Malayalam Short Story : ഇദ്‌ലിബിലെ അവസാനത്തെ മഴ, എന്‍ രാമചന്ദ്രന്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Sep 13, 2022, 3:21 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  എന്‍ രാമചന്ദ്രന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

ഇദ്‌ലിബ് -എന്റെ മനസ്സിന്റെ വേദനയാണത്. അവിടെ ഇപ്പോള്‍ കാറ്റും വെളിച്ചവുമില്ല.  കാര്‍മേഘങ്ങളില്ല, മഞ്ഞുപെയ്യുന്ന രാവുകളില്ല.  പിന്നെ ഒലിവുമരങ്ങളുടെ തണുത്ത സാന്ത്വനവുമില്ല.

കാല്പനികതയില്‍ നിന്നു പോലും ഇദ്‌ലിബ് ഏറെ അകന്നിരിക്കുന്നു.  ഓര്‍മകളിലെ കൈക്കുഞ്ഞിന്  തണലേകാനും, ഒലിവിന്റെ മാധുര്യം നുകരാനും ഇദ്‌ലിബ് ഇനി ഒരു പേരിനു മാത്രമെന്നത് പലപ്പോഴും തോന്നിപ്പോകും.

ഇദ്‌ലിബിലേക്കുള്ള നടപ്പാതയില്‍ ചോരയുടെ മണം മാത്രം. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും, കൊടിമരങ്ങളും വിതുമ്പിക്കരയുന്നതുപോലെ തോന്നി.

കുഞ്ഞിന്റെ കരച്ചിലിനു ഞാനപ്പോഴും കാതോര്‍ക്കുകയാണ്. ഏറെ നടന്നെത്തുമ്പോഴും അവള്‍ അടുത്തെവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന തോന്നല്‍ എപ്പോഴും ശരിയായിരുന്നു. 

ഇദ്‌ലിബിലെ പൂന്തോട്ടങ്ങളിലും പഴങ്ങള്‍ മധുരിക്കുന്ന നാട്ടുമ്പുറങ്ങളിലും ഇപ്പോള്‍ പക്ഷികളൊ പൂമ്പാറ്റകളൊ ഇല്ല.  അവിടെ കാവല്‍ക്കാരില്ല, തെളിനീരുറവകളില്ല, പഴയ നാടന്‍ ശീലുകളില്ല.  

അവിടുത്തെ മൂകതയില്‍ ആ കുറുമ്പുകാരിയെ തിരയുകയായിരുന്നു മനസ്സപ്പോഴും. 

'അങ്കിള്‍ ഇന്ന് ഒത്തിരി വൈകിയെന്നു തോന്നുന്നല്ലോ?'

അതിനുത്തരം പറയുന്നതിന് എത്രയോ മുമ്പുതന്നെ അവള്‍ വന്നു എന്റെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങി. 

അങ്കിള്‍ എന്ന് വിളിക്കാതെ തന്നെ അവളുടെ മുഖം പറയുന്നുണ്ടായിരുന്നു, അവള്‍ കാത്തിരിക്കുകയാണെന്ന്.  അവളെ എനിക്കും, എനിക്ക് അവളെയും അറിയാവുന്നതിലുമപ്പുറമായിരുന്നു എന്നുവേണം പറയാന്‍.

ഇടക്കിടക്ക് അവളെന്റെ മുഖത്തേക്ക് എത്തി നോക്കുമ്പോഴൊക്കെ, ഒരു സമൂഹത്തിന്റെ മുഴുവന്‍ വേദനയും ആ നോട്ടത്തില്‍ ഞാന്‍ നേരിട്ട് കണ്ടു.  ആഴത്തിലുള്ള അവളുടെ കണ്ണുകളില്‍ പഴയ കൗതുകത്തിന്റെയും നിഷ്‌കളങ്കതയുടെയും തുടിപ്പുകള്‍ ശേഷിപ്പുള്ളതുപോലെ.  ആ വേദന അത്രക്കും എന്നെ ആ കൊച്ചു മനസ്സിലേക്കടുപ്പിക്കുകയായിരുന്നു.

'അറിയാലോ അല്ലെ, നമ്മളെങ്ങോട്ടാണ് നടക്കുന്നതെന്ന്?'

എല്ലാം ചോദ്യങ്ങള്‍ മാത്രം. 

ഒലിവുമരങ്ങളുടെ താഴ്വരകളില്‍ തകര്‍ന്നു കിടക്കുന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കിടയിലേക്കാണ് ഇത്തവണ അവളെന്നെ കൈപിടിച്ചു കൊണ്ടുപോകുന്നത്.  

ഇരുളില്‍ ഒന്നും തന്നെ തിരിച്ചറിയാതെ, ഒരു ചൂണ്ടുവിരല്‍പോലും കാണാതെ എത്ര സത്യമാണ് അവളുടെ കാല്‍വെപ്പുകള്‍.  അതിശയിപ്പിക്കുന്നതാണ് അവളുടെ ഓരോ ഭാവങ്ങളും.  എന്നെന്നേക്കുമായി നഷ്ടപ്പെട്ടതെന്തോ അവിടെ ഉണ്ടെന്നതാണ് അവളുടെ തോന്നല്‍.  എനിക്കും അങ്ങിനെത്തന്നെ തോന്നി.

കുറേനേരം കൈപിടിച്ച് നടന്നതിനുശേഷം, ചേര്‍ന്നുകിടക്കുന്ന മരത്തിനോടൊപ്പം അറിയാതെ അവള്‍ കിടന്നു. 

ഒന്നും മനസ്സിലാകാതെ കുറെ നേരം ഇരുന്നെങ്കിലും അവളിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കാതിരുന്നില്ല.  ഇരുളിന്റെ പാളികളിലൂടെ അവള്‍ എന്തോ എത്തിനോക്കുകയാണ്.

ഒരു കുഞ്ഞു പാവയെ അവള്‍ വലിച്ചെടുക്കുന്നത് ശ്രദ്ധിക്കാതെ പോയില്ല.  പിന്നെ അതിന്റെ നിറവും കൂടെയുള്ള കീറിപ്പറിഞ്ഞ തുണികളും എല്ലാം അവള്‍ക്കു പറയാനുള്ളത് മുഴുവനും മനസ്സിലാക്കിത്തന്നു.

അവളെ മാത്രമാക്കി ഒരു യുഗം അവസാനിക്കുകയായിരുന്നു എന്നത് സത്യം. 

ചരിത്രം ഇദ്‌ലിബിന്റെ മാറിലുറങ്ങുമ്പോള്‍, പുരോഗമനത്തിന്റെ ഈ നാഗരിത മറ്റൊരു ചരിത്രത്തിന്റെ ഭാഗഭാക്കാകാനുള്ള തത്രപ്പാടിലാണ്.  ഈ കുഞ്ഞും അതിന്റെ ഒഴുക്കിലൂടെ മെല്ലെ മെല്ലെ ഓളമിട്ടുകൊണ്ടിരുന്നു. 

ഇരുളടയുന്നു.  ചുറ്റും കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയതുപോലെ.

ഇദ്‌ലിബിന്റെ മുഴുവന്‍ വിതുമ്പലും അതിലുണ്ട്.  അത് ഒരു സമൂഹത്തിന്റെ മുഴുവന്‍ വിതുമ്പലാകാന്‍ നിമിഷങ്ങള്‍ പോലും ബാക്കിവെക്കാതെ മഴമേഘങ്ങള്‍ പെയ്തുകൊണ്ടേയിരുന്നു.   

മഴയുടെ കുത്തൊഴുക്കില്‍ അവളുടെ കുഞ്ഞു മനസ്സും സ്വപ്നങ്ങളും ഒരഭയാര്‍ത്ഥിയുടെ  വേഷമണിയുകയായിരുന്നു. 

ഇദ്‌ലിബിലെ അവസാനത്തെ മഴ അതോടെ പെയ്‌തൊഴിയുകയായിരുന്നു.

 
ഇദ്‌ലിബ് എന്നത് സിറിയയിലെ ഒരു പ്രദേശമാണ്, ഒലിവുമരങ്ങൾക്ക് പേരുകേട്ട സ്ഥലം. ആഭ്യന്തര കലഹം ഇദ്‌ലിബിനെ നാമാവശേഷമാക്കിക്കഴിഞ്ഞു.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!