ഉയര്‍ന്നുനില്‍ക്കുന്ന കരകള്‍ക്കിടയില്‍  കരയുന്ന ഒരു ലോകമുണ്ട് , പ്രവീണ്‍ പ്രസാദ് എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published May 18, 2021, 10:08 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പ്രവീണ്‍ പ്രസാദ് എഴുതിയ കവിതകള്‍
 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

ഉയര്‍ന്നുനില്‍ക്കുന്ന കരകള്‍ക്കിടയില്‍  കരയുന്ന ഒരു ലോകമുണ്ട് 

കണ്ണുകളെ മുക്കിക്കളയുന്നത്ര ദൂരംവരെ 
ഉപ്പുവെള്ളവും,
പവിഴപ്പുറ്റുകളും,
മീനുകളും,
നീലനിറവും മാത്രമല്ല കടല്‍.
കടലിനടിയില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയവരുടെ ലോകമുണ്ട്.

നമ്മള്‍ വലിച്ചെറിഞ്ഞ ലോകം.

മരിച്ച് കടലോട് കടലായി
കല്ലിന്‍മേലുള്ള കെട്ട് വിടുവിച്ച്
അവരെല്ലാം ജലജീവികളെപോലെ
നീന്തിത്തുടിക്കുന്നുണ്ടാകും.

വിശന്ന് നിലവിളിക്കുന്ന
മീന്‍കുഞ്ഞുങ്ങള്‍ക്ക് 
മരിച്ചുപോയവര്‍ അവരുടെ
വിരലറ്റങ്ങള്‍ തിന്നാന്‍ കൊടുക്കും.

അറബിക്കടലിന്റെ തീരത്തുനിന്നും
വെളിച്ചം നഷ്ടപ്പെട്ട കണ്ണുകളുള്ള
ഒരു പെണ്‍കുട്ടി
മൈലുകള്‍ നീന്തിവന്ന് 
ബംഗാള്‍ കടലിടുക്കിലുള്ള 
രാജ്യം നഷ്ടപ്പെട്ട ഒരുത്തനുമായി പ്രണയത്തിലാവും.

എഴുനിറങ്ങളിലുള്ള പവിഴപ്പുറ്റുകള്‍
തമ്മില്‍ കൈമാറി
അവര്‍ വിവാഹം കഴിക്കും.

കടലിലന്ന് ഉത്സവമായിരിക്കും
കരയിലേക്ക് ഒരു തിര വീശിയടിക്കും.

ആഫ്രിക്കന്‍ തീരത്തുനിന്ന്
ഒരമ്മ വെള്ളംകേറി 
ചീഞ്ഞുവീര്‍ത്ത ഗര്‍ഭപാത്രം ചുമന്നുകൊണ്ട്
ആഴങ്ങളിലേക്ക് ഇറങ്ങിപ്പോവും,
തിരകള്‍ക്ക് ശക്തികുറഞ്ഞ 
ഏതെങ്കിലും ഒരു കരീബിയന്‍ തീരത്തേക്ക് 
ഒരു കൊച്ചു കുഞ്ഞുമായി ഉയര്‍ന്ന് വരും.

അവര്‍ അമ്മയും മകനുമാവും.
ഉപ്പുകലരാത്ത മുലപ്പാല്‍
അവര്‍ മകന് കൊടുക്കും.

കല്ലില്‍കെട്ടി കടലിലെറിഞ്ഞവരെല്ലാം 
വലിയൊരു വീടുവച്ച് കുടുംബമാകും.

മരിച്ചതോര്‍ത്ത് ഇടയ്ക്ക് 
അവരൊരുമിച്ച് കരയും
തമ്മില്‍ ആശ്വസിപ്പിക്കും.

അവരുടെ കണ്ണീര് കലര്‍ന്നാണ്
കടലിന് ലവണത്വം കൂടുന്നത്.

കരയിലെ ജീവികളെക്കാള്‍
എത്രയോ വലുതാണ്
കടലിന്റെ ജനസംഖ്യ.

ഭൂമിയിലെ ഏറ്റവും വലിയ
ഭൂഖണ്ഡം കടലാണ്.


കോഴീം കുമ്പളങ്ങയിം 

വെള്ളിയാഴിച്ച പൂജയായ്രിന്നു.
പണ്ടയ്ക്ക് പണ്ടേ ചത്ത്‌പോയ
ഇവുട്‌ത്തെ ആള്കളിന്റെ 
പഴമക്കാരാണ് മൂര്‍ത്തികള്‍.
ചത്ത് പോണവരൊക്കെ
ദൈവമാക്ണത്
ഇയ് നാട്ട്‌ല് സാധാരണം.

പൂജയ്ക്ക് തറമൊത്തം വന്നു.
ഭത്തി മൂത്ത് 
തറയിത്തെ മണ്ണ് വാരി
നെറ്റീത്തേച്ച് ഒറഞ്ഞു.
നാടന്‍ കോഴീല് കുമ്പളങ്ങ 
അരിഞ്ഞ് തള്ളീട്ട്
വക്കിണ കൂട്ടാനാണ്‌ല്ലോ പ്രസാദം.

അയ് ദിവ്‌സം
സ്‌കൂള് കളഞ്ഞ് ഞങ്ങള് പിള്ളാര്
അടുപ്പ് കൂട്ടിയ വേലീന്റെ ഓരത്ത്ക്കൂടി
ചൂരും പിടിച്ച് നടന്നു.
പയിനൊന്നരക്ക് കോഴി 
ചെമ്പില് മലന്ന് കെടന്ന് നീന്തി
എന്റെ വയറിന്റുള്ളിലാരോ മാന്തി.
കണ്ണിന്റെ ഉമ്മറത്ത്ക്കൂടി കോണീച്ച
കുംഭക്കളി കളിക്കിണ്ട്
എന്നാലും എന്റെ കണ്ണ്
ഇമ വെട്ടാണ്ട് ധ്യാനിച്ചു
അടുപ്പ്‌ലെ ചെമ്പില്.

ദൈവങ്ങള്ക്ക് വെച്ച വീതിന്ന്
ഓരോമൊന്ത പനങ്കള്ള് കുടിച്ച്
കൊറച്ച് പേര് കറങ്ങി.
ഉച്ചവെയില് കൊണ്ട് മൂത്ത 
കള്ളിന്റെ പുളിതാങ്ങാണ്ട്
അവിര്‌ന്റെ തലയില്‌ത്തെ 
പേനൊക്കെ പറന്നു.
വേറേ കൊറേ പേര്
വട്ടത്തികുത്തിര്ന്ന് നാട്ട്കാര്‌നെ
കെണി പറഞ്ഞു.
കാറ്റത്ത് പടര്ണ ഏഷ്ണി കേട്ട്
കാക്കകള് ചിറിച്ചു കാ... കാ...

എറ്ച്ചിയും ചോറും 
പൂമാതിരിയായപ്പോ
ആണുങ്ങളും പെണ്ണുങ്ങളും 
എടകലര്‍ന്നിര്ന്ന് എലനീട്ടി.
ആണുങ്ങളിനെ മുട്ടിയാ പെണ്ണുങ്ങള്ക്കും
പെണ്ണുങ്ങളിനെ തട്ടിയാ ആണുങ്ങള്ക്കും
ചോറുണ്ണുമ്പൊ മാത്രം കുളിര് വര്ല്ലാ.

വെളമ്പുമ്പോ ജനങ്ങള് തൊള്ളയിട്ടു;
'കഷ്ണം കൂട്ടിയിട്...'
'കുമ്പളങ്ങ നിന്റെ അപ്പന് കൊട്ക്ക്'.
എറ്ച്ചി കൊറവ് കിട്ടിയ പിള്ളാര്
അച്ഛന്റട്ത്ത് വെഷ്മം പറഞ്ഞ്
അമ്മനെ സങ്കടത്തീ നോക്കി.
അച്ഛമ്മാര് തെറിവിളിച്ച് വാങ്ങിക്കൊട്ത്തു
അമ്മമാര് പൊതിഞ്ഞെട്ത്തു വീട്ടിക്ക്.

എറ്ച്ചി വേണംന്ന് പറഞ്ഞാ 
പീടപണ്ടാരമേ
വെണ്ണവെട്ടീന്നൊക്കെ 
ചീത്തപറയുംന്ന് പേടിച്ച്
ഞാന്‍ ഒന്നും മിണ്ടാണ്ട് 
കുമ്പളങ്ങ കടിച്ച് വല്ച്ചു
സൂര്യനെന്റെ കഴ്ത്തീക്കൂടെ
നട്ടെല്ലിക്ക് ഒല്ച്ചു.

തിന്ന് പല്ല്കടഞ്ഞ്ട്ട് പിള്ളാരൊക്കെ
കെഴവന്‍മാര്‌ന്റെ ഏമ്പക്കൂംകേട്ട് 
തിണ്ണയില് മയങ്ങികെടക്ക്‌മ്പോ
എനിക്ക് വേണ്ടി തെറിപറയ്യാനും
പൊതിഞ്ഞെട്ക്കാനും 
ആരൂല്ലാത്തയിന്റെ മുള്ള് 
നെഞ്ചിനെ കുത്തി.
എറ്ച്ചി കിട്ടാത്ത ചെക്കന്റെ 
വേദനനെപ്പറ്റി ഒരു പാട്ട് 
ആലോയ്ച്ചിരുന്നിര്ന്ന് 
വായില് കുമ്പളങ്ങ തെകട്ടിവന്നു.

 

വിര്ന്ന് 

ചോറും കൂട്ടാനും,
കണ്ണുപൊത്തിക്കളിയും,
പന്തല് കെട്ടലുവൊക്കയേ
കഴിഞ്ഞ്ട്ടുള്ളൂ...

ഇനീം നെറയെ 
കളികള് കെടക്കുമ്പളാണ്
വെള്ളിയാഴിച്ചയായത്
അച്ഛന് നാളക്ക്
പണീന്റെന്തോ കാര്യവിണ്ട്ന്ന്

ഞങ്ങളിന്ന് വൈകീട്ട്
തിര്ച്ച് പുകേണ്

ഞാനിതെങ്ങെനെ
അച്ചൂനെക്കൊണ്ട് പറ്യും
അവ്‌ളാണെങ്കി നാളെ
കൊയ്ത കണ്ടത്ത്
വയ്‌ക്കോലീക്കളിക്കാന്ന്
ഇന്നുച്ചക്കലേ പറഞ്ഞതാണ് !

ബാഗും സഞ്ചിയിംകൊണ്ട്
അമ്മയെറങ്ങാന്‍ തൊടങ്ങിയപ്പൊ
അമ്മമ്മ പറ്ഞ്ഞു;

'വെള്ളിയാഴിച്ചയായിട്ട് 
വീട്ട്‌ന്നെറങ്ങണ്ടടി മക്‌ളേ
കെട്ടിയവന്‍ വേണങ്കി
പോയിട്ട് വരട്ടെ
നിനിക്കും ചെക്കനും 
ഞായറാഴിച്ച പുകാ '

ഇത് കേക്കാത്തമുമ്പ്ട്ട്
അച്ചൂനെ നോക്കി
ഞാന്‍ പല്ല്കാട്ടി
ഞങ്ങണ്ടെ മനസ്സ്
ഒണക്ക വയ്‌ക്കോലില്
തലകുത്തി മറ്ഞ്ഞു.

 

കൊണ്ടച്ചെമ്പരത്തി 

വൈന്നേരം ബെല്ലടിച്ചതും
ഞങ്ങള് പറക്കും
അമ്പൈസന്റെ പുളിമുട്ടായി
ചിറീന്ന് കാറ്റത്തിക്ക് തെറിക്കും.

പെങ്കുട്ടികള് മാത്തറം
വഴിനീളെ നിന്ന് 
കണ്ണീകാണിണ പൂച്ചെടിയൊക്കെ
വേരോടയും, പൊട്ടിയിം
പറ്ച്ച് പാവാടന്റെ പോക്കറ്റ്‌ലിട്ണ തെരക്ക്.
ഞാന്‍ ചെര്പ്പ് പൊട്ടിയമാതിരി
ഠപ്പോന്ന് നിന്ന്
അവിര്ന്റട്ത്ത് കയ്യ്‌നീട്ടും.

നിനിക്കെന്തിനാണ്ടാ പൂച്ചെടി?
നീ വീട്ട്‌ല് പൂ വെക്ക്വോ ?
നിന്റെ മിറ്റത്ത് എന്തൊക്കെ പൂവിണ്ട്?
പെങ്കുട്ടികള് പൊതിയും.

മിറ്റം നെറച്ചും പൂവ്കളാണ്
ചെണ്ട്മല്ലി,
സൂചിമുല്ല,
കോളാമ്പിപ്പൂവ്,
കൊണ്ടച്ചെമ്പരത്തീന്നൊക്കെ പറഞ്ഞ്
ഞാനവിരിന്റെ വായ് പൊളിപ്പിക്കും.
എല്ലാവിരിന്റട്ത്തീന്നും 
ഓരോ ചെടി വാങ്ങി
പകരത്തിന് നാളെക്ക്
എന്റെ ചെടിതരാന്ന് പറയിം.

പാടവെത്തുമ്പോ മാരിയമ്മന്‍ കോവിലില്
പാട്ട് വെക്കാന്‍ മൈക്കനങ്ങും

പാട്ട് തൊടങ്ങുമ്പളിക്കും
ഞാന്‍ പാടം കടന്ന് റോഡെത്തി
റോട്ടീന്ന് നേരെ 
മിറ്റമില്ലാത്ത
വീട്ട്ന്റുള്ളിക്ക് കാല്കുത്തും.

കെഞ്ചി വാങ്ങിയ പൂച്ചെടിയൊക്കെ
ബാഗിന്റെയുള്ളീത്തന്നെ നട്ട് വെക്കും.

സര്‍ട്ടൂരിയിട്ട്
ചെണ്ട്മല്ലി ,സൂചിമുല്ല ,കോളാമ്പിപ്പൂവ്
കൊണ്ടച്ചെമ്പരത്തീ...ന്ന്
പിറ്പിറ്ത്ത്ങ്ങണ്ട് അമ്മനെ തെരയും.

 

ഭയം

രാത്രി
ഉറങ്ങുന്ന വീടുകളുടെ
പൂട്ടിയ ഗേറ്റുകള്‍.

മുറ്റത്തിരുന്ന് നോക്കുമ്പോള്‍
ആരുമില്ലായ്മയില്‍ പാത
സ്വാതന്ത്ര്യം അനുഭവിക്കുന്നത് കാണാം.

കസേരയിലിരുന്ന്
പുസ്തകം വായിക്കയായിരുന്നു
ഞാന്‍.

അടഞ്ഞുകിടക്കുന്ന
മനുഷ്യക്കൂടുകള്‍ക്ക് വെളിയിലൂടെ
ആ നായ
ഉശിരോടെ ഓടുന്നുണ്ട്.
അതെന്റെ ഗേറ്റിന്റെ
മുന്നിലെത്തുമ്പോള്‍
പുസ്തകത്തിന്ന്
ഞാനെന്റെ കണ്ണഴിക്കും.

പകല്‍ മുഴുക്കെ
വഴിയോരങ്ങളില്‍ പാവപോലെ
പതിഞ്ഞുകിടക്കാറുള്ള നായ
നോക്കുമെന്നെ
അഴികള്‍ക്കിടയിലൂടെ
ശൗര്യത്തില്‍.

ഞാന്‍ ഗേറ്റിന്റെ താഴുനോക്കി
പൂട്ടിയിട്ടുണ്ടെന്ന് ഭീതിയെ തഴുകും.
തലയുയര്‍ത്തി
ചെവികള്‍ പൊക്കി
പൂട്ടിയ താഴുനോക്കി
നായ ഉച്ചത്തില്‍ ഓരിയിടും.

ഞാന്‍ ശ്വാസമടക്കി പാവയാകും.


അവരറിയുന്നില്ല

ആ വീട്ടില്‍ ആളുകളുണ്ട്
അവര്‍ ഉള്ളിലുറങ്ങുകയാണ്.
അകത്തെ ഭിത്തിയില്‍
ഒട്ടിക്കിടക്കുന്ന കുടുംബഫോട്ടോയും
ഉറങ്ങിത്തൂങ്ങുന്നു
കൂര്‍ക്കം വലിക്കാതെ.

നേരമിപ്പോള്‍ പുലരും
വീടിന്റെ വിടവുകളിലൂടെ
സൂര്യനിപ്പോള്‍ അരിച്ചിറങ്ങും
ഗുഡ് മോര്‍ണിംഗ് പറഞ്ഞ്
എഴുന്നേറ്റ് ചായയിട്ട്
പത്രവും വായിച്ച്
പഴയ ചലച്ചിത്രഗാനങ്ങളൊക്കെ
ഉറക്കെവച്ച്
എല്ലാവരെയും പോലെ
ഉണരണമെന്നവര്‍ സ്വപ്നം കാണുന്നു.

ഇടയ്ക്ക് പാതിമിഴികളോടെ
ജനല്‍ച്ചില്ലിനെ പാളിനോക്കുമ്പോള്‍
കറുത്തയാകാശം
കണ്ണുകോച്ചുന്നയിരുട്ട്.
ഇല്ല,രാത്രി തീര്‍ന്നിട്ടേയില്ലെന്ന്
തെറ്റായോ ശരിയായോ ധരിച്ച്
അവര്‍ വീണ്ടുമുറങ്ങുന്നു.

അവരറിയുന്നില്ലവരുടെ വീട്
കറുത്ത കമ്പിളി പുതച്ച്
സുഖിച്ചുറങ്ങുന്ന
കണ്ണുപൊട്ടനാണെന്ന്.

click me!