Malayalam Poems: വേപ്പുമരസ്‌കൂള്‍, സുരേഷ് നാരായണന്‍ എഴുതിയ മൂന്ന് കവിതകള്‍

By Chilla Lit SpaceFirst Published Jan 23, 2024, 5:10 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സുരേഷ് നാരായണന്‍ എഴുതിയ മൂന്ന് കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വേപ്പുമരസ്‌കൂള്‍

വേപ്പുമരമായിരുന്നു
ആ സ്‌കൂളിലെ പ്രധാനാധ്യാപകന്‍

അതിന്റെ താഴേച്ചില്ലകളില്‍
വലിച്ചു കെട്ടിയ ഊഞ്ഞാലായിരുന്നു 
അവിടത്തെ പി ടി മാഷ്

അതിനെ ചുറ്റിപ്പിണഞ്ഞു
വലം വയ്ക്കുന്ന കാറ്റ് 
അവിടത്തെ മ്യൂസിക് ടീച്ചറും

അതിന്റെ ചുള്ളിക്കമ്പുകളോ,
മുഴുമിക്കാത്ത ബീജസമവാക്യങ്ങളായ് 
കണക്കു മാഷെ കാത്തു കിടന്നു.

ഡ്രോയിങ് മാഷ് എവിടെ എന്നോ..?

'മേഘത്തേരില്‍ .' എന്ന 
പാട്ടുംപാടിക്കോണ്ട് സൂര്യനെ വരയ്ക്കാന്‍ 
തുഞ്ചാണിത്തുമ്പത്ത് കാത്തിരിക്കുന്ന കറുത്ത പക്ഷി
ആരാണെന്നാണ് നിങ്ങളുടെ വിചാരം?


തീവണ്ടി എന്ന ഭ്രാന്ത്

'ഇന്നു ഞാന്‍ 
നിനക്കൊരു കൂട്ടം 
കാണിച്ചുതരണുണ്ട്
തീവണ്ടിയുടെ മോനെ'
എന്നു പറഞ്ഞതും പാലം
ഒരു റോളര്‍ കോസ്റ്ററായി.

കൊളുത്തുകള്‍ ഊരിത്തെറിച്ചു ഞാന്‍.

'സാരമില്ല...'
നക്കിത്തോര്‍ത്തവേ
പുഴ പറഞ്ഞു; 
'ഞാനാണു നിന്റെയച്ഛന്‍.
മടിത്തട്ടൊരുക്കിവെച്ച് 
എത്ര നാളായ് കാത്തിരിക്കുന്നു..!'

ഞാന്‍ ദുര്‍ബലമായ്
കൈ ചൂണ്ടാന്‍ ശ്രമിക്കവേ
പുഴ വീണ്ടും,
'ഓ നിന്റെ അമ്മ..
സദാ മുടിയഴിച്ചിട്ടോടാനല്ലാതെ മറ്റെന്തറിയാം അവള്‍ക്ക്...
വരൂ 
വായ് തുറക്കൂ; 
ദാഹം തീര്‍ക്കൂ.'


നക്ഷത്രക്കുട്ടന്‍

പശുക്കിടാവ് നക്കി തുടച്ചു വൃത്തിയാക്കിയതിനുശേഷമാണ് 

കുഞ്ഞിനെ കാണാന്‍
മേരിക്കു കണ്ണുകള്‍ 
തുറക്കാന്‍ പറ്റിയത്.

'അല്ല, നക്ഷത്രമെവിടെ' എന്നൊരു ചോദ്യം അവളില്‍ നിന്നറിയാതെ പുറപ്പെട്ടുപോയി.

'മുകളിലോട്ട് നോക്ക് മമ്മാ' എന്ന കൊച്ചു വര്‍ത്തമാനം കേട്ട് 

'ഹമ്മേ' എന്ന് വാ  പൊളിച്ചു. 

ഓലക്കീറിനിടയിലൂടെ കണ്ടു;
മൂന്നു നക്ഷത്രങ്ങള്‍..!
അത് അടുത്തടുത്തടുത്തു വരുന്നു.

അവളുടെ മാറിടം ചുരത്താന്‍ തുടങ്ങി.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!