ആ ആഞ്ഞിലിമരം എവിടെ?

By K P JayakumarFirst Published Jul 6, 2021, 5:02 PM IST
Highlights

വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം രണ്ട്.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 

പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

 

തക്കോഡക്കോ

ഹുന്ത്രാപ്പിയും ബുസാട്ടോയും കാടുകാണാനിറങ്ങി. 'അതിനിപ്പം കാടെവിടെ?' ബുസാട്ടോക്ക് സംശയം.  

മലയിറങ്ങുമ്പോള്‍ ദോ.. ദൂരെ കാട്. പച്ചക്കുട പിടിച്ചങ്ങനെ  ഡുങ്ക് ഡുങ്കോന്ന് നില്‍ക്കുന്നു. 

ഹുന്ത്രാപ്പി കാടു കണ്ടു. 

പെട്ടെന്നാണവര്‍ ആ ശബ്ദം കേട്ടത്: ''നില്‍ക്കവിടെ..'' 

''അയ്യോ!...'' രണ്ട് പേരും പേടിച്ചു പോയി. ദാ, നില്‍ക്കുന്നു ഒരു ഗഡാഗഡിയന്‍ മരംകൊത്തി!
 
''നിങ്ങളാരാ? എന്താ ഇവിടെ കാര്യം?....'' മരംകൊത്തി അവരുടെ വഴി തടഞ്ഞു.

ഹുന്ത്രാപ്പി തെറ്റാലി റബറ് വലിച്ച് കുലച്ച് വലതുകണ്ണടച്ച് മരംകൊത്തിയെ ഉന്നം പിടിച്ചു. ബുസാട്ടോ ചാടിവീണു, ''ഹുന്ത്രാപ്പി...കൂള്‍ ഡൗണ്‍, ഇത് മാങ്ങയല്ല മരംകൊത്തിയാ.'' അപ്പോഴേക്കും ഹുന്ത്രാപ്പി എറ്റിക്കഴിഞ്ഞിരുന്നു. 

പതിവുപോലെ മറ്റെവിടെയോ ചെന്ന് അത് വീണു. വീണ്ടും തെറ്റാലി ഏറ്റും മുമ്പ് ബുസാട്ടോ ഹുന്ത്രാപ്പിയുടെ മുന്നില്‍ കയറി നിന്നു. എന്നിട്ട് ആ മരംകൊത്തിയോടായി പറഞ്ഞു. 

''ഞാന്‍ ബുസാട്ടോ, ഇത് ഹുന്ത്രാപ്പി. ഞങ്ങള്‍ കാടുകാണാന്‍ ഇറങ്ങിയതാ.''

''കാടെന്താ കാഴ്ച ബംഗ്ലാവോ, ഇത്ര കാണാന്‍. വേഗം സ്ഥലം വിട്ടോ'' മരംകൊത്തി ഗൗരവത്തില്‍ പറഞ്ഞു.

''കാടുംനാടും കണ്ട് തിരിച്ചു ചെല്ലാനാ ഞങ്ങളെ പറഞ്ഞുവിട്ടത്.'' ഹുന്ത്രാപ്പി കേറിപ്പറഞ്ഞു.  

''അതു കൊള്ളാം. ഇങ്ങനാണ് സ്വഭാവമെങ്കില്‍, തിരിച്ചു ചെല്ലാന്‍ വഴിയില്ല.'' 

ഹുന്ത്രാപ്പിയുടെ തെറ്റാലിയും പിടിച്ചുള്ള നില്‍പ്പ് തീരെ സുഖിക്കാത്ത മട്ടില്‍ മരം കൊത്തി പറഞ്ഞു. 

''ങ്ഹാ...ആരാ നിളെ ഇങ്ങോട്ടയച്ചത്?''-അവന്‍ തിരക്കി.

''ബഷീര്‍'' പരുങ്ങലോടെയാണ് അവര്‍ പറഞ്ഞത്.

''ഏത് ബഷീര്‍..?'' 

''ഈ കഥയൊക്കെ എഴുതുന്ന വൈക്കം മുഹമ്മദ് ബഷീര്‍'' ബുസ്സാട്ടോ പറഞ്ഞു.

ബഷീറിന്റെ പേരു കേട്ടതും മരങ്കൊത്തി ഒന്നു തണുത്തു. ''അതു ശരി എന്നാല്‍ ആദ്യം പറയണ്ടേ...'' 

ഹാവു! സമാധാനമായി. ഈ മരംകൊത്തി ബഷീറിനെ അറിയും. ഭാഗ്യം. 

''ശരി, കാടുകാണാന്‍ അനുവദിക്കാം. പക്ഷെ ആയുധങ്ങളുമായി കാട്ടില്‍ കയറാന്‍ പാടില്ല. ഈ തെറ്റാലി കാടിന് പുറത്തുകളയണം.'' 

''അയ്യോ, ഇത് ആയുധമൊന്നുമല്ല. നാട്ടില്‍ ഞങ്ങള് കളിക്കുന്നതാ...'' ബുസാട്ടോ പറഞ്ഞു. 

തന്റെ തെറ്റാലിയെ വിലകുറച്ച് കാട്ടിയത് ഹുന്ത്രാപ്പിക്ക് തീരെ പിടിച്ചില്ല. പക്ഷേ അവന്‍ നീരസം പുറത്തുകാട്ടിയില്ല. 

''ങ്ഹാ, ശരി... ശരി എന്നോടൊപ്പം നടന്നോളു'' മരംകൊത്തി പറഞ്ഞു. 

''അല്ല, നമ്മള്‍ കൂട്ടായ സ്ഥിതിക്ക് നിങ്ങളുടെ പേരൊന്നു പറയാമോ?.'' ബുസാട്ടോ മരങ്കൊത്തിയോടു ചോദിച്ചു. 

''ഞാന്‍ തക്കോഡക്കോ, സ്നേഹമുള്ളവര്‍ തക്കു എന്നു വിളിക്കും. ഈ കാടിന്റെ കാവല്‍ക്കാരനാണ്.''

''കാടിനെന്തിനാ കാവല്'' ഹുന്ത്രാപ്പിക്ക് മനസ്സിലായില്ല. 

''പണ്ടൊന്നും കാടിന് കാവലുണ്ടായിരുന്നില്ല...'' തക്കോഡക്കോ കഥപറഞ്ഞു. ''മൃഗങ്ങളും പക്ഷികളും മനുഷ്യരും കളിച്ചും ചിരിച്ചും കൂട്ടുകൂടിയും ജീവിച്ചിരുന്ന കാലത്ത്. ഇപ്പോള്‍ ആ കാലമൊക്കെ മാറിപ്പോയില്ലേ?''
 
''തക്കുവിന്റെ വീടെവിടെയാ?'' ഹുന്ത്രാപ്പി ചോദിച്ചു. 

''കാട്ടിലെ ഒരൊറ്റ മരത്തിന്റെ മുകളിലായിരുന്നു ഞങ്ങളുടെ കൂട്. ഞങ്ങള്‍ മൂന്ന് കുട്ടികളായിരുന്നു.'' തക്കോഡക്കോ പറഞ്ഞു. ''ഞാനായിരുന്നു മൂത്തത്. എനിക്കു താഴെ രണ്ട് അനുജത്തിമാര്‍. അവര്‍ക്ക് തൂവല്‍ മുളച്ചിരുന്നില്ല.'' 

തക്കോഡക്കോയുടെ മനസ്സ് കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയി. പഴയ കഥകള്‍ ഓരോന്നായി അവന്‍ ഓര്‍മ്മിച്ചെടുത്തു. അല്ലെങ്കില്‍ തന്നെ ഓര്‍മ്മിച്ചെടുക്കേണ്ട, ആ കാലം അവനെങ്ങനെ മറക്കാനാണ്? 

 

വര: ജഹനാര

 

അച്ഛനും അമ്മയും മൂന്നുമക്കളും അടങ്ങുന്ന തക്കോഡക്കോയുടെ കുടുംബം കാടിനുള്ളില്‍ സുഖമായി കഴിയുകയായിരുന്നു. അച്ഛന്‍ മരംകൊത്തിയായിരുന്നു കാട്ടിലെ പെരുന്തച്ചന്‍. മരം കണ്ടാല്‍ മതി അതിന്റെ പ്രായവും കടുപ്പവും തച്ചന്‍ മരംകൊത്തി പറയും. പക്ഷികളും അണ്ണാറക്കണ്ണന്‍മാരുമൊക്കെ തച്ചന്റെ ഉപദേശമനുസരിച്ചാണ് കൂടൊരുക്കാന്‍ മരം തെരഞ്ഞെടുത്തിരുന്നത്. രാവിലെ കൂടുവിട്ടിറങ്ങുന്ന തച്ചന്‍ മടങ്ങിയെത്താന്‍ സന്ധ്യയാകും. വന്‍മരങ്ങളുടെ മുകളില്‍വരെ പറന്നുചെന്ന് വിവരങ്ങള്‍ തിരക്കിയും, കീടങ്ങളെ കൊത്തിപ്പെറുക്കി മരം കേടുവരാതെ കാത്തും, മറ്റ് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമൊപ്പം മരങ്ങളുടെ വിത്തുകള്‍ നട്ടുവളര്‍ത്തിയും സന്ധ്യമയങ്ങുവോളം തച്ചന്‍കിളിക്ക് തിരക്കാണ്.

അമ്മക്കിളിയോ? കുഞ്ഞിക്കിളികളെ കൊഞ്ചിച്ചും താലോലിച്ചും അത് കൂട്ടില്‍ തന്നെ കഴിഞ്ഞു. വിശന്നു കരയുമ്പോള്‍ അമ്മക്കിളി അവരുടെ വായില്‍ തീറ്റ വച്ചുകൊടുക്കും. ചിറകിനുള്ളില്‍ കിടത്തി ഉറക്കും. അപ്പോഴെല്ലാം കൂട്ടുകാര്‍ക്കൊപ്പം പറന്നും കളിച്ചും തക്കോഡക്കോ ചുറ്റുവട്ടത്തു തന്നെ ഉണ്ടാവും. 

ആ ദിവസവും പതിവുപോലെ തച്ചന്‍ മരംകൊത്തി കിഴക്കന്‍ കാട്ടിലേക്ക് പുറപ്പെട്ടു. അവിടെ പുല്‍മേട്ടില്‍ മരം നടുന്ന കിളിക്കൂട്ടത്തിലേക്കാണ് തച്ചന്‍ പോയത്. ഇന്ന് കൂട്ടിന് തക്കോഡക്കോയുമുണ്ട്. ''ഇവന്‍ കാടൊക്കെ ഒന്നു കണ്ടു പഠിക്കട്ടെ. ഇവന്റെ പ്രായമുള്ള ധാരാളം കിളിക്കുട്ടികളും അവിടെയുണ്ടാവും.'' തച്ചന്‍ അമ്മക്കിളിയോടു പറഞ്ഞു.

യാത്രക്കുമുമ്പ് തക്കോഡക്കോ കുഞ്ഞനുജത്തിമാര്‍ക്ക് ഉമ്മ കൊടുത്തു. അമ്മക്കിളിയോട് യാത്ര പറഞ്ഞ് അവര്‍ കിഴക്കന്‍ കാട്ടിലേക്ക് പറന്നു.  

സമയം ഏതാണ്ട് ഉച്ചയായിക്കാണും. 

കാട് ശാന്തമായിരുന്നു. 

അപ്പോഴാണ് പടിഞ്ഞാറന്‍ കാട്ടില്‍നിന്നും ഒരു ശബ്ദം! അത് വളര്‍ന്നുവളര്‍ന്ന് വലിയ ബഹളമായി. 

പക്ഷികള്‍ കൂടുകളില്‍നിന്നും തല പുറത്തേക്കിട്ടശേഷം പിന്‍വലിഞ്ഞു. മുയലുകള്‍ മാളത്തിന്റെ കിളിവാതിലുകള്‍ മെല്ലെത്തുറന്നടച്ചു. മാനുകള്‍ കുറ്റിക്കാടുകള്‍ക്കുമറവില്‍ ശ്വാസമടക്കിപ്പിടിച്ചുനിന്നു. ഈ കാട്ടില്‍ അതിനുമുമ്പ് ആരും ഇത്രയധികം ഭയന്നുവിറച്ചിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. 

അത് ഒരുകൂട്ടം മനുഷ്യരായിരുന്നു. അവര്‍ അലറിവിളിച്ച് കാടിളക്കി വന്നു. അമ്മക്കിളി തനിച്ചിരിക്കുന്ന ആ ഒറ്റമരമായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. മരത്തിന്റെ കടക്കല്‍ തന്നെ മഴുവീണു. അപ്പോള്‍ ഇലകളും കമ്പുകളും ഇളകി. മരം പിടഞ്ഞു. 

അമ്മക്കിളി നിലവിളിച്ചുകൊണ്ട് കൂടിന് പുറത്തേക്കു പറന്നു. കുഞ്ഞുങ്ങള്‍ ഒന്നും മനസ്സിലാകാതെ കരഞ്ഞു. താഴേക്കു പറന്ന അമ്മക്കിളിയുടെ നേരെ ആള്‍ക്കൂട്ടത്തിലൊരുവന്‍ ഒരു മരക്കമ്പ് വീശിയെറിഞ്ഞു. അമ്മക്കിളി പിടച്ചിലോടെ നിലത്തുവീണു. പിന്നെ ഒരിക്കലും അത് എഴുന്നേറ്റില്ല.  

പിടിച്ചുനില്‍ക്കാനാവാതെ ഒറ്റയാന്‍മരം മുറിഞ്ഞ് ഒരലര്‍ച്ചയോടെ നിലത്തുവീണു. കൂട്ടില്‍നിന്നും രണ്ട് ചോരക്കുഞ്ഞുങ്ങള്‍ തെറിച്ചുപോയി. അവരുടെ ചോരയും ഇറച്ചിയും കുഞ്ഞിത്തൂവലും ഇലകളില്‍ ചിതറിക്കിടന്നു. 

അപ്പോള്‍ കിഴക്കന്‍ കാട്ടില്‍ തക്കോഡക്കോ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. 

പുല്‍മേട്ടില്‍ മരങ്ങളുടെ വിത്തു നടുന്ന തിരക്കിലായിരുന്നു തച്ചന്‍ മരംകൊത്തിയും കൂട്ടരും. ഇടക്ക് അച്ഛന്‍ തക്കോഡക്കോയോടുപറഞ്ഞു. ''തക്കൂ, നീ ദൂരെയെങ്ങും പോവരുത്. ഞാന്‍ കൂട്ടിലൊന്ന് പോയി വരാം.''

''ഇല്ല, പോവില്ല. ഞാനിവിടെ ഉണ്ടാവും.'' തക്കോഡക്കോ പറഞ്ഞു.

തച്ചന്‍ കാടിനുമീതേ ഉയര്‍ന്നു. എന്നിട്ട് ദൂരേക്ക് പറന്നു.  

സമയം ഏറെ വൈകിയിട്ടും തച്ചന്‍ മരംകൊത്തി മടങ്ങിയെത്തിയില്ല. സന്ധ്യ കഴിഞ്ഞു. പക്ഷികള്‍ മക്കളെയും കൂട്ടി കൂട്ടിലെത്തി. 

തക്കോഡക്കോ തനിച്ചാവുകയാണ്. ഓരോരുത്തരായി യാത്രപറഞ്ഞ് പറന്നു. അവന്‍ ഒരു മരക്കൊമ്പില്‍ കയറി തച്ചനെ കാത്തിരുന്നു. അവന്‍ തനിച്ചാണെന്ന കാര്യം തിരക്കിട്ട പോകുന്ന മറ്റുകിളികള്‍ ശ്രദ്ധിച്ചില്ല. എല്ലാവരും പോയി. 

ഇരുട്ടായി. അച്ഛനെ കാണുന്നില്ല. തക്കോഡക്കോയുടെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ അവിടെയിരുന്ന് ഏറെനേരം കരഞ്ഞു. അതിലും ഉച്ചത്തില്‍ അടുത്തെവിടെയോ നിന്ന് ചീവീടുകള്‍ കരഞ്ഞു. 

കാട് ഇരുണ്ടു. കാടിനുമുകളില്‍ വല്ലപ്പോഴും ഒരു മിന്നാമിനുങ്ങ് വന്നുപോയി. തക്കോഡക്കോ ആ മരത്തിലെ ഇലകളോട് കൂടുതല്‍ ഒട്ടിച്ചേര്‍ന്നു. അമ്മക്കിളിയുടെ ചിറകിന്റെ ചൂട് അവന് ഓര്‍മ്മവന്നു. ഉറങ്ങുന്ന കുഞ്ഞനുജത്തിമാരെ ഓര്‍മ്മ വന്നു. അവന് സങ്കടം കൂടി. രാത്രിയില്‍ അച്ഛന്‍ അവനെ ഉറക്കാന്‍ പാടിക്കൊടുക്കാറുള്ള പാട്ടുകള്‍ ഓര്‍മ്മ വന്നു. അവനത്  ഒറ്റയ്ക്ക് പാടിക്കൊണ്ടിരുന്നു. കരഞ്ഞുകരഞ്ഞ് രാത്രിയിലെപ്പോഴോ അവന്‍ ഉറങ്ങിപ്പോയി.

രാവിലെ പക്ഷികളുടെ കലപില കേട്ടാണ് അവന്‍ ഉണര്‍ന്നത്. നേരം വെളുക്കുന്നതേയുള്ളു. 

ആരോ വിളിക്കുന്നുണ്ടോ? 

അവന്‍ ചെവി വട്ടം പിടിച്ചു. 

''തക്കൂ....തക്കൂ....'' ശരിയാണ് ആരോ വിളിക്കുന്നുണ്ട്. 

''ഹോയ്......ഹോയ്......ഞാനിവിടെയുണ്ടേ.....'' അവന്‍ കഴിയാവുന്നത്ര ഉറക്കെ വിളിച്ചു പറഞ്ഞു. 

പക്ഷെ, കരഞ്ഞുകരഞ്ഞ് ശബ്ദം അടഞ്ഞുപോയിരുന്നു. ഒച്ച അധികം ദൂരേക്ക് കേട്ടില്ല. 

എന്നിട്ടും അവന്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. 

''ഹോയ്......ഹോയ്......ഞാനിവിടെയുണ്ടേ.....'' 

ഒടുവില്‍ മലമുഴക്കി വേഴാമ്പലാണ് അവനെ കണ്ടുപിടിച്ചത്. അപ്പോഴേക്കും അവന്‍ ആകെ തളര്‍ന്നിരുന്നു. മലമുഴക്കി ഒച്ചവെച്ച് മറ്റ് പക്ഷികളെ വിളിച്ചുവരുത്തി. കോമന്‍ പരുന്ത് തക്കുവിനെ കാലുകളില്‍ വാരിയെടുത്ത് പറന്നു. കിളിക്കൂട്ടം അവനെ പിന്തുടര്‍ന്നു. ഒരു കൂറ്റന്‍ വെള്ളിലവ് മരത്തിലായിരുന്നു കോമന്റെ കൂട്. അവിടേക്കാണ് പരുന്ത് തക്കുവിനെ കൊണ്ടുപോയത്. തൂവലും പഞ്ഞിയും വിരിച്ച കൂട്ടിനുള്ളില്‍ തക്കുവിനെ കിടത്തി. വെള്ളം കൊടുത്തു. 

അവന്‍ പനിച്ച് വിറക്കുകയായിരുന്നു. പരുന്ത് ചിറകുവിരിച്ച് അവനെ പുതപ്പിച്ചു. ദിവസങ്ങളോളം തക്കോഡക്കോ അങ്ങനെ കിടന്നു. 

ദിവസങ്ങള്‍ കഴിഞ്ഞുപോയി. തക്കോഡക്കോ മെല്ലെ കണ്ണുകള്‍ തുറന്നു. അവന്‍ കാടിന്റെ ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. അവന് വല്ലാതെ വിശന്നു. പരുന്ത് ധാന്യമണികളും വെള്ളവും വച്ചിരുന്നു. തക്കോഡക്കോ ആര്‍ത്തിയോടെ അത് കൊത്തിത്തിന്നു. വെള്ളം കുടിച്ചു. അപ്പോഴാണ് താന്‍ എവിടെയാണെന്ന് അവന്‍ ഓര്‍ക്കുന്നത്. അവന്‍ മെല്ലെ കൂടിനു പുറത്തുവന്നു. ആ കാട്ടിലെ ഏറ്റവും വലിയ മരത്തിലാണ് താനെന്ന് തക്കോഡക്കോ അപ്പോഴാണ് അറിഞ്ഞത്. 

തക്കോഡക്കോ മെല്ലെ ചിറകുവിരിച്ച് താഴത്തെ ചില്ലയിലേക്കു പറന്നു. പറക്കാന്‍ കഴിയുന്നുണ്ട്. അവന്‍ മെല്ലെ അടിക്കാടുകളിലേക്ക് പറന്നിറങ്ങി.  പറന്നപ്പോള്‍ തന്നെ അവന്റെ ക്ഷീണമെല്ലാം മാറി. മരങ്ങള്‍ക്കിടയിലൂടെ അവന്‍ ചുറ്റിപ്പറന്നു. 

തക്കോഡക്കോ അവന്റെ കൂട് അന്വേഷിച്ചാണ് ഇപ്പോള്‍ പറക്കുന്നത്. 

അവിടെ ഒന്നുമുണ്ടായിരുന്നില്ല. 

ആഞ്ഞിലിമരം എവിടെ? 

കൂട് എവിടെ?

അമ്മ എവിടെ? അച്ഛന്‍ എവിടെ? 

അനിയത്തിമാര്‍ എവിടെ? 

തക്കോഡക്കോ നിലത്തുവീണ കമ്പുകള്‍ക്ക് ചുറ്റും ഉറക്കെ നിലവിളിച്ച് കൊണ്ട് പറന്നുനടന്നു. അവന്റെ കണ്ണുകളില്‍ ഇരുട്ടുകയറി. ചിറകുകള്‍ കുഴഞ്ഞു. 

ഉണരുമ്പോള്‍ അവന്‍ കോമന്‍ പരുന്തിന്റെ കൂട്ടിലായിരുന്നു. കോമന്‍ അടുത്തു തന്നെയുണ്ടായിരുന്നു. പുറത്ത് പക്ഷിക്കൂട്ടങ്ങള്‍ കാത്തു നിന്നു. കോമന്‍ സാവധാനം തക്കോഡക്കോയോട് സംഭവിച്ചതെല്ലാം പറഞ്ഞുകൊടുത്തു. 

''തച്ചന്‍ മരംകൊത്തി ആ സമയത്താണ് കൂട്ടിലേക്ക് തിരിച്ചെത്തിയത്. മരംവെട്ടുകാര്‍ തച്ചനെ പിടികൂടി കൊണ്ടുപോയി. ഇപ്പോള്‍ നഗരത്തിലെ മൃഗശാലയിലാണത്രെ.'' കോമന്‍ ഒന്നു നിര്‍ത്തി. 

''ഇനി നിനക്ക് ഞങ്ങളാണ് എല്ലാം. നീ ഒറ്റയ്ക്കല്ല. ''കോമന്‍ പരുന്ത് പറഞ്ഞു. 

ഒന്നും വിശ്വസിക്കാനാവാതെ തക്കോഡക്കോ കരഞ്ഞുകൊണ്ടിരുന്നു. 

തത്തമ്മയും, കുയിലമ്മയും അവനെ സമാധാനിപ്പിച്ച് അടുത്തുതന്നെ നിന്നു. 

(അടുത്ത ഭാഗം നാളെ)

 

ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
 

click me!