ഉടലിലാകെ കുര്‍ദ് രാഷ്ട്രീയത്തിന്റെ വടുക്കള്‍ പറ്റിക്കിടക്കുന്ന ഒരു കവിതയ്ക്ക് പ്രേംനസീറില്‍ ചെന്നവസാനിക്കാനാവുമോ? 'എന്ത് കിറുക്കാണീ പറയുന്നത്', എന്നാണ് ഈ ചോദ്യത്തിനുത്തരമെങ്കില്‍, നിര്‍ബന്ധമായും നാം ചെന്നുപറ്റേണ്ട ഒരു കവിതയുണ്ട്. നിഷാ നാരായണന്‍ എഴുതിയ 'വറ്റാത്ത' എന്ന കവിത. പല രാജ്യങ്ങളിലായി ചിതറി, സ്വന്തം ഭാഷയും സംസ്‌കാരവും അപഹരിക്കപ്പെടാതിരിക്കാന്‍ കുതറിക്കൊണ്ട്, പോര്‍നിലങ്ങളിലും ചോരക്കളങ്ങളിലും അസ്തമിക്കാതെ സ്വയം കാക്കുന്ന കുര്‍ദ് ജനതയുടെ നിശ്ശബ്ദരോദനമാണ് ആ കവിത. അത് അവസാനിക്കുന്നതോ, 'അസ്സേ' എന്നു തുടങ്ങുന്ന പ്രേംനസീര്‍ പേച്ചിലും. എന്നിട്ടും അതൊരു തോറ്റ കവിതയാവുന്നില്ല. കുര്‍ദ് രാഷ്ട്രീയവും പ്രേംനസീറും രണ്ടറ്റങ്ങളിലായി നിറയുമ്പോഴും, പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയത്തില്‍നിന്ന് ആ കവിതയുടെ നോട്ടം പാളുന്നേയില്ല. 

അസാദ്ധ്യതകളുടെ ചതുരംഗപ്പലകകളില്‍ വാക്കുകൊണ്ട് നടത്തുന്ന ഇത്തരം ആഭിചാരങ്ങളാണ് നിഷാ നാരായണന്റെ കവിതകളെ അകമേ വേറിട്ടുനിര്‍ത്തുന്നത്. നിഷയുടെ ഏക സമാഹാരത്തിന്റെ അവതാരികയില്‍ സാറാ ജോസഫ് വിശേഷിപ്പിക്കുന്നത് പോലെ, എല്ലുറപ്പുള്ളതാക്കുന്നത്. അതൊരിക്കലും സ്വയം അനുകരിക്കാന്‍ മെനക്കെടുന്നില്ല. ഭാവനയിലോ ഭാഷയിലോ ആഖ്യാനത്തിലോ ശില്‍പ്പചാതുരിയിലോ ഒരേ ക്യൂവില്‍ ചെന്നുനില്‍ക്കുന്നുമില്ല. പകരമത് സ്വയം പുതുക്കിപ്പണിയാന്‍ സദാ കണ്ണുതുറന്നിട്ടിരിക്കുന്നു. പ്രമേയതലത്തിലും ക്രാഫ്റ്റിലും കുതറിക്കൊണ്ടിരിക്കുന്നു. പുതിയ കാലത്തെ സമര്‍ത്ഥമായി അടയാളപ്പെടുത്തുന്നു. ലോകത്തിന്റെ കലക്കങ്ങളെ രാഷ്ട്രീയമായി അഭിസബോധന ചെയ്യുന്നു. വൈയക്തികതയ്ക്കും രാഷ്ട്രീയ ശരികള്‍ക്കും അവിടെ ഒരേ പന്തിയിലാണ് ഊണ്. ദൃശ്യപരതയാണ് നിഷയുടെ കവിതകള്‍ ചെന്നുനില്‍ക്കുന്ന മറ്റൊരിടം. അടിമുടി വിഷ്വലാണ് പല കവിതകളും. സിനിമയും സ്വപ്‌നവും പാട്ടും നൃത്തവും ഉന്‍മാദവുമെല്ലാം അറ്റം മിനുക്കിയ ഇമേജറികളാല്‍ അവിടെ പുതിയ ആകാശം തിരയുന്നു.  
അകം

കൊയ്തുകൂട്ടിയ കതിര്‍ക്കറ്റകള്‍ക്കുമേല്‍
കിടന്നുറങ്ങുന്ന ഒരാണും പെണ്ണും.
പെണ്ണ് ആണിനുമേല്‍ കാല്‍കയറ്റിവച്ചിരിക്കുന്നു.
ആണ് പെണ്ണിന്റെ മാറത്തൂടെ കൈയിട്ട് ചെവിമേല്‍ തെരുപ്പിടിച്ചിരിക്കുന്നു.
എത്ര സമ്പൂര്‍ണമായ ഉറക്കമാണ്.

കൊയ്ത്തരിവാളുകള്‍ രണ്ടെണ്ണം
തൊട്ടടുത്തുറങ്ങുന്നു.
ആകാശം ശൂന്യമാണ്.

കുറച്ചു ദൂരെ
ഒരു കന്നും നുകവും പ്രശാന്തമായ
പാടത്ത് പുല്ല് നുണയുന്നു..

പെണ്ണിന്റെ കണ്‍പോളകള്‍ അതിദ്രുതം ചലിക്കുന്നുണ്ട്.

അവളൊരു സ്വപ്നം കാണുകയാവാം.

മരങ്ങളും പൂച്ചകളും മൂങ്ങകളും 
പാമ്പുകളുമെല്ലാം സ്വപ്നത്തില്‍ വരുന്നുണ്ടാകാം.

തൊട്ടടുത്ത വീട്ടിലെ- അവളെ 
മോശംകണ്ണുകൊണ്ടു നോക്കുന്ന അയാള്‍-
സ്വപ്നത്തിലവളോടു കിന്നരിക്കാന്‍ വന്നിരിക്കാം.

പ്രകാശമുള്ള ഏതെങ്കിലുമൊരു അരുവിക്കരയോരത്ത് സ്വപ്നത്തിലവള്‍
തുണികള്‍ അലക്കാന്‍ വന്നിരിക്കയുമാവാം

..ആ എന്തുമാവട്ടെ
ഉറക്കം നീണ്ടുനില്‍ക്കുകയൊന്നുമില്ല.

അവരില്‍ ആരെങ്കിലും ആദ്യം ഉണരും
മറ്റേയാളെ എണീല്‍പ്പിക്കും,
തൊട്ടടുത്ത തോട്ടുവക്കില്‍ പോയി മുഖം കഴുകും.

വിശക്കുന്നുണ്ടോ എന്ന്, ആണ് കരുതലോടെ
പെണ്ണിനോട്,ചോദിക്കുമായിരിക്കും.

പെണ്ണപ്പോഴും ചിലപ്പോള്‍ ആ സ്വപ്നത്തിന്റെ
ഉണര്‍ച്ചയിലായിരിക്കും.

മുഖം വല്ലാതെ ചുവന്ന്, എന്തിലോ തടഞ്ഞുനില്‍ക്കുന്ന അവളോട്
എന്തുപറ്റി എന്ന് ആണ് ചോദിക്കുമായിരിക്കും.

മുഖം അമര്‍ത്തിക്കഴുകി ഓ ഒന്നുമില്ല
എന്നു പറഞ്ഞ് പെണ്ണ്, ആണിനുമേല്‍
ചുമ്മാ  വെള്ളം കുടഞ്ഞുകളിക്കുമായിരിക്കും
ഇളകിച്ചിരിക്കുമായിരിക്കും.

വാന്‍ഗോഗ്ചിത്രങ്ങളും ഇങ്ങനെയാണ്
ഈ ദൃശ്യം പോലെ.

നീണ്ടുപരന്ന ആകാശത്തിന്റെ,നീലയും
വിശാലമായ പാടത്തിന്റെ പച്ചയും
പൂര്‍ണമല്ലാത്ത എന്തോ തരും.

അവമേല്‍ നാം ചിന്തിച്ചുകൂട്ടും.

ക്യാന്‍വാസിലെ  കാടിന്റെ വലിയ കറുപ്പ്
താഴെ കൊച്ചുനദിയുടെ നീലയെ
എത്രയാണ് പരിപോഷിപ്പിക്കുന്നത്.

വൈരുദ്ധ്യങ്ങള്‍ അങ്ങനെയാണ്
പുറം തിരിഞ്ഞിരിക്കും
എന്നാല്‍ പുണര്‍ന്നു പൂണ്ടടക്കം പിടിക്കും.

സ്വപ്നം തീര്‍ന്നിട്ടും ആ പെണ്ണ് 
എന്തിലാണ് തടഞ്ഞുനിന്നത്?

മുഖം ചുവപ്പിച്ചതെന്തിനാണ്?

ആണ് എന്തുകൊണ്ടാണ് വീണ്ടും വീണ്ടും
എന്തുപറ്റിയെന്തുപറ്റി എന്നു ചോദിക്കാഞ്ഞത്?

അവളെന്തിനാ വെള്ളം കുടഞ്ഞിട്ട്
അയാള്‍ക്ക് തടയിട്ടത്.

ആര്‍ക്കറിയാം,
പൂര്‍ണമല്ലാത്ത എന്തോ ഒന്ന് അവര്‍ക്കിടയിലുണ്ടായി.
പൂര്‍ണമാക്കാതെ എന്തോ ഒന്ന്
അവര്‍ പാലിക്കുന്നുണ്ട്.
അതിലെന്തോ ഒരു രസമുണ്ട്.

 

.........................

Read more: മത്സ്യഗന്ധിയുടെ വസ്ത്രം,  മഞ്ജു ഉണ്ണികൃഷ്ണന്‍ എഴുതിയ കവിതകള്‍
.........................

 

ഭൂപ്

നീളെ നീ മൊഴിഞ്ഞിട്ടോ,
ചേലതില്‍ ചിരിച്ചിട്ടോ,
പാത നാം നടന്നതിന്‍
സൗഭഗമിരട്ടിയായ്.

ചാരുവായ് വഴിനീളും
വാസനപ്പൂക്കള്‍ നിന്റെ ,
ശോഭയാലുയിര്‍ വറ്റി
വല്ലാതെ വിളറിപ്പോയ്.

വീറൊടെന്‍ കണ്ണില്‍ പൂത്തു
നാലു താരകള്‍, നിന്റെ
ചാരെ മേവുമ്പോഴീയെന്‍
പാഴുടല്‍ പോലും ധന്യം.

ഈ ദിനം നിശയുടെ
'ഭൂപി'ല്‍ നാമുണരവേ,
രാഗമാണനുരാഗ-
ച്ചാലില്‍ നാമൊഴുകവേ,
ഓടി നിന്‍ ചടുലമാം
ചോടുകള്‍ പിന്‍പറ്റവേ,
മേഘവും പ്രണയമാം
നീരുതിര്‍ത്തൊപ്പം വന്നു.
 
പ്രേമമേ, പ്രതീക്ഷയാം
തോളില്‍ ഞാന്‍ തലചായ്ച്ചു.
സ്‌നേഹമാം ചുണ്ടാല്‍, കാതില്‍
കോറി നീ ''പ്രിയതരേ''
മെല്ലെയെന്‍ അരചേര്‍ത്തു-
ചുംബനച്ചൊടി കോര്‍ത്തു
കണ്ണിമയിണക്കി നാം
കാണാത്ത കര പാര്‍ത്തു.

നേരമായ്,നിലാവതിന്‍
ജാലകമടയ്ക്കാറായ്,
രാവതിന്‍ നറുനീല-
കംബളം മടക്കാറായ്,
ഭൂപ'തിന്‍ ആരോഹമാ-
യെപ്പൊഴൊ കടന്നുപോയ്,
നീളവേ ബാലാര്‍ക്കന്റെ
കൈവിരല്‍ പതിക്കാറായ്,

വേഗമങ്ങുണരെന്നു
വാസരം വിളിച്ചോതി-
യെങ്കിലുമനങ്ങാതെ-
യല്‍പവുമടരാതെ,
നിന്നു നാം മദ്ധ്യേ കാറ്റും
ലോകവുമസാധുവായ്.

 

........................

Read more: പലായനം, രമ്യ സഞ്ജീവ് എഴുതിയ കവിത
........................


ഗൂഢം

ഒരു മാസത്തോളമായി
അയാളെത്തന്നെ ഓര്‍ക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ  ഈ സമയം വരെയും
പല തവണ ഓര്‍ത്തു.

പതുക്കെ വാതില്‍ തുറന്നു,
പകലായോ? ഇല്ല,
രാത്രിയിലേയ്ക്ക് വെളുപ്പ്
പടര്‍ന്നപോലുള്ള എന്തോ ഒന്ന്.

കുറച്ചുമുന്‍പൊരു
കാറ്റ് വന്നുകാണും.
മുറ്റം നിറയെ കരിയില.

മൂന്നാലു പക്ഷികളുടെ ഒരു കൂട്ടം
പടരുന്ന വെളുപ്പിലേക്ക് പറക്കുന്നതു കണ്ടു.
ഇരുട്ട് തുളച്ച് ഒരു മണിയടിശബ്ദം.

പാല്‍ക്കാരനോ പത്രക്കാരനോ?

പത്രമാണ്.
പത്രത്തിലെ നാലാം പേജില്‍
അയാളുടെ മുഖം
അയാളാണോ? അല്ല.
അതുപോലിരിക്കുന്ന 
അതേ താടിക്കുഴി പോലുമുള്ള
ആരോ ഒരാള്‍

വീണ്ടും അയാളെപ്പറ്റി ഓര്‍ക്കാന്‍ തുടങ്ങി..
അയാളുടെ നാട്, വീട്
വീട്ടിലേയ്ക്കുള്ള വഴി..

വെളിച്ചം പടര്‍ന്നു മുഴുവനായി.

തൂവെട്ടം!

പക്ഷികളിപ്പോള്‍
ഏതോ വൃക്ഷത്തലപ്പിലേയ്ക്ക്
പറക്കുകയാണ്.

വളവ് തിരിഞ്ഞ്
ആരോ വരുന്ന ഒച്ച.

സ്ത്രീയോ പുരുഷനോ?
പുരുഷനാവും..
ആണ്; വേഗത്തില്‍
നടന്നുവരുകയാണ്.

ശരിക്കും അയാളുടെ നടത്തം പോലെ.

അതുപോലാണോ?അല്ല.
ഇടതുവശം വലിച്ചു വച്ച-
പോലൊരു നടത്തം.

അയാളുടെ  വഴികള്‍..
നടവഴികള്‍.

അയാളുടെ വീട്ടിലേയ്ക്ക് 
രണ്ട് വഴികളുണ്ട്,
അവയിലെ കുറുക്കുവഴി-
ചെന്നുകയറുന്ന ചായ്പിന്റെ വരാന്ത.
ചായ്പിലെ അയാളുടെ
സ്ഥിരം മേശ,കസേര,
വഴിയോട് പുറംതിരിഞ്ഞ്
കസേരയില്‍ അയാള്‍ ചാഞ്ഞിരിക്കുന്നു,
അതിദ്രുതം നീങ്ങുന്ന വിരലുകള്‍
എന്തോ എഴുതുകയാണ്,
അയാളുടെ വിരിഞ്ഞ പുറം,
തുറ്റ് തലമുടി,
ചുവന്ന ചെവിത്തുമ്പ്,
വേര്‍പ്പിറ്റുന്ന പുറംകഴുത്ത്,
ചെറിയ  തല...

നെറുകയില്‍ 
തൊട്ടൊരു വാരം മാടി,
പിന്‍മുടിയിലൊരെണ്ണം
മാറിയപ്പോള്‍ കണ്ടൊരു
പൊട്ടുമറുകിനെ താലോലിച്ച്,

ചെവിയുടേയും മുടിയുടേയും
ഇടവഴിയിലൂടെ കഴുത്തിലോട്ടെത്തി
ഹൃദയത്തിലേയ്ക്ക് പാഞ്ഞുപോകുന്ന,
ജുഗുലര്‍ വെയ്‌നിനെ
മുറുക്കെ തഴുകി തലോടാന്‍,

ഒരു സര്‍ജിക്കല്‍ ബ്‌ളെയ്ഡ്
കയ്യിലെടുത്തു........

വെളിച്ചം നിറഞ്ഞുകവിഞ്ഞിരിക്കുന്നു..
മുറിയിലേയ്ക്ക് തിരിച്ചുകയറി,
പാതി തീര്‍ത്ത പുസ്തകം
വായിച്ചുതുടങ്ങി: 

റിച്ചാര്‍ഡ് ഹിലാരിയുടെ
'ദി ലാസ്റ്റ് എനിമി'.

 

.............................

Read more: സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍ 
.............................

 

വറ്റാത്ത...

വറ്റാത്ത തെരുവീഥികളിലൂടെ
അയാള്‍ നടക്കുകയാണ്.

''വറ്റാത്ത തെരുവീഥികള്‍''
എന്തൊരു അടിപ്പന്‍ പ്രയോഗമാണത്!

..അയാള്‍ നടന്നു.

അയാളിടതുകാല്‍ നഷ്ടപ്പെട്ട ഒരുവിപ്ലവകാരിയാണ്.
നല്ല നിലാവ്,
നഷ്ടപ്പെട്ടുപോയ ആ കാലിനേപറ്റിയും
ഏതോ ഒരു പെണ്ണിനേപറ്റിയും അയാളൊരു
പാട്ടുപാടാന്‍ തുടങ്ങി.

അന്നേരം തൊട്ടടുത്ത് തെരുവിന്റെ
തെക്കുവടക്കുള്ള ഒരു കുടുസ്സുമുറിയില്‍,
അവള്‍ -'ഇറ' ഓര്‍ 'എറ'എന്നു പേരുള്ളവള്‍
അവന്റെ ചെവിയില്‍ മന്ത്രിച്ചു:
'പറയൂ,വറ്റാത്ത തെരുവീഥികളെപ്പറ്റി പറയൂ.'

അവളുടെ കാമുകന്‍,
അവന്‍- അവനുറക്കത്തിലൊരു കുഞ്ഞാടും
ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു കുര്‍ദുമാണ്.
അശാന്തിയുടെ കുര്‍ദിയന്‍ വരകള്‍
മുഖത്തുനിന്നും തുടച്ചെടുത്ത്, അവന്‍
ജനാലപ്പുറത്തേക്ക് കൈചൂണ്ടി:
കാതോര്‍ക്കൂ, തെരുവിലെ 
കാലടിയൊച്ചകള്‍ക്ക് കാതോര്‍ക്കൂ,
അവ നിലയ്ക്കാത്ത ഭേരികളാണ് ,
വറ്റാത്ത പടഹങ്ങളാണ്.

തെരുവിന്റെ ചെരുപ്പുകുത്തി,
ഉറക്കത്തിലവന്‍ ഇങ്ങനെ പിറുപിറുത്തു.
തെരുവീഥികള്‍ വറ്റുന്നില്ല.
അവിടെ തുകല്‍വാറുകളുണ്ട്.
ആശുപത്രിയുടെ,ആപ്പീസുകളുടെ,
സ്‌കൂളിന്റെ, ചന്തയുടെ,
ബസ് സ്‌റ്റേഷന്റെ,പലചരക്കുകടയുടെ, റേഷന്‍ഷാപ്പിന്റെ
അരിയുടെ, മണ്ണെണ്ണയുടെ..

വിപ്ലവകാരി തന്റെ പാട്ടില്‍,
പെണ്ണിനോട് ഒരു പൊയ്ക്കാല്‍ ചോദിച്ചു.

വേഗം തരൂ,സൂര്യനുദിയ്ക്കും മുന്‍പ് എനിയ്ക്കവിടെയെത്തണം..

നിറഞ്ഞ ചിരിയോടെ,അവള്‍ തെരുവാകെ
ഏരകപ്പുല്ലുകള്‍ വിരിച്ചു.

അതില്‍ നീണ്ടുനിവര്‍ന്നുകിടന്നുകൊണ്ട്
അയാള്‍ പാട്ടുതുടര്‍ന്നു.
അവള്‍ തന്റെ ഉടുപ്പൂരി.

അവളില്‍ നിന്ന്
ലില്ലിപ്പൂക്കളുടെ മൊട്ടുകള്‍ പുറത്തേക്കു ചാടി.
''എന്റെ കൂടെ നില്‍ക്ക്'',ചിരിയോടെ അവള്‍ പറഞ്ഞു.

'എറ' ഓര്‍ 'ഇറ' കാമുകനെ ചുംബിക്കുകയാണ്.
പ്രണയപരവശതയിലും വിശാലകുര്‍ദ്ദിസ്ഥാന്‍
സ്വപ്നം കാണുന്ന, അവന്റെ 
നീലക്കണ്ണുകളുടെ ആഴത്തിലേക്ക്
അവളൊരു ചര്‍ച്ചയിട്ടു:
പറയൂ,വറ്റാത്ത തെരുവീഥികളെപ്പറ്റി
വിശദമായി പറയൂ..

'എറാ...'അവന്‍ വിളിച്ചു,
'പേരിനെ അന്വര്‍ഥമാക്കുന്ന
യുഗാന്തരക്കാറ്റേ,നീ വീശൂ.

ഞങ്ങളുടെ കത്തിക്കരിഞ്ഞ പട്ടണങ്ങളിലൂടെ,
ഗളച്ഛേദം ചെയ്യപ്പെട്ട ഉടലുകളിലൂടെ,നീ വീശൂ
തീപോലുള്ള ഞങ്ങളുടെ പെണ്ണുങ്ങള്‍
തെരുവില്‍ അണിചേര്‍ന്നിട്ടുണ്ട്.'

ചെരുപ്പുകുത്തി ഉറക്കത്തില്‍
ത്യാഗോജ്ജ്വലമായ ഒരു ജാഥ
സ്വപ്നം കാണുകയാണ്.
ജാഥയില്‍,സഹജരുടെ പരുപരുത്ത പാദങ്ങളില്‍
ചുവപ്പ്,പച്ച,നീല വാറുകളുള്ള
മെതിയടികള്‍ ധരിപ്പിച്ച് അയാള്‍ 
ഉറക്കത്തിലും കര്‍മനിരതനായി.

വിപ്‌ളവകാരിയും പെണ്ണും തെരുവീഥിയും
പുല്ലും മണ്ണും  പരസ്പരം കെട്ടിപ്പുണര്‍ന്നുമറിഞ്ഞു.
അതുനോക്കിനിന്ന ഒരു പട്ടിയെ 'ച്ശ പട്ടി' എന്നു പറഞ്ഞ് കല്ലെറിഞ്ഞോടിച്ചു.
എന്റെ കൂടെ നില്‍ക്കൂ..അവള്‍ പറഞ്ഞു.
'പറ്റില്ല പെണ്ണേ,ചെവിയോര്‍ക്കൂ,
നീ തെരുവിന്റെ വറ്റാത്ത വിലാപങ്ങള്‍ കേള്‍ക്കുന്നില്ലേ...
അകലങ്ങളുടെ ആഹ്വാനങ്ങള്‍.
എനിക്ക് പോകണം..'

അയാള്‍ പ്രധാനതെരുവിലേക്ക് അടിവെച്ചു.
ഇപ്പോള്‍ അയാള്‍ ഞൊണ്ടുന്നില്ല.
അനായാസമായി അടികള്‍ വെയ്ക്കുന്നു.
ആ അടികള്‍ക്കു താഴെ തെരുവൊരു
പുലരിയായി സുപ്രഭാതം പാടി.

എറ,തെരുവിലെ പെണ്ണുങ്ങള്‍ക്ക്
രക്തഹാരങ്ങള്‍ ചാര്‍ത്തി.
പാവത്തുങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍
റൊട്ടിയും പാലും നല്‍കി.

'പര്‍വ്വതങ്ങളുടെ കരുത്തുള്ള 
എന്റെ കുര്‍ദിയന്‍ കാമുകാ, നിന്നെ ഞാന്‍
അതിവിവശമായി പ്രേമിക്കുന്നു'അവള്‍
അവന്റെ ചെവി കടിച്ചു.

ചെരുപ്പുകുത്തി-അയാള്‍ തന്റെ
സ്വപ്നത്തിന്റെ നാലാംയാമത്തില്‍
മെലിഞ്ഞ,അര്‍ധനഗ്‌നനായ,
ആ എഴുപത്തേഴുകാരന്‍ ഫക്കീറിനെ
തൊട്ടടുത്തുകണ്ടു.

ഒരു വിപ്‌ളവസിനിമയിലെങ്കിലും
അഭിനയിക്കാന്‍ സാധിക്കാഞ്ഞതിന്റെ
നിരാശ മറച്ചുപിടിച്ച്, പ്രേംനസീര്‍
അടൂര്‍ഭാസിയോടു പറഞ്ഞു.
'അസ്സേ, തെരുവീഥികള്‍ സജീവമായ
സിനിമാപ്ലോട്ടുകള്‍ തരും.
അവ ഒരിക്കലും വറ്റാറില്ല.'

 

.............................

Read more: പതിനെട്ടാമത് വയസ്സ്, ആശാലത എഴുതിയ കവിതകള്‍
.............................

 

ഭൂപടം

അറ്റം കീറിയ ഭൂപടം നോക്കി
വിലക്കപ്പെട്ട  അയല്‍രാജ്യത്തിന്റെ
അതിര്‍ത്തിവരച്ചു,
അതിരുകള്‍ അടയാളപ്പെടുത്തി,
സഞ്ചരിക്കാന്‍ ഒരിക്കലും സാധ്യതയില്ലാത്ത
റോഡുകള്‍,
ഒത്തുകൂടുമെന്ന് ഒരു പിടിയുമില്ലാത്ത
അവിടത്തെ പൊതുസ്ഥലങ്ങള്‍,
ഒരിക്കലും കാണില്ലെന്നുറപ്പുള്ള
വിനോദകേന്ദ്രങ്ങള്‍,
ചെന്നിറങ്ങാന്‍ ഒരിക്കലുമിടയില്ലാത്ത
വിമാനത്താവളങ്ങള്‍,
തുറമുഖങ്ങള്‍,
എല്ലാം കൃത്യമായി
മനസ്സിലാക്കി,
രേഖപ്പെടുത്തി,

അവന്റെ നെഞ്ചോട് ചേര്‍ന്ന്
ആ ചുണ്ട് കടിച്ചൊരുമ്മ..