ബന്ധുക്കള്‍ വീട്ടില്‍ തന്നെ തങ്ങി. മഴയില്‍ ആഘോഷ നിമിഷങ്ങളുടെ നിറം മങ്ങിയതിലൊന്നും നീനയ്ക്കു വിഷമമുള്ളതായി തോന്നിയില്ല. അവള്‍ക്ക് കിട്ടിയിരിക്കുന്നത് ചാച്ചന്റെ സ്വഭാവമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മുഖത്തു സ്ഥായിയായുള്ള പ്രസന്ന ഭാവം തന്നെ ഇപ്പോഴും. എന്നാല്‍ നിബിന്റെ സ്വഭാവം നേരെ തിരിച്ചാണ്. ചെറിയ കാര്യം മതി അവന്റെ മനസ്സു വിഷമിക്കാന്‍. ഇപ്പോള്‍ തന്നെ പ്രതിശ്രുത വധുവിനെ ഫോണ്‍ വിളിച്ച് പരിഭവം പറച്ചില്‍ തുടങ്ങിയിട്ടുണ്ട്. നാളെയും മഴ വില്ലനായി വന്നു കല്ല്യാണ ചടങ്ങുകള്‍ അലമ്പാക്കുമോയെന്നതാ കക്ഷിയുടെ ടെന്‍ഷന്‍.
'ഞാന്‍ വീട്ടില്‍ പോകട്ടെ നീതു. ഇന്നിവിടെ ഹാളില്‍ ഒരു പായയിട്ടു പോലും കിടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. രാവിലെ എത്താം.'- ജോര്‍ജ്ജ് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. കാലാവസ്ഥ മോശമായതുകൊണ്ട് രാത്രി തിരികെ പോകാന്‍ ഇരുന്നവര്‍ കൂടി വീട്ടില്‍ തങ്ങുമെന്നാണ് തോന്നുന്നത്.
'അമ്മേ.. പപ്പേടെ കൂടെ ഞാനും വീട്ടില്‍ പൊക്കോട്ടേ...' സാരിയുടെ മുന്താണി വലിച്ചു കൊണ്ടു റീനുമോള്‍ കൊഞ്ചി.
'അയ്യോ.. നല്ല മഴയല്ലേ മുത്തേ.. ഈ തണുപ്പത്തിനി പോകേണ്ട..കുഞ്ഞ് അമ്മച്ചീടെ കൂടെ നിക്കന്നേ..'
അടുക്കളയില്‍ പാത്രം കഴുകി കൊണ്ടിരുന്ന അമ്മച്ചി റീനുമോള്‍ പോകുന്നെന്ന് കേട്ടപ്പോള്‍ ഓടിയെത്തി. ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ റീല്‍സ് എടുത്തുകൊണ്ടിരുന്ന നീനയും ഫോണ്‍ വിളിയില്‍ നിന്നും ഇടവേളയെടുത്തു നിബിനും റീനുമോളെ വീട്ടില്‍ തന്നെ നിര്‍ത്താന്‍ പലതും പറഞ്ഞു പ്രലോഭിപ്പിച്ചെങ്കിലും അതൊന്നും ഏശിയില്ല. നീനമ്മയും നിബിച്ചനുമൊക്കെ മോള്‍ക്കേറെ പ്രിയപ്പെട്ടവരാണെങ്കിലും, അവളുടെ പപ്പയെ കെട്ടിപ്പിടിച്ചുറങ്ങിയാലെ രാത്രി മോള്‍ക്ക് ഉറക്കം വരൂ. അതുകൊണ്ടു തന്നെ ഞാന്‍ വലുതായി എതിര്‍ക്കാന്‍ മുതിര്‍ന്നില്ല.
ജോര്‍ജ്ജും മോളും പോയ പിറകെ ഞാന്‍ ഉടുത്തിരുന്ന സാരി മാറ്റി ചുരിദാര്‍ ധരിച്ചു. പുറത്ത് മഴ കനത്തു തുടങ്ങി. ശക്തിയില്‍ കാറ്റ് വീശുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് കാതടപ്പിക്കുന്ന പ്രകമ്പനത്തോടെ ഇടിമിന്നലും തുടങ്ങിയപ്പോള്‍ മനസ്സിലെന്തോ ഒരു പിടച്ചില്‍ തോന്നി. അവരെ മഴയത്ത് വിടേണ്ടിയിരുന്നില്ലെന്ന് ആരോ ഉള്ളിലിരുന്ന് ശകാരിക്കും പോലെ. മലയോര പ്രദേശമാണെങ്കിലും മഴ പെയ്താല്‍ നിറയുന്നൊരു പുഴയുണ്ടെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഞങ്ങളുടെ നാട്ടില്‍ ഒരു പെരുമഴക്കാലത്തും ഉണ്ടായിട്ടില്ല. എന്നിട്ടും അകാരണമായ ഭയം മനസ്സിനെ വലച്ചപ്പോള്‍ ഞാന്‍ അടുക്കളയില്‍ അമ്മച്ചിയെ അന്വേഷിച്ചു ചെന്നു.
അതിനകം പണികളധികവും അമ്മച്ചിയും ആന്റിമാരുമൊക്കെ തീര്‍ത്തിരുന്നു. കുടുംബ വിശേഷങ്ങളും നാട്ടു വര്‍ത്തമാനവും കേട്ടങ്ങനെ ഇരിക്കവെയാണ് ഞാനത് ശ്രദ്ധിച്ചത്. അടുക്കളയിലെ ചെറിയ ചില്ലലമാരിയില്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന പുതിയ സെറാമിക് പാത്രങ്ങള്‍. നല്ലൊരു സാരി വാങ്ങി കൊടുത്താലുടനെ എന്തിനിങ്ങനെ കാശു കളയുന്നുവെന്നു പരാതി പറയുന്ന അമ്മച്ചി പക്ഷേ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വാങ്ങി കൂട്ടുന്ന ഒരേയൊരു വസ്തു ഇത്തരം പാത്രങ്ങളാണ്. അതിലൊരെണ്ണം കൈയിലെടുത്തു ഭംഗി നോക്കുമ്പോളാണ് അതിഭയങ്കരമായൊരു ശബ്ദം പുറത്തു കേട്ടത്.
പെട്ടെന്നുണ്ടായ ഞെട്ടലില്‍ എന്റെ കൈയിലിരുന്ന പാത്രം താഴെ വീണു ചിതറി. അതെടുക്കുവാന്‍ കുനിഞ്ഞതും ആരോ വലിച്ചെറിഞ്ഞിട്ടെന്ന പോലെ അടുക്കള ഭിത്തിയില്‍ പോയിടിച്ചതും ഒരുമിച്ചായിരുന്നു. കാതടപ്പിക്കുന്ന ശബ്ദം വീണ്ടും കേട്ടു, ഒന്നല്ല പലതവണ. കൊടുങ്കാറ്റില്‍ പെട്ടുപോയൊരു കിളിക്കൂടു കണക്കെ ഞാനും എന്റെ ലോകവും ചിതറി വീണുകൊണ്ടിരുന്നു. എന്റെ വീടും എനിക്കു ചുറ്റും നിന്ന മനുഷ്യരും സകലതും മാഞ്ഞു പോയിരിക്കുന്നു. അതോ തലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചോരവീണ് എന്റെ കാഴ്ച മങ്ങിയതാണോ? ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം ബോധം മറയുകയാണ്. എനിക്കു ചുറ്റുമുള്ള നിലവിളികള്‍ മാത്രം കേള്‍ക്കാം. എന്നാല്‍ പതിയെ അതും നേര്‍ത്തില്ലാതെയായി.
കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ? എനിക്കു ഭയമാണ്. പണ്ടു തൊട്ടേ. കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ പിന്‍വാങ്ങുന്ന തിരമാലകളോട് സല്ലപിച്ച് കൂടെ ഒലിച്ചിറങ്ങുന്ന മണ്‍തരികളെ പോലും എനിക്കു ഭയമായിരുന്നു. അഗാധമായൊരു നഷ്ടബോധം അതെന്നില്‍ നിറച്ചിരുന്നു. അതേ ഭയമാണ് ഇപ്പോളെന്റെ ഞരമ്പുകളില്‍, അടരാതെ പിടിച്ചു നില്‍ക്കുന്ന ജീവന്റെ കണികയില്‍ ത്രസിച്ചു നില്‍ക്കുന്നത്. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കുത്തിയൊലിച്ചു അകന്നുമറയുന്നത് ജീവനും ജീവിതവും മാത്രമല്ല, ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയാണ്.
നെഞ്ചിലെ ഭാരം കനപ്പെട്ടു വരുന്നു. എടുക്കുന്ന ഓരോ ശ്വാസവും അവസാനത്തേതെന്ന് തോന്നിക്കും വിധം വേദനയേറിയതാകുന്നുണ്ട്. ഞാനെന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് ഓര്‍ത്തു. എന്റെ തൊട്ടരികില്‍ നിന്നിരുന്ന അമ്മച്ചി, നിബിനും നീനയും, വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍, എന്റെ റീനുമോളും ജോര്‍ജ്ജും...
അവരൊക്കെയും രക്ഷപ്പെട്ടു കാണുമോ.. അതോ എന്നെ പോലെ ഏതെങ്കിലും മണ്‍കൂനയ്ക്കു താഴെ വേദനിക്കുന്നുണ്ടാകുമോ? നെഞ്ചില്‍ നിന്നും ഉയര്‍ന്നു വന്നൊരു പിടച്ചിലില്‍ എന്റെ ശരീരം ഉലഞ്ഞു. കണ്ണുകള്‍ ആയാസപ്പെട്ടു തുറന്നു ചുറ്റും നോക്കി. മുകളില്‍ എവിടെനിന്നോ വെട്ടം ചെറുതായി അരിച്ചിറങ്ങുന്നുണ്ട്. നേരം പുലര്‍ന്നിട്ടുണ്ടാകും. മണ്ണും കല്ലുമൊക്കെ നിറഞ്ഞ് ഒരു കൂമ്പാരമായി എന്റെ മീതെ കിടപ്പുണ്ട്. ഞാനൊന്ന് എഴുന്നേറ്റിരുന്നാല്‍ ഈ മണ്‍കൂനയെന്നെ പൂര്‍ണ്ണമായി വിഴുങ്ങിയേക്കുമെന്ന് ഭയം തോന്നി. അങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിലും എനിക്കു എഴുന്നേല്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എങ്ങനെ എഴുന്നേല്‍ക്കാനാണ്. ശ്വാസമെടുക്കുവാന്‍ പോലും ഭയപ്പെട്ടു ഞാനാ ദുരിതക്കുഴിയില്‍ കിടന്നു. ഒന്നാലോചിച്ചാല്‍ എന്തിനാണ് ശ്വാസമെടുക്കുന്നത്. നഷ്ടങ്ങളും വേദനകളും മാത്രം നിറഞ്ഞൊരു ജീവിതത്തിലേയ്ക്ക് എനിക്ക് രക്ഷപ്പെട്ടു കയറേണ്ട. നിസ്സഹായതയുടെ നീര്‍ത്തുള്ളികള്‍ എന്റെ കണ്ണില്‍ ഉറഞ്ഞു കൂടി.
'നീതു...' തുടരെ എന്നെയാരോ വിളിക്കുകയാണ്.
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ജോര്‍ജ്ജിന്റെ ശബ്ദമാണ്. ഞാന്‍ ചുറ്റും കണ്ണോടിച്ചു. ഞാനും എനിക്കു മീതെയുള്ള ദുരിതപര്‍വ്വവും. എല്ലാം പഴയതു പോലെ തന്നെ.
'സമ്പത്തിലും ദാരിദ്ര്യത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സന്തോഷത്തിലും സന്താപത്തിലും പരസ്പരം സ്‌നേഹിച്ചും ആദരിച്ചും ചേര്‍ന്നു നില്‍ക്കാന്‍ സമ്മതമാണോ?'
നീനയുടെയും നിബിന്റെയും വിവാഹം ആശീര്‍വ്വദിച്ചു കൊണ്ട് വൈദികന്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയാണ്. ഇരുവരും തങ്ങളുടെ ജീവിത പങ്കാളിയുടെ കൈ ചേര്‍ത്തു പിടിച്ചു അതേറ്റു ചൊല്ലുന്നു. പരസ്പരം ചേര്‍ന്നു നില്‍ക്കാന്‍ എല്ലായ്‌പ്പോഴും സാധിക്കില്ലെന്ന് അവരോടു പറയണമെന്ന് തോന്നി. രംഗബോധമില്ലാത്ത ക്രൂരനായ കോമാളിയാകാന്‍ വിധി തീരുമാനിച്ചാല്‍ സ്‌നേഹവാഗ്ദാനങ്ങളുടെ വിശുദ്ധചരടുകള്‍ മുറിയുകയും രണ്ടിടങ്ങളില്‍ വേദനിച്ചു തനിച്ചാവുകയും ചെയ്യും. പക്ഷേ ഞാനൊന്നും പറഞ്ഞില്ല. അവരുടെ സന്തോഷനിമിഷങ്ങള്‍ക്ക് ഞാന്‍ മൂകസാക്ഷിയായി.
'പൂക്കള്‍ക്കൊക്കെ എന്തൊരു ഭംഗിയാണമ്മേ.. പിന്നെ അതൊക്കെ വാടിപ്പോകുന്നതെന്താ?'
റീനുമോള്‍ സംശയം ചോദിക്കുകയാണ്. ഞാനെന്ത് ഉത്തരം പറയാനാണ് കുഞ്ഞേ. പൂക്കള്‍ മാത്രമല്ല, മനുഷ്യരും വാടിപ്പോകും. എത്രയൊക്കെ ചേര്‍ത്തു നിര്‍ത്തണമെന്ന് ആഗ്രഹിച്ചാലും ഒരു ചെറിയ മഴ മതി, കാല്‍ച്ചുവട്ടിലെ മണ്ണു പോലും പിന്നീടവരെ ഓര്‍മിക്കണമെന്നില്ല.
വേറെയും കേള്‍ക്കുന്നുണ്ട് ശബ്ദങ്ങള്‍. ഇത്തവണയത് എന്റെ തലയ്ക്കുള്ളിലല്ല, പുറത്തെവിടെയോ. മുകളിലെവിടെയോ.
ഞാന്‍ കാതോര്‍ത്തു. നായയുടെ നിര്‍ത്താതെയുള്ള കുര, മനുഷ്യരുടെ ഉച്ചത്തിലുള്ള സംസാരം. അവ്യക്തമാണ്, എങ്കിലും കേള്‍ക്കാന്‍ കഴിയുന്നുണ്ട്. മുകളിലാരോ എന്നെ അന്വേഷിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കെന്നെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അവരെക്കാള്‍ അരികിലായി മരണം എത്തിയതുപോലൊരു തോന്നലാണ്. അല്ലെങ്കിലും രക്ഷപ്പെട്ടിട്ടെന്തിനാണ്? ജീവിച്ചു കയറിയിട്ട് നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താനോ?
ഉറഞ്ഞു കൂടുന്ന നൈരാശ്യത്തിനു മുമ്പാകെ കരിന്തിരി കത്തുന്ന ചേതനയെ ഞാന്‍ അടിയറവ് വെച്ചു. ഏതോ യന്ത്രത്തിന്റെ നേര്‍ത്ത മുരള്‍ച്ച കേള്‍ക്കാം. ഇടയ്ക്കിടെ കല്ലും മണ്ണും എന്റെ മേലെ വീണു കൊണ്ടിരുന്നു. നിര്‍വികാരയായി കിടക്കുമ്പോഴും മനസ്സ് കലഹിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. ഒരുപക്ഷേ പ്രിയപ്പെട്ടവരെല്ലാം സുരക്ഷിതരാണെങ്കിലോ, പ്രാര്‍ത്ഥനയോടെ അവരെന്നെ കാത്തിരിക്കുകയാണെങ്കിലോ..
ആ ചിന്ത ശരീരത്തെ ചൂടു പിടിപ്പിക്കുന്നുണ്ട്. നെഞ്ചില്‍ കുരുങ്ങി കിടക്കുന്നെന്റെ ശബ്ദത്തെ തിരിച്ചു വിളിക്കാന്‍ മുതിരുന്നുണ്ട്. ക്രമം തെറ്റുന്ന ശ്വാസഗതിയെ ശാന്തമാക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ കാത്തിരിപ്പ് തുടര്‍ന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


