Malayalam Short Story ; ആകാശവീട്, സഫീറ താഹ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Dec 13, 2021, 2:06 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സഫീറ താഹ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

നിഴല്‍ചില്ലകള്‍ ചിത്രം തീര്‍ത്തിരിക്കുന്ന പച്ചമണ്ണിലൂടെ അമ്മയുടെ കയ്യും പിടിച്ച് നടന്നുപോകുമ്പോള്‍ അവന്റെ  ഓര്‍മ്മകള്‍ക്ക് മേല്‍ വരണ്ട പൊടിമണ്ണ് പറക്കുന്നുണ്ടായിരുന്നു.

ഒരായിരം സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വെച്ചാണ് പുതിയ താമസയിടത്തില്‍ അന്നൊരുച്ചയ്ക്ക് കയ്യില്‍ കുറച്ച്  സാധനങ്ങളുമായി  അവനും  അമ്മയും വിയര്‍ത്തുകുളിച്ച് ചെന്ന് കയറിയത്. രണ്ട്  മുറിയും അടുക്കളയും ഊണുമുറിയും ചെറിയൊരു സ്വീകരണമുറിയും ചേര്‍ന്നൊരു കിളിക്കൂട്. 

അവന്‍ കൊണ്ട് വന്ന പുസ്തകങ്ങള്‍ ഊണുമുറിയോടു ചേര്‍ന്നുള്ള അലമാരയില്‍ അടുക്കിവെച്ചു. പിറകിലേയ്ക്ക് മാറി  ആ അലമാരയെ നോക്കുമ്പോള്‍ പുസ്തകങ്ങളുമായി അത് പ്രണയത്തിലായെന്നു തോന്നി. അല്ല,അവന്‍ പ്രണയത്തിലാക്കി. വസ്ത്രങ്ങളും, മറ്റ് സാധനങ്ങളും  മുറിയോട് ചേര്‍ന്നുള്ള അലമാരയില്‍ സജ്ജീകരിച്ചു. ചെരുപ്പുകള്‍ സ്റ്റാന്‍ഡില്‍ സൂക്ഷിച്ചു.  കുറച്ച് ഇരുട്ട് തോന്നിക്കുന്ന ഊണുമുറിയില്‍  അമ്മയുടെ പുഞ്ചിരിക്കുന്ന മുഖമുള്ളൊരു ചിത്രം കൊണ്ട് പ്രകാശം വിതറി. ആ ചിത്രം അമൂല്യമാണ്. ഉയരത്തിലേക്ക് നോക്കി നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന ചിത്രം. അല്ലെങ്കിലും ഈ പുഞ്ചിരിയാണല്ലോ എന്നും  അമ്മയുടെ സഹയാത്രിക. 

ഒരു കുക്കറും ചായപ്പാത്രവും കാര്‍ട്ടണില്‍ നിന്നുമവന്‍  പുറത്തു വെച്ചു. ചായപ്പാത്രത്തില്‍  വെള്ളമെടുത്ത്  ഗ്യാസിലേക്ക് വെച്ചു തിളപ്പിച്ചശേഷം തേയിലയുടെ ബാഗ് ഇട്ടു. എന്തൊരു സൗന്ദര്യമാണ് ഈ കട്ടന്‍ ചായയ്ക്ക്.  കപ്പിലേക്ക് ചായ പകര്‍ന്നു കൊണ്ടവന്‍ ജനാല തുറന്നു. കപ്പില്‍ നിന്നുമുയര്‍ന്ന്  വരുന്ന പുക വല്ലാത്തൊരു അനുഭൂതിയായി നിറയുന്നു.  

തീപ്പെട്ടിക്കൂടുകള്‍ അടുക്കിവെച്ചത് പോലുള്ള വീടുകള്‍ അങ്ങുദൂരെ കാണുന്നുണ്ട്. ഇടയ്ക്കിടെ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍. വിദൂരതയില്‍ കായല്‍ പരപ്പിലൂടെ പാഞ്ഞു പോകുന്ന സ്പീഡ് ബോട്ടുകള്‍. അവര്‍ണ്ണനീയമായ കാഴ്ചകളുടെ പറുദീസ.


ആദ്യമായാണ് മധുരമില്ലാത്ത ചായയ്ക്ക് ഇത്രയ്ക്കും രുചിയനുഭവപ്പെടുന്നത് എന്നവന്‍  അതിശയത്തോടെ ഓര്‍ത്തു. അമ്മയിടുന്ന ചായയുടെ അതേ സ്വാദ്. വല്ലാത്തൊരു സുഗന്ധം അന്നാദ്യമായി ആ ചായക്ക് പോലുമനുഭവപ്പെട്ടു.  മധുരമില്ലായ്മയിലും രുചി കൂടുതലുള്ള ഈ കട്ടന്‍ പോലെയായിരുന്നു എന്നും ജീവിതം.  സ്‌നേഹമെന്ന ചേരുവ കൂട്ടി  ചേര്‍ത്താണ് എല്ലാ ചേരുവകളും ചേര്‍ക്കാനില്ലാത്ത  കുറവ് അമ്മ പരിഹരിക്കുന്നത് . ആ സ്വാദ്  നാവില്‍ വിരുന്ന് വരാന്‍ ഇന്ന് രുചിക്കൂട്ടുകളുടെ  ധാരാളിത്തത്തിലും രസമുകുളങ്ങള്‍  അനുവദിക്കുന്നില്ല. അന്ന് സ്‌നേഹത്തിന് പുറമെ കഷ്ടതയുടെ കണ്ണുനീരുപ്പും കൂടി താനറിയാതെ അമ്മ  ചേര്‍ത്തിരുന്നു എന്നവന് തോന്നി. 

നഷ്ടങ്ങളാണല്ലോ എന്നും ഓര്‍മ്മകളെ ചേര്‍ത്തു പിടിക്കുന്നത്. അവന്‍ മുറിയിലേക്ക് പാളിനോക്കി പുഞ്ചിരിച്ചു. ആദ്യമായാണ് അമ്മ ഇത്രയും സ്വച്ഛമായി ഉറങ്ങുന്നത്. കപ്പിലെ ചായ തണുത്തിരിക്കുന്നു. കാലുകളില്‍ നിന്നരിച്ചു കയറുന്ന സമാധാനത്തിന്റ കുളിര്‍മ്മയവനറിഞ്ഞു. ആഗ്രഹങ്ങളുടെ മടിത്തട്ടില്‍ ഒരു ശിശുവിനെ പോലെ ഇനിയെങ്കിലും അമ്മ ഉറങ്ങട്ടെ  എന്നോര്‍ത്തുകൊണ്ട്  പുകയൂതി ചൂടാറ്റിയ ചായ ആസ്വദിച്ചു കുടിച്ചു കൊണ്ട് അലസമായൊഴുകുന്ന ജാലക കാഴ്ചകളിലേക്ക് വീണ്ടും കണ്ണുകള്‍ പായിച്ചു.

വിശാലമായ സ്വപ്നങ്ങള്‍ കാണുവാന്‍ പഠിപ്പിച്ചത് അമ്മയായിരുന്നു. ദാരിദ്ര്യത്തിന്റെ ഇരുണ്ടമൂലകളില്‍ കൂനിക്കൂടിയിരുന്ന സ്വപ്നങ്ങളെ ആകാശത്തോളം പാറിപ്പറക്കാന്‍  സ്‌നേഹവും ആത്മവിശ്വാസവും വയറു നിറയെ തന്ന അമ്മയെ സ്‌നേഹത്തോടെ നോക്കി . കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചയാണ് അമ്മയെന്നവന് എന്നും തോന്നാറുണ്ട്. കണ്ണിനാനന്ദകരമായ കാഴ്ചകള്‍ കുറവായവനും കൂടുതലായവനും ഏറ്റവും കൂടുതല്‍ സന്തോഷിക്കുക അമ്മയെ കാണുമ്പോഴായിരിക്കും.  അങ്ങ് ദൂരെ തന്നെ നോക്കി കണ്ണുചിമ്മി ചിരിക്കുന്ന നക്ഷത്ര വിളക്കുകള്‍ക്ക് പോലും അമ്മയുടെ സാന്ത്വനത്തിന്റെ പ്രകാശമുണ്ട്. 

ജോലിക്കായി നഗരത്തില്‍ നിന്നും അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ വന്നപ്പോള്‍ അമ്മ ഒറ്റയ്ക്കാകും എന്നതായിരുന്നു അവനെ അലട്ടിയത്   ഭാഗ്യത്തിന് ഒരു ചെറിയ വീടുകിട്ടിയപ്പോള്‍ അമ്മയെയും  കൊണ്ട് പോയി. കാണാത്ത നഗരകാഴ്ചകളില്‍ അവന്റെ  കൈപിടിച്ചുകൊണ്ട്  കൊച്ചുകുഞ്ഞിനെപോലെ  അവര്‍ സന്തോഷിച്ചു. പ്രകാശം ചൊരിയുന്ന ഫ്ളാറ്റുകളെ നോക്കി അവനോട് അമ്മയെപ്പോഴും പറയും 'നമുക്കും വാങ്ങണം ഒരു മുറിയെങ്കിലും 'ഓരോ മാസത്തേയും ശമ്പളം ഏല്‍പ്പിക്കുമ്പോള്‍ ലുബ്ധിച്ച് ചെലവാക്കി   ആകാശ വീട് സ്വന്തമാക്കാന്‍ അമ്മ പൈസ സ്വരൂപിച്ചു തുടങ്ങി. 

ബാങ്കില്‍ നിന്നും ലോണ്‍ കൂടി എടുത്ത് ആഗ്രഹം സഫലമാക്കാന്‍ അവന്  കഴിഞ്ഞു.  ഉത്സവ തിരക്കിനിടയില്‍ കണ്ട കളിപ്പാട്ടം കിട്ടുമ്പോള്‍ കുട്ടികളുടെ കണ്ണുകളിലെ കൗതുകം പോലെയോ ഏറ്റവും ആഴത്തില്‍ ദുഃഖം ഘനീഭവിച്ചു പുറത്തേക്കൊഴുകുന്നത് സന്തോഷമാണെന്നോ ഒക്കെ  അമ്മയുടെ സന്തോഷം കണ്ടപ്പോള്‍ തോന്നിപ്പോയി.

നഗരകാഴ്ചകള്‍ ആസ്വദിച്ചു നീങ്ങുമ്പോഴും ജീവിതത്തിന്റെ പിന്നാമ്പുറങ്ങള്‍ തപ്പി തെരുവോരങ്ങളില്‍ ജീവിക്കുന്ന ഒരുപാട്‌പേരെ ആ ദിവസങ്ങളില്‍ അമ്മ കണ്ടിരുന്നു. 'ചുവന്ന ചായങ്ങള്‍ കൊണ്ട് ചുണ്ട് ചുവപ്പിക്കുന്നത് അവരുടെ വിതുമ്പുന്ന ചുണ്ടുകള്‍ കാണാതിരിക്കാനാണെന്നും മുല്ലമാലകള്‍ അവരുടെ നെഞ്ച് പൊള്ളുന്ന വേവിന്റെ ഗന്ധം അറിയാതിരിക്കാനുമാണെന്നു അമ്മ അവനോട്  പറഞ്ഞുകൊടുത്തിരുന്നു.  അതുകൊണ്ട് തന്നെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പിന്‍വിളികള്‍ മുഴങ്ങികേള്‍ക്കുന്നതിന് മനസ്സ് കൊടുക്കാതെ അവന്  മുന്നോട്ടു  നടന്നകന്നകലാന്‍ കഴിഞ്ഞിരുന്നു . ആ പിന്‍വിളികള്‍ക്ക്  ആരെങ്കിലുമൊക്കെ കാത് കൊടുക്കുന്നത് കൊണ്ടാകും ദിനം പ്രതി പെണ്‍കുഞ്ഞുങ്ങള്‍ വീടുകളില്‍ നിന്നും  അപ്രത്യക്ഷമായി തെരുവോരങ്ങളില്‍ നിശാശലഭമായി പുനര്‍ജനിക്കുന്നത്. 

അകലെ വളരെ ഭംഗിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഫ്‌ലാറ്റുകള്‍. ഗുളികസ്ട്രിപ്പിന്റെ  ഓരോ കള്ളികളും പോലെ അവ തോന്നിപ്പിച്ചു. എത്രയെത്ര ജീവിതങ്ങളാണ്, പ്രതീക്ഷകളാണ് അവിടെയുള്ളത്. ഒറ്റ കെട്ടിടത്തില്‍ അപരിചിതരെപോലെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ ഒരുമിച്ച് വസിക്കുന്നിടങ്ങള്‍.  ക്രിസ്ത്യനും മുസ്ലിമും, ഹിന്ദുവും നാനാ ജാതിയിലുള്ളവര്‍ ഒറ്റ അടിസ്ഥാനത്തിനു മുകളില്‍ താമസിക്കുമ്പോഴും ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും വാളുകള്‍ കൊണ്ട് നിരത്തുകളില്‍ പൊടിയുന്ന ജീവനുകള്‍.  ചുവന്ന രക്തവും ഒരേ അവയവങ്ങളുമുള്ള മനുഷ്യര്‍ക്ക് എന്ത് കൊണ്ടാകാം ചിന്തകളില്‍ മാത്രം വിഭാഗീയത.? 

അന്നത്തെ ദിനമോര്‍ത്തപ്പോള്‍ മനസ്സില്‍ തണുപ്പ് നിറഞ്ഞു. നടത്തം വേഗത്തിലായി. നിഴല്‍ ചില്ലകള്‍ വെയില്‍ ചില്ലകളായിരിക്കുന്നു. 

ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ സന്തോഷങ്ങള്‍ മാത്രമുള്ള ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. തലേന്ന്  മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ മുരിങ്ങക്ക കൊണ്ടുള്ള തീയലും, ചക്ക കൊണ്ടുള്ള എരിശ്ശേരിയുമൊക്കെ ആസ്വദിച്ചു കഴിക്കണമെന്ന്  ചിന്തിച്ചു കൊണ്ടാണ് വിഭിന്നമായ ചിന്തകളെയും വഹിച്ചുകൊണ്ട് പായുന്ന കെ എസ് ആര്‍ ടി സി യുടെ ജനാലയ്ക്കരികെയുള്ള സീറ്റില്‍  അന്ന്  സ്ഥാനം പിടിച്ചത്. 

ചൂടുള്ള വാര്‍ത്തകള്‍ വില്‍ക്കുന്ന പത്രക്കാരന്‍ പയ്യന് പൈസ കൊടുത്തു പത്രം  വാങ്ങി ആദ്യത്തെ തലക്കെട്ട് വായിക്കുമ്പോള്‍ തലകറങ്ങി. സ്വന്തം കിടപ്പാടം നഷ്ടമാകുന്നവന്റെ വേദന മാത്രമല്ല, എത്രപേരുടെ കിടപ്പാടം നഷ്ടമാകുന്നു എന്ന ചിന്തയും കൂടിയാണ് ആ അവസരത്തിലും അവനെ തളര്‍ത്തിയത്. 

വിധി ഉറപ്പായി ആരാച്ചാരെയും കാത്തിരിക്കുന്ന ആകാശ വീടുകളില്‍  ഒന്നായ തന്റെ കിളിക്കൂട്ടില്‍ എത്തുമ്പോള്‍ അമ്മയെല്ലാം  വിളമ്പി വെച്ചിട്ടുണ്ടായിരുന്നു. ഏറെ കൊതിച്ച ആഹാരങ്ങള്‍ക്കൊക്കെയും മരണവീട്ടിലെ ഗന്ധമനുഭവപ്പെട്ടു. സന്തോഷമുള്ളപ്പോള്‍ ഏത് ഗന്ധവും സുഗന്ധമാകും എന്ന് ആരോ പറഞ്ഞതവന്‍ ഓര്‍മ്മിച്ചെടുത്തു. ഏതോ കനല്‍കൂനയില്‍ ചവിട്ടുന്നത് പോലെ അവന്റെ പാദം പൊള്ളുന്നതവനറിഞ്ഞു. 

വേഗത്തില്‍ തന്നെ കുടിയൊഴിപ്പിക്കല്‍ മുറപോലെ നടന്നു. പിറന്ന നാട്ടിലേയ്ക്ക്  വണ്ടി കയറുമ്പോഴും അമ്മ പറയുന്നുണ്ടായിരുന്നു 'പൂജ ചെയ്യാതെ അവിടെ താമസം തുടങ്ങിയത് കൊണ്ടാണെന്ന്. അമ്മയ്ക്കറിയില്ലല്ലോ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി അധികാരികള്‍ സമ്മതം മൂളി കെട്ടിയുണ്ടാക്കിയ ആകാശ കോട്ടയാണിതെന്ന്. ഒരുപാട് പേരുടെ മോഹകൊട്ടാരങ്ങള്‍ ആണ് ഭസ്മമാകാന്‍ പോകുന്നതെന്ന്. അമ്മയെ അതൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കൊണ്ടാണ് അമ്മയത് കേട്ടത്. ഈയമുരുക്കി ഒഴിക്കുന്ന വേദന ഉണ്ടായിട്ടുണ്ടാകുമെന്ന് ആ മുഖം കണ്ടാല്‍ മനസ്സിലാകും. എന്നിട്ടും ചിരിയുടെ കുപ്പായമെടുത്തണിഞ്ഞെങ്കിലും പഴയ പോലെ ഭംഗിയായില്ല. അവിടവിടെ വേദനയുടെ പാടുകള്‍ ആ കുപ്പായത്തെ  വികൃതമാക്കിയിരുന്നു.

'ആകെയുണ്ടായിരുന്ന സമ്പാദ്യമായ അഞ്ചു സെന്റ് വില്‍ക്കാതിരുന്നത് ഭാഗ്യമായി അവിടെയൊരു കൂര  കെട്ടാം' -സമാധാനിപ്പിക്കുമ്പോഴും  'ആ ചിരി അമ്മയുടെ ചുണ്ടുകളില്‍  മറഞ്ഞിരുന്നില്ല.

വസ്തുവില്‍ ആകെയുള്ള  മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍  ഇപ്പോള്‍ കയ്യിലാകെയുള്ള വിലപിടിപ്പുള്ള വസ്തുവായ മൊബൈലില്‍ തോണ്ടി നില്‍ക്കുമ്പോഴാണ് ഒരു സന്ദേശം അവന്റെ കണ്ണില്‍പ്പെട്ടത്. 

'രാജ്യം ഇരുപത്തൊന്നു ദിവസം ലോക്ക് ഡൗണിലേയ്ക്ക്. എല്ലാവരും വീടുകളില്‍ സുരക്ഷിതരായിരിക്കുക.'

ആകാശവീട്ടില്‍ നിന്നും ആകാശം കാണുന്ന വീട്ടിലേയ്ക്കുള്ള മാറ്റം എത്ര പെട്ടെന്നായിരുന്നു. സുരക്ഷിതമായ വീട് ഇല്ലാത്തവരുടെയും  പറയാന്‍ പേരിന് പോലും വീടില്ലാത്തവരുടെയും അവസ്ഥയോര്‍ത്ത്  ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്റെ കൂരയിലേയ്ക്ക് നടക്കുമ്പോള്‍ അമ്മയുടെ ചിരിയുടെ കുപ്പായമെടുത്തണിയാന്‍ അവനും അന്നാദ്യമായി കഴിഞ്ഞു....

click me!