പ്രിയപ്പെട്ട ​ഗാബോ, ഓരോ എഴുത്തിലും നിങ്ങളൊളിപ്പിച്ചുവെച്ച ആ മാന്ത്രികത ഒരേകാന്തഭൂമികയിലെന്നെ തനിച്ചാക്കുന്നു

By Rini RaveendranFirst Published Apr 17, 2020, 5:43 PM IST
Highlights

ഈ കൊറോണാ കാലത്ത് കൂടുതൽ മുന്നിൽ നിൽക്കുന്നത് കോളറാകാലത്തെ പ്രണയമാണ്. കാത്തിരിപ്പിന്റെ, മറവിയുടെ, മരണത്തിന്റെ, ഒന്നുചേരലിന്റെ മണമായിരുന്നത്. ഞാനതിനെ ശവംനാറിപ്പൂക്കളുടെ മണത്തോടുപമിക്കും. 

ഗബ്രിയേൽ ഗർസിയ മാർക്കേസ്, ലോകം മുഴുവനും ആരാധകരുള്ള എഴുത്തുകാരൻ. മാജിക്കൽ റിയലിസത്തിന്റെ കുലപതി. ഇന്നദ്ദേഹത്തിന്റെ ചരമദിനമാണ്. 

 

അതൊരു വല്ലാത്ത മരണമായിരുന്നു. പണിസ്ഥലത്തുവെച്ച് തലയിൽ കല്ലുവീഴുകയായിരുന്നു, തല ചിതറിപ്പോയി. അദ്ദേഹം ഞങ്ങളുടെ ബന്ധുവായിരുന്നു. അച്ഛന്റെ കസിൻ, കൂട്ടുകാരൻ, പ്രിയപ്പെട്ടവൻ... അവർ തമ്മിൽ വലിയ കൂട്ടായിരുന്നു. അതുകൊണ്ടുതന്നെ നമുക്കെല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ആ അപ്രതീക്ഷിത മരണത്തിൽ ഞങ്ങളാകെ പകച്ചുപോയി. അച്ഛൻ വല്ലാതെ വേദനിച്ചു. എത്ര വേദനിക്കുമ്പോഴും ചുറ്റുമുള്ള മനുഷ്യരെ നേർത്ത പുഞ്ചിരിയോടെ ചേർത്തുപിടിക്കുക എന്നത് അച്ഛന്റെ സ്വഭാവമായിരുന്നു. അച്ഛന്റെ ജീവനില്ലാത്ത ശരീരം കണ്ട് ആർത്തുനിലവിളിക്കുകയായിരുന്നു കസിന്റെ മക്കൾ. അച്ഛനവരെ ചേർത്തുപിടിച്ചു. വല്ല്യച്ഛാ എന്നുവിളിച്ച് ഒരു എൽപി സ്കൂളുകാരി അച്ഛന്റെ ദേഹത്തേക്ക് വീണു. 

എന്റെ അച്ഛനും അമ്മയും അഞ്ചാറ് മാസമായി പിണക്കത്തിലായിരുന്നു. പക്ഷേ, മരണവാർത്ത അറിഞ്ഞയുടനെ അമ്മ ഞങ്ങളെയും വാരിപ്പിടിച്ച് അങ്ങോട്ടോടി. അടക്കു കഴിയുമ്പോഴേക്കും അച്ഛന്റെയും അമ്മയുടേയും പിണക്കം തീർന്നിരുന്നു. അന്ന് അച്ഛനാണ് ഞങ്ങളെ വീട്ടിൽ കൊണ്ടുവിട്ടത്. പെരുമഴ നിർത്താതെ പെയ്യുകയായിരുന്നു. അന്നുരാത്രി അച്ഛന്റെയും അമ്മയുടെയും മുറിയിൽനിന്ന് ഭ്രാന്തൻ പ്രണയത്തിന്റെയും ഒന്നുചേരലിന്റെയും ഒച്ച, മഴയുടെ ഒച്ചയെ തോൽപ്പിച്ച് പുറത്തേക്ക് ചാറിക്കൊണ്ടിരുന്നു. ഒടുവിൽ, എന്നാലും അവൻ എന്നൊരു കരച്ചിൽ അച്ഛൻ പുറത്തേക്ക് തുറന്നുവിട്ടു. അത് മഴയത്തൊഴുകിപ്പോയി. (ആരുടേതുമാകാവുന്നൊരനുഭവമാണ്.)

മരണവും പ്രണയവും തമ്മില്‍

മരണവും പ്രണയവും തമ്മിലെന്താണ് എന്ന് പലപ്പോഴായി ചിന്തിച്ചുപോയിട്ടുണ്ട്. മരണത്തെ കുറിച്ച് ഓർമ്മ വരുമ്പോഴെല്ലാം മനുഷ്യർ മറ്റൊരാളെ തിരയുന്നപോലെ തോന്നാറുണ്ട്. മരണത്തിന്റെ, പ്രണയത്തിന്റെ, ഏകാന്തതയുടെ വന്യമായ കാടുകളിലേക്കുള്ള/ മറ്റെല്ലാ ലോകത്തേക്കുമുള്ള കണ്ണുമടച്ചുള്ള യാത്രയെന്നാണ് ഞാൻ മാർക്കേസിന്റെ എഴുത്തിനെ വിളിക്കാനാ​ഗ്രഹിക്കുന്നത്. അയാൾ തുറന്നിടുന്ന ലോകത്തൂടെയുള്ള ഏകാന്ത നടത്തങ്ങൾ. ഉച്ചയുറക്കത്തിൽ പകുതി നഷ്ടപ്പെട്ട സ്വപ്നങ്ങളെ പെറ്റുകൂട്ടുന്നൊരാളാണ്. അറ്റവും അന്തവുമില്ലാത്ത ആ സ്വപ്നത്തിൽ മറവിയിലേക്ക് പോവാതെ നിൽക്കുന്ന ചെറിയ ചില കഷ്ണങ്ങളുണ്ടാകും, തെളിമയോടെ നിൽക്കുന്നത്. ആ കഷ്ണങ്ങളായിരുന്നു അയാൾ കഥ പറഞ്ഞിരുന്ന പരിസരങ്ങൾ. അയാൾ നമ്മിലേക്ക് തുറന്നുവിട്ട മനുഷ്യർ. (സ്വപ്നത്തെ കുറിച്ച് ഏകാന്തതയുടെയാ വലിയ പുസ്തകത്തിൽ മാർക്കേസ് തന്നെ ഒരിടത്തെഴുതുന്നു,റക്കത്തിൽ സ്വപ്നം കണ്ടു. വെള്ളച്ചുവരുകളുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ അയാൾ കയറിച്ചെല്ലുന്നതാണ് സ്വപ്നം. ഉറക്കമുണർന്നാൽ സ്വപ്നത്തെ കുറിച്ചോർമ്മയുണ്ടാവുകയില്ല. വീണ്ടും ഉറങ്ങാൻ തുടങ്ങിയാൽ അതേ സ്വപ്നം കണ്ടെന്നും വരും!)

 

കോളറാകാലത്തെ പ്രണയത്തിലെ കാലം

ഈ കൊറോണാ കാലത്ത് കൂടുതൽ മുന്നിൽ നിൽക്കുന്നത് കോളറാകാലത്തെ പ്രണയമാണ്. കാത്തിരിപ്പിന്റെ, മറവിയുടെ, മരണത്തിന്റെ, ഒന്നുചേരലിന്റെ മണമായിരുന്നത്. ഞാനതിനെ ശവംനാറിപ്പൂക്കളുടെ മണത്തോടുപമിക്കും. ശവംനാറിപ്പൂക്കളുടെ മണമറിയുമോ? ശരിക്കും മരണത്തിന്റെ മണമല്ലത്, വേറെങ്ങുമില്ലാത്തൊരു മണം. ചില മണം, ചില ഒച്ച ഒക്കെ നമ്മെ ജീവിതത്തെ കുറിച്ച് ഓർമ്മിപ്പിക്കില്ലേ, അങ്ങനെയൊരു മണമാണതും. നിത്യകല്യാണി, ഉഷമലരി, അഞ്ചിലത്തെറ്റി, കാശിത്തെറ്റി എന്നൊക്കെപ്പേരുള്ള ഇത്ര മനോഹരമായ പൂവെങ്ങനെയാണ് ശവക്കോട്ടകള്‍ക്ക് കാവലായത്. ശവംനാറിപ്പൂവെന്ന് പേരുവന്നത്. അതാണ്, മരണവും ജീവിതവും തമ്മിലുള്ള അത്രവലിയ അടുത്തുനിൽക്കൽ. ഏതായാലും, അതാണെനിക്ക് കോളറാകാലത്തെ പ്രണയവും. 

പോസ്റ്റൽ ഏജൻസിയിൽ അപ്രന്റീസായി ജോലി ചെയ്യുന്ന ഫ്ലോറന്റിനോ അരിസ, കണ്ടമാത്രയിൽത്തന്നെ പ്രണയത്തിൽ പെട്ടുപോയ ആ പെൺകുട്ടി ഫെർമിന ഡാസയെ കാണാനായി പാർക്കിലെ ബെഞ്ചിലിരിക്കുന്നുണ്ട്. എത്രയോ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അയാളവൾക്കൊരു കത്തു കൊടുക്കുന്നത്. അവര​ഗാധപ്രണയത്തിൽ വീണുപോവുന്നത്. എന്നാൽ, പ്രണയത്തെ കുറിച്ചറിഞ്ഞ ഡാസയുടെ പിതാവ് അവളെയുംകൊണ്ട് ദൂരെനാട്ടിലേക്ക് പോവുകയാണ്. പക്ഷേ, ആരുമറിയാതെ അപ്പോഴും ടെല​ഗ്രാഫ് സന്ദേശങ്ങളിലൂടെ അവർ തങ്ങളുടെ പ്രണയത്തിന് വെള്ളവും വളവുമൂട്ടുന്നുണ്ട്. കാലത്തിനുശേഷം മകളെല്ലാം മറന്നുവെന്ന് കരുതുന്നിടത്തുനിന്ന് പിതാവ് അവളുമായി തിരികെയെത്തുകയാണ്. 

പക്ഷേ, ചന്തയിൽവെച്ച് കാലത്തിനുശേഷം ഫ്ലോറന്റിനോ അരിസയെ കണ്ടുമുട്ടുന്ന നിമിഷം അതുവരെയുണ്ടായിരുന്ന പ്രണയം അവൾക്ക് നഷ്ടപ്പെട്ടുപോവുന്നു. 'ഇന്ന് നിങ്ങളെക്കണ്ടപ്പോൾ നാം തമ്മിലുള്ളത് വെറുമൊരു വ്യാമോഹത്തിനപ്പുറം മറ്റൊന്നുമല്ലെന്ന് എനിക്ക് ബോധ്യമായി' എന്നാണവൾ പറയുന്നത്. എന്തുകൊണ്ടാണ് അതുവരെയുണ്ടായിരുന്ന പ്രണയം ഒറ്റനിമിഷത്തിലില്ലാതായതെന്ന ചോദ്യത്തിനുത്തരം ചിലപ്പോൾ ചില പെൺമനസുകൾക്ക് കിട്ടുമായിരിക്കും. 

ഏതായാലും ജൂവനാൽ അർബിനോ എന്ന ഡോക്ടർ ഡാസയെ വിവാഹം കഴിച്ചു. അതേ, കോളറ ചികിത്സിക്കാനായി പോകുന്ന ഡോക്ടർ. അദ്ദേഹത്തിന്റെ ലക്ഷ്യം തന്നെ കോളറയില്ലാതാക്കലാണ്. പക്ഷേ, എന്തുചെയ്യാം ഫ്ലോറന്റിനോ അരിസയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ. അതയാളുടെ പ്രണയമാണ്, കാത്തിരിപ്പാണ്. ഒടുവിൽ ഡോ. ജൂവനാൽ അർബിനോ, ഡാസയുടെ ഭർത്താവ് തന്റെ എൺപത്തിയൊന്നാമത്തെ വയസ്സിൽ മരിച്ചുപോവുമ്പോഴും അരിസോ മറുഭാ​ഗത്തുണ്ട്. അന്നുരാത്രിയും അരിസ തന്റെ പ്രണയം പറയുന്നുണ്ട്. അപ്പോഴും ഡാസ അതിനെ നിഷേധിക്കുകയാണ്. പക്ഷേ, ഒടുവിൽ ഡാസ അത് തുറന്നുസ്വീകരിക്കുന്നു. കാലങ്ങളോളം നീണ്ട അലച്ചിലിന് അവസാനമാവുന്നു. ശരീരത്തിന്റെ പ്രായമാവലുകളെ ആത്മാവിന്റെ പ്രണയം അതിജീവിക്കുന്നു. നോക്കൂ, കാലങ്ങളോളം അവർ പ്രണയത്തിൽ തന്നെയായിരുന്നു! 

കാലമാണ് കോളറാകാലത്തെ പ്രണയത്തിലെ നായിക/നായകൻ എന്ന് തോന്നാറുണ്ട്. കോളറക്കാലമായി, മരണത്തിന്റെ വേട്ടയാടലുകളെ അതിജീവിച്ച കാലമായി, പ്രണത്തിന്റെ പല ഋതുക്കളായി, വേർപാടിന്റെ ദീർഘനിശ്വാസങ്ങളായി കാലം അതിന്റെ വേഷമാടുന്നു. കാലമല്ലാതെ എന്താണ് നാം അടയാളപ്പെടുത്തുന്നതും സ്വയം അടയാളപ്പെടലാവുന്നതും! 

കൊറോണക്കാലത്തെ പ്രണയം/രതി/മരണം

എല്ലാ ദിവസവുമെന്നോണം കാണുമ്പോഴും പ്രണയം പറയാതെ പോകുന്നവരുണ്ടായിരുന്നു. പറഞ്ഞാൽ ഒറ്റ മറുപടിയിൽ തീർന്നുപോകുമോ പ്രണയമെന്ന് പേടിച്ചുപോയവർ. പക്ഷേ, ചിലരെല്ലാം ഈ കൊറോണാക്കാലത്തത് പറഞ്ഞു തുടങ്ങി, ചിലരൊക്കെ പ്രകടിപ്പിച്ചും... മരണത്തിന്റെ ചിറകടി എവിടെയെങ്കിലും കേട്ടുതുടങ്ങുമ്പോൾ നാം ജീവിതത്തെ കുറിച്ച് തീവ്രമായി ചിന്തിച്ചുപോകും. ജീവിക്കാനുള്ള തീവ്രമായ ആ​ഗ്രഹമാണ് മരണത്തെ കുറിച്ചുള്ള ഓരോ ചിന്തയും എന്ന് കോളേജ് കാലത്ത് ഡയറിയിൽ കുറിച്ചുതന്നത് എക്കാലവും പ്രിയപ്പെട്ട കൂട്ടുകാരി രജിതയാണ്. അതേയെന്ന് തോന്നാറുണ്ട്. 

മരണത്തിന്റെ തപിക്കുന്ന മുഹൂർത്തത്തിൽ ശരിതെറ്റുകളെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാവാത്ത പോലെയാണ് ജീവിതത്തിന്റെ തപിക്കുന്ന മുഹൂർത്തത്തിലും നിങ്ങൾക്കതിന് കഴിയാത്തത് എന്നെഴുതിയത് കാഫ്കയും. മരണവും ജീവിതവും രണ്ടല്ലെന്ന തോന്നലുണ്ടാവുന്നതും ഇങ്ങനെയാണ്. ജീവിക്കുമ്പോൾ നാം മരണത്തെ കുറിച്ച് ചിന്തിച്ചിരിക്കാം. പക്ഷേ, വേർപാടെവിടെയെങ്കിലും നിന്ന് നമ്മെ നോക്കുമ്പോൾ നാം അവിടെ നിലനിൽക്കുന്നതിനെ കുറിച്ചാണ് ചിന്തിച്ചുപോവുക. കൊറോണക്കാലം ചില സ്നേഹങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകളോ, നൊമ്പരപ്പെടലോ ഒക്കെയാവുന്നുണ്ട്. 

തുടക്കത്തിൽ പറഞ്ഞ രതിയുടെയും മരണത്തിന്റെയും പ്രകടമല്ലാത്ത ബന്ധത്തെ കുറിച്ച് എത്രയോ പേരെഴുതിയിരിക്കുന്നു. എഴുതാനാവാത്ത മനുഷ്യർ/ ഏറ്റവും ഭാ​ഗ്യം ചെയ്തവർ അനുഭവിക്കുകയും ഉള്ളിൽത്തന്നെ ഒരൊറ്റക്കിളിയുടെ ചിറകൊടിയൊച്ചയുടെ പിടപ്പോടെ കാത്തുവയ്ക്കുകയും ചെയ്തിരിക്കുന്നു. പ്രിയപ്പെട്ടൊരാൾ മരിച്ച ദിവസം നാമൊരാളെ കാണുമ്പോൾ അതുവരെയില്ലാത്ത സത്യസന്ധത, ആർദ്രത, കരുണയൊക്കെ തോന്നാറുണ്ട്. 

(ഒരിക്കൽ ഒരു കൂട്ടുകാരന്റെ അമ്മമ്മ മരിച്ചു. അടക്കാനായി പെട്ടിപിടിച്ച് നടന്നുനീങ്ങിയപ്പോൾ ഞാൻ പൊട്ടിപ്പോയി. എനിക്ക് പൊട്ടിപ്പൊട്ടിക്കരയാൻ തോന്നി എന്നവനെന്നോട് പറഞ്ഞപ്പോൾ സ്വതവേ അത്ര നിഷ്കളങ്ക​നൊന്നുമല്ലാത്ത അവൻ ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കനാവുന്നത് ഞാൻ കണ്ടതാണ്.)

പ്രണയമാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്, രതിയാണ് പലപ്പോഴും ജീവനായി നിലനിന്നുപോരുന്നത്, മരണമാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനിവാര്യതയും... ഇവ പിന്നെ എങ്ങനെ പരസ്പരം ചേരാതിരിക്കും. മാജിക്കൽ റിയലിസത്തിന്റെ കുലപതിയായ മാർക്കേസ് എഴുത്തിലെല്ലാം അയാളതിനെ കൂട്ടിയിണക്കിക്കൊണ്ടേയിരുന്നു. സ്വാഭാവികത ചോരാതെ... 

പിറവിമുതലൊടുക്കം വരെ ഏകാന്തതയിലൂടെ നടക്കുന്ന മനുഷ്യനെ കാലം ചിലയിടങ്ങളിൽ ചേർത്തുകെട്ടുന്നതിനെ അയാൾ പ്രണയമെന്നും കാത്തിരിപ്പെന്നും വേർപാടെന്നും വിളിച്ചു. പ്രിയപ്പെട്ട മാർക്കേസ്, ഒരെഴുത്തുകാരൻ നടന്നുതീർക്കുന്ന ഏകാന്തഭൂമികകൾ, അവിടെ കണ്ടുമുട്ടിപ്പിരിയുന്ന അനേകങ്ങൾ, അതാണെഴുത്തെന്നറിയാം. എങ്കിലും ആ ഭൂമികകളിൽ നിന്ന് നിങ്ങളെങ്ങനെയാണ് ഇങ്ങനെ ഓരോന്നിനെയും വേർതിരിച്ചു പെറുക്കിയെടുത്തതും ഒന്നിനോടൊന്ന് ചേർന്നുനിൽക്കാതെ വയ്യല്ലോയെന്ന് ഇത്രകണ്ട് ഒന്നിച്ചുചേർത്തും. പിന്നെയുമെന്തിനാണ് വായനയുടെ ഒടുക്കം ഓരോ മനുഷ്യനെയും അവന്റെ ലോകത്തിലേക്ക് ഒറ്റക്കുപേക്ഷിച്ചുപോകുന്ന എന്തോ ഒരു മാന്ത്രികതയെ ആ എഴുത്തുകളിലെല്ലാം ഒളിപ്പിച്ചുപോയതും. 

click me!