സുധാകര്‍ മംഗളോദയം നമുക്ക് വലിയ ഭാവനയുള്ള മനുഷ്യനാണ്, അയാള്‍ കാണിച്ചുതന്ന ലോകങ്ങള്‍ പ്രിയപ്പെട്ടതാണ്...

By Rini RaveendranFirst Published Jul 19, 2020, 11:24 AM IST
Highlights

അതേ, സാധാരണക്കാര്‍ക്ക് ഇത്രയധികം വായന സാധ്യമാക്കിയ വേറെ ഏത് പുസ്‍തകങ്ങളുടെ പേര് പറയാനാവും നമുക്ക്? പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള, എഴുതാനും വായിക്കാനും മാത്രമറിയാവുന്ന അനേകരെ പുസ്‍തകപ്രേമിയാക്കിയതില്‍ സുധാകര്‍ മംഗളോദയമടങ്ങുന്ന ആ എഴുത്തുകാരുടെ നേര്‍ക്കല്ലാതെ ആരുടെ നേര്‍ക്കാണ് വിരല്‍ ചൂണ്ടാനാവുക?

പുസ്‍തകവണ്ടിയെ കുറിച്ച് കേട്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഓരോ ഇടവേളകളിലും ഗ്രാമഗ്രാമാന്തരം കയറിയിറങ്ങിയിരുന്ന പുസ്‍തകവണ്ടികള്‍. 1850 -ല്‍ ഇംഗ്ലണ്ടിലെ വാരിംഗ്‍ടണിലാണത്രെ ആദ്യത്തെ പുസ്‍തകവണ്ടി പ്രത്യക്ഷപ്പെട്ടത്. കുതിരവണ്ടിയില്‍ നിറയെ പുസ്‍തകങ്ങളുമായി കഥകളും കഥാപാത്രങ്ങളും മനുഷ്യരുടെ ജീവിതത്തില്‍ കയറി ഇടപെട്ടുകൊണ്ടേയിരുന്നു. ആ പുസ്‍തകം കാത്തിരിക്കുന്ന പലപ്രായത്തില്‍പെട്ട അനവധി മനുഷ്യരുടെ മനസെനിക്ക് കാണാനാവും... പക്ഷേ, പുസ്‍തകവണ്ടികള്‍ പോലുമെത്താത്ത നമ്മുടെ നാട്ടിന്‍പുറങ്ങളിലേക്ക് എങ്ങനെയാവും പുസ്‍തകപ്രേമമെത്തിയിരിക്കുക. വായനയുടെ വലിയ ലോകത്തേക്ക് ആരാവും അവരുടെ കൈപിടിച്ചിട്ടുണ്ടാവുക. ഏറെപ്പേരും പറയും അത് 'മ വാരിക'കളാണെന്ന്.

വായന ജനകീയമാകണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും വായിക്കാനാവണം. അവര്‍ക്ക് പുസ്‍തകങ്ങള്‍ കിട്ടണം. അങ്ങനെ ആഴ്‍ചക്കാഴ്‍ചക്കെത്തിയിരുന്ന പുസ്‍തകങ്ങളായിരുന്നു അവ. കനം കുറഞ്ഞ കടലാസുകളില്‍ അതീവ സുന്ദരികളുടെയും സുന്ദരന്‍മാരുടെയും പടങ്ങളും ജീവിതങ്ങളുമായി അവ നാടുകേറി വന്നു. അതിലൂടെ ചില പേരുകളും, ചില മനുഷ്യരും ഉള്ളില്‍ കയറിക്കൂടി. അതിലൊന്നായിരുന്നു സുധാകര്‍ മംഗളോദയം. ചിറ്റയും ഈറന്‍ നിലാവും നന്ദിനി ഓപ്പോളുമടക്കം അനേക നോവലുകള്‍. അവയ്ക്ക് ജീവന്‍ നല്‍കിയ ആളെ നമ്മുടെ അയല്‍പക്കക്കാരനെന്നപോലെ പരിചിതമാവുന്നതും അങ്ങനെയല്ലാതെ മറ്റെങ്ങനെയാണ്? അതുകൊണ്ടല്ലേ 'സുധാകര്‍ മംഗളോദയം അന്തരിച്ചു' എന്ന വാര്‍ത്ത കാണുമ്പോള്‍ 'അയ്യോ' എന്ന് ഒരു നിമിഷത്തേക്കെങ്കിലും നാം സങ്കടപ്പെടുന്നത്. അതേ, ലൈബ്രറികള്‍ പോലുമില്ലാതിരുന്ന അനേകഗ്രാമങ്ങളില്‍ വായനാപ്രേമത്തിന് വിത്തിടാനയാള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആഴ്‍ചകള്‍ തോറും തേടിവന്ന ആ പുസ്‍തകങ്ങളില്‍ പ്രണയവും വിരഹവും ആകാംക്ഷയും നിറച്ച് അയാളെഴുതിയ നോവലുകള്‍ മോഷ്‍ടിച്ചു വായിച്ചുതീര്‍ത്ത കുട്ടിക്കാലം പലര്‍ക്കുമുണ്ട്...

വര: പ്രമോദ്  കെ ടി

പല കൈമറിഞ്ഞെത്തുന്ന മ വാരികകള്‍ക്കുവേണ്ടി കൊതിയോടെ കാത്തിരുന്ന അനേകരുണ്ട്. അതിലെ നായികയെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്തവരുണ്ട്. കല്യാണപ്പുരകളിലെ തലേരാത്രികളില്‍, മരണം കഴിഞ്ഞ് നടക്കുന്ന അടിയന്തിരങ്ങളില്‍, പാര്‍ട്ടി യോഗങ്ങളില്‍, ഉത്സവത്തിനും തെയ്യത്തിനുമെല്ലാം കണ്ടുമുട്ടുമ്പോള്‍ അവര്‍ പരസ്‍പരം ചോദിച്ചു, 'അല്ലണേ ഈയാഴ്‍ചത്തെ കിട്ടീനാ? വായിച്ചിറ്റ് തെരണേ' (അല്ലടീ, ഈ ആഴ്‍ചത്തെ പുസ്‍തകം കിട്ടിയോ? നീ വായിച്ചിട്ട് തരണം). ഒരു വീട്ടില്‍നിന്നും മറ്റൊരു വീട്ടിലേക്ക് പുസ്‍തകം കടത്താനേറ്റ കുട്ടികളും നടത്തത്തിനിടയില്‍ ആ നോവലുകള്‍ വായിച്ചുതീര്‍ത്തു. അനേകം കുട്ടികള്‍ക്ക് എക്സ്‍പ്രസ് വേഗത്തില്‍ വായിക്കാനാവുന്നതിലും അങ്ങനെ ആ നോവലുകള്‍ക്ക് പങ്കുണ്ടായി.

അതേ, സാധാരണക്കാര്‍ക്ക് ഇത്രയധികം വായന സാധ്യമാക്കിയ വേറെ ഏത് പുസ്‍തകങ്ങളുടെ പേര് പറയാനാവും നമുക്ക്? പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള, എഴുതാനും വായിക്കാനും മാത്രമറിയാവുന്ന അനേകരെ പുസ്‍തകപ്രേമിയാക്കിയതില്‍ സുധാകര്‍ മംഗളോദയമടങ്ങുന്ന ആ എഴുത്തുകാരുടെ നേര്‍ക്കല്ലാതെ ആരുടെ നേര്‍ക്കാണ് വിരല്‍ ചൂണ്ടാനാവുക?

വായിക്കുമ്പോള്‍ ഒരാകാംക്ഷ വേണം, സുധാകര്‍ മംഗളോദയം അത് തന്നിരുന്നു
(പി വി ചാക്കോ, കോട്ടയം)

എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച 74 -കാരന്‍ കോട്ടയം കുടയംപടിയിലെ പി. വി ചാക്കോ ഒരു വലിയ വായനക്കാരനാണ്. ഏത് പുസ്‍തകവും ആര്‍ത്തിയോടെ വായിക്കുന്നയാള്‍. എന്നാല്‍, അതിലേക്ക് വഴിവെട്ടിയത് സുധാകര്‍ മംഗളോദയവും, ബാബു മെഴുവേലിയും, ബാറ്റണ്‍ ബോസുമൊക്കെത്തന്നെ. ഇന്ന് രാവിലെ ചാക്കോ വലിയ വിഷമത്തിലായിരുന്നു. അയാള്‍ക്ക് പ്രിയപ്പെട്ടൊരാളുടെ മരണത്തെച്ചൊല്ലി, അത് സുധാകര്‍ മംഗളോദയമായിരുന്നു.  

''പത്തുപന്ത്രണ്ട് വയസുള്ളപ്പോഴാണ് വായന തുടങ്ങിയത്. വായിച്ചിരുന്നതോ അന്ന് മനോരമ വീക്കിലിയൊക്കെയിരുന്നു. അങ്ങനെയാണ് സുധാകര്‍ മംഗളോദയത്തെ ഒക്കെ പരിചയപ്പെടുന്നത്. ബാബു മെഴുവേലി, ജെയ്‍സി, ബാറ്റണ്‍ ബോസ്, പുഷ്‍പനാഥ്, പാറപ്പുറത്ത്, കാനം ഇജെ, കാരൂര്‍ ഇവരെയൊക്കെ വായിച്ചു. സാധാരണയായി അന്ന് നമുക്ക് കിട്ടുന്ന പുസ്‍തകങ്ങള്‍ അതൊക്കെയാണ്. 71 കാലം മുതലാണ് നോവലുകള്‍ വായിക്കാന്‍ തുടങ്ങിയത്. അതുവരെ പൈസയില്ല. ആരെങ്കിലും വാങ്ങിക്കുന്നതൊക്കെ വാങ്ങിവയിക്കാറാണ്. പിന്നെ, അന്ന് മാസം രണ്ട് രൂപ കൊടുത്താല്‍  ലൈബ്രറി പുസ്‍തകങ്ങള്‍ വീട്ടിലെത്തിക്കും. അങ്ങനെയും വായിക്കും. വായിക്കുമ്പോ നമുക്കൊരു ആകാംക്ഷയൊക്കെ വേണം. എന്താവും എന്താവും എന്നൊരാകാംക്ഷ... അങ്ങനെയുള്ള പുസ്‍തകങ്ങളോടായിരുന്നു ഇഷ്‍ടക്കൂടുതല്‍. ജനപ്രിയനോവല്‍, കുടുംബ നോവല്‍, ഡിറ്റക്ടീവ് ഇതൊക്കെയാണെനിക്ക് കൂടുതലിഷ്‍ടം. അങ്ങനെയാണ് സുധാകര്‍ മംഗളോദയം പ്രിയപ്പെട്ടതാവുന്നത്. പൈസയായി സ്വന്തം വായിക്കാമെന്ന കാലം വന്നപ്പോ മനോരമയും മംഗളവും വരുത്തും. ആ നോവലുകളൊക്കെ വായിക്കുമ്പോ മനസിന് ആനന്ദം കിട്ടും. ചില നോവലുകളൊക്കെ വായിക്കുമ്പോള്‍ കണ്ണീക്കൂടെ വെള്ളം വന്നിട്ടുണ്ട്. ആ വായനകളാണ് മറ്റ് വായനകളെയുണ്ടാക്കിയത്. അത് നമുക്ക് വിവരമുണ്ടാക്കിത്തന്നു. നമ്മുടെ മക്കള്‍ എന്തെങ്കിലും സംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാന്‍ പറ്റിയത് അതുകൊണ്ടാണ്.'' 

(കുടകംപടിയിലെ ലൈബ്രറിയില്‍ നിന്നും ഇപ്പോഴും മുടങ്ങാതെ പുസ്‍തകമെടുക്കുന്നുണ്ട് ചാക്കോ. കഴിഞ്ഞ ദിവസവും മലയാറ്റൂരിന്‍റെ യന്ത്രമടക്കം നാല് പുസ്‍തകമെടുത്തുവെന്നും ചാക്കോ പറയുന്നു. ആ വായനക്കാരനെയുണ്ടാക്കിയതില്‍ സുധാകര്‍ മംഗളോദയത്തെപ്പോലൊരാള്‍ക്കല്ലാതെ ആര്‍ക്കാണ് പങ്ക്.) 

എല്ലാ വെക്കേഷന്‍ അവസാനിക്കുമ്പോഴും ഞാന്‍ ആ വരി ഓര്‍ക്കുന്നു
(മരിയ റോസ്, എഴുത്തുകാരന്‍)

സുധാകര്‍ മംഗളോദയമെഴുതിയ പല നോവലുകളിലെയും കഥാപാത്രങ്ങളെ കഥാപരിസരങ്ങളെ ഇപ്പോഴും മറക്കാതെ ഉള്ളിലേറ്റുന്നവരുണ്ട്.

''സുധാകര്‍ മംഗളോദയം എഴുതിയ ഒരുപാട് നോവലുകളിലെ കഥാപാത്രങ്ങളും കഥ നടക്കുന്ന ലോകവും അവയൊക്കെ വായിച്ചു കഴിഞ്ഞ് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കൊച്ചി നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ, മനോരമ ആഴ്‍ചപ്പതിപ്പില്‍ സീരിയലൈസ് ചെയ്‍ത 'ഈറന്‍നിലാവ്' എന്ന നോവലും കഥാപാത്രങ്ങളും ഇപ്പോഴും വളരെ പ്രിയപ്പെട്ടതാണ്. ഒരു പ്രത്യേക സ്ഥലത്തിന്‍റെ ലോക്കല്‍ കളര്‍ വിശദമായി അവതരിപ്പിക്കുന്ന നോവല്‍ അന്ന് വളരെ ആകര്‍ഷകമായി തോന്നിയിരുന്നു. അന്ന് പലപ്പോഴും ഏതെങ്കിലും സാങ്കല്‍പികഗ്രാമങ്ങളില്‍ നടക്കുന്ന കഥകളൊക്കെയാണ് ജനപ്രിയ നോവലുകളില്‍ വരിക. എന്നാല്‍, കൊച്ചിനഗരത്തിന്‍റെ സാംസ്‍കാരികമായ ഫ്ലേവര്‍ മനോഹരമായി അവതരിപ്പിച്ചിരുന്നു ഈ നോവല്‍. മറൈന്‍ ഡ്രൈവും, വെണ്ടുരുത്തിപ്പാലവും വില്ലിംഗ്‍ടണ്‍ ഐലന്‍ഡും മട്ടാഞ്ചേരിയും സിനഗോഗും ഫോര്‍ട്ട്‌ കൊച്ചിയുമെല്ലാം അതിന്‍റെ സാംസ്‍കാരികപ്പൊലിമയോടെ നിറഞ്ഞുനിന്നു ഈ നോവലില്‍. ഒലീവിയ എന്നൊരു ജൂതപ്പെണ്‍കുട്ടിയുടെ കഥയായിരുന്നു  'ഈറന്‍നിലാവ്'. മെലഡി ഓഫ് കൊച്ചിന്‍ എന്നൊരു മ്യൂസിക് സ്‍കൂളില്‍ വിദ്യാര്‍ഥിനിയാണ് അവള്‍. നിരവധി സംഗീതോപകരണങ്ങള്‍ വായിക്കുന്ന, പരുക്കന്‍ പ്രകൃതമുള്ള വിനു എന്ന സംഗീതാധ്യാപകന്‍, സുനില്‍ എന്ന വിദ്യാര്‍ത്ഥി ഇവരെ മൂവരെയും ചുറ്റിപ്പറ്റിയായിരുന്നു ആ നോവല്‍. 'Merry Summer Time is Over..Study Time Again...' എന്ന പാട്ട് പാടി മരിച്ച് പോകുന്ന വിനു എന്ന കഥാപാത്രം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

സുധാകര്‍ മംഗളോദയത്തിന്‍റെ ഒരു നോവല്‍ ആരംഭിക്കുന്നു എന്ന് പരസ്യം കാണുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നൊരു ഊഹമുണ്ടാകും. ഫാമിലി, ബന്ധങ്ങള്‍, അതിന്‍റെ സങ്കീര്‍ണതകള്‍. ഒരു കാലത്ത് സിബി മലയിലിന്‍റെ സിനിമ എന്ന് പറയുമ്പോള്‍ പൊതുവേ കിട്ടുന്ന തോന്നല്‍പോലെ. അങ്ങനെയുള്ള ധാരണകള്‍ തെറ്റിച്ചുകൊണ്ടും മംഗളോദയം നോവല്‍ എഴുതിയിട്ടുണ്ട്. മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ഞങ്ങള്‍ സുഖമായിരിക്കുന്നു' എന്ന നോവല്‍ ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ ആയിരുന്നു. ഒരു ടിപ്പിക്കല്‍ മംഗളോദയം ഫാമിലിയുടെ പശ്ചാത്തലത്തിലാണ് നോവലിന്‍റെ ആരംഭം. രണ്ടോ മൂന്നോ ദമ്പതികള്‍, അതിനിടയില്‍ ശ്യാം സുന്ദര്‍ എന്നൊരു വില്ലനസ് സ്വഭാവമുള്ള സുന്ദരസുമുഖനായ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നു. ഫാമിലിയുടെ സമാധാനം നശിപ്പിക്കാന്‍ കഴിയുന്ന ചിലതെല്ലാം കയ്യിലുള്ള ഒരു Sexual Adventurer. ഒരുദിവസം ഒരു ടിവിയുടെ പെട്ടിയ്ക്കുള്ളില്‍ അയാളുടെ ജഡം കാണപ്പെടുന്നു.

നോവലിന് ഇല്ലസ്ട്രേഷന് പകരം ഫോട്ടോകള്‍ കൊടുത്തിരുന്ന 'കനകച്ചിലങ്ക' 'സുഖവാസമന്ദിരം' എന്നീ നോവലുകളും ഓര്‍ത്തിരിക്കുന്നു. രണ്ടാമത് പറഞ്ഞ നോവലിലെ എസ്തേര്‍ മുത്തശ്ശി, സന്തു എന്നീ കഥാപാത്രങ്ങള്‍ വളരെ വ്യക്തതയോടെ ഓര്‍മ്മയിലുണ്ട്. വളരെ ലളിതമായ പാത്രവിവരണം, അതൊഴിച്ചാല്‍ ഏറിയപങ്കും സംഭാഷണങ്ങളിലൂടെയാണ് ഇത്ര ജീവനുള്ള കഥാപാത്രങ്ങളെ ഇവര്‍ വരച്ചെടുക്കുന്നത്. ഇപ്പോള്‍ ചില നോവലിസ്റ്റുകള്‍ പേജുകള്‍ കണക്കിന് ചിലവാക്കിയാലും ഒരു വ്യക്തിത്വമുള്ള ഒരാളെ സൃഷ്ടിച്ചെടുക്കാന്‍ കഷ്ടപ്പെടുന്നത് കാണുമ്പോഴാണ് മംഗളോദയം ഉള്‍പ്പടെയുള്ള ജനപ്രിയ നോവലിസ്റ്റുകള്‍ക്ക് പാത്രസൃഷ്ടിയിലുള്ള മികവ് കണ്ട് അത്ഭുതം തോന്നുക. മുനീര്‍, സുലേഖ/റഹീം-ലൈല എന്നിവരുടെ പ്രേമകഥ പറഞ്ഞ 'കാന്തവിളക്ക്' എന്നൊരു നോവലും അക്കാലത്ത് വായിച്ചിട്ടുണ്ട്. 'കരിയിലക്കാറ്റുപോലെ' എന്ന സിനിമയ്ക്ക് ആധാരമായ കഥ എഴുതിയത് മംഗളോദയമാണ് എന്നത് എനിക്ക് പുതിയ അറിവായിരുന്നു.

പിന്നെയും കുറെയേറെ നോവലുകള്‍ വായിച്ചിട്ടുണ്ട്. ഒരുപാട് വായിക്കപ്പെട്ടു, അവരുടെ നോവലുകള്‍ ആ കാലത്ത് പ്രസാധകര്‍ക്ക് വളരെ വേണ്ടപ്പെട്ടതായിരുന്നു എന്നതൊഴിച്ചാല്‍ സാഹിത്യമെന്ന നിലയില്‍ അന്നുംഇന്നും ആരും പരിഗണിച്ചിട്ടില്ല. ജനപ്രിയ നോവലുകള്‍ വായിച്ച് വന്നവര്‍ പോലും പലപ്പോഴും തള്ളിക്കളയുകയായിരുന്നു. വായനക്കാരെ വായനയിലേയ്ക്ക് പിടിച്ച് കയറ്റി മേലോട്ട് വിട്ട ശേഷം ഇനിയും വരുന്ന വായനക്കാര്‍ക്ക് വേണ്ടി താഴെത്തന്നെ നിലകൊണ്ട് കഥ പറയുകയായിരുന്നു ഈ എഴുത്തുകാര്‍ എല്ലാവരും തന്നെ. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയക്കാലമായത് കൊണ്ട്, എല്ലാവര്‍ക്കും അവരവരുടെ ഓര്‍മ്മകള്‍ എല്ലാവരോടും പറയാന്‍ കഴിയുന്നത് കൊണ്ടാണ് ഇത്രയധികം അവര്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഇത്രയധികം വായനക്കാര്‍ തന്നെ ഓര്‍മ്മിച്ച് കുറിപ്പുകള്‍ എഴുതുമെന്നോ, പ്രസിദ്ധീകരിച്ചശേഷം ഇരുപത്തിയഞ്ച് വര്‍ഷങ്ങളോളം കഴിഞ്ഞിട്ടും തന്റെ നോവലും കഥാപാത്രങ്ങളും ഓര്‍ത്തിരിക്കുമെന്നോ അദ്ദേഹം പോലും കരുതിയിരിക്കാന്‍ ഇടയില്ല.

നോവല്‍ അവസാനിക്കുന്ന ലക്കത്തില്‍ നോവലിസ്റ്റിന്‍റെ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കും. അപ്പോള്‍ ആ പടം നോക്കി "ഹോ ഇദ്ദേഹമാണല്ലോ നമ്മളെ ഇത്രയും ഉദ്വേഗപ്പെടുത്തിയത്" എന്ന് ആശ്ചര്യപ്പെടും. ആ കാലമൊക്കെ കഴിഞ്ഞ് MA -യ്ക്ക് പഠിക്കുമ്പോള്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ വച്ച് 'ഈറന്‍ നിലാവ്' ഒരിക്കല്‍ കൂടി പുസ്‍തകമായി വായിച്ച് ഞാന്‍ ആ പഴയ അനുഭവം ഓര്‍ത്തെടുത്തു. സാധാരണഭാഷയില്‍ ഒരു വിശാലമായ ഒരുലോകം തന്നെ സൃഷ്ടിക്കുന്ന ആ എഴുത്തുരീതി അത്രയൊന്നും Out Dated ആയിരുന്നില്ല. പണ്ട് മറന്ന് പോയ ആ പാട്ടിന്‍റെ വരികള്‍ ഞാന്‍ വീണ്ടും കണ്ടു. എല്ലാ വെക്കേഷന്‍ അവസാനിക്കുമ്പോഴും ഞാന്‍ ആ വരി ഓര്‍ക്കുന്നു. Merry Summer Time is Over, Study Time Again ..

എത്രയോ കാലങ്ങള്‍ പുതിയപുതിയ ലോകങ്ങളും മനുഷ്യരെയും പരിചയപ്പെടുത്തിയതിന് ആദരാഞ്ജലികള്‍, സുധാകര്‍ മംഗളോദയം.''

പൈങ്കിളിയെന്നുമാത്രം തള്ളിക്കളയാനാവുമോ?
(പ്രദീപ് മണ്ടൂര്‍, നാടക പ്രവര്‍ത്തകന്‍)

യുവതയെ വഴി തെറ്റിക്കുന്നുവെന്നാരോപിച്ച് മ വാരികകള്‍ കത്തിച്ചുകളഞ്ഞൊരു കാലമുണ്ടായിരുന്നോ? എന്നാല്‍, അതിനുമുമ്പും ശേഷവും ആരുമത് വായിക്കാതിരുന്നില്ല.

''മുട്ടത്തു വര്‍ക്കിക്കും കാനത്തിനും ശേഷം ഒരു തലമുറയെ വായനയുടെ ലോകത്തെത്തിച്ച സുധാകര്‍ മംഗളോദയം അന്തരിച്ചു എന്ന വാര്‍ത്ത വായനയെ ഗൗരവത്തിലെടുക്കുന്നവര്‍ക്ക് ഒരുപക്ഷേ വലിയ വിഷയമാവണമെന്നില്ല. 'മ' വാരികകള്‍ നാട്ടിലെമ്പാടും കത്തിച്ചുകളഞ്ഞൊരു കാലമുണ്ടായിരുന്നു. വായനക്കാരായ യുവതയെ വഴിതെറ്റിക്കുന്നുവെന്ന ആരോപണമായിരുന്നു അതിനുപിന്നില്‍. എന്നാല്‍, അതിനുമുമ്പും പിമ്പും അത്തരം വാരികകളുടെ ജനപ്രിയതക്ക് മങ്ങലേറ്റില്ല. കാരണം, സുധാകര്‍ മംഗളോദയത്തെപ്പോലെയുള്ള നോവലെഴുത്തുകാര്‍ തന്നെയാണ്. അവരുടെ ഭാഷയും വിഷയവും സാധാരണക്കാര്‍ നെഞ്ചേറ്റി കൊണ്ടുനടന്നു. അതിശയോക്തിയില്ലാതെ പറയട്ടെ, എന്‍റെ 85 വയസുള്ള അമ്മ ഇന്നും ആവേശപൂര്‍വം ഓര്‍ക്കുകയും പറയുകയും ചെയ്യുന്ന പേരുകളിലൊന്ന് (എഴുത്തുകാരില്‍) സുധാകര്‍ മംഗളോദയത്തിന്‍റേതാണ്. അദ്ദേഹത്തിന്‍റെ 'രാമപുരത്തിന്‍റെ കഥ' അത്ര പെട്ടെന്ന് പൈങ്കിളിവല്‍ക്കരിച്ച് തള്ളിക്കയാവുന്ന ഒന്നല്ല എന്നാണെന്‍റെ അഭിപ്രായം. സോഷ്യല്‍ മീഡിയയുടെ തള്ളിക്കയറ്റമില്ലായിരുന്നുവെങ്കില്‍ (കാലം മാറിയതിനെ സ്വീകരിക്കുന്നു) ഒരുപക്ഷേ, ഇപ്പോഴും യുവത ചിരിക്കുകയും കരയുകയും പ്രണയിക്കുകയും സ്വപ്‍നം കാണുകയും ചെയ്യുന്നത് ഇത്തരം എഴുത്തുകാരുടെ രചനകളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെയാവുമെന്നുറപ്പുണ്ട്.''

വായനയുടെ മാന്ത്രികതയിലേക്ക് നയിച്ചതിൽ നന്ദി
(ജേക്കബ് എബ്രഹാം, എഴുത്തുകാരന്‍)

ടെലിവിഷനും മൊബൈല്‍ ഫോണുകളും ഇന്‍റര്‍നെറ്റുമില്ലാതിരുന്ന കാലത്ത് എന്തായിരുന്നു വിനോദം? അതേ, അത് മ വാരികകള്‍ തന്നെയായിരുന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഴ് ദിവസങ്ങള്‍... ചിലപ്പോള്‍ കൈമറിഞ്ഞെത്താന്‍ അതിലും നാളുകളെടുക്കും, കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടും.   

''വീട്ടിൽ ടെലിവിഷനോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത എന്‍റെ കുട്ടിക്കാലത്ത് അമ്മച്ചിയുടെ ഏക വിനോദം മനോരമ ആഴ്ച്ചപ്പതിപ്പ് വായനയായിരുന്നു. രണ്ട് രൂപയുമായി പത്രമപ്പച്ചൻ എന്ന് വിളിക്കുന്ന ഞങ്ങളുടെ നാട്ടിലെ പത്രമപ്പച്ചന്‍റെ വീടും വിതരണ കേന്ദ്രവുമായ റോഡരികിലെ ചെറിയ ഓടിട്ട വീട്ടിൽ നിന്നുംആഴ്ച്ചപ്പതിപ്പ് വാങ്ങി സൈക്കിളിൽ പായും. വീട്ടിൽ അമ്മച്ചി വായിച്ചു കഴിഞ്ഞാൽ എന്‍റെ ഊഴമാണ്. പിൽക്കാലത്ത് എന്നെ വലിയ വായനക്കാരനാക്കിയ നോവലുകൾ. മാജിക്കൽ റിയലിസമായിരുന്നു വായനയുടെ. എത്രമാത്രം ആസ്വദിച്ച കഥാലോകം. ജനപ്രിയ നോവലുകളാണ് കേരളത്തിൽ സാക്ഷരത സൃഷ്ടിച്ചതെന്ന് മാധവിക്കുട്ടി നിരീക്ഷിച്ചിട്ടുണ്ട്... വായനയിലൂടെ... സാക്ഷരതയെ ജനപ്രിയമാക്കിയ പ്രിയ എഴുത്തുകാരൻ സുധാകർ മംഗളോദയത്തിന് ആദരാഞ്ജലി. വായനയുടെ മാന്ത്രികതയിലേക്ക് നയിച്ചതിൽ നന്ദി.''

അതെ, സുധാകര്‍ മംഗളോദയം എന്ന എഴുത്തുകാരന്‍ പലര്‍ക്കും പല ഓര്‍മ്മകളാണ്. 'നല്ല വായന'യെന്നും 'മോശം വായന'യെന്നും 'നല്ല എഴുത്തെ'ന്നും 'മോശം എഴുത്തെ'ന്നും അക്ഷരങ്ങളെ വേര്‍തിരിച്ചുവച്ചവര്‍ക്ക് അയാള്‍ അത്ര പ്രിയപ്പെട്ടവനാവണമെന്നില്ല. എന്നാല്‍, ലൈബ്രറി പോലും അന്യമായിരുന്ന, പത്രം പോലും അത്യാഡംബരമായിരുന്ന അനേകം വീടുകളിലേക്ക് അക്ഷരത്തോടുള്ള ഭ്രാന്ത് പടര്‍ത്തിയതിന് ഉറപ്പായും നാമവരോട് നന്ദി പറയണം. വീട്ടില്‍ കുട്ടികള്‍ വായിക്കാതിരിക്കാന്‍ അരിപ്പാത്രത്തില്‍, തുണികള്‍ക്കിടയില്‍, അവരുടെ കുഞ്ഞുകൈകളെത്താത്ത ഉയരങ്ങളില്‍ ഒളിപ്പിച്ചുവെച്ച ആ പുസ്‍തകങ്ങള്‍ അവരെ പില്‍ക്കാലത്ത് വായനക്കാരാക്കിയിട്ടുണ്ട്. ചിലരെ എഴുത്തുകാരാക്കിയിട്ടുണ്ട്. മറ്റുചിലരെ പ്രണയികളും വിഷാദജീവികളുമാക്കിയിട്ടുണ്ടാവാം. പക്ഷേ, 'നല്ല പുസ്‍തക'മെന്ന തെരഞ്ഞെടുപ്പ് സാധ്യമല്ലാത്തവര്‍ക്ക് സുധാകര്‍ മംഗളോദയം വലിയ മനുഷ്യനാണ്, വലിയ എഴുത്തുകാരനാണ്, വലിയ ഭാവനയുള്ളയാളാണ്. അല്ലെങ്കിലും ആരാണ് എഴുത്തുകളെ നല്ലതെന്നും ചീത്തതെന്നും തരംതിരിക്കുന്നത്? 

click me!