Malayalam Poem : റാസ് അല്‍ ഖൈമയിലേക്കുള്ള കത്തുകള്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Jan 14, 2022, 02:08 PM IST
Malayalam Poem : റാസ് അല്‍ ഖൈമയിലേക്കുള്ള കത്തുകള്‍,  സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

16 ഡിസംബര്‍ 2001
തുരുത്തിപ്പുറം

പകല്‍ മുഴുവന്‍
ചര്‍ദ്ദിയാണു
നിന്റെ ചുണ്ടിന്റെ കയ്പ്പു
വായിലൂറിനിറയും പോലെ
രാവിലെന്നിട്ടും
അരികില്‍ നീയില്ലെന്ന വേദന
ഞാന്‍ കണ്ട കിനാവു മാത്രമോ നീ
ഓര്‍ത്തുകിടന്നു
എപ്പോഴോ ഉറങ്ങി

9 ഏപ്രില്‍ 2002
അന്തിക്കാട്

ഇന്നലെ
അന്തിക്കാട്ടേക്കു വന്നു
നീയില്ലാതെ ഒഴിഞ്ഞ മുറി
നീയന്നു തട്ടിതൂവിയ സിന്ദൂരം
ജാലകപടിയില്‍ അപ്പോഴുമുണ്ടായിരുന്നു
കുങ്കുമം പൂത്ത ഉടലോടെ
നിലക്കണ്ണാടിക്കു മുന്‍പില്‍
വയ്യ,
തനിച്ചു നില്‍ക്കുവാന്‍ 
രാത്രിയില്‍
നീ വിളിച്ചപ്പോഴേക്കും
ഞാനുറങ്ങിപ്പോയിരുന്നു

14 ജൂണ്‍ 2002
തുരുത്തിപ്പുറം

മഴക്കാലമാണിവിടെ
എന്നെ കാണാന്‍ നീയാദ്യം കടന്ന പുഴ
നിറഞ്ഞൊഴുകുന്നു
കടത്തുവഞ്ചിയില്‍
നിലാവിന്റെ പുഴ കടക്കാന്‍
നീയെന്നു വരും
ഇടി മുഴങ്ങുമ്പോള്‍
പേടിയോടെ കെട്ടിപ്പിടിക്കാന്‍
എനിക്കു പിന്നെയും
പഴയ തലയിണ തന്നെ
മഴ പെയ്തു തീരുമ്പോള്‍
നിന്റെ മണമാണ് ചുറ്റിലും
എനിക്കു തണുക്കുന്നു

23 ജൂലായ് 2002
തുരുത്തിപ്പുറം

എട്ടാം മാസമാണിത്
വയറിന്മേല്‍ ചവുട്ടികളിക്കയാണ്
വികൃതി ചെക്കന്‍
നീ പറയും പോലെ
മയില്‍പ്പീലിക്കണ്ണുള്ള
അമ്മുക്കുട്ടിയായിരിക്കില്ല

12 ആഗസ്റ്റ് 2002
തുരുത്തിപ്പുറം

കിടപ്പുമുറിയുടെ ജനലരികിലേക്കു
നീ നീക്കിവെച്ച
നിശാഗന്ധി പൂത്തു
ജനലഴികളില്‍ മുഖമമര്‍ത്തി
തനിയെ ഞാന്‍
തൊട്ടിലില്‍
അവനെപ്പോഴും ഉറക്കം
നിന്നെ മുറിച്ചു വെച്ചപ്പോലെയെന്നു
വെല്ല്യമ്മമാര്‍

16 സെപ്റ്റംബര്‍ 2002
തുരുത്തിപ്പുറം

വിവാഹവാര്‍ഷികമായിരുന്നു
വിളിച്ചപ്പോള്‍
നിന്റെ സ്വരത്തിലെന്തെ വിഷാദം
നീയില്ലാതെ ഒരോണവും കഴിഞ്ഞു
എന്നെ തിരിച്ചറിഞ്ഞു
മോനിപ്പോള്‍ ചിരിക്കും

2 ഡിസംബര്‍ 2002
അന്തിക്കാട്

മോനോടൊപ്പം
ഇന്നലെ അന്തിക്കാട്ടേക്കു വന്നു
നീ പോയിട്ടൊരു വര്‍ഷം
എത്രയോ വര്‍ഷങ്ങളായെന്നു തോന്നും
ചിലപ്പോള്‍
യാത്രയുടെ ദിവസം
നിന്റെ കഴുത്തിലൊട്ടിപിടിച്ച
എന്റെ പൊട്ട്
അലമാരയിലെ കണ്ണാടിക്കു മീതെ
ഞാനിന്നു ഒട്ടിച്ചുവെച്ചു
അതിനു കീഴെ
നമ്മുടെ പേരെഴുതി ഒപ്പിട്ടു

16 ഏപ്രില്‍ 2003
തുരുത്തിപ്പുറം

വിഷുവായിട്ടും
അന്തിക്കാട്ടേക്കു പോയില്ല
എനിക്കിപ്പോള്‍
ആഘോഷങ്ങളൊക്കെയും മടുത്തു
ജീവിതം തന്നെയും
എത്ര കാലം ഇനിയും കാത്തിരിക്കണം
നീ വരുന്നില്ലെങ്കില്‍
ഒരെഴുത്തിനൊപ്പം ഞാനും വരും
നീ വിളിക്കാതിരുന്നതെന്തേ
അവനെയുറക്കി
ഞാന്‍ കാത്തിരുന്നു
രാത്രി നീളെ

18 സെപ്തംബര്‍  2003
തുരുത്തിപ്പുറം

16 നു വാര്‍ഷികമായിരുന്നു
ഞാനും മറന്നു
എനിക്കു ക്ഷീണമാണു
മോന്‍ മുലകുടിക്കുന്നതിനാല്‍
ഇടയ്ക്കു തലചുറ്റലുണ്ട്
ഫോട്ടോ അയച്ചു തരാം
ഒന്നര മാസത്തിലേറെയായി
നീയെഴുതിയിട്ടു
മറന്നുവോ എന്നെ,
മോനെയും

29 ഒക്ടോബര്‍ 2003
തുരുത്തിപ്പുറം

ഒരു കുഞ്ഞുള്ളതിനാല്‍
വെറും പകല്‍ക്കിനാവായിരുന്നു
നീയെന്നു കരുതാനും
എനിക്കു കഴിയാതായി

നീലത്താളിനടിയില്‍
വേദനപോലെ മെലിഞ്ഞു
എന്റെ പേരിന്റെ വാലുമുറിഞ്ഞു
അവളുടെയൊപ്പ്

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത