മീന്‍, കടല്‍; ആശാലത എഴുതിയ കവിതകള്‍

By Vaakkulsavam Literary FestFirst Published Mar 24, 2021, 6:11 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് ആശാലത എഴുതിയ ആറ് കവിതകള്‍

യുക്തിയുടെ കുപ്പായമിട്ട, അധികാരത്തിന്റെ അസംബന്ധങ്ങളുമായുള്ള നേര്‍ക്കുനേര്‍ പോരുകളാണ് ആശാലതയുടെ പുതിയ കവിതകള്‍. രാഷ്ട്രീയാധികാരത്തോടും ലിംഗാധികാരത്തോടും ജാതീയ, മത, വേരുകളുള്ള അധികാരബോധങ്ങളോടും അത് കലഹിക്കുന്നു. അസംബന്ധങ്ങളെ പ്രപഞ്ചസത്യമായി വാഴിക്കുന്ന യുക്തിയുടെ അടരുകളെ അഴിച്ചെടുക്കുന്നു. പുതിയ കാലത്തിന്റെ രാഷ്ട്രീയ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ വാക്കിന്റെ പാലമാവുന്നു. 'കടല്‍പ്പച്ച' എന്ന ആദ്യ സമാഹാരത്തില്‍ നിന്നും 'എല്ലാ ഉടുപ്പും അഴിക്കുമ്പോള്‍' എന്ന സമാഹാരത്തില്‍നിന്നും മുന്നോട്ടു നടക്കുമ്പോള്‍ ആശാലതയുടെ കവിത പുതിയകാലത്തിന്റെ രാഷ്ട്രീയവുമായി മുഖാമുഖം നില്‍ക്കുന്നു. ആത്മഗതങ്ങളുടെ, ഇരുണ്ട തമാശകളുടെ, രൂക്ഷപരിഹാസങ്ങളുടെ, പാഠാന്തര നടത്തങ്ങളുടെ, ജനപ്രിയ സംസ്‌കാര രൂപങ്ങളുടെ ആഖ്യാനവഴികളിലൂടെ പുതിയ ജീവിതവും കാലവും തലകുനിച്ചു കടന്നുവരുന്നു. സ്വന്തം ഉള്ളിലേക്കുള്ള പടവുകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്ന ആവിഷ്‌കാരങ്ങളില്‍നിന്നും വഴി മാറി, സ്ത്രീവാദ രാഷ്ട്രീയത്തിന്റെ ഉറപ്പുള്ള നിലപാടു തറയില്‍നിന്നു കൊണ്ട് പെണ്‍മയുടെ പല അടരുകള്‍ സാദ്ധ്യമാക്കുന്നു. 

 

 

മീന്‍, കടല്‍

മൊബൈലെടുത്തു
മീനിനെ വരച്ചു.
മീനിനു താമസിക്കാന്‍ വെള്ളം വരച്ചു.
വെള്ളത്തിലുപ്പുലയിപ്പിച്ച് കടലാക്കി
കടലിങ്ങനെ സ്‌ക്രീനിലാടിത്തിമിര്‍ത്തു

ഞാന്‍ വന്നോട്ടെ?
ഉപ്പു ചുവയ്ക്കുന്ന കടലേ,
മീനുകള്‍ പായുന്ന കടലേ,
ഞാന്‍ വരട്ടെ? എന്ന്
കടലിനോടു ചോദിച്ചു.

കടല്‍ വരാന്‍ പറഞ്ഞില്ല.
വരണ്ടെന്നും. 
ചുമ്മാതെ അലച്ചോണ്ടിരുന്നു.
പിന്നെ ഞാനും ഒന്നും ചോദിച്ചില്ല
പകരം ചങ്ങാതിയുടെ ചിത്രം വരച്ചു
എന്നിട്ട്
എത്ര കാലമായി തമ്മില്‍ കണ്ടിട്ടെന്നുമ്മ വെച്ച്
കൈകോര്‍ത്തു പിടിച്ച് 
കടലിലേക്കെടുത്തു ചാടി.

ഇരുട്ട് വലവീശിയിട്ടിരുന്നു.
വലയില്‍ നക്ഷത്രങ്ങള്‍ കുടുങ്ങിക്കിടന്നിരുന്നു.
അതും നോക്കിക്കൊണ്ട് 
ഞങ്ങള്‍ ആഴക്കടലിലേക്കു നീന്തി

കടലൊരു പ്രതീതി പോലെ കിടന്നു
ഈ കാണുന്ന ചെറുമീന്‍ തുള്ളിയോട്ടങ്ങള്‍
വെള്ളിമീന്‍ ചാട്ടങ്ങള്‍
പിന്നാലെ പായുന്ന കൊമ്പന്‍ സ്രാവുകള്‍ -
ഒക്കെ കൈക്കുള്ളില്‍ നില്‍ക്കാത്ത
നിഴല്‍ച്ചിത്രം പോലെ 

എന്നിട്ടും എന്നെ കോര്‍ത്തു പിടിച്ച് അവന്‍ 
കുറുകെയും നീളത്തിലും നീന്തി
അവനെ കോര്‍ത്തു പിടിച്ച് ഞാനും. 
നിലാവില്‍
ആടകളഴിഞ്ഞ ഉടലുകളായി
പലതരം കടല്‍ ജീവികളുടെ രൂപമെടുത്ത്
അര്‍മ്മാദിച്ചു
ഉന്മാദികളായി ഇണയെടുത്തു
പ്രണയത്തിന്റെ വന്യമുരള്‍ച്ചകള്‍
കടലിനു പുറത്ത് 
സ്‌ക്രീനിന്റെ അപ്പുറത്തേക്ക് 
തെറിച്ചു വീണു കൊണ്ടിരുന്നു

ഒരുപക്ഷേ
ഇത് ഭൂമിയിലെ അവസാനത്തെ കടലായിരിക്കും.
അവസാനത്തെ 
പ്രണയമുരള്‍ച്ചകളാവും
അവസാനത്തെ 
മീന്‍തിളക്കങ്ങളുമാവും.

സമയം അഴിഞ്ഞു തീരും.
രണ്ടു ജരാനരകളായി ഞങ്ങള്‍ കരക്കടിഞ്ഞേക്കും.
ഒക്കെ തീര്‍ന്നു പോകും,
തീര്‍ന്നു പോകുമെന്ന് പേടിച്ച്
ഞങ്ങളതിനെ പല്ലു തൊടാതെ
നാരങ്ങാ മിട്ടായി പോലെ
മെല്ലെ മെല്ലെ
അലിയിച്ചലിയിച്ചെടുക്കുന്നു.

പൊടുന്നനെ 
ഓ എന്റെ പ്രതീതീ എന്ന്
സൈറണ്‍ മുഴങ്ങി
ഓ എന്റെ പ്രതീതീ എന്ന്
സമയം പെരുമ്പറയടിച്ചു

വരച്ച മീനുകളും
കടല്‍ച്ചിത്രങ്ങളും
തിരകളും
മറഞ്ഞു പോയ 
ഒരു വിരിപ്പില്‍
ഞാന്‍ കണ്ണു തുറന്ന്
ഒറ്റക്കു തുഴഞ്ഞുകൊണ്ടെത്തുന്നു

കരയിലേക്ക്
കടല്‍ കണ്ടിട്ടേയില്ലാത്ത
കരയിലേക്ക്

 

................................

Read more: നീ മകളുമൊത്ത് വീട്ടിലിരിക്കുന്ന ദിവസം, സിമ്മി കുറ്റിക്കാട്ട് എഴുതിയ കവിതകള്‍
................................

 

മൂന്നേമുക്കാല്‍   മണിക്ക്

മരത്തില്‍ കൊക്കിട്ടുരച്ചു മൂര്‍ച്ചകൂട്ടി
മിന്നല്‍പ്പിണരുപോല്‍ തുളക്കുമ്പോള്‍
പുലര്‍ച്ചെ  മൂന്നേമുക്കാല്‍മണിക്ക്
മരംകൊത്തിയോ മരങ്കൊത്തിയോ താനെന്ന് 
സ്വത്വപ്രതിസന്ധി

പേരിന്റെ ഒത്തനടുക്ക് എറ്റിത്തെറിച്ചുനില്‍ക്കുന്ന
ഖരാക്ഷരമൂര്‍ച്ചയിലാണോ
ചെറുമരങ്ങള്‍ മൂര്‍ഛയാല്‍ പുളയുന്നത്?

അതോ ഖരത്തിനുമുമ്പുള്ള അനുസ്വാരംകൊണ്ട്
ചില്ലക്കരിന്തൊലിക്കകത്തെ പ്രാണിലോകത്തിന്
തൈലാഭിഷേകം നടത്തി 
സുഷുപ്തിയിലേക്കയക്കുകയാണോ?

മരങ്കൊത്തിയുടെ ങ്ക അവരില്‍ കാമം നിറക്കുന്നുണ്ടോ?
ഉടലറ്റുപോകുന്നൊരാധിയിലേക്ക് 
അനുനാസികം കലര്‍ന്നൊരു മന്ത്രം ചൊല്ലി
അവയെ യാത്രയയക്കുന്നോ?

മരംകൊത്തി മരങ്ങളില്‍ ചില്ലകളില്‍ 
പൗരാണികാക്ഷരങ്ങള്‍ കൊത്തിവെക്കും
കൊത്തുവേലപ്പക്ഷിയയി പരിണമിക്കുന്നോ?

മരങ്കൊത്തിയുടെ ങ്കയ്ക്ക്
ചെങ്കിസ്ഖാനോ ചെങ്കൊടിയോ മറ്റോ ആയി
വല്ല ബന്ധവുമുണ്ടോ ആവോ?

സന്ധി ചേര്‍ത്തെഴുതുമ്പോള്‍
സന്ധിസംഭാഷണവും 
ചേര്‍ക്കാത്തപ്പോള്‍ 
യുദ്ധഭാഷണവും 
മരത്തലപ്പുകളില്‍ ഇരമ്പിയാര്‍ക്കുന്നുണ്ടോ എന്തോ?

മരങ്ങള്‍ക്ക്
മരംകൊത്തിയോടോ
മരങ്കൊത്തിയോടോ
പ്രണയം?

പുഴുക്കള്‍ക്ക് 
പ്രാണഭയം?

മരങ്കൊത്തി  മരംകൊത്തി
മരംകൊത്തി മരങ്കൊത്തി
എന്നിങ്ങനെ  തിരിച്ചും മറിച്ചും പറഞ്ഞുനോക്കി
ഒന്നിലുമങ്ങുറപ്പിക്കാന്‍ പറ്റാതെ കാലിടറി,
എന്നെ കൊത്തിനുറുക്കിത്തിന്ന്
മോക്ഷപഥത്തിലേക്കയക്കൂ  എന്ന 
മൃത്യുവാഞ്ഛയുടെ അപേക്ഷ സമര്‍പ്പിക്കാന്‍ വന്ന
പലവര്‍ണ്ണപ്പുഴുവിനെ ഒന്നു നോക്കുകപോലും  ചെയ്യാതെ

അത്
ആല്‍മരച്ചോട്ടില്‍ ധ്യാനത്തിലാണ്ടു

ആ മരാ ഈ മരാ ആ മരാ ഈ മരാ
മരാ മരാ മരാ എന്നിങ്ങനെ

പുലര്‍ച്ചെ  മൂന്നേമുക്കാല്‍ മണിക്ക്

 

..................................

Read more: ഭൂപടം, നിഷ നാരായണന്‍  എഴുതിയ കവിതകള്‍
..................................

 

കാണുന്നെങ്കില്‍

കാണുന്നെങ്കില്‍ ഇന്നു തന്നെ കാണണം
 
നാളെ ചിലപ്പോള്‍
അവരിങ്ങ് വന്നെങ്കിലോ?

അവരും അവരുടെ മന്ത്രവടിയും
മയില്‍പ്പീലിയും

പീലി കൊണ്ടുഴിഞ്ഞുഴിഞ്ഞ്
മന്ത്രം ചൊല്ലിച്ചൊല്ലി
നമ്മളെ മയക്കിക്കിടത്തും
മന്ത്രവടി കൊണ്ട്
അടി മുതല്‍ മുടി വരെ തലോടും
എന്നിട്ട്
ആട് പട്ടി പൂച്ച
മയില്‍ കുയില്‍ കുരങ്ങ്
- എന്തുമാക്കും

പ്ലാവിലയും പച്ചത്തളിരും കാണിച്ച്
നമ്മളെ കൂട്ടിലോ കുരുക്കിലോ ഇടും

എന്നിട്ട് നമ്മള്‍
ഞാന്‍ നിന്നെയോ
നീ എന്നെയോ
തിരിച്ചറിയാതെ
ഇങ്ങനേ കിടക്കും -
കുരുക്ക് കുരുങ്ങിക്കുരുങ്ങി
കഴുത്തു മുറുകും വരെ

ഞാന്‍ ഒരു തത്തയായി
ശ്രീരാമജയം എന്നെഴുതിയ ശീട്ട്
കൊത്തിയെടുക്കും

അതിന്റെ മറുവശത്ത്
രാത്രിയായിരിക്കും
അത് കട്ടപിടിച്ച് കട്ടപിടിച്ച്
നമ്മള്‍
കണ്ണു കാണാതെ കിടക്കും

ഞാന്‍ കൂട്ടിലും
നീ കുരുക്കിലും

നമ്മള്‍ പിന്നെ കാണുകയേയില്ല
നമ്മള്‍ തമ്മില്‍ അറിയുകയേ ഇല്ല

അതുകൊണ്ടാണു പറഞ്ഞത്

കാണുന്നെങ്കില്‍ ഇന്നു തന്നെ -

 

...............................

Read more: ജാതിമരം, വിപിത എഴുതിയ കവിതകള്‍
...............................

 


റിപ്പബ്ലിക്ക്

ആഗസ്റ്റ് 15 ന്  നമ്മടെ കോട്ട മതിലേല്‍ 
നമ്മക്ക് കടാതീടെ സ്വന്തം പതാക ഉയര്‍ത്തണംന്ന്
മാവുട്ടിച്ചേട്ടന്‍ പറഞ്ഞപ്പം
എനിക്കെന്റെ ചങ്കിന്റകത്തുന്ന് ഒരു 
പെടപെടപ്പു വന്നു.

നമ്മള് ഇനി വേറെ റിപ്പബ്ലിക്കാടീ, 
മാവൂട്ടിച്ചേട്ടന്‍ പറഞ്ഞു.
നമ്മക്ക് വേറെ ഭരണഘടനേം കൊടീം കോടതീം വേണം.

പറഞ്ഞു പറഞ്ഞ് കളി കാര്യമായോ 
എന്റെ അയ്യപ്പസാമീ!

(അതിനിനി അതിര്‍ത്തീടെ അപ്പറഞ്ഞെങ്ങാണ്ടും കെടക്കണ
അയ്യപ്പസാമിയെ വേറെ രാജ്യത്തിരുന്നോണ്ടു വിളിച്ചാ
വിളികേക്കുവോ ആവോ?)

അതിരു മാറ്റി വരക്കേണ്ടി വരുവോ ചേട്ടാ ന്ന്
ഞാന്‍ ചോദിച്ചു.

അതിരല്ലടീ മണ്ടി, അതിര്‍ത്തി
ഇതെന്താ തെക്കേലെ ചാണ്ടിക്കുഞ്ഞിന്റെ പറമ്പോറ്റെയാണോ അതിരുതിരിക്കാന്‍?

അതിര്, തെറ്റി അതിര്‍ത്തി തിരിക്കുമ്പം 
പൊഴ അപ്രത്തേക്കു പോകുവോ?
വെള്ളത്തിന് തമ്മിത്തല്ലും 
യുദ്ധോമൊണ്ടാകുവോ?
ആ, ആര്‍ക്കറിയാം!

അതല്ല,
ഇന്നാള് മോറ്റൂഴെ വക്കീലാപ്പീസീച്ചെന്നപ്പം
കണ്ട ആ ഗുമസ്തനില്ലേ,
കൊറേ നേരായില്ലേ ഒറ്റക്കാലില് നിക്കണു,
വാ കൊച്ചേ, ചായ കുടിച്ചേച്ചു വരാംന്ന് 
വിളിച്ചോണ്ടു പോയ ആ ആളേ,
ഇത്തിരിപ്പൂച്ചക്കണ്ണാണേലും എനിക്കിഷ്ടായി 
- അങ്ങേര് വേറേ രാജ്യക്കാരനാവൂല്ലോന്നോര്‍ക്കുമ്പം -

ഇനീപ്പം കോലഞ്ചേരി ആശൂത്രീല്‍ അമ്മേം കൊണ്ടു പോകുമ്പോ
അതിര്‍ത്തീ നിര്‍ത്തി എല്ലാരേം തുണിയഴിച്ച് പരിശോധിക്കുമായിരിക്കും.
പട്ടാളമല്ലേ? അവരങ്ങനെയാണെന്നാ കേള്‍വി.
കയ്യീ തെളിവൊന്നുമില്ലെങ്കി 
നൊഴഞ്ഞു കയറീന്നും പറഞ്ഞ് 
അവര് വെടിവെച്ചു കൊല്ലും.
അതിര്‍ത്തി കടക്കണോരെ വെടിവെക്കാനല്ലേ
പട്ടാളത്തിനെ വെച്ചേക്കണത്?
എനിക്കാണേല്‍ പോലീസിനേം പട്ടാളത്തിനേം
മഹാ പേടിയാ

ഇതൊക്കെ ചോദിച്ചപ്പം 
ഇതൊക്കെ രാജ്യകാര്യങ്ങളാടീ,
പെണ്ണുങ്ങളതൊന്നും അന്വേഷിക്കണ്ട കാര്യമില്ല,
നീ വല്ല മീനും വെട്ടിക്കഴുകി 
കൂട്ടാന്‍ വെക്കാന്‍ നോക്ക് എന്നാ മാവുട്ടിച്ചേട്ടന്‍ പറഞ്ഞത്.

വേറെ രാജ്യമായാപ്പിന്നെ
പേഴക്കാപ്പള്ളീന്ന് മീന്‍വണ്ടിക്കാരെ
കടത്തിവിടുവോ? 
എന്റെ ദേവീ,
മീനില്ലേലച്ഛനൊരുവറ്റ് ചോറെറങ്ങാത്തതാ.
ഇനിയിപ്പൊ എന്തു ചെയ്യും. 

മീന്‍ പോട്ടെ
അരീടെ കാര്യോ?
ഓണത്തിനെല്ലാര്‍ക്കും
റേഷനുണ്ടാവുമോ?
അതോ ഇനിയങ്ങോട്ട്
ഓണോം പള്ളീപ്പെരുന്നാളുമൊക്കെ നിരോധിക്ക്വോ?

ങാ, ഓഗസ്റ്റ് 15 ന് ഇനീം കെടക്കണു രണ്ടാഴ്ച 
അതിനും മുമ്പ് 
മാവുട്ടിച്ചേട്ടന്‍ ഒക്കെ പരിഹരിക്കുമായിരിക്കും 
റിപ്പബ്ലിക്കാവുമ്പം ചേട്ടനായിരിക്കും 
ചെലപ്പം പ്രധാനമന്ത്രി
(അതോ പ്രസിഡന്റാണോ?
ഏതാ പവ്വറൊള്ള സ്ഥാനം?)

അതവരൊക്കെക്കൂടി തീരുമാനിച്ചോട്ടെ അല്ലേ?
ആലോചിച്ചാലന്തം കിട്ടൂല്ല.
പിന്നെ നമ്മളെന്തിനാ ബേജാറാവുന്നത്?
അല്ലേലും പൂച്ചക്കെന്താ
പൊന്നുരുക്കണേടത്ത് കാര്യംന്നേ.
ഒക്കേത്തിനും മാവുട്ടിച്ചേട്ടന്‍ വഴിയുണ്ടാക്കും
കൂര്‍മ്മബുദ്ധിയാന്നാ വല്യമ്മാവന്‍ പറയാറ് -

ഒക്കെ ശരിയാവുമായിരിക്കും.
കണ്ണടച്ച് കെടന്നൊറങ്ങാന്‍ നോക്കട്ടെ.
വെളുപ്പിനേ എണീറ്റിട്ട് 
നൂറുകൂട്ടം പണിയൊള്ളതാ

 

............................

Read more:
............................

 
പുലിക്കളി

ഇതിലേക്ക് ആദ്യമായി വേണ്ടത് ഒരു പൂച്ചയാണ്
ഇനി നമുക്കതിനെ പുലിയാക്കി മാറ്റണം

ആദ്യം മഞ്ഞയും തവിട്ടും പുള്ളി കുത്തണം

ഓ തെറ്റി, അതിനു മുമ്പ്
പൂച്ചയെ കുളിപ്പിക്കണം
പറ്റുമെങ്കില്‍. പെയേഴ്‌സ് തേപ്പിച്ച് പതച്ച്
ഇളംചൂടുവെള്ളത്തിലതിന്റെ
പൂച്ചത്തം ഇഞ്ച തേച്ചുരച്ച് കഴുകിക്കളയണം
ഉണങ്ങിയ ടവല്‍ കൊണ്ട് തുടച്ചുണക്കി
നെറുകയില്‍ രാസ്‌നാദിപ്പൊടിയിട്ട്
വീണ്ടുമുണങ്ങാന്‍ വെയിലത്തു കിടത്തണം.
ആ കിടപ്പിലതിന് തിന്നാന്‍ വല്ലതും കൊടുക്കാം
രണ്ടു കഷണം കാരറ്റോ കക്കിരിയോ
ഒരു ചെറു കഷണം ഹല്‍വയോ 
(മാംസാഹാരം വേണ്ട)
വേണമെങ്കില്‍ അരക്കിണ്ണം പാലു കൊടുക്കാം

പൂച്ച അവിടെ കിടന്ന് വെയിലു കായട്ടെ.
ആ സമയത്ത് നമുക്ക് 
പുലിയാക്കാനുള്ള അനുസാരികളെടുത്തു വെക്കാം 

മഞ്ഞച്ചായം ആവശ്യത്തിന്
തവിട്ടു ചായം മഞ്ഞയുടെ പകുതി
കറുപ്പ് പാകത്തിന് 
വലിയ ബ്രഷ് ഒന്ന്
ചെറിയ ബ്രഷ് ഒന്ന്
പഴയ ടവല്‍ ഒന്ന്

പൂച്ച ഉണങ്ങിക്കഴിയുമ്പോള്‍ ആവശ്യാനുസരണം പുള്ളി കുത്തിയെടുക്കാം
മീശ കനപ്പിച്ച്
കണ്ണു കറുപ്പിച്ച്
അതിനെ ഒരുക്കുക.
കുതറാന്‍ നോക്കും.
ഒരു കാരണവശാലും സമ്മതിക്കരുത്

ചമയിച്ചു കഴിഞ്ഞ് പല ആംഗിളിലും നിന്നു നോക്കി
തൃപ്തി വരുത്താം.
ഫോട്ടോയുമെടുക്കാം.
പല്ലും നഖവും മാറ്റണ്ട.
പൈതൃകമായി കൈവന്നതല്ലേ,  ഇരിക്കട്ടെ.
എങ്കിലും ആ ങ്യാവൂ എന്ന
ലഘുസംഗീതത്തിനു പകരം
ഇത്തിരി കനമുള്ള അലര്‍ച്ച ഇരുന്നോട്ടെ.
(ഉണങ്ങീട്ടു മതിയേ).

ങേ,  പറയാത്ത കാരണം എടുത്തു വെച്ചില്ലാന്നോ?
സാരമില്ല, കുറച്ച് എന്റെ കയ്യിലുണ്ട്.
അത് നമുക്ക് പുലിക്കുരലില്‍ ചേര്‍ക്കാം.

ഇപ്പൊ ദാ ഉണങ്ങിക്കഴിഞ്ഞു.
ഒച്ച കൊടുത്തും കഴിഞ്ഞു
ഇതു നോക്ക്, പുലി പൂച്ചയെപ്പോലെ
സോറി പൂച്ച പുലിയെപ്പോലെ
നടുവളച്ചുയര്‍ന്നു നില്‍ക്കുന്ന കണ്ടോ?
വംശസ്മൃതി കൊണ്ട്
വിജൃംഭിക്കുന്ന കണ്ടോ?
ഗര്‍ജ്ജിക്കും പോലെ രണ്ട് ഗോഗ്വാ കൂടി പുറപ്പെടുവിച്ചാല്‍
കൃത്യം പാകമായി.

ഫ്രണ്ട്‌സ്, ഇപ്പോ നമ്മുടെ ബോണ്‍സായ് പുലി റെഡിയായിരിക്കുകയാണ്
ഇനി വെയിലത്തു നിന്നെടുക്കാം.
അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ, പിസ്ത, ചെറി ചേര്‍ത്ത് അലറിപ്പിക്കാം.
കയ്യിലെടുത്ത് സെല്‍ഫിയെടുത്ത്
പുലിയോടൊത്തെന്ന തലക്കെട്ടില്‍
ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യാം.

ഏതിനും ചൂടാറണ്ട കേട്ടോ 

 

.................................

Read more: കല്ലേ എന്ന വിളിയില്‍, ഇ.എം. സുരജ എഴുതിയ കവിതകള്‍
.................................

 


മാമ്പഴക്കാറ്റ്

വീണു കിടന്ന മാമ്പഴമെടുത്ത് ഒരു കടി കടിച്ചിട്ട്
പാമ്പൂതിയതാണെന്നു തോന്നുന്നെന്നു പറഞ്ഞ്
അവളതവനെറിഞ്ഞു കൊടുത്തു.
എന്നിട്ടവനതിന്റെ മറുഭാഗം 
കാര്‍ന്നുതിന്നുന്നതു നോക്കി
കൊടുങ്കൈ കുത്തിക്കിടന്നു
മാങ്ങാണ്ടിക്കു കൂട്ടുപോകാന്‍ പറഞ്ഞോണ്ട്
അവനണ്ടി വലിച്ചെറിയണതും നോക്കി
അവളവന്റെ നേരെ ചെരിഞ്ഞു.

അന്നേരം മുലകളില്‍  മാമ്പഴച്ചുനയുടെ മണം.
മാമ്പഴച്ചാറു പുരണ്ട കൈകൊണ്ടവനവളെ
അവളവനെ
ചുറ്റിപ്പിടിക്കുമ്പോള്‍
വെള്ളിടി വെട്ടി.

ദൈവമേ എന്ന്
അന്നേരമാണവര്‍ മുതിര്‍ന്നു പോയത്.
ചുറ്റിവരിഞ്ഞതയഞ്ഞു പോയത്.

പാമ്പൂതിയ മാമ്പഴങ്ങളുടെ നിഷ്‌ക്കളങ്കതയിലേക്ക്  
പിന്നെ തിരിച്ചു വന്നില്ല
കിടന്ന കിടപ്പില്‍
പ്രായം കൂടിക്കൂടി വന്ന്
അവരെ അവിടെത്തന്നെ കിടത്തി.
മുടി നരച്ചു വെളുത്തു
പല്ലുകള്‍ കൊഴിഞ്ഞു പോയി
ലോകത്തിന്റെ ഭൂപടം പോലെ
മേലാകെ ചുളിവു നിറഞ്ഞു
പിന്നെ
പൊടി തൂളായി
മണ്ണില്‍ മറഞ്ഞു പോയി

കൂനകൂട്ടിയിട്ട മാമ്പഴങ്ങളുടെ മേല്‍
കയറി നിന്ന് 
പാമ്പ്
ആര്‍ത്തിയോടെ 
ഉലയൂതുമ്പോലെ 
ഊതിക്കൊണ്ടിരുന്നു

click me!