Malayalam Poem : ഉടല്‍പ്പാതി, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Published : Jul 07, 2022, 01:34 PM IST
 Malayalam Poem : ഉടല്‍പ്പാതി,  സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ഉടല്‍പ്പാതി
അന്തിക്കാടിന്റെ
ചെമ്മണ്‍ വഴികളിലൂടെ
ഇടവപ്പാതിയ്‌ക്കൊപ്പം
ചേമ്പിലചൂടി
പുതുമണ്ണിനെയുണര്‍ത്തി

മറുപാതി
നാല്‍പത്തെട്ടു ഡിഗ്രിയുടെ
പനിചൂടുള്ള
മണല്‍നെഞ്ചില്‍
പൊള്ളിത്തിണര്‍ത്ത
ഒരുടലിന്റെ
നിമ്‌ന്നോന്നതങ്ങളിലൂടെ
ഉഷ്ണക്കാറ്റുപോലെ

ഒരു പകുതി
കൊലമുറി സമരത്തിന്റെ
വീര്യം നിറഞ്ഞ ഓര്‍മയിലുരുകി
നാട്ടുവഴികളിലൂടെ
സ്വയം കലഹിച്ചു.

മറുപകുതി
നവംബര്‍ വിപ്ലവത്തിന്റെ
ലഹരിയിറങ്ങിയ
മുഴുത്ത മാറില്‍
ഞരമ്പുകളഴിഞ്ഞു,
വോഡ്ക തികട്ടിയ 
ചുംബനത്തിന്റെ
കയ്പ്പിറക്കി
ദേരയിലെ
പഴയ ഫ്‌ലാറ്റില്‍.

ഒരു പാതി
ലേബര്‍ ക്യാമ്പില്‍ നിന്നും
ചെറിയ പഴുതിലൂടെ
തലനീട്ടി
ആകാശം കണ്ടു,
സൈറ്റിലേയ്ക്ക്.

മറുപാതി
കണ്ടശ്ശാംകടവിലെ
ഞായറാഴ്ച ചന്തയിലേയ്ക്ക്
കൊമ്പുകെട്ടി കൊണ്ടുപോകുന്ന
ഉരുക്കളെ കണ്ടു
പെരുമ്പുഴപ്പാലത്തില്‍.

പാതിയുടല്‍
ചുരമാന്തി
ചങ്ങലയഴിഞ്ഞു,
സ്വപ്ന സ്ഖലനത്തിന്റെ
മണല്‍ക്കിടക്കയില്‍.

മറുപാതി
ഊറക്കിട്ട തുകല്‍ പോലെ
വലിഞ്ഞു മുറുകി,
പാതി വിവാഹിതനും
മറുപാതി
അവിവാഹിതനുമായ
പ്രവാസമൃഗം.



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത