Malayalam Short Story : 'അരണ'യുടെ ഓണം, ഫിറോസ് വളക്കൈ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Sep 6, 2022, 5:00 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഫിറോസ് വളക്കൈ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

അഞ്ചാറ് കൊല്ലം മുമ്പാണ്. 

സജീഷിന്റെ ഫോണ്‍വിളി.  ഓണത്തിന് ഓന്റെ പൊരക്കേക്ക് ക്ഷണിക്കാനാണ്.

'ഇയ്യും സഫീറും എന്തായാലും വരണം.. അഞ്ചൂട്ടു പായസങ്ങള്‍ ഒക്കെ ആക്കി വെക്കാം, പൊളിക്കാം നമുക്ക്'

വായില്‍ കപ്പലോടി.

ഇച്ചിരി കഴിഞ്ഞു സഫീറും വിളിച്ചു. ഓനിക്കും കപ്പലോടിയിട്ടുണ്ട്.

അങ്ങനെ ഓണമായി.

കുളിച്ചു കുട്ടപ്പനായി രാവിലത്തെ ഭക്ഷണം പോലും കഴിക്കാതെ സജീഷിന്റെ വീട്ടിലേക്ക്, കയ്യില്‍ ഒരു ഫാമിലി പാക്കറ്റ് മഞ്ച് ഒക്കെയുണ്ട്, ഓനും വീട്ടുകാര്‍ക്കുമുള്ള സ്‌നേഹസമ്മാനം..

അവിടെത്തി.

വീട് പൂട്ടിയിട്ടിരിക്കുന്നു. അയല്‍വാസിയോട് ചോദിച്ചു. അതെന്നല്ലേ വീടെന്ന് ഒന്നൂടി ഉറപ്പിച്ചു. 

അതെന്നേന്ന്.

ശെടാ.

ഓനെ വിളിച്ചു.

'അളിയാ നിന്റെ വീടിന്റെ മുമ്പിലുണ്ട്.. ഇയ്യെവിടാ?'

'ങേ.. നിങ്ങള് വന്നോ.. ശേ, നിങ്ങളെ വിളിച്ച കാര്യം ഞാന്‍ മറന്നു.. ഞാനിപ്പോ കാസര്‍ഗോഡ് മാമന്റെ വീട്ടിലാ, ഇക്കൊല്ലത്തെ ഓണം മാമന്റെ കൂടെയാക്കാമെന്ന് വെച്ച്.'

ഞാന്‍ കയ്യിലെ മഞ്ച് നോക്കി.

മഞ്ചിന്റെ 'മ' മാറി 'മൂ' ആയ അവസ്ഥ, ഏത്, അതെന്നെ.

ഫോണ്‍ വെച്ച്.

'സഫീ, പായസം കുടിക്കാന്‍ വേണ്ടി ഒഴിഞ്ഞ വയറുമായി വരുന്നതിന് മുമ്പ് 'അരണ' എന്ന ഓന്റെ ഇരട്ടപ്പേരെങ്കിലും നമ്മള്‍ ഓര്‍ക്കണമായിരുന്നു. ഓന്‍ നമ്മളെ വിളിച്ച കാര്യം മറന്നെന്ന്.'

അതെ, അരണ സജീഷ്, ബോട്ടണി പ്രാക്ടിക്കല്‍ പരീക്ഷന്റന്ന് സുവോളജി പരീക്ഷക്ക് കീറാന്‍ വെച്ച തവളയും എടുത്തു കെമിസ്ട്രി ലാബിലേക്ക് പോയ മൊതല്.

സഫീറും മഞ്ചിലേക്ക് നോക്കി.

ഒരു ഓട്ടോ വരുന്ന ശബ്ദം.

ഓട്ടോയില്‍ നിന്നും രണ്ട് യുവമിഥുനങ്ങള്‍ ഇറങ്ങിവന്നു.

കണ്ടാലറിയാം, കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുണ്ടാകൂ.

'സജീഷിന്റെ വീടല്ലേ ഇത'-മ്യാരക ചോദ്യം.

ഞങ്ങള്‍ക്ക് കത്തി. 

'ഓന്റെ കുടുംബത്തോടൊപ്പം ഓണം കൂടാന്‍ വന്നതാണെങ്കില്‍ ഈ ഓട്ടോയില്‍ തന്നെ കാസര്‍കോടേക്ക് വിട്ടോ.'

അത് കേട്ടതും ഓട്ടോക്കാരന്‍ ഫസ്റ്റ് ഗിയറില്‍ നിന്നും നേരെ ടോപ്പിലേക്കിട്ട് കവുങ്ങുംതോപ്പിലൂടെ ചെതറിയോടി.

കല്യാണം കഴിഞ്ഞു ആദ്യത്തെ ഓണം തന്നെ കമ്പനിക്കടിച്ച ഇവര്‍ക്കൊക്കെയാ 'ലക്കി കപ്പിള്‍സ്' അവാര്‍ഡ് കൊടുക്കേണ്ടത്.

രണ്ട് മഞ്ചെടുത്തു രണ്ടിനും കൊടുത്തു, ഒരു പ്രോത്സാഹന സമ്മാനം.

ആ ഓണം അങ്ങനങ്ങു തീര്‍ന്ന്.

പിന്നെ സജീഷ് വിളിച്ചത് അടുത്ത വിഷുവിനാ.

സുഖ വിവരമെല്ലൊം ചോദിച്ചു വെക്കാന്‍ നേരം ഓന്‍ പഴേ ഒരു പരിഭവം പറഞ്ഞു.

'വിഷുവിന് നിന്നെയൊന്നും വീട്ടിലേക്ക് ക്ഷണിക്കുന്നില്ല. അല്ലെങ്കിലും നമ്മളൊന്നും വിളിച്ചാല്‍ നീയൊന്നും വരൂല്ലല്ലോ. കഴിഞ്ഞ ഓണത്തിന് വരെ ക്ഷണിച്ചിട്ട് നിങ്ങള്‍ വന്നില്ലല്ലോ.'

ആ വിഷുവിന് റിലീസ് ആയ നല്ല പുത്തന്‍  തെറികള്‍ നാവിന്‍ തുമ്പത്തുണ്ടായിരുന്നു.

പക്ഷെ വിളിച്ചില്ല, അല്ലേല്‍ തന്നെ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ആ തെറിവിളി വരെ മറക്കുന്നവനെ വിളിച്ചു ബോക്‌സ് ഓഫീസില്‍ പരാജയപ്പെടേണ്ടതല്ല ഈ പുത്തന്‍ തെറികള്‍..

ഓന്റെ കല്യാണത്തിനാ പിന്നെ ഓന്‍ വിളിച്ചത്.

'സൂര്യാ ഓഡിറ്റോറിയത്തിലാ പരിപാടി. ഏഴൂട്ടം പായസം ഉണ്ട്, പൊളിക്കാം നമുക്ക്.'

പഴേ ഡയലോഗിന്റെ പുതിയ വേര്‍ഷന്‍.

വായില് കപ്പല് പോയിട്ട് കടലാസ് തോണി പോലും വന്നില്ല.

അടച്ചിട്ടിരിക്കുന്ന സൂര്യ ഓഡിറ്റോറിയത്തിന്റെ മുന്നില്‍ പോയി പട്ടി ചന്തക്ക് പോയ പോലെയുള്ള ആ നില്‍പ്പ് മനസ്സില്‍ വിഷ്വലൈസ് ചെയ്യാന്‍ പറ്റിയതോണ്ട് ഞാനും സഫീറും കല്യണത്തിന് പോയില്ല.

ഞങ്ങളായിരുന്നു ശരി.

കല്യാണം 30 കിലോമിറ്റര്‍ അപ്പുറത്തുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ആയിരുന്നെന്ന് ശശിയായ പ്രിജേഷ് പറഞ്ഞറിഞ്ഞു.

അവസാനം അരണയെ കണ്ടത് ഭാര്യ എറിഞ്ഞ ചിരവ തലക്കു കൊണ്ട് സഹകരണാശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോഴാണ്. 

കാണാന്‍ ചേലുള്ള കാഴ്ച്ച ആയോണ്ട് ഞാനും സഫീറും പോയി.

'എന്ത് പറ്റിയതാ?'

'സ്‌നേഹം കൂടിയപ്പോള്‍ ഭാര്യയോട് കുറച്ചു സാഹിത്യം പറഞ്ഞതാ.'

'ങേ..?'

'സാഹിത്യം പറഞ്ഞാല്‍ ചിരവയേറോ. ഓളത്രക്ക് സാഹിത്യ വിരോധിയാണോ? ഇയ്യെന്താ പറഞ്ഞേ?'

'അത്....'

'അത്..?'

'രമേ, നീയാകുന്ന പുണ്യം തുളിസിക്കതിര്‍ ചൂടി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോഴാണ്...'

'നിക്ക്, നിക്ക്' കേട്ടോണ്ടിരുന്ന ഓന്റെ അമ്മാവന്‍ സാഹിത്യം മുഴുമിപ്പിക്കാന്‍ വിട്ടില്ല.

'രമയോ? അതാരാ.. നിന്റെ ഓളെ പേര് സുമയെന്നല്ലേ..'

അരണ അര മിനിറ്റ് പോസ് അടിച്ചങ്ങു നിന്ന്.

'ഓ, ശരിയാ.. ഞാനതങ്ങു മറന്നു.'

ആ ഏറിനു ശേഷം ഓന്റെ മറവിരോഗം മാറിയെന്നാ നാട്ടാര് പറയുന്നത്.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!