Latest Videos

മരണമെത്തുന്ന നേരത്ത്, ഗീത നെന്‍മിനി എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Aug 3, 2023, 5:58 PM IST
Highlights

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഗീത നെന്‍മിനി എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


'ആകാശം മൂടിക്കെട്ടിയിരിക്കുന്നു. പ്രകൃതി ആരോടോ പിണങ്ങിയിരിക്കയാണെന്നു തോന്നുന്നു. അല്ലേ കുട്ടീ'

ദേവി മുകളിലേക്കു നോക്കി. സൂര്യവെളിച്ചം തെല്ലുപോലും കടത്തിവിടാതെ മാനം മുഖം കറുപ്പിച്ചിരിക്കുന്നു.

'ഇന്നു തന്റെ മനസ്സിലും വെളിച്ചമില്ല.'

ദേവി സ്വാമിജിയെ ഒന്നു നോക്കി. നരച്ച താടിയും മുടിയും അലങ്കാരമായി തോന്നുന്ന ആ മുഖത്തെ ആര്‍ദ്രത എന്നത്തേയും പോലെ അവളുടെ കണ്ണു നനയിച്ചു.

ഈ  വാത്സല്യം അനുഭവിക്കാനാണ് അവള്‍ ധ്യാനാശ്രമത്തിലേക്കു ഓടി വരുന്നത്.

'എന്താണെന്നറിയില്ല. മഴപെയ്യുന്നത് ബാല്‍ക്കണിയില്‍ നിന്നു നോക്കികാണുകയായിരുന്നു. നീലപാവാടയും വെള്ള ബ്ലൗസും ധരിച്ച ഒരു കൗമാരക്കാരി  അച്ഛന്റെ കൈ പിടിച്ച് നടക്കുന്നത് കണ്ടു. അവള്‍ മുഖമുയര്‍ത്തി നോക്കിയപ്പോളാണ് മനസ്സിലായത് അതു ഞാന്‍ തന്നെയാണ്.

സ്വാമിജി.. എനിക്കിനി തിരിച്ചുപോവാന്‍ കഴിയില്ലല്ലോ. അന്ന് എന്നെ സ്‌നേഹിച്ചിരുന്നവര്‍ എന്റെ കൂടെയില്ലല്ലോ.

അപ്പോള്‍ മുതല്‍ ഒരു പെരുമഴ ഉള്ളില്‍ പെയ്യാന്‍ തുടങ്ങി. പതിവുപോലെ എനിക്ക് ശ്വാസം മുട്ടല്‍ വന്നു. പ്രാണവായു കിട്ടാതെ പിടയാന്‍ തുടങ്ങിയപ്പോഴാണ് ഇറങ്ങി ഓടി വന്നത്..'

സ്വാമിജി ചിരിച്ചു.

'ശ്രദ്ധിച്ചു നോക്കു.. നിന്റെ ഉടുപ്പുകള്‍ നനഞ്ഞിരിക്കുന്നു.. അകത്തുനിന്നും അമ്മ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ?'

അവള്‍ ചെവിയോര്‍ത്തു.

'മോളെ, വെള്ളത്തില്‍ കളിച്ചതു മതി. കര്‍ക്കിടക മഴകൊണ്ടാല്‍ പനി ഉറപ്പാണ്. കേറ്, തോര്‍ത്തട്ടെ'
 
ദേവി ഇറയത്തു നിന്ന് തിണ്ണയിലേക്ക് കാലെടുത്തു വെച്ചു .ഓട്ടിന്‍ പുറത്തു വീഴുന്ന മഴയുടെ  മേളപ്പെരുക്കം അവളെ പിന്നെയും പ്രലോഭിപ്പിച്ചു.

അമ്മ അവളുടെ മുഖത്തുനോക്കി. പിന്നെ ഒരു ചെമ്പു പാത്രം കൊണ്ടുവന്നു തലയില്‍ കമഴ്ത്തി വെച്ചു.

'ഇനി മഴയത്തു കളിച്ചോളു. തല നനയാതിരുന്നാല്‍ മതി..'

തണുവിരലുകള്‍ തലോടി കുളിര്‍പ്പിച്ച മഴക്ക് അമ്മ മനസ്സാണെന്നു അവള്‍ക്ക് ബോധ്യമായി.

'മഴയെന്റെ തലമുടി കോതിയുണക്കുവാന്‍ വെയിലിന്റെ കൈയ്യിലൊരു ചീര്‍പ്പയച്ചു'

ദേവിയുടെ ആദ്യത്തെ കൊച്ചു കവിത പിറന്നു. മഴയത്തു നിന്നും ഓടി കയറി അവളതു പുസ്തകത്തില്‍ എഴുതിവെച്ചു.

അവസാനത്തെ തുള്ളിയും തീര്‍ത്ഥം പോലെ തളിച്ച് മഴ പോയി. ദേവി കണ്ണു തുറന്നു. 

സ്വാമിജി പോയി കഴിഞ്ഞിരുന്നു.

പുറത്തു പുഞ്ചിരിക്കുന്ന വെയില്‍. വിരിഞ്ഞു നില്‍ക്കുന്ന തെച്ചിപ്പൂങ്കുല നിറയെ കുഞ്ഞുറുമ്പുകള്‍. കഴിച്ചോ കഴിച്ചോ എന്നു ചൊല്ലി മധുരം വിളമ്പുന്ന പൂങ്കുല. എത്ര സുന്ദരമാണീ ഭൂമി. അവള്‍ ഉന്മേഷത്തോടെ എഴുന്നേറ്റു.

ദിനരാത്രങ്ങള്‍ കടന്നുപോയി. ചില ഞായറാഴ്ചകളില്‍ ദേവി കടല്‍ കാണാന്‍ പോകും. രാജ്  കൂടെ വരാറില്ല. അവള്‍ തനിച്ചായിരുന്നു. സൂര്യന്‍ അസ്തമിച്ചാല്‍ കടലിന്റെ സ്വഭാവം മാറും. അലറിവിളിച്ചു വരുന്ന ഒരു കാടനെ പോലെ കരയെ ചവുട്ടി മെതിക്കാന്‍ കുതിച്ചു വരുന്ന തിരകള്‍. കറുത്തിരുണ്ട മസിലുകള്‍ കാട്ടി പേടിപ്പിക്കുന്ന രാക്കടല്‍ നോക്കിയിരിക്കെ ദേവിയില്‍  നഷ്ടബോധം നിറഞ്ഞു. എന്റെ സൂര്യനെ മുക്കി കൊന്ന കടല്‍, അവള്‍ പിറുപിറുത്തു. കടുത്ത വിഷാദത്തിന്റെ ഇരുള്‍ ചുഴിയിലേക്ക് വഴുതി വീഴാന്‍ തുടങ്ങുമ്പോള്‍ അവള്‍ ഓടിയിറങ്ങി.

ധ്യാനാശ്രമത്തിന്റെ  വാതില്‍ തുറന്നു കിടക്കുന്നുണ്ടായിരുന്നു. എന്നത്തേയും പോലെ അവളെ കേള്‍ക്കാന്‍ തയ്യാറായി സ്വാമിജിയും.

'കടല്‍ കാണുകയായിരുന്നു ഞാന്‍. പടവുകള്‍ ഇറങ്ങി പോകുന്ന സൂര്യദേവന്‍ ചിലപ്പോഴെന്നെ തിരിഞ്ഞുനോക്കും. തുടുത്ത മുഖത്തുദിക്കുന്ന മന്ദഹാസത്തിന്റെ മാസ്മരികതയില്‍ ഞാന്‍ കുന്തി ഭോജന്റെ മകളാവും. അടിവയറ്റില്‍ ഒരു തുടിപ്പ് അനുഭവപ്പെടും. കവചകുണ്ഡലങ്ങള്‍ ധരിച്ചൊരു കുഞ്ഞു ജീവനുവേണ്ടി ഹൃദയം മോഹിക്കും. വശീകരണ മന്ത്രം ഉരുവിട്ടു ആവാഹിച്ച് ആലിംഗനം ചെയ്യാന്‍ ശരീരത്തിലെ ഓരോ അണുവും തുടിക്കും. അപ്പോള്‍ ഞാന്‍ വെറുമൊരു സ്ത്രീയായി മാറും സ്വാമിജി.'

പ്രിയപ്പെട്ടവരെന്നു ഭാവിക്കുന്നവര്‍ ഉള്ളില്‍ എന്നെ വന്ധ്യയെന്നു മുദ്രകുത്തി കഴിഞ്ഞിരിക്കുന്നു. ചില അവസരങ്ങളില്‍ രാജിന്റെ കണ്ണുകളില്‍ കൂടി ആ ഭാവം കാണാം. പറയുകയില്ല. ആ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടാതിരിക്കുന്നേടത്തോളം കാലം ഈയൊരു ജീവിതം മുന്നോട്ടുപോകും. ഞങ്ങള്‍ മനോഹരമായി അഭിനയിക്കുകയാണ്. കരുതലുള്ള ഭര്‍ത്താവായി രാജും വിധേയത്വമുള്ള ഭാര്യയായി ഞാനും...'

മടുപ്പുവരുമ്പോള്‍ ഞാനെന്റെ ലോകത്തിലേക്കുപോകും. കാണാമറയത്തുനിന്നൊരു കാലൊച്ച അരികിലെത്തും. മുഖമില്ലാതൊരാള്‍ എന്നെ വാരിയെടുത്തു നെഞ്ചോടു ചേര്‍ക്കും. നാവില്‍ പ്രണയത്തിന്റെ ആദ്യാക്ഷരമെഴുതും. ആഭേരിരാഗം ചെവിയില്‍ മൂളും. ലാളിക്കപ്പെട്ടും കൊഞ്ചിക്കപ്പെട്ടും ഞാനങ്ങനെ നിറഞ്ഞൊഴുകും.'

'എന്താണ് നിന്റെ ആനന്ദം അതു നീ ചെയ്യുക.. നീ സന്തോഷമായി ഇരിക്കേണ്ടത് നിന്റെ മാത്രം ആവശ്യമാണ'-സ്വാമിജി എഴുന്നേറ്റു.

നിറമില്ലാത്ത ദിവസങ്ങള്‍ കടന്നു പോയി. ദേവിക്കു കോളേജ് അലൂംനി ഗ്രൂപ്പില്‍നിന്നും 'ഗെറ്റ് ടു ഗെദറി'നുള്ള  ക്ഷണം വന്നു. സാധാരണ അവള്‍ പോകാറില്ല. ഭൂതകാലത്തില്‍ നിന്നെങ്കിലും സുഗന്ധവാഹിയായ കാറ്റു വീശുമോ എന്നൊരു പ്രതീക്ഷയില്‍ പോകാമെന്നു കരുതി. മനുഷ്യര്‍ എത്ര വേഗമാണ് എല്ലാം മറന്നു കളയുന്നത് എന്നവള്‍ അത്ഭുതപ്പെട്ടു. ആര്‍ക്കുംആരുടെയും കാര്യം അറിയേണ്ടതായിരുന്നു. സ്വയം പുകഴ്ത്തിക്കൊണ്ടും മക്കളെ വാഴ്ത്തിക്കൊണ്ടും  സൗഹൃദങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. ദേവി നല്ലൊരു ശ്രോതാവായി.

തിരിച്ചെത്തിയപ്പോള്‍ മുതല്‍ അവളൊരു പ്രത്യേക മാനസികാവസ്ഥയിലായിരുന്നു. കടുത്ത വിഷാദം അവളെ ഇരുളിന്റെ  പാതാളത്തിലേക്കു ചവുട്ടിവീഴ്ത്തി. പുറം ലോകത്തെ കാഴ്ചകളില്‍ അഭിരമിക്കാന്‍ കഴിഞ്ഞില്ല. കലമ്പല്‍ കൂട്ടുന്ന മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ അക്ഷരങ്ങളില്‍ അഭയം തേടി. എഴുതും തോറും ശൂന്യമായി കൊണ്ടിരിക്കുന്ന മനസ്സ്. ഒരു നൂല്‍പ്പാലത്തില്‍ സഞ്ചരിക്കുന്നതുപോലെ പിടിവള്ളിയില്ലായ്മ അനുഭവപ്പെടുന്ന ഹൃദയം. 

ഒരു തീരുമാനം എടുക്കാനുള്ള സമയമായി എന്നവള്‍ക്ക്‌തോന്നി. ഉറങ്ങി എഴുന്നേല്‍ക്കുന്നത് എവിടെക്കായിരിക്കണം? ആശിപ്പിച്ചിരുന്ന സ്ഥലങ്ങള്‍, കാണാന്‍ കൊതിച്ച ആളുകള്‍, കേള്‍ക്കാന്‍  തുടിച്ച പാട്ടുകള്‍, മോഹിച്ച ഉയിരാനന്ദങ്ങള്‍. എല്ലാം അനുഭവിക്കാന്‍ മായാലോകം കൈ നീട്ടി വിളിക്കുന്നു. തിരിച്ചുവരാനാവാത്ത യാത്രക്കായി ഉറക്കത്തിന്റെ കാണാക്കയങ്ങളിലേക്ക് ദേവി കൂപ്പു കുത്തി.

നിഴല്‍ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഒരു പൂന്തോട്ടത്തിലേക്കാണ് അവള്‍ എത്തി ചേര്‍ന്നത്. പൂക്കള്‍ നിഴല്‍ രൂപത്തില്‍ പതിയെ ഇളകികൊണ്ടിരുന്നു. അടച്ചിട്ട കല്ലറകളുടെ പൂപ്പല്‍ മണം അവയില്‍ നിന്നും പ്രസരിച്ചിരുന്നു. മടുപ്പിക്കുന്ന ആ ഗന്ധം അവളെ പിന്തുടര്‍ന്നു. പച്ചപ്പ് നിറഞ്ഞ ഏതെങ്കിലും സ്ഥലം കണ്ടിരുന്നെങ്കില്‍ എന്നു  കൊതിച്ചു അതിവേഗം നടന്നു. പാറക്കൂട്ടങ്ങള്‍ മാത്രമുള്ള വിജനമായ പ്രദേശത്ത് എത്തിചേര്‍ന്നു. അവള്‍ക്ക് വിശപ്പും ദാഹവും അനുഭവപ്പെട്ടില്ല. രാവും പകലും തിരിച്ചറിയുന്നില്ല. മങ്ങിയ വെളിച്ചം മാത്രം. അവള്‍ മുകളിലേക്കു നോക്കി. ആകാശം ഇല്ലായിരുന്നു. കട്ടിയുള്ള കരിമ്പടം വിരിച്ചതുപോലെയുള്ള ഒരു മറമാത്രം.

നടന്നു നടന്നു എത്തിച്ചേര്‍ന്ന സ്ഥലം അവളെ വല്ലാതെ ഭയപ്പെടുത്തി. നിശ്ചലമായ ഒരിടം. ദേവിക്ക് തിരിച്ചുപോകണമെന്ന് തോന്നി. അവള്‍ ഓടാന്‍ തുടങ്ങി. ഓടിയോടി വീണത് ഓര്‍മയുണ്ട്. ഉണര്‍ന്നപ്പോള്‍ വേറൊരു ലോകത്തു എത്തിപ്പെട്ടിരുന്നു. പരിചയമുള്ള ഒരുപാടുപേരെ അവള്‍ കണ്ടു. എല്ലാവരും കയ്യിലുള്ളപൂക്കള്‍ ഒരു പെട്ടിക്ക് മുകളില്‍ വെക്കുന്നു. പെട്ടിക്കുള്ളില്‍ കിടക്കുന്ന ആളുടെ മുഖം കണ്ടപ്പോള്‍  ഞെട്ടിപ്പോയി. അതു അവള്‍ തന്നെയായിരുന്നു.

ദേവി, അണിയിച്ചൊരുക്കിയ അവളുടെ ശരീരത്തിലേക്കു നോക്കി. നെറ്റിയില്‍ ചുവന്ന സിന്ദൂരപൊട്ടു തിളങ്ങുന്നു. പെട്ടെന്നവള്‍ ചുറ്റിലും നോക്കി. കലങ്ങിയ കണ്ണുകളുമായി തേങ്ങലടക്കാന്‍ കഴിയാതെ രാജ്.  രാജ് തന്നെ സ്‌നേഹിച്ചിരുന്നെന്നു അവള്‍ക്ക് തോന്നി. കണ്ണീര്‍ ഒഴുക്കുന്ന ബന്ധുക്കള്‍. തേങ്ങിക്കരയുന്ന മിത്രങ്ങള്‍.

ഇത്രയും സ്‌നേഹം ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ കാണിച്ചിരുന്നില്ലെന്ന് അവള്‍ അത്ഭുതപ്പെട്ടു.

ഇലട്രിക് ശ്മശാനത്തില്‍ ചാമ്പലായി തീര്‍ന്ന ഉടലില്‍ നിന്നും അവളുടെ സൂക്ഷ്മ ജീവന്‍ പുറത്തു വന്നു. ഇനി ഈ ഭൂമിയില്‍ ഏതാനും വിനാഴികകള്‍ മാത്രം. സ്വന്തമെന്നു കരുതിയവരെ ഒന്നുകൂടി കാണാന്‍ അവള്‍ കൊതിച്ചു.

'സന്തോഷം, സമാധാനം, സ്വാതന്ത്ര്യം...' രാജിന്റെ ആഹ്ലാദ സ്വരം. ഗ്ലാസുകള്‍,കുപ്പികള്‍ സുഹൃത്തുക്കള്‍.
അയാള്‍ ഭാര്യയുടെ മരണം ആഘോഷിക്കുന്നു.

വെളിച്ചവും ഒച്ചയും കൊണ്ട് മരണവീട് നിറഞ്ഞിരിക്കുന്നു. ഒരുരാത്രിപോലും അവളെ ഓര്‍ക്കാനോ സങ്കടപ്പെടാനോ ആരുമില്ല. ഇന്ദ്രിയങ്ങള്‍ ഇല്ലാതിരുന്നിട്ടും ആ ജീവനു നൊന്തു.

പതിവുപോലെ ധ്യാനാശ്രമത്തിലേക്കോടി  കയറി.

സ്വാമിജിയുടെ ശബ്ദം അവള്‍ കേട്ടു.

'ദേവി ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. അവളുടെ വിഡ്ഢിത്തങ്ങളും വിവരക്കേടുകളും കേട്ടു തലയാട്ടിയാല്‍ മാത്രം മതി. സംഭാവന വാരിക്കോരി തരും. അച്ഛനെപ്പോലെ, ഗുരുവിനെപ്പോലെ എന്നൊക്ക പറയുമ്പോള്‍ ഒരു വാത്സല്യ നോട്ടം കൊടുത്താല്‍ നോട്ടു കെട്ടുകളാവും തിരിച്ചു തരിക. അവളെ പോലെ ബുദ്ധി ശൂന്യര്‍ ഈ സിറ്റിയില്‍ വേറെ ഇല്ല.'

ആശ്രമത്തിന്റെ മുന്നിലുള്ള ആല്‍ മരത്തില്‍ അവള്‍ ഇരുന്നു. പോകാനുള്ള സമയം അടുത്തു വരുന്നു.

'നീ ജീവിച്ചിരിക്കേണ്ടത് നിന്റെ മാത്രം ആവശ്യമായിരുന്നു.' വിദൂരതയില്‍ നിന്നു പ്രതിധ്വനിക്കുന്ന വാക്കുകള്‍.

വികാര വിചാരങ്ങള്‍ ഇല്ലാത്ത ജന്തുജന്മം മോഹിച്ചുകൊണ്ട് ആ സൂക്ഷ്മ ജീവന്‍ പ്രപഞ്ചത്തില്‍ അലിഞ്ഞു ചേര്‍ന്നു 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

click me!