ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Jayachandran NT
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

കലി
കരയാന്‍ കഴിയുന്നില്ല!
എന്തോ സംഭവിച്ചിരിക്കുന്നു. മാനസ്സിക പരിണാമങ്ങള്‍. എന്നുമുതലാണിങ്ങനെ?
'നിനക്കെന്തെങ്കിലും വിഷമം ഉണ്ടോ? നീ ഓക്കെ ആണോ?
ആരാണങ്ങനെ ചോദിച്ചതെന്ന് ഓര്‍മ്മയില്ല. കേട്ടതുമുതല്‍ അസ്വസ്ഥത കടന്നുകൂടി. ഒരാളിനെ വിഷാദത്തിലേക്ക് നയിക്കാന്‍, അല്ലെങ്കില്‍ ചിന്തകളിലേക്ക് കൂടുകൂട്ടാന്‍ പ്രേരിപ്പിക്കുന്ന ഉചിതമായ ചോദ്യം.
'ഞാന്‍ ഓക്കെ അല്ലേ?'
എനിക്കെന്തു പറ്റി! കണ്ണാടിയില്‍ നോക്കി, ഒരപരിചിതനെ കണ്ടു.
'ശരിയാണ് എനിക്കെന്തോ മാറ്റമുണ്ടായിട്ടുണ്ട്! ഞാന്‍ ഓക്കെ അല്ല.'
എന്നു മുതലാണ്! എപ്പോള്‍ മുതലാണ്!
ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമെണ്ണിവേണം പുറകിലേക്ക് പോയി അത് കണ്ടെത്താന്‍. പഴകിയതും പഴകുന്നതുമായ ഓര്‍മ്മകളുടെ മധ്യഭാഗത്തുള്ള നേര്‍രേഖയ്ക്കിരുപുറവും ഘടികാരത്തിന്റെ പെന്‍ഡുലം പോലെ ഓര്‍മ്മനൂലില്‍ തൂങ്ങിയാടുന്നതാണ് ജീവിതവും വൈകാരിക വ്യതിയാനങ്ങളുമെന്ന് തോന്നാറുണ്ട്.
രാത്രിയിലെ ഉറക്കം ശരിയായിരുന്നില്ല. അതിരാവിലെ ഉമ്മറത്തെ ചാരുകസേരയില്‍ വന്നു കിടന്നതാണ്. എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടിരുന്നു. അതില്‍ നിന്നുണര്‍ന്ന ഹോര്‍മോണ്‍ നല്‍കിയ പ്രതിപ്രവര്‍ത്തനമാണോന്നറിയില്ല, വിഷാദം കൂട് കൂട്ടിയതുപോലെ. ചിന്തകള്‍ക്കും ആസ്വാദനത്തിനുമടക്കം പരിണാമം സംഭവിക്കുന്നു. സ്‌നേഹവും, പ്രണയവും ഉണ്ടാകുന്നത് പോലെതന്നെ ഇല്ലാതെയുമാകുന്നു.
നേരം പുലരുന്നതെയുള്ളു. ടെലിവിഷനില്‍ പലതരം പക വില്‍ക്കാനാരംഭിച്ചു. കലികാലം എന്ന് തോന്നും.
മനുഷ്യകുലം അവസാനിക്കുന്നത് ഇങ്ങനെയാകും. പ്രകൃതിദുരന്തങ്ങളും ആണവായുധങ്ങളുമല്ല. പകയും, ഹിംസയും എല്ലാവരും ആസ്വദിച്ചു തുടങ്ങുമ്പോഴായിരിക്കും.
'ചോരമണക്കുന്ന ചിത്രങ്ങള്‍! പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊല്ലുന്ന മുത്തശ്ശി. കാമുകിയുടെ രക്തത്തില്‍ കുളിച്ച കാമുകന്‍മാര്‍. നിസ്സംഗതയോടെയാണ് എല്ലാമറിയുന്നത്. മറ്റൊരു വികാരവും തോന്നുന്നില്ല.
എന്തുകൊണ്ടാണിങ്ങനെ! അല്ലെങ്കില്‍ എന്നുമുതലാണിങ്ങനെ? എനിക്കു മാത്രമാണോ! അതൊ ലോകം മുഴുവനും ഇങ്ങനെയായി മാറിയോ?
കറണ്ട് പോയി, ടെലിവിഷന്‍ നിലച്ചപ്പോഴാണ് ചിന്തകള്‍ മുറിഞ്ഞത്. അകത്തെ മുറികളില്‍ ഓരോരുത്തര്‍ ഉറങ്ങിയെഴുന്നേല്‍ക്കുന്നു.
മുന്നിലെ പടിപ്പുര കഴിഞ്ഞാല്‍ പാടമാണ്. പച്ചപ്പുകളൊന്നുമില്ല. വരണ്ടുണങ്ങി വിണ്ടു കീറിയ നിലം. ഉറങ്ങിയെഴുന്നേറ്റ പേരക്കുട്ടി കുറച്ചു നേരമായി മുന്നിലൂടെ ഓടിക്കളിക്കുന്നു. മകളുടെ കുഞ്ഞ്,
രണ്ടു വയസ്സാകുന്നതേയുള്ളു, നടന്ന് കാലുകള്‍ ഉറച്ചിട്ടില്ല. വരാന്തയിലൂടെ പടിക്കെട്ടുകള്‍ വരെ ഓടുന്നു. നോക്കിയിരിക്കുമ്പോള്‍ ഇപ്പോള്‍ പുറത്തേക്ക് വീഴുമെന്ന് തോന്നും. തെന്നിത്തെറിച്ച് പടിക്കെട്ടുകള്‍ക്കരിലെത്തി അവള്‍ തിരികെ വരും. ഒന്നു രണ്ടുവട്ടം ആയപ്പോള്‍ ഞാനൊന്ന് ഒച്ചയെടുത്തു. പടിക്കെട്ടുകള്‍ക്കപ്പുറം പുറത്തേക്ക് വീഴുമെന്ന് പറഞ്ഞു. വേദനിക്കുമെന്നും, ദേഹം മുറിയുമെന്നും ചോര പൊടിയുമെന്നും ഭയപ്പെടുത്തി.
അല്‍പ്പനേരം അവള്‍ അടങ്ങിയിരുന്നു. വീണ്ടും കുസൃതി തുടങ്ങി. പിന്നെയും വഴക്കു പറഞ്ഞു. അല്‍പ്പനേരം അടങ്ങി. വീണ്ടും ഓടി. ഇപ്പോള്‍ ഞാനൊന്നും മിണ്ടിയില്ല. പടിക്കെട്ട് കടന്ന് വീഴണമെന്ന് മനസ്സ് മോഹിച്ചതിന്റെ രണ്ടാം നിമിഷം കുഞ്ഞ് വീഴുകയും വലിയ വായില്‍ കരച്ചിലും തുടങ്ങി. മകള്‍ ഓടി വന്ന് കുഞ്ഞിനെ വാരിയെടുത്തു. ചുണ്ട് മുറിഞ്ഞിട്ടുണ്ട്. ചോര പൊടിയുന്നു.
കുഞ്ഞിനെ തല്ലി മകള്‍ അവളുടെ കലി തീര്‍ത്തു. വേദനിച്ച കുഞ്ഞ് വലിയവായില്‍ കരഞ്ഞു. ഞാന്‍ ഇരുന്നിടത്ത് നിന്നെഴുന്നേറ്റില്ല. എഴുന്നേല്‍ക്കണമെന്നും ഓടിച്ചെന്ന് കുഞ്ഞിനെ എടുക്കണമെന്നൊക്കെ തോന്നിയെങ്കിലും മറ്റൊരു വികാരം പുറകിലേക്ക് വലിച്ചു.
എനിക്കെന്തോ സംതൃപ്തിയാണ് അനുഭവപ്പെട്ടത്. മനസ്സില്‍ തോന്നിയത് നടന്നു. 'അനുസരണയില്ലായ്മയ്ക്ക് പ്രതിഫലം കിട്ടണമല്ലോ! മുന്നറിയിപ്പ് അവഗണിച്ചതുകൊണ്ടല്ലേ? എന്നാലും ഒരു കുഞ്ഞിന്റെ കാര്യത്തില്‍ ഇങ്ങനെ ചിന്തിക്കാന്‍ പാടുണ്ടോ!'
മനസ്സില്‍ തോന്നിയത് നടന്നപ്പോള്‍ തലേദിവസത്തെ കാര്യവും ഓര്‍മ്മയിലേക്കു വന്നു. ഉച്ചയൂണിനായി ഹോട്ടലില്‍ കയറിയതായിരുന്നു. ഭക്ഷണം കേമമായിരുന്നു. മീന്‍ വറുത്തതും കറിവച്ചതും കൂട്ടി വിഭവസമൃദമായ ഊണ്. കഴിച്ചു കഴിഞ്ഞു കുടിക്കാനായി രണ്ടുപ്രാവശ്യം വെള്ളം ചോദിച്ചിട്ടും കൊണ്ടു വന്നില്ല. അല്‍പ്പം മുന്‍പ് വരെയും ഇനിയെന്താണ് വേണ്ടതെന്ന് ചോദിച്ച് വിധേയനായി നിന്ന സപ്ലയറിന് ചോദ്യം കേട്ട ഭാവമില്ല. അവന്‍ മറ്റൊരു കസ്റ്റമറിന്റെ ഓര്‍ഡര്‍ എടുക്കുന്ന തിരക്കിലാണ്. വെള്ളം മാത്രമായിരുന്നവിടെ സൗജന്യം, അതുകൊണ്ടു തന്നാകും ചോദ്യം ശ്രദ്ധിക്കാത്തതും. ഒടുവില്‍ കൈ കഴുകി കാശ് കൊടുക്കാന്‍ നിന്നപ്പോള്‍ സപ്ലയര്‍ വന്ന് ക്യാഷ്യറോട് പറയുന്നതും കേട്ടു. പതിമൂന്നാം നമ്പര്‍ ടേബിളിലുള്ളവര്‍ക്ക് കുറച്ച് വെള്ളം കൊണ്ട് അണ്ണാക്കിലൊഴിച്ച് കൊടുക്കണം, കുറെ നേരമായി നെലവിളിക്കണെന്ന്. അതുകേട്ട് കാഷ്യര്‍ ചിരിക്കുന്നു. എനിക്ക് രണ്ടുപേരെയും തല്ലണമെന്ന് തോന്നി.
'എന്ത് തോന്ന്യാസമാണിത്.'
കിച്ചനില്‍ കയറി ഒരു കത്തിയെടുത്തു കൊണ്ടുവന്നു, രണ്ടുപേരെയും മനസ്സിലിട്ട് കുത്തിക്കീറി കൊന്നു. ചോരയില്‍ മുങ്ങിയ കൈ ഉയര്‍ത്തി ആര്‍ത്തട്ടഹസിച്ച് ചിരിച്ചു നിര്‍വൃതിയടഞ്ഞു.
റോഡിലേക്കിറങ്ങിയപ്പോള്‍ ഒരു കാര്‍ വന്ന് ഇടിച്ചില്ലെന്ന മട്ടിലാണ് നിന്നത്. നിര്‍ത്താതെ ഹോണടിച്ചു. കാര്‍ വന്നത് ഞാന്‍ കണ്ടില്ലായിരുന്നു. സ്വന്തം തെറ്റാണ്. എന്നിട്ടും കാതടപ്പിക്കുന്ന ഒച്ചയുടെ പ്രതിഷേധമായി നാവില്‍ നിന്നൊരു തെറിവാക്ക് തെറിച്ചു.
കാറില്‍ നിന്നിറങ്ങിയ യുവാവ് ഇരുമ്പ് കമ്പിയുമായി പാഞ്ഞു വന്നു. ആദ്യത്തെ അടിയില്‍ നിന്നൊഴിഞ്ഞുമാറി. രണ്ടാമത്തെ ആക്രമണത്തിന് മുന്‍പ്, ഓടിക്കൂടിയ നാട്ടുകാര്‍ പിടിച്ചു മാറ്റി. ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കില്‍ തലയോട്ടി പിളര്‍ന്നേനെ. ഭയമൊന്നും തോന്നിയില്ല. പകരം ആ വാഹനത്തിന്റെ നമ്പര്‍ ഓര്‍മ്മയില്‍ കുറിച്ചെടുത്തു. സൗകര്യത്തിന് കിട്ടുമ്പോള്‍ ആ വാഹനം തല്ലിതകര്‍ക്കണം. പെട്രോളൊഴിച്ച് കത്തിക്കണം. അവനെയും കൊല്ലണം. പക മാത്രമാണ് ഉണര്‍ന്നത്. അവന്‍ ആരെന്നോ മറ്റ് ചിന്തകളോ ഉണ്ടായില്ല.
ഏതായിരുന്നു ആ വാഹനത്തിന്റെ നമ്പര്‍!
ഓര്‍മ്മയില്‍ ചികഞ്ഞു കൊണ്ടിരുന്നപ്പോഴാണ് കറണ്ട് വന്നതും ടി വി ഓണ്‍ ആയി വാര്‍ത്ത തുടര്‍ന്നതും.
'ഹോട്ടലില്‍ സംഘര്‍ഷം; വെള്ളം ചോദിച്ചിട്ട് നല്‍കാത്തതിന് കാഷ്യറെയും സപ്ലെയറെയും കുത്തി പരിക്കേല്‍പ്പിച്ചു. സപ്ലെയര്‍ മരിച്ചു. ക്യാഷറുടെ നില ഗുരുതരമായി തുടരുന്നു. തുടര്‍ന്ന് പ്രതിയുടെ ചിത്രവും പേരു വിവരങ്ങളും വന്നു.
'മനസ്സിലോര്‍ത്തത് നടന്നുവോ!'
ആദ്യം അതിശയം തോന്നി. പിന്നെ നന്നായെന്ന് ആഹ്ലാദിച്ചു. ടെലിവിഷനില്‍ കണ്ട ചിത്രത്തിന് സ്വന്തം രൂപവും പേരും നല്‍കി ആത്മകലി പൂണ്ടു. ഗുരുതരമായവന്‍ ചാകട്ടെയെന്ന് കരുതി. അവന് കുടുംബമുണ്ടെന്നോ അവര്‍ അനാഥരാകുമെന്നോ എന്നുള്ള ഏതൊരു അനുകമ്പയോ കരുണയോ മനസ്സിലുണ്ടായില്ല. ചെയ്യാന്‍ കഴിയാത്തതും, ചെയ്യണമെന്നാഗ്രഹിച്ചതും മറ്റൊരാളാല്‍ സാധ്യമായത് കണ്ടപ്പോള്‍ കൈകാലുകളിലെ ചെറുരോമങ്ങളുണര്‍ന്നു.
'എന്നുമുതലാണിങ്ങനെ! എല്ലാവരും ഇങ്ങനെയാണോ! ഞാനിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ!'
ആരോടാ ഒന്നു ചോദിക്കുക? അവളോട് പങ്കുവച്ചാല്‍ കേട്ട ഭാവമുണ്ടാകില്ല. കുറച്ച് നാളായങ്ങനെയാണ്.
എന്നു മുതലാണതും! അല്ലെങ്കില്‍ സ്വയം കണ്ടെത്തണം!
ഉറക്കം ഉണര്‍ന്ന പാടെ ബ്രഷും പേസ്റ്റുമായി അവള്‍ മുറ്റത്തുണ്ട്. കുഞ്ഞ് ഓടി വീണത് കണ്ടിട്ടുണ്ടാകണം. അവള്‍ക്കും പ്രതികരണമൊന്നുമുണ്ടായില്ല. നിര്‍വികാരയായി നോക്കി നില്‍ക്കുകയായിരുന്നു. ആരോടോ പക തീര്‍ക്കും പോലാണ് ബ്രഷുമായുള്ള കടുംപിടുത്തം. ഇടയ്ക്ക്, കാര്‍ക്കിച്ച് നിലത്തേക്കു തുപ്പി. ബ്രഷ് വീണ്ടും വായ്ക്കുള്ളിലേക്ക് കടത്തി വേഗതയില്‍ ചലിപ്പിച്ചു. ചുണ്ടിലും വായ്ക്കുചുറ്റിലും പേസ്റ്റിന്റെ വെള്ളപ്പത ഒലിച്ചിറങ്ങുന്നു.
'ഇവള്‍ക്കിത് അകത്തെങ്ങാനും പോയി ചെയ്തൂടെ എന്തിനാണിങ്ങനെ വെറുപ്പിക്കുന്നത്.'
സ്‌നേഹനിര്‍ഭരമായി ഒരു സംഭോഗം നടന്നിട്ടു തന്നെ ആഴ്ച്ചകളും മാസങ്ങളുമായെന്ന് ഓര്‍ത്തു. 'ഒന്നുകില്‍ അവള്‍ തയ്യാറാകും, അല്ലെങ്കില്‍ ഞാന്‍ അതായിരുന്നു പതിവ്. രണ്ടും ഇല്ലാതായിട്ട് നാളുകളൊരുപാടായി.
എന്നു മുതലാണ്? പുറകിലോട്ട് പോയി അത് കണ്ടെത്താന്‍ ശ്രമിച്ചു. ഓര്‍മ്മയില്‍ ചികഞ്ഞു.
ഇന്നലെ എന്തൊക്കെയാണ് സംഭവിച്ചത്?
രാവിലെ മുതല്‍ ഭക്ഷണം, ഉറക്കം സംഭാഷണങ്ങള്‍ കുറെയൊക്കെ ഓര്‍മ്മയില്‍ നിന്നും കിട്ടി. അതിനും തലേദിവസം എന്താണെന്ന് ആലോചിച്ചു. കിട്ടുന്നില്ല. വായിച്ചു കൊണ്ടിരുന്ന പുസ്തകം പുറകിലേക്ക് മറിച്ചപ്പോള്‍ അക്ഷരങ്ങള്‍ മാഞ്ഞു പോയതുപോലെ! എല്ലാം വെറും വെള്ളക്കടലാസുകള്‍.
ഫോണ്‍ ആയിരുന്നു പിന്നെ ഒരു ആശ്രയം. രണ്ടുദിവസം മുന്‍പുള്ളവ അതില്‍ നിന്നും ചികഞ്ഞു. സംഭാഷണങ്ങള്‍, ചികഞ്ഞ വിഷയങ്ങള്‍. കണ്ട കാഴ്ചകള്‍. വാദപ്രതിവാദങ്ങള്‍. എല്ലാത്തിനുമൊരു നിറം മാത്രമായിരുന്നെന്നത് അതിശയമായി മാറി.
അതിനും പുറകിലേക്കുള്ള ദിവസങ്ങളിലേക്ക് പോയി നോക്കി. ഒരു കൗതുകത്തിനായാണ് മൊബൈലിലെ വര്‍ഷവും സമയവും വര്‍ഷങ്ങള്‍ പുറകിലേക്കാക്കി റീസെറ്റ് ചെയ്തത്. 2025 ല്‍ നിന്ന് 2012 ഡിസംബര്‍ 31 ലെ തണുത്ത പ്രഭാതത്തിലെ ആറു മണിയിലേക്കെത്തി.
മഴ പെയ്തു തോര്‍ന്നിരുന്നു. പാടത്ത് പൂത്ത് നില്‍ക്കുന്ന നെല്‍ച്ചെടികളെ തഴുകിയെത്തുന്ന തണുത്ത കാറ്റുണ്ട്. ആവി പറക്കുന്ന ചായയുമായി അവള്‍ വന്നു. രാവിലെ ഉറക്കം ഉണര്‍ന്ന പാടെയാണ്. കണ്ടാലറിയാം. കുളിച്ചിട്ടില്ല. മുഖം കഴുകിയിട്ടുമില്ല. ചുണ്ടുകള്‍ വരണ്ടിരിക്കുന്നു. വിയര്‍പ്പിന്റെ സാന്നിദ്ധ്യം.
തലേരാത്രിയിലെ രതിയുടെ ആലസ്യം.
അലങ്കാരങ്ങളൊന്നുമില്ലാത്ത മുഖം! നൈറ്റി മാത്രമാണ് വേഷം. മുലക്കണ്ണുകളില്‍ എന്റെ ഉമിനീരിന്റെ മണം ഇപ്പൊഴുമുണ്ടാകും. വീണ്ടും രതിയുണരുന്നു! അരികിലേക്ക് ചേര്‍ത്തു നിര്‍ത്താനും, വരണ്ട ചുണ്ടുകളില്‍ ഉമ്മ വയ്ക്കാനും കൊതിച്ചു. ചോരയോട്ടം കൂടി. അരക്കെട്ടില്‍ ഭാരം വര്‍ദ്ധിച്ചു. മനസ്സറിഞ്ഞത് പോലെ അവള്‍ അകത്തേയ്ക്ക് പൊയ്ക്കളഞ്ഞു.
അതിശയം തോന്നി. എത്ര പെട്ടെന്നാണ് വികാരങ്ങള്‍ മാറിയത്!
ഡിസംബര്‍ രാത്രിയിലെ ഭാഷണങ്ങളെടുത്തു. ചികഞ്ഞ വിഷയങ്ങള്‍ നോക്കി. കണ്ട കാഴ്ചകള്‍. ഇത്ര പ്രണയാര്‍ദ്രനായിരുന്നോ ഞാനെന്ന് സ്വയം അതിശയിച്ചു. പിന്നെങ്ങനെയാണ് മാറ്റങ്ങളുണ്ടായത്.
മൊബൈലില്‍ വീണ്ടും വര്‍ഷങ്ങള്‍ മുന്നോട്ടെടുത്തു. 2020 ഡിസംബര്‍ 31. ഭൂമിയിലെ മനുഷ്യരെല്ലാം നിശ്ചലരായിരിക്കുന്നു. ജീവനും പൂട്ടി വച്ച് വീടിനകത്തിരിപ്പാണ്. രുചിയും മണവും നഷ്ടപ്പെട്ടിരിക്കുന്നു.
മരണം മാത്രമാണ് സ്വപ്നങ്ങളിലുള്ളത്. എപ്പോള്‍ വേണമെങ്കിലും രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വരാം. ദിവസവും പരിചിതരുടെ ചിത്രങ്ങളൊക്കെ കണ്ണീര്‍പ്പൂക്കളുമായി പ്രത്യക്ഷപ്പെടുന്നു.
ഉറങ്ങുന്നതും ഉണരുന്നതും യാന്ത്രികമായി. ഉണര്‍ന്നിട്ടും ഇത് സ്വപ്നമാണോ ജീവനുള്ളതാണോ എന്ന സംശയങ്ങള്‍.
അകലെ എവിടെ നിന്നോ മാംസം അഴുകിയ സുഗന്ധവുമായാണ് ഒരു ദിവസം കാറ്റു വീശിയെത്തിയത്. അപ്പോഴാണ് വീണ്ടും പിറവിയുണ്ടായത്. മരണഭീതിയില്‍ നിന്നു ജീവിതത്തിലേക്കുണര്‍ന്നു. മണം വലിച്ചെടുത്തു. രുചിയും മണവും തിരിച്ചു കിട്ടിയിരിക്കുന്നു. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. എന്നിലടിഞ്ഞു കൂടിയ വൈറസ് നശിപ്പിക്കപ്പെട്ടിരിക്കുന്നു.
പക്ഷെ അന്നു മുതലാണ് മാറ്റങ്ങളും ഉണ്ടായി തുടങ്ങിയത്. ദുര്‍ഗന്ധം സുഗന്ധമായത്. വേദന ലഹരിയായി മാറിയത്. പ്രണയമില്ലാതായത്. ദയ അന്യമായത്. സ്‌നേഹം നഷ്ടമായത്. പക കൂട്ടായെത്തിയത്.
ഒന്നുകൂടെ ഉറപ്പിക്കാന്‍ വീണ്ടും ദിവസങ്ങള്‍ മാത്രം പുറകിലേക്കെടുത്തു. കണ്ണീര്‍പ്പൂക്കളുമായി കണ്ട ചിത്രങ്ങളില്‍ നിന്നണഞ്ഞുപോയ പച്ചവെളിച്ചം തെളിഞ്ഞിരിക്കുന്നു. അവരോട് സംസാരിക്കണമെന്ന് തോന്നി.
ഭയം പിന്തിരിപ്പിക്കുന്നുണ്ട്. മരിച്ചുപോയ ആളിനോടാണ് സംസാരിക്കേണ്ടത്. ഒരാളായിരുന്നില്ല. പത്തിലധികം പച്ച വെളിച്ചങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു!
ഒരാള്‍ക്കൊരു സന്ദേശമയച്ച് കാത്തിരുന്നു. അതവിടെ കിട്ടിയെന്ന് മനസ്സിലായി. തിരികെ എന്തോ ടൈപ്പുന്നുണ്ട്.
ഭയം, പരീക്ഷണത്തില്‍ നിന്ന് മനസ്സിനെ കീഴടക്കി കളഞ്ഞു. ടൈപ്പുന്ന സന്ദേശമെത്തുന്നതിന് മുന്‍പ് ദിവസവും സമയവും മാറ്റി ഇന്നിലേക്കെത്തി.ഇപ്പോള്‍ ആ പച്ചവെളിച്ചങ്ങളില്ല. അണഞ്ഞുപോയ ദിവസവും സമയവും മാത്രം. ജീവനില്ലാത്ത അക്ഷരങ്ങള്‍ വിശേഷങ്ങളുമായുറങ്ങുന്നു.
'എന്തായിരുന്നു അവസാനമായവിടെ നിന്ന് പറയാനുണ്ടായിരുന്നത്.' കൗതുകമുണര്‍ന്നു.
പറ്റിച്ചതില്‍ ഒരു സുഖം തോന്നി. ഇപ്പോള്‍ ഒന്നിനോടും ഭയം തോന്നുന്നില്ല. ശരിയാണ് മാറ്റമുണ്ടായത് അവിടെ നിന്നാണ്. അന്നുണ്ടായിരുന്നത് എന്തോ ഇന്ന് നഷ്ടമായിട്ടുണ്ട്. ഇന്നുള്ളതെന്തോ അന്ന് അപൂര്‍വ്വമായിരുന്നു. ഇന്നിലേക്കുള്ള നേട്ടങ്ങള്‍ക്കായുള്ള ഓട്ടത്തിനിടയില്‍ മൂല്യവത്തായത് ആരോ കവര്‍ന്നെടുത്തു.
മനുഷ്യവാസം നശിക്കുന്നത് സ്‌നേഹം നഷ്ടമാകുമ്പോഴായിരിക്കും. അതിനായി ഒരു കൂട്ടര്‍ തന്ത്രപരമായി കണ്ടു പിടിച്ച മാര്‍ഗ്ഗം ആയിരിക്കാം രുചിയും മണവും നഷ്ടപ്പെടുത്തിയ വൈറസുകള്‍. യഥാര്‍ത്ഥത്തില്‍
വൈറസുകള്‍ ശരീരത്തിന്റെ പ്രതിരോധങ്ങളെ ബാധിക്കുമെങ്കിലും അധികനാള്‍ നിലനിന്നില്ല. വൈറസിനെ പ്രതിരോധിക്കാന്‍ ചില മരുന്നുകള്‍ കണ്ടെത്തിയിരുന്നു. അത് മനുഷ്യന്റെ ചിന്തകളെ ബാധിക്കും, നിയന്ത്രിക്കും, സ്‌നേഹമെന്ന വികാരം ഇല്ലാതാക്കും ആര്‍ക്കും ആരോടും ഏതൊരു പ്രതിബദ്ധതയുമില്ലാതെ നാശത്തിലേക്കടുക്കും. കാലികാലം പിറക്കും. അതിനൊരു പ്രതിവിധിയായി മറ്റൊരു മരുന്ന് കണ്ടെത്തിയിട്ടാണവര്‍ യഥാര്‍ത്ഥത്തില്‍ മൂലകാരണമായ വൈറസ് പുറത്ത് വിട്ടത്. ഇനി ഭൂമിയില്‍ മനുഷ്യകുലം തുടരണമെങ്കില്‍ അതിന് അവരുടെ ഔദാര്യം വേണ്ടിവരുമെന്നതായിരിക്കും ഭൂമിയിലെ ജീവകുലത്തിനെ നിയന്ത്രിക്കുന്ന ഇല്ലുമിനാറ്റിയുടെ ലക്ഷ്യം.
ഇതൊക്കെ യഥാര്‍ത്ഥ്യമാണോ!
ഒരു കഥയിലെ വെറും തോന്നലുകളല്ലേ! ശരീരം വിയര്‍ത്തിരുന്നു. ടെലിവിഷനില്‍ ഒരു വാഹനാപകടത്തിന്റെ വാര്‍ത്ത. കൊല്ലപ്പെട്ടയാളുടെ ചിത്രവും വാഹനത്തിന്റെ നമ്പരും പരിചിതമായിരുന്നു. നിര്‍ത്താതെ ഹോണടിച്ചെന്നാരോപിച്ച് ലോറി ഡ്രൈവര്‍ കാറിലേക്ക് മന:പ്പൂര്‍വ്വം ഇടിച്ചതാണെന്ന് ദൃക്‌സാക്ഷികള്‍. ലോറി ഡ്രൈവറുടെ ചിത്രവും ടെലിവിഷനില്‍ തെളിഞ്ഞു വന്നു. കൊല്ലപ്പെട്ടയാള്‍ക്കും, കൊലയാളിയ്ക്കും ചുറ്റിനും കൂടിയ ദൃക്‌സാക്ഷികള്‍ക്കുമെല്ലാം ഒരേ മുഖമായിരുന്നു. പതിയെ പതിയെ എന്റെ മുഖവും അവരുടേതായി മാറി.
ഈ വൈറസിനൊരു മരുന്ന് കണ്ടെത്തിയിട്ടുണ്ടാകുമോ? അന്ന് ഞാനുണ്ടാകുമോ?
എത്ര പച്ചവെളിച്ചങ്ങള്‍ അണഞ്ഞിട്ടുണ്ടാകും! എത്രയെണ്ണം കത്തുന്നുണ്ടാകും!
ഫോണെടുത്ത് 2036 ഡിസംബര്‍ 31 ലെ രാത്രിയിലേക്ക് സമയവും ദിവസവും സെറ്റ് ചെയ്ത്, എന്താണെന്നറിയാനായി റീ സ്റ്റാര്‍ട്ടാകുന്നതും നോക്കിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


