മുതുമുത്തച്ഛന്റെ നിശബ്ദതയെ കുറിച്ചെഴുതി, ബുക്കർ പുരസ്‍കാരം നേടുന്ന ആദ്യഫ്രഞ്ച് എഴുത്തുകാരനായി ഡിയോപ്

By Web TeamFirst Published Jun 3, 2021, 11:28 AM IST
Highlights

തന്‍റെ മുതുമുത്തച്ഛന്‍റെ നിശബ്ദത തന്നെ എക്കാലവും സ്പർശിച്ചിരുന്നു എന്ന് ഡിയോപ് പറയുന്നു. അത് തന്നെയാണ് അദ്ദേഹത്തിന് നോവലെഴുതാനുള്ള പ്രചോദനവും ആയത്. 

ന്‍റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യത്തെ ഫ്രഞ്ച് എഴുത്തുകാരനായി ഡേവിഡ് ഡിയോപ്. ബുധനാഴ്ചയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഡിയോപിന്‍റെ രണ്ടാമത്തെ നോവലായ 'അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്' (At Night All Blood is Black) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സെനഗലീസ് മുതുമുത്തച്ഛന്‍റെ, ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള നിശബ്ദതയെ മുന്‍നിര്‍ത്തിയുള്ള നോവലാണ് ഇത്. 

പുരസ്കാര തുകയായ £50,000 (ഏകദേശം 51 ലക്ഷം രൂപ) രൂപ ഡിയോപും പുസ്തകം വിവര്‍ത്തനം ചെയ്ത യുഎസ് എഴുത്തുകാരിയും കവിയുമായ അന്ന മോസ്കാവിക്സും പങ്കിട്ടെടുക്കും. എറിക് വില്ലാര്‍ഡ് എഴുതിയ 'ദ വാര്‍ ഓഫ് ദ പുവര്‍' അടക്കം അന്തിമപട്ടികയിൽ എത്തിയ ആറ് പുസ്തകങ്ങളിൽ നിന്നുമാണ് ഡിയോപിന്‍റെ നോവല്‍ പുരസ്കാരം നേടിയത്. 

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത് യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഒരൊറ്റ പുസ്തകത്തിനാണ് എല്ലാ വർഷവും അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്. ഫ്രഞ്ച്-സെനഗലീസ് എഴുത്തുകാരനും ലിറ്ററേച്ചര്‍ പ്രൊഫസറുമായ ഡിയോപിന്‍റെ, പുരസ്കാരത്തിന് അര്‍ഹമായ നോവലില്‍ പറയുന്നത് ഭ്രാന്തിലേക്കുള്ള ഒരു ചെറുപ്പക്കാരന്‍റെ മാറ്റവും യുദ്ധത്തില്‍ ഫ്രാന്‍സിനുവേണ്ടി പോരാടിയ സെനഗലീസിനെയും കുറിച്ചാണ്. 

'ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഒരു നൂറ്റാണ്ടിലേറെ കാലം- ഒരു പുതിയ ആഫ്രിക്കൻ എഴുത്തുകാരൻ മനുഷ്യചരിത്രത്തിലെ ഈ രക്തരൂക്ഷിതമായ കറയെക്കുറിച്ച് അപൂർവവും അസാധാരണവുമായ ഈ നോവലിൽ ചോദ്യങ്ങൾ ഉയര്‍ത്തുന്നു' -ന്യൂയോർക്ക് ടൈംസ് പുസ്തകത്തെ കുറിച്ചുള്ള അവലോകനത്തിൽ പറഞ്ഞു.

 

സ്റ്റാർ ട്രിബ്യൂൺ പുസ്തകത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: 'ഹ്രസ്വമാണെങ്കിലും, അത് ആഴത്തിലുള്ളതും പ്രചോദനാത്മകവുമായ ഒരു വായനയാണ്. ട്രെഞ്ച് യുദ്ധത്തിന്റെ ഭീകരത, നിരന്തരമായ ജീവൻ നഷ്ടപ്പെടൽ, മനുഷ്യാത്മാവിനു വരുത്തിയ നികത്താനാവാത്ത നാശനഷ്ടങ്ങൾ എന്നിവയെ കുറിച്ച് പറയുകയാണ് ഈ പുസ്തകത്തിൽ'.

തന്‍റെ മുതുമുത്തച്ഛന്‍റെ നിശബ്ദത തന്നെ എക്കാലവും സ്പർശിച്ചിരുന്നു എന്ന് ഡിയോപ് പറയുന്നു. അത് തന്നെയാണ് അദ്ദേഹത്തിന് നോവലെഴുതാനുള്ള പ്രചോദനവും ആയത്. ആ നിശബ്ദതയെ കുറിച്ച് ഡിയോപ് ബിബിസി -യോട് പറഞ്ഞത് ഇങ്ങനെ, 'അദ്ദേഹം ആ അനുഭവത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയോട് ഒന്നും പറഞ്ഞില്ല, എന്‍റെ അമ്മയോടും ഒന്നും പറഞ്ഞില്ല. അതിനാലാണ് യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ കഥകളും അനുഭവങ്ങളും കേള്‍ക്കാനും അറിയാനും എനിക്ക് താല്‍പര്യമുണ്ടായത്.' 

ബുധനാഴ്ച ഉച്ചയ്ക്ക് കോവെൻട്രി കത്തീഡ്രലിൽ നടന്ന വെർച്വൽ ആഘോഷത്തിനിടെയാണ് വിജയിയായി ഡിയോപിനെ പ്രഖ്യാപിച്ചത്. 'യുദ്ധത്തിന്റെയും പ്രണയത്തിന്റെയും ഭ്രാന്തിന്റെയും ഈ കഥയ്ക്ക് ഭയപ്പെടുത്തുന്ന ശക്തിയുണ്ട്. നായകനിൽ മന്ത്രവാദം ആരോപിക്കപ്പെടുന്നു, ആ വിവരണം വായനക്കാരിൽ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ച് വിചിത്രമായ ചിലത് ഉണ്ട്' എന്നാണ് വിധികര്‍ത്താക്കളില്‍ പ്രധാനിയായ ഹ്യൂഗ്സ് ഹാലറ്റ് പറഞ്ഞത്. 

We're delighted to announce that the winner of the is 'At Night All Blood is Black' by , translated from French by Anna Moschovakis and published by : https://t.co/UUKOh3RdWO pic.twitter.com/9hxo2p2O8a

— The Booker Prizes (@TheBookerPrizes)

'അതിന്റെ അനന്തമായ ഗദ്യവും ഇരുണ്ടതും മിഴിവുറ്റതുമായ കാഴ്ചപ്പാടും ഞങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയും മനസിനെ തൊടുകയും ചെയ്തു. അത് ഞങ്ങൾ വിധികർത്താക്കൾക്ക് സമ്മതിക്കാതിരിക്കാൻ വയ്യ' എന്നും ഹാലറ്റ് പറഞ്ഞു. 

ബുക്കര്‍ പുരസ്കാരത്തിന് മുമ്പ് തന്നെ, ഡിയോപ്പിന്റെ നോവൽ  മറ്റ് സാഹിത്യ അവാർഡുകളും നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ 'പ്രിക്സ് ഗോൺകോർട്ട് ഡെസ് ലൈസെൻസ്', 'സ്വിസ് പ്രിക്സ് അഹ്മദോ കൊറോമ', ഇറ്റലിയിലെ 'സ്ട്രെഗ യൂറോപ്യൻ പുരസ്കാരം' എന്നിവയാണത്. 

അന്തിമപട്ടികയിലെ പുസ്തകങ്ങൾ:

അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക് – ഡേവിഡ് ഡിയോപ് (വിജയി)
ദ വാര്‍ ഓഫ് ദ് പുവര്‍ – എറിക് വില്ലാർഡ്
ദ ഡെന്‍ജേഴ്സ് ഓഫ് സ്മോക്കിങ് ഇന്‍ ബെഡ് – മരിയാന എന്‍‍റിക്വസ്
ഇന്‍ മെമ്മറി ഓഫ് മെമ്മറി – മരിയ സ്റ്റെപാനോവ്ന
വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ് വേള്‍ഡ് – ബെന്‍ജമിന്‍ ലെബിറ്ററ്റ്
ദ എംപ്ലോയീസ് – ഓള്‍ഗ റാവന്‍

click me!