Malayalam Short Story: പൂങ്കാരിപെറ്റ മീനുകള്‍, സുകന്യ എസ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Feb 13, 2024, 3:02 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സുകന്യ എസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

എന്ത് മാത്രം വേദനയോടെയാണ് കാറ്റ് കൊച്ചൗസേപ്പിന്റെ തൊടിയില്‍ നിന്ന് തിരിച്ചു പോയത്!  

അടുക്കളപ്പുറത്തെ അരകല്ലിന്റെ അടുത്തിരുന്ന് വെയിലാള്‍ ഇരുണ്ട തൊടിയിലേക്ക് നോക്കി. മുറ്റത്തെ പൊട്ടിപ്പൊളിഞ്ഞ കണ്ണാടി വെയിലാളിന്റെ മുഖത്ത് ചിത്രം വരച്ചു. അതൊരു കടലായി, തിരയായി, മരമായി, മുള്‍ക്കാടുകളായി, പ്രളയമായൊഴുകി. 

വെയിലാള് കണ്ണുപൊത്തി. വയറ് നോവുന്നു, കാട് നോവുന്നു, മലകളില്ലാതെയാവുന്നു. 

അരകല്ലില്‍ ഒരു കൈ താങ്ങി മറുകൈ ചുമരിലൂടോടിച്ചു. വെള്ളം കെട്ടി നിന്ന പാടുകള്‍ക്കിടയ്ക്ക് കാദംബരി വരച്ചിട്ട കോഴിയും കുറുക്കനും. അവളുടെ കൊച്ചു ചെരുപ്പ്, ഇന്നലെയെങ്ങാണ്ട് വെറുതെ തൊടിയിലൂടെ കപ്പളങ്ങാമരം ഒടിയാതെ നില്‍പ്പുണ്ടോന്ന് നോക്കാനിറങ്ങിയപ്പോ, നീര്‍ച്ചാലിന്റെ വക്കത്തു നിന്ന് കിട്ടി. സ്‌കൂളില്‍ പോകുന്നതിന് രണ്ട് ദിവസം മുന്നേ പൂങ്കാരി വാങ്ങി കൊടുത്തതാണ്. 

മുട്ടില്‍ കടിച്ചു തൂങ്ങിയ പുളിയുറുമ്പിനെ കൊല്ലാതെ വിട്ട് കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. അച്ഛനില്ലാത്ത കോഴിക്കുഞ്ഞുങ്ങളെ, അമ്മയില്ലാത്ത കോഴിക്കുഞ്ഞുങ്ങളെ ഏറുമാടം കെട്ടി സൂക്ഷിക്കാമെന്ന് അരവട്ട് വെളിച്ചത്തില്‍ പൂങ്കാരി പറയും. ഒന്ന് കളിപ്പിക്കാനായി ഞാനും ചോദിച്ചു.

'ഏറു മാടത്തില്‍ എറളാടി റാഞ്ചില്ലെ..'

അരിച്ചു നീങ്ങുന്ന പേനിനെ എടുത്തുമുട്ടി വീണ്ടും തല ചൊറിഞ്ഞ്, ഒന്നും മിണ്ടാതെ നടന്ന് കുറച്ചിട മുന്നോട്ട് പോയി വീണ്ടും തിരിച്ചുവന്ന് പറഞ്ഞു.

'വെള്ളം കൊണ്ടോവില്ലല്ലോ..'

അന്നും ഇന്നും എന്നും പൂങ്കാരിക്ക് വെള്ളത്തിനെ പേടിയാണ്. പൂങ്കാരീടെ നേരുള്ള പേരെന്താണെന്ന് ഇന്നും അറീല്ല. ചില രാത്രികളില് ഉറക്കില്ലായ്മ വരുമ്പോ അവര് വിളിച്ച് കൂവും. ''അവരെന്റെ വയറ്റില് ചൂടു വെള്ളം ഒഴിച്ചു. അവരെന്റ് മാറ് ചൂടുവെള്ളത്തില്‍ മുക്കി. സമ്മതിക്കായ്ക വരുമ്പോ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചു. തുടരെത്തുടരെ അത് ശീലമായപ്പോ വെള്ളത്തിനടിയില്‍ മണിക്കൂറു കണക്കെ ശ്വാസമടക്കി പിടിച്ച് കിടക്കാനുള്ള വിദ്യ പഠിച്ചു.'

'ഇതെന്ത്, മീനിന്റെ ജാത്യാണാവെ'-ന്ന് പറഞ്ഞ് ഇട്ടിട്ട് പോയതെല്ലാം തുടരെ തുടരെ ഓര്‍ത്ത് പറയും. ഇടയ്‌ക്കെല്ലാം ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവരുടെ വയര്‍പാടുകളിലൂടെ വിരലോടിച്ച് ചോദിക്കും. 


'ഇതെന്താ..?'

അപ്പോ ചിരിക്കും. മുറുക്കിച്ചുവന്ന പല്ലുകള്‍ പുറത്ത് കാണും. 

പല ദിവസങ്ങളിലും പൂങ്കാരിക്ക് മുല്ലപ്പൂവിന്റെ വാസനയാണ്. അവരവരുടെ സമ്പാദ്യങ്ങളെ കിഴികെട്ടി ചുമരിന് മോളിലൊരു തകരപ്പെട്ടിയിലാക്കി വെക്കയാണ് ചെയ്തിരുന്നത്. 

ഇടയ്‌ക്കെപ്പോഴോ ചോദിച്ചു: 'ഞാനെടുക്കും പറഞ്ഞിട്ടാ?'

വളരെ പെട്ടെന്നാണ് മറുപടി. 'വെള്ളം കൊണ്ടോവാതിരിക്കാന്‍...'

'നിങ്ങടെ ഓരോ പ്രാന്ത്! അപ്പൊ വെള്ളത്തില് ചൊമരും ഇടിഞ്ഞ് വീണാലോ...?'

കുറച്ചിട മുന്നോട്ട് നടന്ന് വീണ്ടും തിരിച്ചു വന്ന്, മുഖത്തേക്ക് നോക്കി നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടികളെ മാടിയൊതുക്കി, കുഞ്ഞിലേ ചെയ്യണമാതിരി കവിളിലൊരു കുത്തും കുത്തിയായിരുന്നു മറുപടി.

'നീയാ പരസ്യത്തില് കണ്ട സിമന്റുപയോഗിച്ചല്ലെ ചൊമര് തേച്ചേ..?'

പിന്നെ ഉറക്കെ ഉറക്കെ ചിരിച്ച് അഴിഞ്ഞു വീഴാറായ സാരിയെ എടുത്തു പൊക്കി നടന്നു. അവരുടെ കാലില്‍ ചട്ടുകം പൊള്ളിച്ചതിന്റെ പാട് പ്രായം കൂടും തോറും തെളിഞ്ഞ് തെളിഞ്ഞ് വന്നു. 

ആ ഉത്തരം പ്രതീക്ഷിക്കാത്തതായിരുന്നു. എന്നിട്ടും എത്രയെത്ര ചുമരുകളാണ് വീണൊഴുകിയത്, കാല് തിന്നത്, ഉടല് തിന്നത്, തല വിഴുങ്ങിയത് കാദംബരീടെ കുഞ്ഞ് വയറ് പൊട്ടിച്ചത്.

'അമ്മേ ഇതിനകത്ത് കോഴിക്കുട്ടീണ്ടോ..?'

ചോറുണ്ണാനുള്ള മടിക്ക് വയറ് പൊത്തി പിടിച്ച് ചോദിക്കും.

'ഉണ്ടെങ്കി...?'

'ഉണ്ടെങ്കിലെന്താ.. കോഴിക്കുഞ്ഞിന് വയറ് നിറഞ്ഞൂത്രെ..'

പൂങ്കാരീടെ ആരായിരുന്നു വെയിലാള്‍? 

വെച്ചരളി കാവിലെ പൂരത്തിന്റന്ന് ഇലകളില്ലാത്ത അരളി മരത്തിന്റടിയിലിരുന്ന്, വെറ്റില മുറുക്കണ പൂങ്കാരീടെ ഭാണ്ഡത്തിലിരിക്കുന്ന മുറുക്ക് കണ്ട് കൈനീട്ടി നിന്നവളെ, ആരും കാണാണ്ടെ അമ്പലമുറ്റം കടത്തി കൊണ്ടുവന്ന് നോക്കി വളര്‍ത്തിയവരോ?  

അവര് അമ്മയാവോ..? ബോധം ഉറയ്ക്കണ വരേക്കും വെയിലാളവരെ അമ്മയെന്ന് വിളിച്ചു. പിന്നീട് പറഞ്ഞു.

'ഇനി നീയെന്നെ പേര് വിളിച്ചാ മതി'

പൂങ്കാരിയെ ആരും അക്കയെന്നോ ചേച്ചിയെന്നോ അങ്ങനെയൊന്നും വിളിച്ച് കേട്ടിട്ടില്ല. പൂങ്കാരി ആര്‌ടേം ആരുമല്ലായിരുന്നു.

'എന്തിനാ..എന്തിനാ അന്നെന്നെ കൂടെ കൂട്ടീത്...'

'ഇല്ലെങ്കി അവര് നിന്നെ എന്നെപ്പോലെ ആക്കീരുന്നു'

ആ 'എന്നെപ്പോലെ'യുടെ അര്‍ത്ഥം ഞാന്‍ അപ്പൊ ചോദിച്ചില്ല. നമ്മുടെ ഭാഷയെ പരിമിതപ്പെടുത്തും വിധം ആ 'എന്നെപ്പോലെ' വളരെ നീണ്ടതാണെന്ന് അറിയാമായിരുന്നു. 

എന്തിനാണൊഴുക്കുകള്‍ പൂങ്കാരീടെ മുടിയിഴകളില്‍ തിരകളായത്? ആര്‍ത്തും അലച്ചും സ്വപ്നം കണ്ട് പൂങ്കാരിയെ മയക്കിയത്?

'വേശ്യേടെ കുഞ്ഞ് വേശ്യേടെ കുഞ്ഞ് എന്നടക്കം പറഞ്ഞു.'

അങ്ങനെ ഒരുപാടൊരുപാട് ദിവസങ്ങള്‍ക്ക് ശേഷം നേരം വെളുത്തിരിക്കുന്നു. സൂര്യനില്ല.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!