വീടുകള്‍ പറയുന്നത്

By Chilla Lit SpaceFirst Published Sep 25, 2021, 8:01 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് . സൂര്യ സരസ്വതി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



വീടുകള്‍ പറയുന്നത്    

രാവിലെയിറങ്ങുമ്പോള്‍ വീട് കൂടെയിറങ്ങി
വഴിവരെയെത്തും.
വേഗംവരില്ലേയെന്നൊരു ചോദ്യം 
വീടുപൂട്ടുമ്പോള്‍
താക്കോല്‍കിലുക്കത്തില്‍ ഒളിഞ്ഞിരുപ്പുണ്ടാകും
വിരഹത്തിന്റെയൊരു വിഷാദച്ചിരി
വാതില്‍പാളികളില്‍ ഒട്ടിപ്പിടിച്ചിരിപ്പുണ്ടാകും
നീ വരുവോളം വേദനയും വേവലാതിയും
എന്നെയേല്‍പ്പിച്ചുവോ എന്നൊരു കൂര്‍ത്ത
നോട്ടവും കൂടെയുണ്ടാകും .

തൊടിയിലേക്കിറങ്ങുമ്പോള്‍ തൊട്ടാവാടികള്‍
വിതുമ്പാന്‍ തയ്യാറായി കണ്ണടച്ചുനില്‍ക്കുന്നുണ്ടാകും
വഴി തീരാറായി തിരിഞ്ഞുനോക്കുമ്പോള്‍
വെയിലേറ്റു തുടുത്ത മുഖവുമായി
വീടുറ്റുനോക്കി നില്‍ക്കുന്നുണ്ടാകും .

തിരികെയെത്തുമ്പോള്‍ വാടിത്തളര്‍ന്ന
മുഖവുമായി കാത്തുനില്‍ക്കുന്നുണ്ടാകും
വൈകിയതെന്തേയെന്ന ഒറ്റച്ചോദ്യത്തില്‍
തോളിലേക്ക് ചായാന്‍ തോന്നും
പിന്നെയന്നത്തെ വിശേഷങ്ങള്‍
പരിഭവം പറച്ചില്‍ ....

അങ്ങേത്തൊടിയിലെ കരിയിലക്കൂട്ടങ്ങള്‍
കാറ്റിനോടുകലഹിച്ച് ഇപ്പുറത്തെത്തിയത്
അയലത്തുവീട്ടിലെ കുറുമ്പിപ്പൂച്ച
അനുവാദമില്ലാതെയകത്തു വന്നത്
തഞ്ചത്തില്‍ വന്നൊരു കാക്ക മുറ്റത്തെ
പേരക്കയൊക്കെകൊത്തിപ്പറന്നത്

സ്വാന്തനിപ്പിക്കാനായുമ്മ വയ്ക്കുമ്പോഴും
കത്തുന്നൊരാലിംഗനത്തിലുമറിയുന്നു
ഉടലിന്റെയുള്‍ച്ചൂട.  
      
നിന്റെ നനവില്‍ പനിക്കുന്നതെനിക്കാണെന്ന്
ചുണ്ടുകള്‍ കത്തില്‍ മന്ത്രിക്കുന്നതറിയുന്നു
അഗ്‌നിവര്‍ഷിക്കും സൂര്യകിരണമേറ്റുരുകി -
യൊലിക്കുമെങ്കിലും നനഞ്ഞ മഞ്ഞില്‍
കുളിര്‍ന്നു വിറയ്ക്കുമെങ്കിലും
നിന്നോളമില്ലൊരു ചൂടും തണുപ്പുമെന്ന്
വീണ്ടുമൊരുമ്മയിലൂടെ 
സാക്ഷ്യപ്പെടുത്തുന്നു.

click me!