Malayalam Short Story : സയലന്റ് കില്ലര്‍, സുനി ഷാജി എഴുതിയ കഥ

By Chilla Lit SpaceFirst Published Jan 15, 2022, 1:18 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുനി ഷാജി എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

നെറ്റിയില്‍ ആരോ അമര്‍ത്തി ചുംബിക്കുന്നതായി അനുഭവപ്പെട്ടപ്പോളാണ് ഞാന്‍ പിടഞ്ഞുണര്‍ന്നത്.

ഗാഢനിദ്രയിലായിരുന്നതിനാല്‍ കണ്ണുകള്‍ ആയാസപ്പെട്ടു തുറക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല.

വീട്ടിലെ, സ്വന്തം മുറിയില്‍ തനിച്ചുറങ്ങുന്ന എന്നെയാരാണ് ചുംബിച്ചതെന്നോര്‍ത്തപ്പോള്‍ത്തന്നെ ഉള്ളൊന്നു കാളി.

അത് വെറും തോന്നല്‍ മാത്രമല്ലെന്ന് മുറിയില്‍ നിറഞ്ഞ അസാധാരണമായ സുഗന്ധത്തില്‍ നിന്നും വ്യക്തമാണ്. ആരോ ഉള്ളില്‍ കയറീട്ടുണ്ട്.

വാതില്‍ അകത്തുനിന്നും ഭദ്രമായി അടച്ചുവെന്നുറപ്പാണ്.

ഏറെ വൈകിയാണ് ഓഫീസില്‍ നിന്നുമെത്തിയത്. കുളിച്ചു ഭക്ഷണം കഴിഞ്ഞയുടനെ  മുറിക്കുള്ളില്‍ കയറി, തലവേദന കാരണം ഒരു പെയിന്‍ കില്ലര്‍ കഴിച്ചതും ഓര്‍മ്മയുണ്ട്.

വീട്ടിലുള്ളവരെ കബളിപ്പിച്ച് കിടപ്പുമുറിയില്‍ കയറിയ കള്ളന്‍ ആരാവും!

ഒരു പ്രമുഖ പത്രത്തില്‍ ജേണലിസ്റ്റായതിനാല്‍ എനിക്ക് ശത്രുക്കളുടെ നീണ്ട നിര തന്നെയുണ്ട്.

അവരില്‍ ആരെങ്കിലുമാവുമോ? വന്നയാളുടെ ലക്ഷ്യം കൊലപാതകമോ, മോഷണമോ അതോ..?

ശീതികരിച്ച മുറിയാണ്, എന്നിട്ടും വെട്ടി വിയര്‍ത്തു.

ധരിച്ചിരിക്കുന്ന ലോലമായ നൈറ്റ് ഗൗണ്‍ നനഞ്ഞുകുതിര്‍ന്നു.

ജാഗരൂകമായ മനസ്സ് അപായ സൈറണ്‍ മുഴക്കിയതിനാല്‍ കണ്ണുതുറക്കാന്‍ മടിച്ചു.

ഉറക്കമുണര്‍ന്നുവെന്ന് മനസ്സിലായാല്‍ അയാള്‍  ആക്രമിച്ചാലോ?

രക്ഷപെടാന്‍ ഒരു പഴുതു തേടിയെങ്കിലും ഭയവും, പരിഭ്രമവും കൊണ്ട്  ഒന്നും തെളിഞ്ഞു വരുന്നുമില്ല.

നിശബ്ദതയില്‍ ചെവിയോര്‍ത്തു ഞാന്‍ കിടന്നു. 

നേരിയ ഒരു ഇരമ്പല്‍ മുറിയില്‍.

എന്റെ ഹൃദയമിടിപ്പ് പോലും നന്നായി അറിയുന്നു. പൊടുന്നനെ ആരോ എന്റെ കിടക്കയിലേയ്ക്കിരുന്നു.

ഭയം ശരീരത്തിലെ ഓരോ അണുവിലും വ്യാപിക്കുകയാണ്, കണ്ണുകള്‍ മെല്ലെ തുറന്നു.

ഉള്ളിലൊരു നടുക്കത്തോടെയാണ്  ആ കാഴ്ച കണ്ടത്..!

സത്യമാണ്.

ഒരാള്‍ എന്റെ കാല്‍ച്ചുവട്ടില്‍ ഇരിക്കുന്നുണ്ട്. മുഖം വ്യക്തമല്ല. ശിരോവസ്ത്രം ഉള്‍പ്പെടുന്ന ഒരു നീണ്ട വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

അലറി വിളിച്ചാല്‍ അപകടമാണ്. ഞാന്‍ കണ്ണ് തുറന്നത് അയാള്‍ അറിഞ്ഞിട്ടില്ല.

അയാളുടെ നോട്ടം എന്റെ നെഞ്ചിന്റെ ഭാഗത്തേക്ക് ആണെന്ന് മനസ്സിലായപ്പോള്‍ അറിയാതെ  കൈകള്‍ മാറിന് കുറുകെ പിണച്ചു പോയി.

ആ ചലനങ്ങള്‍ കണ്ടാവണം അയാള്‍ കുറച്ചു നേരം എന്റെ കണ്ണുകളിലേക്ക് നോക്കി.

ഇത്രയും മൂര്‍ച്ചയേറിയ കണ്ണുകള്‍ ഞാന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ല.

കുറച്ചു മുന്‍പോട്ട് കയറി ഇരുന്നുകൊണ്ട് അയാള്‍ എന്റെ കൈകളെടുത്തു മാറി മാറി ചുംബിച്ചു.

ഒരു തണുപ്പ് എന്നിലേയ്ക്ക് വ്യാപിക്കുന്നതും, ഒന്ന് അനങ്ങാന്‍ പോലും ആവാതെ അയാളുടെ ബലിഷ്ടമായ കരങ്ങള്‍ക്കുള്ളില്‍ എന്റെ കരങ്ങള്‍  ഞെരിഞ്ഞമര്‍ന്നതും നിസ്സഹായതയോടെ നോക്കി കിടന്നു.

നിമിഷങ്ങള്‍ കൊണ്ട് എന്റെ കൈകള്‍ അയാള്‍ ബന്ധനസ്ഥമാക്കി.

ഏറെ താമസിയാതെ എന്റെ കാലുകളിലായി അയാളുടെ സ്പര്‍ശനം, കാല്‍ വിരലുകള്‍ ഓരോന്നായി ചുംബിക്കുകയാണ്.

തണുപ്പ്  കയറുന്നു.

കാലുകളില്‍ നിന്നും  ഉടലിലേക്ക് അരിച്ചു കയറുന്ന കൊടും തണുപ്പ്.

അങ്ങനെ എന്റെ കാലുകളും ബന്ധിച്ചു കൊണ്ട് അയാളുടെ ചുണ്ടുകള്‍ എന്റെ ഉടലിനെ  സ്പര്‍ശിച്ചപ്പോള്‍
ഞാന്‍ അലറി വിളിച്ചു.

എന്റെ നേരെയടുക്കുന്ന മുഖത്തു രക്തവര്‍ണ്ണം. വന്യമായ  കണ്ണുകള്‍ തിളങ്ങുന്നു...

ഇരയെ വിഴുങ്ങാന്‍ എത്തുന്ന പെരുപാമ്പ് പോലെ വായ തുറന്നു, നാവ് നീട്ടി എന്റെ മുഖത്തിന് നേരെ വരുന്ന അയാളുടെ മുഖം ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് തടയാന്‍ ശ്രമിച്ചു.

എന്റെ എതിര്‍പ്പ് വകവയ്ക്കാതെ അയാള്‍ എന്റെ നാവും അധരങ്ങളും തന്റെ ചുംബനത്താല്‍ 
മുദ്രവയ്ക്കുമ്പോള്‍ ഉടലാകെ പിടഞ്ഞു ഞാന്‍ നിശ്ചലമായി.

നനഞ്ഞൊഴുകുന്ന   കണ്ണുകള്‍ക്ക് മാത്രം മെല്ലെ ചലിക്കാന്‍ ആവുന്നുണ്ട് .

ഉടലിനെ പുണര്‍ന്നുകൊണ്ട്  ഇടം നെഞ്ചിലേക്ക് അമരുന്ന  മുഖം.

വെറുപ്പിന്റെ പുഴുക്കള്‍ അരിച്ചിറങ്ങുമ്പോഴും ഹൃദയം വിതുമ്പുകയായിരുന്നു.

ആ കൂര്‍ത്ത പല്ലുകള്‍ എന്റെ മാംസത്തിലേക്ക് ആഴന്നിറങ്ങിയപ്പോള്‍ വേദന കൊണ്ട് പുളഞ്ഞു.

അലറിക്കരഞ്ഞുവെങ്കിലും ബന്ധിക്കപ്പെട്ട നാവ് മൗനത്തിന്റെ കറുത്ത കൊടി കാട്ടി.

ഒടുവില്‍ അയാള്‍ എന്റെ ഉടല് വിട്ട് എഴുനേറ്റു കൊണ്ട് സകലതിനും സാക്ഷിയായ എന്റെ കണ്ണുകള്‍ തിരുമ്മിയടച്ചുകൊണ്ട് പറഞ്ഞു.

'വരൂ...പോകാം'

അയാള്‍ക്കൊപ്പം അന്തരീക്ഷത്തിലേക്ക് ഉയരുമ്പോള്‍ ഞാനൊന്ന് തിരിഞ്ഞുനോക്കി എന്റെ കിടക്കയിലേക്ക്.
അവിടെയതാ, എന്റെ  അധരങ്ങളില്‍ രക്തപുഷ്പങ്ങള്‍. 

'അത് നീയല്ല...ദേഹി നഷ്ടപ്പെട്ട ദേഹം വെറും ജഡമാണ്. അതുപോലെ ദേഹം നഷ്ടപ്പെട്ട ദേഹിയും വെറും ആത്മാവ് മാത്രമാണ്. നീയെന്ന വ്യക്തി ഈ നിമിഷം ഇവിടെ ഇല്ലാതായിരിക്കുന്നു.'

കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശത്തിലേയ്ക്കാണ് ഞങ്ങള്‍ പ്രവേശിച്ചത്.

കോടിക്കണക്കിന് മിന്നാമിനുങ്ങുകള്‍ ഒരു വെള്ള പ്രകാശഗോളത്തിന് ചുറ്റും  പ്രത്യേക രീതിയില്‍ കറങ്ങുന്നു.
ഇടക്കൊക്കെ അതില്‍ നിന്നും ചില പ്രകാശ കണങ്ങള്‍ തെറിച്ചു പോകുന്നുമുണ്ട്.

അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിയപ്പോള്‍ അയാള്‍ തുടരുകയാണ്. ആ കാണുന്നത് ഭൂമിയിലുള്ള സര്‍വ്വ ജീവജാലങ്ങളുടേയും ആത്മാക്കളാണ്...'

'എല്ലാ ജീവജാലങ്ങളുടെയുമോ...?

'അതേ...ആത്മാക്കളെല്ലാം ഒരേപോലെയാണ്.അതിന് മനുഷ്യരെന്നോ, മൃഗങ്ങളെന്നോ,സസ്യങ്ങളെന്നോ വേര്‍തിരിവില്ല. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന ആത്മാവ് ഒരേ ജീവാംശം തന്നെയാണ്.
അതിന് മരണമില്ല.'

ഭൂമിയില്‍ ഒരു വസ്തുവിനെ പോലെ മറ്റൊന്നില്ല. കോടാനുകോടി ജനങ്ങള്‍ ഉണ്ടായിട്ടും അവരെല്ലാം ഓരോരോ വ്യക്തിത്വങ്ങള്‍ അല്ലേ...അതിനു  കാരണം എന്തെന്ന് അറിയുമോ...?'

ജീവജാലങ്ങള്‍ മൃതി അടയുമ്പോള്‍ അവരുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ 
മണ്ണിലും അന്തരീക്ഷത്തിലുമായി ലയിക്കുന്നു. ഒരിക്കലും തിരിച്ചു പൂര്‍വ്വസ്ഥിതി പ്രാപിക്കാത്ത വിധം അവ വിഘടിച്ചു, മറ്റു ജീവജാലങ്ങള്‍ ശരീരം സ്വീകരിക്കുമ്പോള്‍ അവയുടെ ശരീരഭാഗങ്ങളാവും.

സമയത്തിന്റെ പൂര്‍ണ്ണതയില്‍ ദേഹം രൂപപ്പെടുമ്പോള്‍ ആ ശരീരത്തില്‍  പ്രവേശിക്കാന്‍ നിയോഗിക്കപ്പെടുന്ന ആത്മാവ് അതില്‍ പ്രവേശിക്കും.

ഓരോ ആത്മാവിനും കൃത്യമായി സമയം നല്‍കിയിട്ടുണ്ട്  ചെന്ന് ചേരുന്ന ശരീരത്തില്‍ നിലനില്‍ക്കാന്‍.ആ സമയപരിധി അവസാനിക്കുമ്പോള്‍  ദേഹം വിട്ട് ദേഹി പോകുന്നു...

അതിനെയാണ് മനുഷ്യന്‍ മരണമെന്ന് വിളിക്കുന്നത്. സത്യത്തില്‍ അത് മരണമല്ല പരകായപ്രവേശമാണ്. കൂട് വിട്ട് കൂട് മാറുന്ന അത്ഭുതം. പ്രകൃതി ഒരുക്കുന്ന ഒരു റീസൈക്കിള്‍ എന്നും പറയാം. 

മരിച്ചവര്‍ എങ്ങും പോകുന്നില്ല, ഇവിടെതന്നെയുണ്ട്,ഈ അന്തരീക്ഷത്തില്‍ തന്നെ.

അതിശക്തമായ ഒരു കാന്തിക വലയത്തില്‍പ്പെട്ട് കോടിക്കണക്കിന് ആത്മാക്കള്‍ അനുസ്യൂതമായി കറങ്ങുന്ന വലയത്തിലേക്ക് ഞാന്‍ ലയിക്കുമ്പോള്‍ ആശുപത്രിയില്‍ എന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം എഴുതി ചേര്‍ക്കപ്പെടുകയായിരുന്നു.

'കാര്‍ഡിയാക് അറസ്റ്റ്!'

click me!