ഞാന്‍ ഒരു സ്ത്രീയാണ്, ലബനീസ് എഴുത്തുകാരി ജൗമാന ഹദ്ദാദ് എഴുതിയ കവിത

By Vaakkulsavam Literary FestFirst Published Jan 21, 2020, 6:41 PM IST
Highlights

വാക്കുല്‍സവത്തില്‍, ലബനീസ് എഴുത്തുകാരി ജൗമാന ഹദ്ദാദ് എഴുതിയ കവിത. ഞാന്‍ ഒരു സ്ത്രീയാണ്. വിവര്‍ത്തനം: കെ. ദിലീപ് കുമാര്‍ 

അറബ് എഴുത്തുകാരികളില്‍ ശ്രദ്ധേയയായ ജൗമാന ഹദ്ദാദ് എഴുതിയ കവിതയുടെ വിവര്‍ത്തനം. എഴുത്തുകാരി, പ്രഭാഷക, മാധ്യമപ്രവര്‍ത്തക, ഫെമിനിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയായ  ജൗമാന സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് സജീവമാണ്. സമത്വം, മനുഷ്യവകാശം, മതേതരത്വം എന്നിവയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന ഈ കവിത ലെബനോനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. വിവര്‍ത്തനം: കെ. ദിലീപ് കുമാര്‍ 

 

 

ഞാന്‍ ഒരു സ്ത്രീയാണ്

 

ആര്‍ക്കും ഊഹിക്കാനാവില്ല,
മൗനിയായിരിക്കുമ്പോള്‍ ഞാനെന്ത് പറയുന്നുവെന്ന്.
കണ്ണടച്ചിരിക്കുമ്പോള്‍ ഞാനെന്ത് കാണുന്നുവെന്ന്.
ഞാന്‍ വഹിക്കപ്പെടുമ്പോള്‍
എങ്ങനെയാണ് വഹിക്കപ്പെടുന്നതെന്ന്.
ഞാന്‍ കൈകള്‍ നീട്ടുമ്പോള്‍
എന്താണ് അന്വേഷിക്കുന്നതെന്ന്.

ആര്‍ക്കും, ആര്‍ക്കും തന്നെ അറിയാനാവില്ല,
എനിക്കെപ്പോഴാണ് വിശക്കുന്നതെന്ന്.
ഞാന്‍ എപ്പോഴാണ് യാത്രപോകുന്നതെന്ന്.
ഞാന്‍ എപ്പോഴാണ് നടക്കുന്നതെന്നും
എപ്പോഴാണ് അപ്രത്യക്ഷയാകുന്നതെന്നും.

എന്റെ പോക്ക് ഒരു മടക്കയാത്രയാണോ എന്ന്,
എന്റെ മടക്കയാത്ര ഒരു ഒഴിഞ്ഞുമാറലാണോ എന്ന്,
എന്റെ ദൗര്‍ബല്യം ഒരു മുഖംമൂടിയാണോയെന്ന്,
എന്റെ ശക്തി ഒരു മുഖംമൂടിയാണോയെന്നും,
വരാനിരിക്കുന്നത് ഒരു കൊടുങ്കാറ്റാണോ എന്നും...

അവര്‍ വിചാരിക്കുന്നു, അവര്‍ക്കറിയാമെന്ന്.
ആയിക്കോട്ടെ.
സംഭവിക്കുന്നത് ഞാനാണ്.

അവരെന്നെ തടവറയിലിടുന്നു;
എന്റെ സ്വാതന്ത്ര്യം അവര്‍ തരുന്ന സ്വാതന്ത്ര്യമെന്ന മട്ടില്‍.
അവരെ ഞാന്‍ അനുസരിക്കണമെന്നും
എനിക്ക് നന്ദിയുണ്ടായിരിക്കണമെന്നും അവര്‍ കരുതും.
അവര്‍ക്കു മുമ്പ് ഞാന്‍ സ്വതന്ത്രയായിരുന്നു.
അവര്‍ക്കു ശേഷവും
അവരോടൊപ്പവും
അവര്‍ ഒപ്പമില്ലാത്തപ്പോഴും
പീഡനമേറ്റുവാങ്ങുമ്പോഴും
ഞാന്‍ സ്വതന്ത്ര.

പരാജയപ്പെടുമ്പോഴും
എന്റെ തടവറയാണ് എനിക്കുവേണ്ടത്.
എന്റെ തടവറയുടെ താക്കോല്‍ അവരുടെ നാവിലാവാം.
എന്നാല്‍ അവരുടെ നാവ് ചുറ്റപ്പെട്ടിരിക്കുന്നത്
എന്റെ തൃഷ്ണയുടെ വിരലുകളിലാണ്.
എന്റെ തൃഷ്ണ അവരുടെ ആജ്ഞക്ക് വെളിയിലും.

ഞാനൊരു സ്ത്രീയാണ്.
അവര്‍ വിചാരിക്കുന്നു,
എന്റെ സ്വാതന്ത്ര്യത്തിന്റെ ഉടമകളെന്ന്.
ആയിക്കോട്ടെ.
സംഭവിക്കുന്നത് ഞാനാണ്.

........

ഞാന്‍ ഓര്‍മ്മിക്കുന്നില്ല

ബന്ധിതമായ കണ്ണുകളോടുകൂടിയ
ഒരു മനുഷ്യനുവേണ്ടിയാണ്
പകല്‍വെളിച്ചത്തില്‍ നഗ്‌നയാക്കപ്പെടുന്നതെന്നത്
ഞാന്‍ ഓര്‍മ്മിക്കുന്നില്ല.

ഞാന്‍ ഓര്‍മ്മിക്കുന്നില്ല.
ഞാന്‍ ഉമിനീര്‍പോലെ ഒഴുകുകയായിരുന്നെന്നും
അവന്‍ തൃഷ്ണയുടെ അപ്രാപ്യതയായിരുന്നെന്നും.
ഞാനൊരു ആര്‍ത്തിയുള്ള വിശപ്പുകാരിയാണെന്നും
അവനൊരു അപാരമായ ശയ്യയാണെന്നും.
ഞാനൊരു ദിഗ്വിജയിയാണെന്നും
അവനൊരു കീഴടക്കപ്പെട്ട നഗരമാണെന്നും.

ഞാന്‍ ഓര്‍മ്മിക്കുന്നില്ല.
ഓര്‍മ്മിക്കുന്നതേയില്ല,
ഞാനൊരു മനുഷ്യനെ കൊടുങ്കാറ്റുപോലെ കീഴടക്കിയെന്ന്.
എന്റെ ദൗര്‍ബല്യങ്ങള്‍ക്കു നേര്‍ക്ക് തുറന്നുകിടക്കുന്ന
ജാലകമാണ് അവന്‍.
അവനുമേല്‍ പനിപോലെ ഞാന്‍ പടര്‍ന്നു പിടിച്ചു.
അവന്റെ ഭ്രമകല്‍പ്പനകള്‍ എന്റെ നാവ് വിഴുങ്ങി.

പുരുഷശരീരം എന്നത് ഒരു യാത്രയാണെന്നും
എന്റെ ശരീരം ഒരു ആഗമനവും
വിടപറച്ചിലുമാണെന്നും എനിക്കറിയാം.
പുരുഷന്റെ ഹൃദയമെന്നാല്‍
ഒരു ജോഡി കൈകളാണെന്ന് എനിക്കറിയാം.
എന്റെ ഹൃദയം ശ്വാസംമുട്ടിക്കുന്ന വാഗ്ദാനമാണെന്നും
വിജയിക്കുമ്പോഴും പതറിപ്പോകുന്ന ഒന്നാണെന്നും എനിക്കറിയാം.

പുരുഷന്റെ വരവെന്നത്
ഒരു ശാന്തമായ വേലിയേറ്റമാണെന്നും
പിന്മാറ്റം താല്‍ക്കാലികമായ തകര്‍ച്ചയാണെന്നും എനിക്കറിയാം.
അവരെ മറക്കാന്‍ എനിക്കറിയാം;
എന്റെ ഓര്‍മ്മകള്‍ക്കുമേല്‍ പൊടിക്കാറ്റായി
അവര്‍ വര്‍ഷിക്കുമെങ്കിലും.

ഒരു ദുരന്തപ്രവചനംപോലെ
ഹൃദയത്തിന്റെ തകര്‍ച്ചയെക്കുറിച്ച് പ്രസ്താവിക്കുന്ന
ഒരു പുരുഷനെയും എനിക്കൊരിക്കലും അറിഞ്ഞുകൂടായിരുന്നു.

എന്നെ ഹവ്വയില്‍നിന്ന് സ്ത്രീയിലേക്ക് പ്രവേശിപ്പിക്കുന്ന
ഒരു പുരുഷനെയും എനിക്കറിഞ്ഞുകൂടാ.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

click me!