ചിറകുകൾ തളർന്ന മാലാഖമാർ: അമ്മദിനത്തിൽ കുഞ്ഞുങ്ങൾക്കൊരു കഥ

By Web TeamFirst Published May 9, 2021, 4:43 PM IST
Highlights

പോകെപ്പോകെ മാലാഖമാർക്ക് ഭൂമിയിലെ എല്ലാം മടുത്തു. മന്ത്രവിദ്യകൾ മടുത്തു. അവരുടെ വെളുത്ത മഞ്ഞുകുപ്പായമെല്ലാം കരിയും ചേറുംപിടിച്ച് മുഷിഞ്ഞു പഴയതായി. 

പണ്ട് പണ്ട് ദൈവം ഭൂമി സൃഷ്ടിച്ചു. വലിയ ഭൂമിയല്ലേ... ഭൂമിയിൽ ആരെങ്കിലും വേണ്ടേ... അതിന് ദൈവം ആൺ രൂപത്തിൽ മനുഷ്യരെ  സൃഷ്ടിച്ചു. ഇത്രവും വലിയ ഭൂമിയിൽ മനുഷ്യർക്ക് പേടിയാവില്ലേ എന്നോർത്ത് ദൈവം സ്വർഗ്ഗത്തിൽ നിന്ന് കുറച്ച് മാലാഖമാരേയും പെൺരൂപത്തിൽ ഭൂമിയിലേക്കയച്ചു. മനുഷ്യർ രണ്ടുകാലിൽ നടന്നപ്പോൾ മാലാഖമാർ പറന്നും ഒഴുകിയും നടന്നു.

മഹാമടിയന്മാരായിരുന്നു മനുഷ്യർ. മാലാഖമാരാവട്ടെ, മാന്ത്രികതയുള്ളവരായിരുന്നു. തങ്ങളുടെ മാന്ത്രികതകൊണ്ട് അവർ മനുഷ്യർക്കു വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തു. എപ്പോഴുമെപ്പോഴും അവർ പ്രസാദിച്ചു. നല്ലവരായിരുന്നു അവർ. സ്വതവേ മടിയന്മാരായ മനുഷ്യർ അതോടെ കുഴിമടിയന്മാരായി. തിന്നും കുടിച്ചും ഉറങ്ങിയും അവർക്ക് എല്ലാറ്റിനും മടിയായി. വന്ന് വന്ന് മാലാഖമാരില്ലെങ്കിൽ അവരുടെ ഒരു കാര്യവും നടക്കില്ലെന്നായി.

മാലാഖമാർ എല്ലാ സമയത്തും ഒരുങ്ങിയും ചമഞ്ഞും ചിരിച്ചും നടന്നു. എപ്പോഴും പരസ്പരം വഴക്കിടുന്ന മനുഷ്യരെ അനുനയിപ്പിച്ചും സ്നേഹിച്ചും മാലാഖമാർ വലഞ്ഞു. സൗന്ദര്യത്തിലും സിദ്ധിയിലും മനുഷ്യരുടെ സ്തുതിവാക്കുകളിലും അവരങ്ങ് മുങ്ങിപ്പോയി.

മാലാഖമാർ മനുഷ്യക്കുഞ്ഞുങ്ങളെ പ്രസവിച്ചു. കുഞ്ഞുങ്ങൾ അമ്മേ എന്നു വിളിച്ചപ്പോൾ അവർ സന്തോഷിച്ച് ചിരിച്ചു. കുഞ്ഞുങ്ങൾ കുഞ്ഞായിരിക്കുമ്പോൾ മാലാഖമാരെ പോലെയും വലുതാവുന്തോറും മനുഷ്യരെപ്പോലെയും ആയിത്തീർന്നു.

പോകെപ്പോകെ മാലാഖമാർക്ക് ഭൂമിയിലെ എല്ലാം മടുത്തു. മന്ത്രവിദ്യകൾ മടുത്തു. അവരുടെ വെളുത്ത മഞ്ഞുകുപ്പായമെല്ലാം കരിയും ചേറുംപിടിച്ച് മുഷിഞ്ഞു പഴയതായി. മാലാഖമാർക്ക് തളർച്ചയും വിളർച്ചയും വന്നു. ചിറകുകൾ തളർന്നു. തങ്ങളെ തിരിച്ച് സ്വർഗ്ഗത്തിലേക്കുതന്നെ കൊണ്ടുപോവണമെന്ന് അവർ ദൈവത്തോട് സങ്കടം പറഞ്ഞു. മനുഷ്യർക്കൊപ്പം കഴിഞ്ഞതുകൊണ്ടും മനുഷ്യക്കുഞ്ഞുങ്ങളുടെ അമ്മയായതുകൊണ്ടും മരിച്ചാലല്ലാതെ അവരെ തിരിച്ചു സ്വർഗ്ഗത്തിലേക്കു കടത്തില്ലെന്നു ദൈവം കട്ടായം പറഞ്ഞു.

കുഞ്ഞുങ്ങൾ അമ്മേയെന്ന്  വിളിക്കുമ്പോൾ അവർക്ക് അടിമേയെന്ന് കേൾക്കുന്നപോലെ തോന്നി. മാലാഖമാർക്ക് ദേഷ്യവും സങ്കടം വന്നു. എന്തു ചെയ്യാം! പാവം മാലാഖമാർ. അവർ അരിശപ്പെട്ടും അലിഞ്ഞും കരഞ്ഞുമൊക്കെ നോക്കി. മനുഷ്യരുണ്ടോ കേൾക്കുന്നു! ദൈവമുണ്ടോ കേൾക്കുന്നു.

അങ്ങനെയങ്ങനെ കഥയങ്ങനെ പോവുന്നു.


 

click me!