ചാരസ്ത്രീ, സ്‌നേഹ  മാണിക്കത്ത് എഴുതിയ കഥ

By Chilla Lit SpaceFirst Published Mar 26, 2021, 5:11 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്‌നേഹ  മാണിക്കത്ത് എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 


ബസ്സ് വളവ് തിരിഞ്ഞു നിരപ്പായ റോഡിലൂടെ സഞ്ചരിച്ചപ്പോള്‍ ഞെട്ടുപൊട്ടിയപ്പോലെ മാറിടം വീര്‍ത്തു. കാലത്തിന്റെ ലക്ഷണംകെട്ട കെട്ടിടം പോലെയാണെന്റെ ശരീരമെന്ന് പറയാന്‍ പ്യാരീലാല്‍ ഇല്ല. അയാള്‍ പോയിക്കഴിഞ്ഞു.
 
'അവസാനയാത്രയാണോ ഇത്... നീയിനി  വരില്ലേ?' 

പ്യാരീലാല്‍ കുരുമുളക് കടിച്ചപ്പോലെ മുഖം ചുളിച്ചു. സ്ഫടികകണ്ണുകളും ചാരത്തലമുടിയും തീവണ്ടിപ്പാതയിലൂടെ അകന്നില്ലാതായി ചുവന്ന പൊട്ടായി അസ്തമയസൂര്യനില്‍ അലിഞ്ഞിരുന്നു.

'നിങ്ങളൊരു  ദുഷ്ടനാണ്, പ്യാരീലാല്‍' 

അവന് ദേഷ്യം വന്നുവെങ്കിലും മുഷ്ടിചുരുട്ടിയ കൈത്തണ്ടയില്‍ കിടന്ന് ദേഷ്യം വെട്ടുപോത്തിനെപോലെ അമറി. പ്യാരീലാലിന് അവനെ കുറ്റപ്പെടുത്തുന്നത് ഇഷ്ടമല്ല. 

ആഗ്രയിലെ വീടിന്റെ മണവും അവനോടൊപ്പം മൂടല്‍മഞ്ഞായിത്തീരുമെന്ന് ഞാനോര്‍ത്തില്ല. കറുത്ത് മെലിഞ്ഞ തുടകളും കോണ്ടൂര്‍ ചെയ്ത താടിയുമുള്ള പ്യാരീലാലിനെ കാണുമ്പോള്‍ വൃത്തിയില്ലാതെ വസ്ത്രധാരണം നടത്തിയ ബാബര്‍ ചക്രവര്‍ത്തിയാണെന്ന് തോന്നും.. 


'നിങ്ങളൊരു ദുഷ്ടനാണ്, പ്യാരീലാല്‍' 

അവന്റെ മറന്നു വെച്ചു പോയ, ഉണക്കാനിട്ട അടി വസ്ത്രങ്ങള്‍, എന്റെ ലൈലാക്ക് പൂക്കളുള്ള സാരിയെനോക്കി അമര്‍ത്തി ചിരിക്കുകയാണ്.. 

'നിങ്ങളെന്താണിങ്ങനെ, മാഡം, എനിക്ക് ഭാര്യയുണ്ട്, മക്കളും, ഞാനാഗ്രയിലേക്ക് തിരിച്ചു പോകുന്നു.. '-മയില്‍പീലി കമ്മലിന്റെ പളുങ്ക് നിറമുള്ള കല്ലിനെ അവഗണിച്ച് കൊണ്ട് അവന്‍ പറഞ്ഞു

'ഇത്ര ദിവസവും നിങ്ങളെന്നെ എന്തിനാണ് പിടിച്ചിട്ടത്. എനിക്ക് നിങ്ങളുടെ ജോലിവേണ്ട, നാളെ ഞാന്‍ പോകും. നിങ്ങളെ ഞാന്‍ ഭയക്കുന്നു, മാഡം'

പ്യാരീലാലിനെ തടയണമെന്ന് മനസ്സില്‍ ഇരച്ചുയരുന്ന മഴവെള്ളപാച്ചില്‍ പറഞ്ഞു.. 

'പോയ്‌ക്കോ, പക്ഷേ നീ തിരിച്ചു വരും, അങ്ങനെയാണ്, പ്യാരീലാല്‍...'

എനിക്കങ്ങനെ പറയാന്‍ ഒട്ടും നാണമുണ്ടായിരുന്നില്ല. കാരണം പ്യാരീലാലിനെ  കണ്ട മാത്രയില്‍ തന്നെ നിശ്ചയിച്ചിരുന്നു. എന്റെ ജീവിതത്തില്‍ അയാള്‍ക്കൊരു നിയോഗമുണ്ടെന്ന്..

കാറ്റില്‍ ചുണ്ടനക്കിയ കരിഞ്ഞ ഇലകളെ തൂത്ത് വൃത്തിയാക്കുമ്പോളെപ്പോഴോ അമ്മ ബാക്കി വെച്ച് പോയ ഒരു തുണ്ട് കടലാസ്സാണ്  ആഗ്രയിലേക്കെന്നെ നടത്തിച്ചത്. 

'തേരീ ആഖോം  കെ സിവാ'-ആദ്യവരിയിങ്ങനെയാണ്. പിന്നെ മുഹമ്മദ് റഫിയെക്കുറിച്ചും ലതാ മങ്കേഷ്‌കറിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍. 

ഉര്‍ദുവിലെ പ്രസിദ്ധ കവിയായ ദാഗ് ദെഹല്‍വിയുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് സാഹിര്‍ ലുധിയാന്‍വി എഴുതിയ കവിതയായിരുന്നു അവസാനം.. 

'ഇസ് ചമന്‍ മേം ഹോംഗേ പൈദാ ബുള്‍ബുള്‍-എ-ഷിറാസ് ഭി, 
സൈംകടോം സാഹിര്‍ ഭി ഹോംഗേ, സാഹിബ്-ഐജാസ് ഭി,
ഹൂബഹൂ ഖീച്ചേഗാ ലേകിന്‍ ഇഷ്‌ക് കാ തസ്വീര്‍ കോന്‍?
ഉഠ് ഗയാ നാവക് ഫഗന്‍, മാരേഗാ ദില്‍ പേ തീര്‍ കോന്‍? '

'ഈ പൂന്തോട്ടത്തില്‍ ഇനിയും എത്രയോ 
വാനമ്പാടികള്‍ വന്നുപോകും, 
ഇന്ദ്രജാലം കാറ്റും മന്ത്രികരും വന്നുപോം, 
പക്ഷേ, പ്രണയത്തിന്റെ ഛായാചിത്രം  
ഇവിടിനി ആരു വരയ്ക്കും?
ആ വില്ലാളി പോയില്ലേ?
എന്റെ ഹൃദയത്തിലേക്ക് 
ശരമെയ്യാനിനി ആരുണ്ടിവിടെ?'

മലയാളം വരികള്‍ അമ്മ എവിടെ നിന്നോ പകര്‍ത്തി വെച്ചിരുന്നു... 

''രേഖിതാ, എന്റെ മകളുടെ ഫോട്ടോ അയച്ചു തരാന്‍ നിനക്കിനിയും മടിയാണോ? ഒരച്ഛന്റെ അവകാശമില്ല, എന്നാലും ആഗ്രഹമുണ്ടല്ലോ. അല്ലെങ്കില്‍ സാഹിര്‍ ലുധിയാന്‍വിയെപോലെ നീയുമൊരു കവിതയെഴുതികൊള്ളൂ... എന്റെ മരണശേഷം..' 

കത്തില്‍ പറയുന്ന ആ മകള്‍ ആരായിരുന്നു...?

താനാണോ? അതോ മരിച്ചുപോയ അനുജത്തി ദീക്ഷ... ?

അച്ഛനുമമ്മയും ദീക്ഷയും ഒരുമിച്ച് രക്തം കുളിച്ചു കിടന്നപ്പോള്‍ താന്‍ മാത്രം ഈ കത്തിലെ മനുഷ്യന്റെ പ്രാര്‍ത്ഥന കൊണ്ട് രക്ഷപ്പെട്ടുവെന്നോ!

ആഗ്രയിലെ അയാളുടെ വീട്ടിലെ ലില്ലിപ്പൂക്കളില്‍ എന്റെ ബാല്യം മൊട്ടുപോലെ വിരിയാന്‍ നില്‍പ്പുണ്ടാകും. അയാള്‍ക്ക് ഒരിക്കലും എന്റെ മുഖച്ഛായ കണ്ടെടുക്കാന്‍  സാധിക്കുകയില്ല. ഞാനയാളുടെ മകളാവുകയില്ല. ഞാനൊരിക്കലും പിഴച്ചുപെറ്റതല്ല. ദീക്ഷ റോസ് പൂത്താലത്തിന് മുന്നിലെ ഫോട്ടോയിലിരുന്ന് പല്ലിറുമ്മി- 'നീതന്നെയാടീ വലിഞ്ഞു കേറിവന്നവള്‍.'

എനിക്കവളോട് വെറുപ്പുതോന്നി.

'അല്ല, അച്ഛന്‍ എന്നെയാണ് സ്‌നേഹിച്ചത്. എന്നെയാണ് സെന്റ് സ്റ്റീഫന്‍സിലയച്ച് പഠിപ്പിച്ചത്, എന്റെ വിജയങ്ങളാണ് ആഘോഷിച്ചത്.'

''പ്യാരീലാല്‍ നീ ഒരിക്കലും അയാളോടിത് പറയരുത്...'

പ്യാരീലാല്‍ ഇമവെട്ടാതെ എന്നെ നോക്കി

'നിങ്ങളെന്തിനാണ് മാഡം ജോലി തരാമെന്നു പറഞ്ഞു ഇങ്ങോട്ടെന്നെ കൊണ്ടു വന്നത്.'

'എന്തൊക്കെയാണേലും ഷെഹ്‌സാദ് ഖാന്‍ സാബിന്റെ പണിക്കാരനാണ് ഞാന്‍. അദ്ദേഹം പ്രായമായിരിക്കുകയാണ്...അദ്ദേഹത്തെ സഹായിക്കണം'

ദേഷ്യത്തിന്റെ ഉച്ചി കയറി ഞാനൊരു ചെന്നായയെ പോലെ ഓരിയിട്ടു.

'അയാള്‍ മരിക്കും.. മരിച്ചാല്‍ പിന്നെ അയാളുടെ ഏക അവകാശി നീയാണ്, പക്ഷേ അയാള്‍ക്കൊരു മകളുണ്ടെന്നും അവളെ കാത്തിരിക്കയാണെന്നും നീ പറഞ്ഞല്ലോ... ആ പെണ്‍കുട്ടി വന്നോ?' 

'അത് മാഡമല്ലായെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞോളാം, അതല്ലേ മാഡം ആഗ്രഹിക്കുന്നത്'


പ്യാരീലാല്‍ പുച്ഛത്തോടെ എന്റെ മുഖത്തേക്ക് നോക്കി.. എനിക്കവനോട് മുയല്‍ക്കുട്ടിയോട് തോന്നുന്ന വാത്സല്യം ഉണ്ടായി. 

'അതിന് ഞാനല്ലല്ലോ'

'അല്ല, മാഡം ആവില്ല, എന്റെ മകളാണ് അദ്ദേഹത്തെ സഹായിക്കുന്നത്... സ്വത്തൊക്കെ അദ്ദേഹം മ്യൂസിക് സൊസൈറ്റിക്ക് എഴുതി കൊടുത്തു'

'അപ്പോള്‍ മകള്‍ക്ക് ഒന്നുമില്ലേ?'

എന്റെ ജിജ്ഞാസ അതിരുകവിഞ്ഞൊഴുകി പ്യാരീലാലിന്റെ ഞരമ്പുകളെ ഉടലില്‍ നിന്നും പിഴുതെറിഞ്ഞു. അവന്‍ ഭയത്തോടെ എന്നേ നോക്കി.

'മരിച്ചുപോയവര്‍ എങ്ങനെ വരാനാണ്'

അതും പറഞ്ഞു അവന്‍ തീവണ്ടി കയറിപ്പോയി. 

മ്യൂസിക് സൊസൈറ്റി സ്ഥാപകന്‍ ഷെഹ്‌സാദ് ഖാന്‍ സാഹിബ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. നീണ്ടു മെലിഞ്ഞ മൂക്കുകള്‍, നെറ്റിചുളിക്കുമ്പോള്‍ കൂട്ടിമുട്ടുന്ന പുരികങ്ങള്‍, സിതാറില്‍ കൈകള്‍ തൊടുമ്പോള്‍ മൃദുവാകുന്ന കൈവിരലുകള്‍. കട്ടിമീശയുടെ അവശേഷിപ്പായി ഉരഞ്ഞുനല്‍ക്കുന്ന കുറ്റിമൂര്‍ച്ചരോമങ്ങള്‍... 

അമ്മ എന്നെ വീണ്ടും പ്രസവിക്കണമായിരുന്നു. വീണ്ടും ലൈലാക്ക് പൂവിട്ട സാരിയുടുത്ത് ഗസലുകള്‍ പാടിതരണമായിരുന്നു. വീണ്ടും ഷെഹ്‌സാദ്ഖാന്റെ വിരലിടുക്കുകളില്‍ തന്റെ മഞ്ഞച്ച മാറിടം അവര്‍ ഉണക്കാനിടണമായിരുന്നു.

ബസ്സ് വീണ്ടും വളവ് തിരിഞ്ഞു. 

പ്യാരീലാലിനെ കണ്ടുപിടിക്കണം. ചാരസ്ത്രീയെപ്പോലെ കടന്നുചെന്ന്, വശീകരിക്കുന്ന  നോട്ടം കൊണ്ട് എന്റെ ജനനപത്രിക തയ്യാറാക്കണം. പിന്നെ വെളുത്ത മാര്‍ബിള്‍ പതിച്ച ആ വീട്ടിലെത്തി ഒരു മോഷ്ടാവിനെപോലെ അയാളുടെ സിതാറെടുത്ത് കടന്നു കളയണം.

അയാളവിടെയുണ്ടാകുമോ. കറുത്ത മഷിക്കുപ്പികള്‍ തീരുംവരെ അമ്മയുടെ ഗര്‍ഭത്തില്‍ വരച്ചുകളിച്ച അയാള്‍. എനിക്ക് ആദ്യമായി അയാളോട്  സ്‌നേഹം തോന്നി.-'നിങ്ങളെന്നെ തിരിച്ചറിഞ്ഞില്ലാല്ലോ, മനുഷ്യാ'

എന്റെ സമീപത്തിരുന്ന കിഴവനായ  മാങ്ങാക്കച്ചവടക്കാരന്‍ പല്ലുന്തിയ മുഖവുമായി തുറിച്ചു നോക്കി. ഞാനയാളെ കളിയാക്കിക്കൊണ്ട് ചോദിച്ചു 'ആപ് കൈസേ ഹേ,ഭായി?'

 

click me!