'നിങ്ങളുടെ കുലപതി സ്ഥാനത്തെ ബഹുമാനിക്കാൻ തൽക്കാലം സാധ്യമല്ല'; ടി പത്മനാഭനെതിരെ ശാരദക്കുട്ടി

By Web TeamFirst Published Aug 15, 2022, 4:57 PM IST
Highlights

'നിങ്ങളുടെ പ്രായത്തെയോ അറിവിനെയോ അനുഭവജ്ഞാനത്തെയോ വിഖ്യാതപ്പെട്ട കഥാലോകത്തെയോ കുലപതി സ്ഥാനത്തെയോ ബഹുമാനിക്കാൻ തൽക്കാലം സാധ്യമല്ലെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു'.

വിവാദ പരാമർശം നടത്തിയ എഴുത്തുകാരൻ ടി പത്മനാഭനെതിരെ എഴുത്തുകാരി കെ ശാരദക്കുട്ടി രം​ഗത്ത്. സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്റെ പരാമർശത്തെ വിമർശിച്ചാണ് ശാരദക്കുട്ടി രം​ഗത്തെത്തിയത്. നിങ്ങളുടെ പ്രായത്തെയോ അറിവിനെയോ അനുഭവജ്ഞാനത്തെയോ വിഖ്യാതപ്പെട്ട കഥാലോകത്തെയോ കുലപതി സ്ഥാനത്തെയോ ബഹുമാനിക്കാൻ തൽക്കാലം സാധ്യമല്ലെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. മലീമസമായ ഒരു അകം സൂക്ഷിച്ചു കൊണ്ടാണ് ടി പത്മനാഭൻ ഇതുവരെ നേടിയ വിശേഷണങ്ങളെല്ലാം. അശ്ലീലമെന്നു നിങ്ങളുദ്ദേശിക്കുന്നതെന്താണ്! അത് നിങ്ങൾക്കും  എഴുതാൻ കഴിയും. ഉള്ളിലത് അത്രക്കുണ്ട്.  ടി.പത്മനാഭൻ നല്ല രണ്ടു വാക്കു പറയുമ്പോഴേക്കും കുളിരു കോരുന്ന എഴുത്തുകാരെല്ലാം ഇതു കൂടി വായിക്കണം.  ഇത്ര മോശപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഒരാൾ ഒറ്റയടിക്കു റദ്ദാക്കുന്നത് സ്വന്തം സാംസ്കാരിക ജീവിതത്തെത്തന്നെയാണെന്നും ശാരദക്കുട്ടി വ്യക്തമാക്കി.

'സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും', വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

കഴിഞ്ഞ ദിവസമാണ് എ സി ഗോവിന്ദന്‍റെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്ത് കോഴിക്കോട് സംസാരിക്കവേയാണ് ടി പത്മനാഭൻ വിവാദ പരാമര്‍ശം നടത്തിയത്. 'മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണ്. സിസ്റ്റർ എന്ന പേര് ചേർത്താൽ വിൽപ്പന കൂടും. ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ആളുണ്ടാകില്ല. അശ്ലീലമില്ലെങ്കിൽ സെൻസേഷനലിസം വേണം. തന്റെ എഴുത്തുജീവിതത്തിനിടയിൽ ഇതുവരെ അശ്ലീലം എഴുതിയിട്ടില്ല. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴും'- ഇതായിരുന്നു പത്മനാഭന്റെ പരാമർശം. 

ശാരദക്കുട്ടയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നിങ്ങളുടെ പ്രായത്തെയോ അറിവിനെയോ അനുഭവജ്ഞാനത്തെയോ വിഖ്യാതപ്പെട്ട കഥാലോകത്തെയോ കുലപതി സ്ഥാനത്തെയോ ബഹുമാനിക്കാൻ തത്കാലം സാധ്യമല്ല. കാരണം മലീമസമായ ഒരു അകം സൂക്ഷിച്ചു കൊണ്ട് നേടിയതാണിതെല്ലാം . അശ്ലീലമെന്നു നിങ്ങളുദ്ദേശിക്കുന്നതെന്താണ്! അത് നിങ്ങൾക്കും  എഴുതാൻ കഴിയും. ഉള്ളിലത് അത്രക്കുണ്ട്.  ടി.പത്മനാഭൻ നല്ല രണ്ടു വാക്കു പറയുമ്പോഴേക്കും കുളിരു കോരുന്ന എഴുത്തുകാരെല്ലാം ഇതു കൂടി വായിക്കണം.  ഇത്ര മോശപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഒരാൾ ഒറ്റയടിക്കു റദ്ദാക്കുന്നത് സ്വന്തം സാംസ്കാരിക ജീവിതത്തെത്തന്നെയാണ്.

click me!