
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അകംപുറം
കടുകുപാടങ്ങള്‍ പാടാറില്ല,
കാറ്റിന്റെ പാട്ടുകളില്‍ നിന്ന്
വേദനകള്‍ അരിച്ചെടുക്കും.
ശലഭങ്ങള്‍ കുടഞ്ഞിടാറില്ല
നിറങ്ങള്‍,
പൂക്കളില്‍നിന്ന് കട്ടെടുക്കും.
പാടങ്ങളില്‍ വിത്തെറിയാറില്ല
വേനല്‍,
എന്നിട്ടും വെയിലില്‍
തുമ്പികള്‍ മുളയ്ക്കും.
തുള്ളിപ്പറക്കുന്ന ചിറകില്‍
മഴവില്ലു പിടിച്ചെടുക്കും.
ഓര്‍മ്മകള്‍ ഓര്‍മ്മകളേയല്ല
പിറവിയാണെന്ന് ഓര്‍ക്കുമ്പോള്‍,
ജീവന്റെ ചൂടന്‍ തിളപ്പില്‍
ഒരുപിടി കടുകുമണികള്‍
അമ്മയുടെ പാട്ടുപാടുന്നത് കേള്‍ക്കാം.
ശലഭങ്ങള്‍
പൊതിഞ്ഞുകൊടുത്ത നിറങ്ങള്‍
ചില്ലുപാത്രത്തില്‍
സൂക്ഷിച്ചതു കാണാം.
വേനല്‍പാടങ്ങളില്‍
മഴവില്ലുവരയ്ക്കുന്നതിന്റെ
മാന്ത്രികത അടുക്കളച്ചുവരില്‍
പടര്‍ന്നിരിക്കും..
ഞാന്‍ ഞാനോ
അമ്മ എന്റെ അമ്മയോ അല്ല
നിഴലുകള്‍ മാത്രം!
വെയില്‍ നിറമുള്ള പൂക്കള്‍
കറുത്ത തടാകത്തിനു കുറുകേ
തിരക്കിട്ടോടുന്ന തീവണ്ടിയുടെ
ജാലകത്തില്‍നിന്ന്
നീളുന്ന മിഴിയറ്റത്ത്
തുളുമ്പാനൊരുങ്ങുന്നൊരു മഴ!
താഴെ ജലപ്പരപ്പില്‍ വീണ്
കലങ്ങിപ്പോയ വെളിച്ചത്തിന്റെ
നിഴല്‍!
നിശ്ശബ്ദതയുടെ നെഞ്ചുപിളര്‍ന്ന്
ഓര്‍മ്മകളുടെ കൂവല്‍.
കൂവിക്കിതച്ച് ഇരുണ്ട കാട്ടിലേക്ക്.
കാടുനിറയേ പൂക്കളാണെന്ന്,
പൂക്കള്‍ നിറയേ ശലഭങ്ങളാണെന്ന്,
ശലഭങ്ങള്‍ ഇലകള്‍ക്കുമേലെ പറന്ന്
കാടുകടന്ന് മേഘങ്ങള്‍ക്കുമപ്പുറം
സൂര്യനെ തൊട്ട് തിരിച്ചുവരും!
കണ്ണുകളെ ചുംബിച്ച്
കാട്ടുമരങ്ങളില്‍ ചിറകൊതുക്കി
ഇലകളായ് തീരുന്നു.
ഈ കാടുകടക്കുംമുമ്പ്
ഒരു കുടം വെയിലുതന്ന്
ഇരുട്ടില്‍ ചിറകുകളുടെ
ഓര്‍മ്മകളില്‍ വിറച്ച്
ഇലകളായങ്ങനെ!
ജനലരികില്‍നിന്ന്
വേദനകളിറങ്ങിപ്പോയൊരാത്മാവ്
കാറ്റിന്റെ വഴിയേ പോകുന്നു.
കാടുകടന്ന് പോകും വഴിയാകെ
വെയില്‍ നിറമുള്ള പൂക്കള്‍
വിരിയുന്നു!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...