Malayalam Poem : ഹൃദയമൊരേ വന്‍കര..., ശ്രീല കെ. ആര്‍ എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Jan 15, 2022, 01:20 PM IST
Malayalam Poem :  ഹൃദയമൊരേ വന്‍കര...,  ശ്രീല കെ. ആര്‍ എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീല കെ. ആര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

കനലുകളില്‍ ചുട്ടെടുക്കാന്‍
ജീവിതം  വറചട്ടിയിലേക്ക്
എറിയപ്പെട്ടപ്പോഴാണ്
മിഴികളില്‍ കനവുകള്‍
പൊള്ളിയടര്‍ന്നത്!

ഒഴുകുന്ന പുഴയിലേക്ക്
ആര്‍ത്തലച്ചുവീണ
മഴയുടെ വിങ്ങലുകള്‍
കരകവിഞ്ഞപ്പോഴാണ്
എന്നിലേക്കു നീ തള്ളിയിടപ്പെട്ടത്.

കലങ്ങിമറിഞ്ഞപുഴ
ഹൃദയച്ചിറകളില്‍ കുടുങ്ങിയപ്പോഴാണ്
പ്രണയം കവിതകള്‍ എഴുതിത്തുടങ്ങിയത്.

മായ്ച്ചാലും മായാത്ത
ലിപികളാലെഴുതിയ
കവിതാകാശങ്ങളില്‍
രജതതാരകമായ്
നീ ജ്വലിച്ചപ്പോഴാണ്
മിന്നാമിനുങ്ങുകള്‍
മാനസചില്ലകളില്‍
തിളങ്ങിയത് !

വാക്കുകള്‍ ചങ്ങലയ്ക്കിട്ട
വിശ്വാസങ്ങളെ
കരളിലേക്ക്
തുറന്നുവിട്ടപ്പോഴാണ്
ചിറകുകള്‍ മുളച്ചത്.

നിന്നെപ്പകര്‍ത്തിയെഴുതാന്‍
സാഗരം മണല്‍ത്തിട്ടയിലേക്ക്
അലയടിച്ചപ്പോഴാണ്
മൗനനുരകള്‍
പതഞ്ഞടിഞ്ഞത്.

നിന്നിലലിഞ്ഞ
എന്റെ നിലാവുകള്‍
കൈപിടിച്ച് ഭൂമിതൊട്ടപ്പോഴാണ്
ഹൃദയമൊരേ വന്‍കരയായി
പരിണമിച്ചത്.

വന്‍കരകള്‍ വരയ്ക്കുന്നവരെന്ന
സങ്കല്പത്തിലാദ്യമായി
നമ്മളെന്ന്
എനിക്കു നിന്നെയും
നിനക്കെന്നെയും
രേഖപ്പെടുത്താം


 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത