കഥവഴി

Chilla Lit Space   | Asianet News
Published : Sep 10, 2021, 07:56 PM IST
കഥവഴി

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  അയന എം എസ് എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


 

കര്‍ക്കിടകത്തിന് മരണത്തിന്റെ മണമാണ്. മറ്റു മാസങ്ങളിലുള്ള ഭംഗിയൊന്നു0 മഴയ്ക്ക് കര്‍ക്കിടകത്തിനില്ല. തോരാതെ പെയ്ത് മനസ്സിനെ മരവിപ്പിച്ചുകളയും. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കര്‍ക്കിടകത്തിലാണ് മുത്തച്ഛന്‍ മരിച്ചത്. ഒരു നല്ലമഴയത്ത് രാത്രി മുത്തച്ഛനെ അടക്കാന്‍ തെക്കേ പറമ്പിലേക്ക് കൊണ്ടു പോയത് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ഇപ്പോ ദാ  മറ്റൊരു കര്‍ക്കിടകത്തില്‍ മുത്തശ്ശിയും പോയിരിക്കുന്നു. മുത്തച്ഛന്‍ മരിച്ചപ്പോള്‍ കഥയുടെ മായിക പ്രപഞ്ചം ഇല്ലാതായ സങ്കടമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക്.  പതിയെ മുത്തശ്ശി ആ സ്ഥാനം ഏറ്റെടുത്ത് ഞങ്ങളുടെ കഥപറച്ചിലുകാരിയായി. അങ്ങനെ മുത്തച്ഛന്‍ കഥകളില്‍ നിന്ന് മുത്തശ്ശി കഥകളിലേക്ക് ഞങ്ങളെത്തി. 

മുത്തച്ഛന്‍ കഥകളില്‍ അധികവും പുരാണങ്ങളില്‍ നിന്നുള്ളവയായിരുന്നു. കഥകള്‍ പറഞ്ഞവസാനം മുത്തച്ഛന്‍ ചോദിക്കും 'ഈ കഥയില്‍ നിന്ന് എന്തു മനസ്സിലായി?' 

ഞങ്ങള്‍, കുട്ടി ശ്രോതാക്കളുടെ കൂട്ടം മനസ്സിലായ കാര്യം ഒരേ സ്വരത്തില്‍ പറയും. കൂടാതെ ഒരുപാട് സ്ഥലങ്ങളെ കുറിച്ചും മഹാത്മാക്കളെ കുറിച്ചും മുത്തച്ഛന്‍ പറഞ്ഞുതരുമായിരുന്നു. എന്നാല്‍ മുത്തശ്ശി കഥകളില്‍ സ്ത്രീകളായിരുന്നു കഥ നയിച്ചിരുന്നത്. കുതിരയോടിക്കുന്ന, രാജ്യം ഭരിക്കുന്ന, പാട്ടും ഡാന്‍സ് അറിയുന്ന, പഠിപ്പുള്ള, അഞ്ചാറെണ്ണം പ്രസവിച്ച, അടുക്കളക്കാരിയായ, യക്ഷികളായി മാറിയ ഒരുപാട് സ്ത്രീകള്‍ മുത്തശ്ശിയുടെ കഥകളിലുണ്ടായിരുന്നു. മുത്തശ്ശി പറയുന്നതു കേള്‍ക്കുമ്പോള്‍ രക്തം ഊറ്റി കുടിക്കുന്ന യക്ഷിയോടുപോലും  സ്‌നേഹം തോന്നും.

മുത്തശ്ശിയുടെ മരണം ഏറ്റവും സങ്കടം ഉണ്ടാക്കിയത് അപ്പുവിലാണ്. അവനായിരുന്നു മുത്തശ്ശിയുമായി ഏറ്റവും കൂട്ട്. മുത്തശ്ശി കഥകള്‍ ഏറ്റവും കൂടുതല്‍ കേട്ടതും അവനാണ്. മുത്തശ്ശി കഥകളൊക്കെ അഭിനയിച്ചു പറയും. കഥയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ അപ്പു ആകാംക്ഷ മൂത്ത് നഖം കടിച്ചു പറിക്കും. ഒരിക്കല്‍ അപ്പു മുത്തശ്ശിയോടു ചോദിച്ചു. 

'മുത്തശ്ശീ.. ഈ കഥകളെങ്ങനാ.. ഇണ്ടാവിന്നെ..?'

'അതോ ഓരോ കഥകളേം ഞാന്‍ പെറ്റതാ അപ്പൂ...'

'അപ്പോ... കഥകളൊക്കെ മുത്തശ്ശിന്റെ കുട്ട്യോളാ...' അപ്പുവിന്റെ ചോദ്യം കേട്ട് മുത്തശ്ശി പൊട്ടിചിരിച്ചു. 
ചിലപ്പോള്‍ കഥ പറഞ്ഞ് കഴിയുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും. എന്തിനാ കരയുന്നെന്ന് ചോദിക്കുമ്പോള്‍ പറയും, ഒന്നിനെ പെറ്റിട്ടതല്ലേ, അതിന്റെ വേദനായാന്ന്. 

മുത്തശ്ശന്റെ മരണശേഷം മുത്തശ്ശി അധികനേരവു0 മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയാണ് പതിവ്. മുത്തച്ഛന്റെ മുറിയില്‍ ഒരുപാട് പുസ്തകങ്ങളുണ്ടെങ്കിലും മുത്തശ്ശി വായിക്കുന്നതൊന്നും ഞാന്‍ കണ്ടിട്ടില്ല. ഇടയ്ക്ക്  ഒരു നോട്ട് പുസ്തകത്തില്‍ എന്തൊക്കെയൊ എഴുതന്നത് കാണാം. അവസാനനാളുകളില്‍ മുത്തശ്ശി പലപ്പോഴും എഴുതുകയായിരുന്നു. എന്തോ പൂര്‍ത്തിയാക്കാനുള്ള വ്യഗ്രതയായിരുന്നു മുത്തശ്ശിയ്ക്ക്. ശ്വാസം കിട്ടാതെ പിടയുമ്പോഴും മുത്തശ്ശിയെന്നോടു പറഞ്ഞത് ആ പുസ്തകം സൂക്ഷിച്ചു വെക്കണേ എന്നാണ്. 

ഇന്ന് മുത്തശ്ശിയുടെ മുറിയില്‍ വല്ലാത്തൊരിരുട്ട്, ശ്യൂന്യത. 

മുത്തശ്ശി സൂക്ഷിക്കാനേല്‍പ്പിച്ച പുസ്തകത്തിന്റെ ഓരോ താളുകള്‍ മറയ്ക്കുമ്പോഴും മുത്തശ്ശി പെറ്റിട്ട കഥകള്‍ ചിറകുവെച്ച് എനിക്കു ചുറ്റും പറക്കുന്നു. അനേകം കഥകള്‍ പറഞ്ഞിട്ടും ഒരു കഥയായി പോലും മാറാന്‍ കഴിയാതെ പോയ മുത്തശ്ശിമാരുടെ ശ്രേണി എന്നിലേക്ക് നീളുന്നത് ഞാനറിയുന്നു. 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത