
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ചോരക്കൂരിരുട്ട്
മഴ വീണ്ടും വരുന്നതിനു മുമ്പേ വീട്ടിലേക്കെത്താമെന്ന് കരുതിയതാണെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റി.
നേരം പുലര്‍ച്ചെ ആയതിനാല്‍, മീന്‍ വണ്ടികള്‍ ഒഴിച്ചാല്‍ റോഡ് ഏറെക്കുറെ ശൂന്യമായിരുന്നു. അതുകൊണ്ട് ആല്‍ത്തറ വരെ പെട്ടെന്ന് എത്താന്‍ കഴിഞ്ഞു. അവിടെ നിന്നും വീട്ടിലേക്കെത്താന്‍ ഇനി കഷ്ടിച്ച് അഞ്ചുമിനിറ്റ് മതിയായിരുന്നു. പക്ഷെ അപ്പോഴേക്കാണ് പെരുമഴ പെയ്തത്.
ഇനിയങ്ങോട്ടുള്ള യാത്ര കുറച്ചു ദുഷ്‌കരമാണ്. മഴയില്‍ കുത്തിയൊലിച്ചു റോഡ് മുഴുവന്‍ ചാലുകീറിയിട്ടുണ്ട്. പകല്‍ പോലും സ്‌കൂട്ടര്‍ യാത്ര അല്പം ബുദ്ധിമുട്ടാണ്. എന്തായാലും ഇവിടംവരെ എത്തിയല്ലോ. അയാള്‍ സ്വയം സമാധാനിച്ചുകൊണ്ടു സ്‌കൂട്ടര്‍ കെട്ടിടത്തിന്റെ ഓരം ചേര്‍ത്തുവെച്ചു വരാന്തയിലേക്ക് കയറി.
മെയിന്റോഡില്‍ നിന്നും വീട്ടിലേക്കു പോകുന്നവഴിയില്‍ കിട്ടുന്ന ചെറിയൊരു ടൗണാണ് ആല്‍ത്തറ. പഴയതും പുതിയതുമായ അഞ്ചാറു കെട്ടിടങ്ങള്‍ ഉണ്ട്. അതിനടുത്തായി നാടിന്റെ വെളുപ്പും കറുപ്പും വെളുപ്പിനുള്ളിലെ കറുപ്പും കണ്ടറിഞ്ഞു, കാലങ്ങളായി തലമുറകളുടെ മൂകസാക്ഷിയായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആല്‍മരമുണ്ട്. അതിന്റെ ചോട്ടില്‍ ഒത്തുകൂടാനും തണുത്ത കാറ്റേറ്റിരിക്കാനും നാട്ടുകാര്‍ ചേര്‍ന്ന് ഒരു തറ കെട്ടിയിട്ടുണ്ട്. അതൊരിക്കലും ആ നാടിന്റെ പേരായി പിന്നീട് മാറുമെന്ന് അന്നാരും കരുതിയിട്ടുണ്ടാവില്ല. ഏതു ചൂടിലും അവിടെയിരിക്കുമ്പോള്‍ നല്ല കാറ്റും തണുപ്പുമാണ്.
തറയുടെ കിഴക്കുഭാഗത്താണ് ആ കെട്ടിടം. നാട്ടിന്‍പുറത്തെ സംബന്ധിച്ച് ഒരു അലങ്കാരമെന്നു വേണമെങ്കില്‍ പറയാമതിനെ. നീളമുള്ള വരാന്തയില്‍ ഷീറ്റുപന്തലിട്ടതിനാല്‍ മഴയും വെയിലും കൊള്ളാതെ കയറി നില്‍ക്കാം. റോഡിനഭിമുഖമായി നില്‍ക്കുന്ന മൂന്നു മുറികളില്‍ ചെറിയ സൂപ്പര്‍മാര്‍ക്കറ്റ്. വശങ്ങളിലെ വലിയ രണ്ടു മുറികളില്‍ ഹോട്ടല്‍. അതിനപ്പുറം ഒരു തയ്യല്‍ പരിശീലന കേന്ദ്രം. ഹോട്ടലിന്റെയും തയ്യല്‍ കടയുടെയും ഇടയില്‍ ഒരു അരമതില്‍ കെട്ടിയിട്ടുണ്ട്. അവിടെ പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികളുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണത്. മുകളിലത്തെ നിലയില്‍ ട്യൂഷന്‍ സെന്റര്‍.
മഴയ്ക്ക് മുമ്പേ കറന്റ് പോയതാണ്. ആകെ ആശ്വാസമെന്നു പറയാനായിട്ടുള്ളത് ഒരു സോളാര്‍ സ്ട്രീറ്റ്ലൈറ്റ് മാത്രം. അതും മങ്ങിയിരിക്കുന്നു. പെരുമഴയില്‍നിന്ന് രക്ഷയില്ലെന്ന് തോന്നിയതു കൊണ്ടായിരിക്കും ചിന്നനും വരാന്തയിലേക്ക് ഓടിക്കയറിയത്. പെട്ടെന്ന് അയാളെ കണ്ടപ്പോള്‍ ഒന്നുനിന്ന് മുരണ്ടു. പരിചയമുള്ളതുകൊണ്ട് അവന്‍ വാലാട്ടിക്കൊണ്ട് അടുത്തുവന്നു കാലില്‍ മണപ്പിച്ചു. ശരീരം ഒന്ന് കുടഞ്ഞു മഴത്തുള്ളികള്‍ തട്ടിക്കളഞ്ഞു വരാന്തയിലൂടെ ഉള്ളിലോട്ടു പോയി.
അകത്തേക്കു പോയതിനെക്കള്‍ വേഗത്തില്‍ അവന്‍ മടങ്ങിവന്നു. പിന്നെ ഉള്ളിലോട്ടു നോക്കി പ്രത്യേകതരത്തില്‍ മുരണ്ടു കൊണ്ടിരുന്നു. ഇടയ്ക്കു അകത്തേക്ക് നോക്കി കുരച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. അവന്‍ വിടുന്നമട്ടില്ല. മഴയത്ത് എന്തെങ്കിലും വന്നു കൂടിയിട്ടുണ്ടാകണം. ഇനി വല്ല പന്നിയോ പാമ്പോ ആണെങ്കില്‍ അപകടമാണ്. അരമതിലിനു നേരെ നോക്കിയാണ് കുരക്കുന്നത്. കുറച്ചു നേരം അയാള്‍ അവിടെ തന്നെ നിന്ന് നോക്കി. മഴയായതുകൊണ്ടായിരിക്കും ശങ്കരേട്ടന്‍ ഹോട്ടല്‍ തുറക്കാന്‍ വൈകിയത്. അല്ലെങ്കില്‍ ഇരുട്ട് മാറുന്നതിനുമുമ്പേ വരുന്നതാണ്.
വീണ്ടും കുരച്ചുകൊണ്ട് അകത്തേക്കുപോയ ചിന്നനു നേരേ ഇരുട്ടില്‍ നിന്നും എന്തോ വന്നു പതിച്ചു. അവന്‍ ഞെട്ടിയൊഴിഞ്ഞു മാറി.
'ശ്ശ്.. ശ്‌സ്.. പോ..നായി.. പോ....' അവിടെ നിന്നും ഒരു പതിഞ്ഞ ശബ്ദം.
ആരോ ഇരുട്ടില്‍ ഉണ്ട്. അപരിചിതര്‍ ആരോ ആണ്. അല്ലെങ്കില്‍ അവന്‍ ഇങ്ങനെ അസ്വസ്ഥത കാണിക്കില്ല.
അയാള്‍ വരാന്തയിലൂടെ കുറച്ചുകൂടി അകത്തേക്ക് ചെന്നു. ഇടയ്ക്കു വീശിയ മിന്നലില്‍ അവ്യക്തമായ ഒരു കാഴ്ച കണ്ടു. തയ്യല്‍ പീടികയുടെ മുമ്പില്‍ ബാക്കിവന്ന തുണിക്കഷണങ്ങള്‍ ഇടുന്നതിനു വെച്ചിരുന്ന കാര്‍ബോര്‍ഡ് പെട്ടിക്കു പിറകില്‍ ഒരു രൂപം കൂനിക്കൂടിയിരിക്കുന്നു.
'ആരാത്..?'
അയാളോടൊപ്പമായപ്പോള്‍ ചിന്നനും ധൈര്യം വന്നു. അവന്‍ കുറച്ചുകൂടി അടുത്തേക്ക് പോയി കുരച്ചുകൊണ്ടിരുന്നു.
'ആരാത്?.... ചോയ്ച്ചത് കേട്ടില്ലേ ...എന്താ ഈട?..'
ഉള്ളില്‍ നേരിയ ഒരു ഭയമുണ്ടെങ്കിലും പുറത്തുകാണിക്കാതെ അയാള്‍ ചോദിച്ചു. ചിന്നന്‍ കുരച്ചു തുള്ളുമെന്നു തോന്നിയപ്പോള്‍ പേടിച്ചരണ്ട ഒരു ശബ്ദം പുറത്തേക്കു വന്നു.
'നായി...'
'ചിന്നാ.. ഇങ്ങോട്ടു വാ..' അയാള്‍ വിളിച്ചു 'അതൊന്നും ചെയ്യൂല്ല..'
അയാളുടെ ഉറപ്പിലായിരിക്കണം കാര്‍ബോര്‍ഡ് പെട്ടിയുടെ മറവില്‍ നിന്നും ഒരു തല പുറത്തേക്കുവന്നു. അയാള്‍ മൊബൈലിലെ ടോര്‍ച്ചു തെളിച്ചു. വെളിച്ചം കണ്ടപ്പോള്‍ ആ രൂപം ഒന്നുകൂടി പെട്ടിക്കു പിന്നിലേക്ക് ചുരുണ്ടു. ഒരു യുവതി. ദേഹം മുഴുവന്‍ പലതരത്തിലുള്ള തുണിക്കഷണങ്ങള്‍ വാരി ചുറ്റിയിട്ടുണ്ട്. ശരീരം പൂര്‍ണ്ണമായും അതിലൊളിപ്പിക്കാനാവാത്തതിനാല്‍ മുട്ടുകാല്‍ മടക്കി മാറോടു ചേര്‍ത്ത് വെച്ചിട്ടാണ് ഇരിക്കുന്നത്. കണ്ടിട്ട് മനോനില തെറ്റിയതല്ലന്നു തോന്നുന്നു. എന്തോ വശപിശകാണ്. കൂടെ ആരെങ്കിലും ഉണ്ടോ എന്നറിയാനായി അയാള്‍ ചുറ്റും നോക്കി. ഉണ്ടാകാന്‍ വഴിയില്ല. ചിന്നന്‍ അവളെ നോക്കി മാത്രമേ കുരയ്ക്കുന്നുള്ളു.
മഴ ചെറുതായി കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ടൗണിലെ ബാങ്കില്‍ സെക്യൂരിറ്റിപ്പണി തുടങ്ങിയതുമുതല്‍ രാത്രി സമയത്തു പലതും കണ്ടിട്ടുണ്ട്. പലമുഖങ്ങളും എന്നും കണ്ടു പരിചിതവുമാണ്. അവയില്‍ പെട്ടതൊന്നുമല്ല. ഈ നാട്ടിന്‍പുറത്ത് ഇങ്ങനെ ഒരു കാഴ്ച ആദ്യായിട്ടാണ്.
'വന്ന് വന്ന് ഇങ്ങോട്ടും എത്തിയോ? കാലത്തിന്റെ ഒരു പോക്കേ..' അയാള്‍ അമര്‍ഷത്തോടെ പറഞ്ഞു.
'എന്തിനാ ഈട തങ്ങുന്നേ.. കാര്യം കയ്ഞ്ഞാല്‍ പൊയ്ക്കൂടേ?' അതിനു ഉത്തരമൊന്നും ഉണ്ടായില്ല. പകരം ഏങ്ങിക്കരയുന്ന ശബ്ദം മാത്രം.
'ദേ.. ആള്‍ക്കാര്‍ ഇപ്പൊ ഇങ്ങോട്ട് വരാന്‍ തൊടങ്ങും. അയ്‌നുമുമ്പ് സ്ഥലം കാലിയാക്കാന്‍ നോക്ക്.'
അവള്‍ പതുക്കെ തല ചെരിച്ചുനോക്കി. കരഞ്ഞു കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്. വെളിച്ചം അവള്‍ക്കു സ്വയം ഒളിപ്പിക്കാന്‍ ബുദ്ധിമുട്ടാകുന്നു എന്ന് തോന്നിയപ്പോള്‍ അയാള്‍ ടോര്‍ച്ചണച്ചു.
'ഇതേടയാ സ്ഥലം? പോകാനറിയില്ല' അവള്‍ കരഞ്ഞുകൊണ്ട് ചോദിച്ചു.
''പഷ്ട്.. പിന്നെങ്ങനെയാ ഇങ്ങോട്ടു വന്നേ? അതേപോലെ പോയാമതി.'
'എന്നെ കൊണ്ടന്നതാ..' വാക്കുകള്‍ക്ക് കൂട്ടായി തേങ്ങലുകളും ഉയര്‍ന്നു.
'മതി മതി.. കഥ പറഞ്ഞത്. നാട്ടുകാര് വരുന്നേനുമുമ്പേ മര്യാദക്ക് തുണിയുടുത്തിട്ടു പോകാന്‍ നോക്ക്. മഴകുറഞ്ഞു. ഇപ്പൊ കൊറച്ചു വഴികാണുന്നുണ്ടല്ലോ.. ഇല്ലെങ്കി കൊണ്ടന്നവരെ വിളിച്ചിട്ട് പറ.' അയാള്‍ പോകാന്‍ തുനിഞ്ഞു .
'ഏട്ടാ..' ദയനീയമായ ആ വിളിയില്‍ അയാള്‍ ഒന്ന് നിന്നു.
'ഇടാന്‍ ഒന്നുല്ല. എല്ലാം അവര് കൊണ്ടോയി. തുണിയും, ഫോണും, പേഴ്സുമെല്ലാം. എനിക്കൊരു ഉപകാരം ചെയ്യോ? വേറെ വഴിയില്ല!'
'വേറെ വഴിയില്ലെങ്കില് ദാ ആട ഒരു വഴിയുണ്ട്.' കുറച്ചകലെ കാണുന്ന റെയില്‍പാളം കാണിച്ചു ദേഷ്യത്തോട് അയാള്‍ പറഞ്ഞു. 'നിനക്കൊക്കെ അതാ നല്ലത്.'
'ഇറങ്ങിയതാ.. പക്ഷെ ഞാന്‍ പോയാ. മോള്‍ ഒറ്റയ്ക്കായിപോകും.' കരച്ചില്‍ അല്പം ഉയര്‍ന്നു.
'ഓ.. അപ്പൊ കൂടും കുടുമ്പോക്കെ ഉള്ളതാ!.. എന്നിട്ടാ ഇപ്പണിക്ക് ഇറങ്ങിയത്? ആരാ ഇങ്ങോട്ടു കൊണ്ടുവന്നേ?.'
ആ ചോദ്യത്തിന് അവള്‍ക്കു ഉത്തരമുണ്ടായില്ല. ആരാന്നാ പറയേണ്ടത്. ആല്‍ബി. ആ പേരുമാത്രമറിയാം. സങ്കടങ്ങള്‍ക്കിടയില്‍ ഒരു മൂന്നുവയസ്സുകാരിയുമായി ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പെണ്ണിന്റെ ജീവിതത്തിലേയ്ക്ക് മിസ്ഡ്‌കോളില്‍ വന്ന സ്‌നേഹം. അങ്ങനെ വേണമെങ്കില്‍ പറയാം. ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും ഒഴിവാക്കാനാവാതെപോയ ആ ഫോണ്‍കോളുകളില്‍ സങ്കടങ്ങള്‍ മായ്ക്കുവാനുള്ള എന്തോ ഒന്ന് ഉണ്ടായിരുന്നു. അതൊരിക്കലും മോശമായ രീതിയിലായിരുന്നില്ല. സ്‌നേഹമാണെന്നും, കൂടെയുണ്ടാകുമെന്നും പറയാതെപറഞ്ഞ വാക്കുകള്‍. നേരിട്ട് കാണുംവരെ ഒരു സര്‍പ്രൈസ് ആവട്ടെ എന്ന് പറഞ്ഞു കണ്മുന്നില്‍ നിന്നും മറഞ്ഞുനിന്നിട്ടും ശബ്ദംകൊണ്ട് അടുത്തുപോയൊരാള്‍.
വീട്ടുകാരെ ധിക്കരിച്ച ഒരു പ്രണയ വിപ്ലവത്തിന്റെ ബാക്കിപത്രമാണ് കുഞ്ഞുമൊത്തുള്ള ഹോസ്റ്റലിലെ ജീവിതം. ഇനിയുമൊരു നാടകത്തിലെ കഥാപാത്രമാകാന്‍ താല്പര്യമില്ലാത്തതിനാല്‍ സൗഹൃദത്തിന്റെ അതിര്‍ വരമ്പില്‍ അതിനെ തളച്ചിട്ടു. ഇത് പറഞ്ഞാല്‍ ഇവര്‍ വിശ്വസിക്കുമോ?
'ഫോണിലൂടെയുള്ള പരിചയാ. കുറച്ചു പൈസവേണായിരുന്നു. ശരിയാക്കിത്തരാന്നു പറഞ്ഞു കൊണ്ടന്നതാ.. ഇവിടെ എത്തിയപ്പോ... അവര്‍ മൂന്നാലാളുണ്ടായിരുന്നു. എല്ലാരുംകൂടി എന്നെ..'കരച്ചലിനിടയില്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.
'എനിക്കൊരു ഡ്രസ്സ് കൊണ്ടുത്തരാന്‍ പറ്റുവോ.. പഴയതു മതി.. ആരെങ്കിലും കണ്ടാ.. എനിക്കെന്റെ മോളെ കാണണം.. ഓള് ആശുത്രീല്ണ്ട്.'
എന്തുചെയ്യണമെന്നറിയാതെ അയാള്‍ കുഴങ്ങി. മഴ മാറി. പുറത്തെ ഇരുട്ട് കനംകുറഞ്ഞു തുടങ്ങി. ഹോട്ടല്‍ തുറക്കാന്‍ ശങ്കരേട്ടന്‍ ഇപ്പൊ വരും. പ്രതീക്ഷയോടെ കൈകൂപ്പി കരഞ്ഞു നില്‍ക്കുന്ന അവളെ കയ്യൊഴിയാനും തോന്നിയില്ല. അവളുടെ ആവശ്യം നാണം മറയ്ക്കാന്‍ ഒരു വസ്ത്രം. അതിനുപിന്നിലെ ശരിതെറ്റുകള്‍ നോക്കാനുള്ള സമയമില്ല ഇപ്പോള്‍. പറ്റില്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞാല്‍ നാട്ടുകാര്‍ക്കു കണ്ടുരസിക്കാന്‍ ഒരു കാഴ്ചയാകും. അതു ചിലപ്പോ അതിനു താങ്ങാനായെന്നുവരില്ല.
'ന്നാ ഇപ്പൊ ഇതിട്ടോ.. എന്തെങ്കിലും വഴിയുണ്ടാക്കാം...'
അയാള്‍ സ്‌കൂട്ടറില്‍ നിന്നും മഴക്കോട്ടെടുത്തു എറിഞ്ഞുകൊടുത്തു. അവള്‍ അതും ധരിച്ചു ഇരുട്ടില്‍ നിന്നും പതിയെ പുറത്തേക്കു വന്നു അയാളെ നോക്കി കൈകൂപ്പി കരഞ്ഞു. കൂട്ടിപ്പിടിച്ചിട്ടും ആ കൈകള്‍ കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. രാത്രിയിലത്തെ പെരുമഴയോടൊപ്പമുള്ള കാറ്റും ശരീരത്തിനേറ്റ മുറിവും ആകെ തളര്‍ത്തിയിട്ടുണ്ട്. അതിലേറെ മാനസികമായി തളര്‍ന്നിരിക്കുന്നു. അയാള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു.
'വാ.. കേറിക്കോ'
അവള്‍ കയറാന്‍ മടിച്ചു.
'പേടിക്കണ്ട.. കേറിക്കോ.. ഈട ഇപ്പൊ ആള്‍ക്കാര്‍ വരും. അയ്‌നു മുമ്പ് മാറണം. എന്റെ വീട്ടിലേക്കാ. പിന്നൊരുകാര്യം. എനിക്ക് തലവേദനയാക്കരുത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്നതാണ് . കിട്ടിയ ഡ്രസ്സും ഇട്ടിട്ട് സ്ഥലം കാലിയാക്കിക്കോളണം. പൈസ ഉണ്ടാക്കിയല്ലോ ഇഷ്ടം പോലെ.'
അവള്‍ ഒന്നും പറഞ്ഞില്ല. സ്‌കൂട്ടറില്‍ കയറുന്നതിനു മുമ്പ് ചുരുട്ടിപ്പിടിച്ച കൈ അയാള്‍ക്ക് നേരെ നീട്ടി.
'ഇതാ അവര് തന്നത്. ആവശ്യം കഴിഞ്ഞു പോമ്പോ ചുരുട്ടി തന്നതാ...'
അയാള്‍ അവളുടെ കയ്യിലേക്ക് നോക്കി. കുറച്ചു പഴയ ലോട്ടറിടിക്കറ്റുകള്‍. ഇരുട്ടില്‍ അവള്‍ക്കുകൊടുത്ത പ്രതിഫലം. എന്തൊരു മനുഷ്യരാണ്! എങ്ങനെ ഇങ്ങനെ ചെയ്യാന്‍ പറ്റുന്നു? ഒരുപെണ്ണിനെ പറഞ്ഞു പറ്റിച്ചു കൊണ്ടുവന്നു കൂട്ടമായി അക്രമിച്ചിട്ട്. ലോകം പുരോഗമിക്കുന്തോറും മനുഷ്യര്‍ പിശാചുക്കള്‍ ആവുകയാണ്.
'സൂക്ഷിച്ചുവെച്ചോ.. കൂലികിട്ടിയതല്ലേ' അല്പം പരിഹാസത്തോടെ അയാള്‍ പറഞ്ഞു. 'ഓരോന്നിനും ഇറങ്ങുന്നേനുമുമ്പേ ആലോചിക്കേണ്ടേ? വാ കേറിയിരിക്ക്.. പോകാം.'
അവള്‍ സ്‌കൂട്ടറിന്റെ പിറകില്‍ കയറി ഇരുന്നു. ഇതുപോലൊരു യാത്രയായിരുന്നു ഇന്നലെ രാത്രിയിലും. അവളുടെ ഉള്ളില്‍ നടുക്കുന്ന ആ രംഗങ്ങള്‍ ഒന്നിനുപിറകെ ഒന്നായി തെളിഞ്ഞു വന്നു.
''ഇപ്പൊ പേടിക്കേണ്ടതില്ല. പക്ഷെ കൗണ്ട് ഇനിയും കുറയുകയാണെങ്കില്‍ മറ്റെവിടേക്കെങ്കിലും മോളെ കൊണ്ടുപോകേണ്ടി വരും.'
ഡോക്ടര്‍ അടുത്തുവിളിച്ചുപറഞ്ഞപ്പോള്‍ എന്താ ചെയ്യേണ്ടത് എന്നറിഞ്ഞില്ല. ഗ്ലാസ് വട്ടത്തിലൂടെ അകത്തേയ്ക്കു നോക്കുമ്പോള്‍ ട്യൂബുകള്‍ക്കിടയില്‍ അവള്‍ തളര്‍ന്നുറങ്ങുന്നു. ചെറിയൊരനക്കം മാത്രം. വേറെ എവിടെയെങ്കിലും കൊണ്ടുപോകണമെങ്കില്‍ പൈസ വേണം. കിട്ടാവുന്നിടത്തുനിന്നൊക്കെ വാങ്ങിച്ചതാ. ഇനിയിപ്പൊ ഈ രാത്രിയില്‍...
ആലോചിച്ചിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആല്‍ബിയുടെ കാള്‍ വന്നത്. കുറച്ചു ദിവസമായി വിളിക്കാതെ. ബാംഗ്ലൂര്‍ എന്തോ ബിസ്സിനസ് കാര്യത്തിനുവേണ്ടി പോകുന്നുണ്ടെന്നാ പറഞ്ഞിരുന്നത്.
'കാശല്ലേ പ്രശ്‌നം.. നമുക്ക് ശരിയാക്കാന്നേ.. എന്റെകൂടെ ഒന്ന് വരാന്‍ പറ്റുമോ. ഒരു ഫ്രണ്ടിനോട് ചോദിക്കാം. ഞാന്‍ ഒറ്റയ്ക്കുപോയ കിട്ടില്ല. വാങ്ങിച്ചതന്നെ കൊടുക്കാനുണ്ട്. റെഡിയാണെങ്കില്‍ ഞാനങ്ങോട്ട് വരാം.' ആ വാക്കുകളില്‍ ഒരു പ്രതീക്ഷയുണ്ടെങ്കിലും രാത്രിയായതുകൊണ്ട് പോകാനൊരു മടി.
'അത്.. മോള്‍ ഒറ്റക്കാ. ഞാന്‍ വന്നാ...'
'മോള്‍ ഐ സി യുവില്‍ എന്നല്ലേ പറഞ്ഞത്. സിസ്റ്റര്‍മാരുണ്ടല്ലോ അവിടെ. അവരോട് പറഞ്ഞിട്ട് വന്നാമതി. അരമണിക്കൂറിനുള്ളില്‍ തിരിച്ചെത്താം. രാത്രി മോളെ എവിടേലും കൊണ്ടുപോകേണ്ടിവന്നാല്‍ ക്യാഷ് ഇല്ലാതെ പറ്റുമോ? ഞാന്‍ വരാം.' മൗനം സമ്മതമെന്നനിലയ്ക് ആല്‍ബി ഫോണ്‍ വെച്ചു.
സിസ്റ്ററോട് സൂചിപ്പിച്ചു പുറത്തേയ്ക്കിറങ്ങി. ഇടയ്ക്കിടെ ചീറിപ്പായുന്ന വാഹനങ്ങള്‍ റോഡിലെ നനവിനെ തട്ടിത്തെറിപ്പിച്ചു പോയ്‌കൊണ്ടിരിന്നു. ഇടവിട്ടുവീശുന്ന തണുത്തകാറ്റേറ്റു ചുണ്ടുകള്‍ വിറയ്ക്കുന്നു. ഷാള്‍ എടുത്ത് തലയോടെ ചേര്‍ത്ത് പുതച്ചു ആശുപത്രിക്കു മുമ്പിലെ ബസ് സ്റ്റോപ്പിന്റെ തിണ്ണയില്‍ ഇരുന്നു.
അധികം വൈകാതെതന്നെ ഒരു ബൈക്ക് അടുത്തുവന്നു നിര്‍ത്തി. ഹെല്‍മറ്റിനുള്ളില്‍ കൂടി രണ്ടു കണ്ണുകള്‍ അവളെത്തന്നെ നോക്കി നിന്നു. മുഖം വ്യക്തമല്ലെങ്കിലും ഒരു ചെറുചിരിയുടെ പ്രതിഫലനം ആ കണ്ണുകളില്‍ കണ്ടു.
'ഞാന്‍ ആല്‍ബി..' അതെ. അതേ ശബ്ദം. കുറെ നാളുകളായി കാണാനാഗ്രഹിച്ച രൂപം. കാണുന്നത് ഇങ്ങനെയാകുമെന്ന് കരുതിയില്ല. പ്രതീക്ഷിച്ചതിനെക്കാളും ചെറുപ്പമാണ്. പക്ഷെ ഇപ്പൊ അതൊന്നും പറയാനുള്ള സമയമില്ല.
'പോകാല്ലേ..? അവന്‍ ഉറങ്ങുന്നതിനു മുമ്പ് എത്തണം.' ഹെല്‍മെറ്റ് എടുത്ത് അവള്‍ക്കു നീട്ടി അവന്‍ പറഞ്ഞു. വാഹനങ്ങള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു ആ ബൈക്ക് ചീറിപ്പാഞ്ഞു.
'ദേ വീടെത്താറായി. പറഞ്ഞതോര്‍മ്മേണ്ടല്ലോ?. സഹായിക്കാന്‍ വന്നിട്ട് എനിക്ക് പുലിവാലാകരുത്.' എത്ര ശ്രമിച്ചിട്ടും മറക്കാനാകാതെ തികട്ടി വരുന്ന നശിച്ച ഓര്‍മ്മകളെ തടസ്സപ്പെടുത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.
'നിനക്കു അവരെ കണ്ടാലറിയോ?.. എവിടത്തെ ആള്‍ക്കാരാ?'
''ഇല്ല. ഇരുട്ടായിരുന്നു. സഹിക്കാനാവാതായപ്പോള്‍ കാലുപിടിച്ചു കരഞ്ഞതാ. അതൊന്നും അവര്‍ കേട്ടതേയില്ല. അവര്‍ എന്തോ ലഹരിയിലായിരുന്നു. കരഞ്ഞാ കൊല്ലൂന്നു പറഞ്ഞു. കൊല്ലുമായിരുന്നു. പിന്നെ എന്തോ..' അവളുടെ വാക്കുകളില്‍ ഇപ്പോഴും ഭയം നിഴലിക്കുന്നുണ്ട്.
അയാള്‍ വിറകുപുരയുടെ ഓരത്തായി സ്‌കൂട്ടര്‍ നിര്‍ത്തി. വീട്ടില്‍ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്. അടുക്കളയില്‍ നിന്നും പാത്രങ്ങളുടെ ശബ്ദം കേള്‍ക്കാം.
'നീ ഇവിടെ നിക്ക്. ആദ്യം ഞാന്‍ പോയി ദേവൂനോട് കാര്യം പറയട്ടെ.. ഇല്ലേല് ഓള് കൂക്കാന്‍ തുടങ്ങും.' അതുംപറഞ്ഞു അയാള്‍ അടുക്കള വശത്തേക്ക് പോയി
പെട്ടെന്ന് വീടിനു പുറത്തേക്കുണ്ടായിരുന്ന ലൈറ്റ് അണഞ്ഞു. അയാള്‍ കാര്യം പറഞ്ഞിട്ടുണ്ടാകണം. അല്പസമയം കഴിഞ്ഞു അരണ്ട വെളിച്ചത്തില്‍ രണ്ടു രൂപങ്ങള്‍ തന്നെ സമീപിക്കുന്നത് അവള്‍ കണ്ടു. എന്തായിരിക്കും അവരുടെ പ്രതികരണം. എന്തായാലും സഹിച്ചെ പറ്റു. ആട്ടും തുപ്പും തല്ലും എന്തും. ഒരു രാത്രി മുഴുവന്‍ സഹിച്ചതല്ലേ. അത്രയും വരില്ലല്ലോ. അവള്‍ സ്വയം സമാധാനിപ്പിച്ചു.
ധൃതിപിടിച്ചു കിതച്ചു വന്ന സ്ത്രീ കുറച്ചു നേരം അവളെ തന്നെ നോക്കി. വെറുപ്പോ അതോ അറപ്പാണോ ആ കണ്ണുകളില്‍? ഇരുട്ടുകൊണ്ട് ആ കണ്ണുകളിലെ വികാരങ്ങള്‍ക്കു മറയിട്ട മഴമേഘങ്ങള്‍ക്കു അവള്‍ ഉള്ളില്‍ നന്ദിപറഞ്ഞു. പൊരുളറിയാത്ത നോട്ടത്തില്‍ വെന്തുരുകി അവള്‍ കരഞ്ഞു.
'എന്തിന് മോങ്ങുന്നേ..? കെട്ടിയൊര്ങ്ങി എറങ്ങുമ്പോള്‍ ഓര്‍ക്കണായിരുന്നു.' ആ സ്ത്രീ മുഖത്തടിച്ചപോലെ പറഞ്ഞു.
''ദേവൂ.. നീ ഇപ്പൊ അയിന് തുണികൊടുക്ക്. ഞാന്‍ പറഞ്ഞേല്ലേ ഓളെ അവസ്ഥ.' അയാള്‍ രംഗം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇടപെട്ടു.
''ഓരോര്ത്തി ഒരുമ്പെട്ട് ഇറങ്ങുന്നേന് നമ്മളെന്താക്കാനാ? ഇത്രോളം ഇങ്ങോട്ട് ഇങ്ങനേന്നും കേട്ടിറ്റ്‌ല. അതെങ്ങനെ.. എല്ലാ തീട്ടവും വാരിക്കൊണ്ട് വരാന്‍ ഈട ഒരാളുണ്ടല്ലോ. നാട് നന്നാക്കാന്‍ നട്ക്കുന്നെ.'
അവര്‍ വിറകുപുരയുടെ പടിയില്‍ ഇരുന്നു തലയില്‍ കൈവെച്ചു ഓരോന്ന് പിറുപിറുത്തുകൊണ്ടിരുന്നു. ആ കയ്യിലെ പഴന്തുണിയിലേക്ക് ആര്‍ത്തിയോടെ നോക്കി നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ അയാള്‍ക്ക് സങ്കടം തോന്നി. എങ്കിലും ഒന്നും മിണ്ടിയില്ല. ഈ ഒരവസരത്തില്‍ മൗനം തന്നെയാണ് നല്ലത്. എന്തെങ്കിലും പറഞ്ഞു ഭാര്യയെ ദേഷ്യം പിടിപ്പിച്ചിട്ടു കാര്യമില്ല.
'ഈടേം ഇണ്ടല്ലോ ദൈവേ രണ്ടണ്ണം... അയ്റ്റിങ്ങൊ ഇതൊന്നും കാണേം കേക്കേം ചെയ്യാതിര്ന്നാമതി'
വീട്ടിലേക്കു നോക്കി അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു.
'നീ ഇനിയിപ്പൊ കൂക്കീട്ടു അവരെയൊന്നും എണീപ്പിക്കണ്ട.. ഡ്രസ്സ് കൊടുത്തിട്ട് ഓള പറഞ്ഞുവിട്.'
ഭാര്യയുടെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
'ഓരോന്നു കാണുമ്പോ പേടിയാ.. ഇത്രമാത്രം കണ്ണീച്ചോരയില്ലാതെ മനുഷ്യന്മാരോ! പോയി കേസുകൊടുക്ക്. നിനക്കു ആവശ്യത്തിന് പൈസേം കിട്ടും.'
അവള്‍ മറുപടി ഒന്നും പറഞ്ഞില്ല. ഇപ്പോഴും അവരുടെ മുഖത്തേയ്ക്കു നോക്കാനുള്ള ധൈര്യം വന്നിട്ടില്ല. മഴ വീണ്ടും പെയ്യാനുള്ള ഒരുക്കത്തിലാണ്. തണുത്തകാറ്റും മിന്നലും മുന്നോടിയായി എത്തി. അവര്‍ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.
'ദാ.. മോളുടെതാ.. ഇത് ഇട്ടോ.. പാകാവോ എന്നറിയില്ല.'
ഒരു ചുരിദാര്‍ സെറ്റ്. അത്ര പഴയതല്ല. അതും പിടിച്ച അവള്‍ അങ്ങനെ നിന്നു. ഈ ജന്മം കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും അമൂല്യമായ സമ്മാനം. അല്ല ദാനം. ഒരു പഴംതുണി. അതിന് വിലയിടാനാവില്ല.
'അതിട്ടിട്ടു ആ കോട്ടും ഹെല്‍മെറ്റും അവിടെ വെച്ചിട്ടു പോയ്‌ക്കോ.. പറഞ്ഞത് ഓര്‍മയുണ്ടല്ലോ?'. അതും പറഞ്ഞു അയാള്‍ വീട്ടിലേക്കു പോയി.
വിറകുപുരയുടെ ഉള്ളിലേക്ക് മാറിനിന്ന് അവള്‍ കോട്ടഴിച്ചു. ടോപ് അല്പം ഇറുകിയതായതുകൊണ്ട് വലിച്ചു കയറ്റുമ്പോള്‍ മേലാകെ വല്ലാത്ത നീറ്റല്‍. അസഹ്യമായ വേദനകൊണ്ടു പുളയുമ്പോള്‍ പിറകില്‍ ആരോ തൊടുന്നപോലെ. അവള്‍ ഞെട്ടിത്തിരിഞ്ഞു.
'ഉള്ളിലൊന്നും ഇല്ലേ?.. എങ്ങെനയാ പൊറത്തിറങ്ങുവാ..?' ആ അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
ഇല്ല എന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി. കുത്തുവാക്ക് പ്രതീക്ഷിച്ചു തന്നെയാണ് നിന്നതെങ്കിലും ഒരു ദീര്‍ഘനിശ്വാസത്തില്‍ അവര്‍ മറുപടി ഒതുക്കി. അവളുടെ പുറത്തെ ചോരപൊടിഞ്ഞ പാടുകളിലൂടെ പതുക്കെ തലോടി.
'നല്ലോണം ഉപദ്രവിച്ചിനല്ലെ?. എല്ലാടത്തും മുറിഞ്ഞിട്ടുണ്ട്. ഗുണം പിടിക്കീല ഒന്നും.. അനുഭവിക്കും...ചാമുണ്ട്യമ്മ കൊട്‌ത്തോളും അയ്റ്റിങ്ങക്ക്. നീയൊരു കാര്യം ചെയ്യ്. ഈ കോലത്തില് പോണ്ട. പൊറത്ത് ഒരു കുളിമുറിയുണ്ട്. അതില് ചൂട് വെള്ളം ഉണ്ടാകും. ഒന്ന് മേല് കഴുക്. ഞാന്‍ വീട്ടില് എന്തെങ്കിലും ഇണ്ടോന്നു നോക്കട്ട്.'
അതും പറഞ്ഞ് അവര്‍ വീട്ടിലേക്ക് പോയി. ആ ഭാവമാറ്റം അവള്‍ക്കു വിശ്വസിക്കാനായില്ല. അല്പം മുമ്പുകണ്ട ആളേയല്ല. അവര്‍ പറഞ്ഞത് ശരിയാ. ഒന്നു കുളിച്ചാല്‍ ആശ്വാസം കിട്ടും. ശരീരത്തിനും മനസ്സിനും. കോട്ട് വിറകുപുരയുടെ കഴുക്കോലില്‍ തൂക്കിയിട്ട് അവള്‍ കുളിമുറിയിലേക്കു നടന്നു.
ഇളം ചൂടുവെള്ളം തലയിലൂടെ ഒഴിച്ചപ്പോള്‍ നല്ല ആശ്വാസം തോന്നി. മനസിന്റെ വിങ്ങല്‍. അത് ഇനി ഈ ജന്മം വിട്ടുപോകില്ല. ഒരു ദുസ്വപ്നമായി ഏതു സമയത്തും കൂടെ ഉണ്ടാകും. മുമ്പില്‍ കാണുന്നതൊക്കെയും മുഖമില്ലാത്ത കുറെ കറുത്ത രൂപങ്ങള്‍. പല്ലും നഖവും നീട്ടിയ പിശാചുക്കള്‍. ഓരോ രോമകൂപങ്ങളിലേക്കും നഖമുനകള്‍ കുത്തിയിറക്കി ചിരിക്കുന്ന വികൃതരൂപങ്ങള്‍. ഇരുട്ടിനെ ഇപ്പോള്‍ പേടിയാണ്.
അവര്‍ കൊടുത്ത വസ്ത്രങ്ങള്‍ ശരീരത്തിന് പാകപ്പെടുത്തി പുറത്തിറങ്ങി. ഇനി ഒരു തിരിച്ചുപോക്ക്. ശ്വാസം മുട്ടി പിടയുമ്പോഴും ഒരേ ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കല്‍, ഒരിക്കല്‍ മാത്രം മോളെ കാണാന്‍ കഴിയണേ. അവള്‍ക് എന്തായിട്ടുണ്ടാകുമെന്നു അറിയില്ല.
'വേണ്ടാത്തയൊന്നും ചിന്തിക്കണ്ട. കുഞ്ഞിക്ക് സുഖായിട്ടുണ്ടാകും. അവളേം കൂട്ടി വീട്ടില് പോണം. ഇങ്ങനെയൊക്കെ വരാനുണ്ടായിരുന്നു എന്ന് കരുതിയ മതി.'
അവളുടെ കയ്യില്‍ കുറച്ചു നോട്ടുകള്‍ വെച്ചുകൊടുത്തുകൊണ്ട് അവര്‍ പറഞ്ഞു. വേണ്ട എന്ന് പറഞ്ഞില്ല. ഇനി ഇറങ്ങണം. പക്ഷെ എങ്ങോട്ടുപോകും. ദിക്കുകള്‍ പോലും അറിയില്ല.
'നിങ്ങോ ഒരു കാര്യം ചെയ്യൂ. റോഡുവരെ ഒന്ന് കൊണ്ടാക്കിയിട്ട് വാ' പോകാന്‍ വഴിയറിയാതെ നില്കുന്ന അവളെ കണ്ടിട്ട് അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു.
''ഞാനിപ്പോ വന്നതല്ലേ. തല നേരെ നില്‍ക്കുന്നില്ല. മാത്രോല്ല തറേല് ആള്‍ക്കാരുണ്ടാകും. എന്താ പറയാ?. കള്ളം പറഞ്ഞാല്‍ അത് കേള്‍ക്കുന്നോര്‍ക്കു അറിയും. നീ അശ്വിനെ ഒന്ന് വിളിക്കു. അവനാകുമ്പോ ആരും ചോയ്ക്കാന്‍ നില്‍ക്കൂല.'
'ഓന്‍ നല്ല ഉറക്കിലാ. പറഞ്ഞ കേക്കുമോ എന്നറീല്ല.. ഞാന്‍ കിടക്കുമ്പോ ഓന്റെ റൂമില് ലൈറ്റുണ്ട്. എന്തോ പരീക്ഷയോ പ്രൊജെറ്റോ ഇണ്ടെന്നു പറീന്നുണ്ടായിരുന്നു. വിളിച്ചുനോക്കാം.' അവര്‍ അകത്തേക്ക് പോയി.
അകത്തു നിന്ന് അമ്മയുടെയും മകന്റെയും സംസാരം കേള്‍ക്കാം. ഒന്നും വ്യക്തമാകുന്നില്ല. പെരുമഴയുടെ തണുപ്പിലെ സുഖനിദ്രയ്യ്ക്കു ഭംഗം വരുത്തിയതിന്റെ ദേഷ്യം അമ്മയോട് കാണിക്കുന്നതാവണം. അമ്മയുടെ പിറകെ കണ്ണ് തിരുമ്മിക്കൊണ്ട് അശ്വിന്‍ പുറത്തേയ്ക്കു വന്നു. ഒന്ന് പാളിനോക്കിയശേഷം അമ്മയെ വിളിച്ചു അകത്തേക്ക് പോയി.
'ഇതിനാണോ എന്നെ വിളിച്ചെഴുന്നേല്‍പിച്ചത്? അത്യാവശ്യമായി ആരെയോ കൊണ്ടുവിടാനുണ്ടെന്നു പറഞ്ഞിട്ട് ഇതിപ്പോ..എനിക്ക് പറ്റില്ല'
'മോനെ വഴിയറിയത്തൊണ്ടല്ലേ.. അച്ഛനിപ്പോ വന്നുകേറിയതെയുള്ളു. നീ ഒന്ന് ഓള ബസ്സ്‌റ്റോപ്പിലേക്ക് ആക്കിയേക്ക്.'
''വരുമ്പോ വഴി അറിഞ്ഞിനോ? അതുപോലെ പോകും. അച്ഛന്‍ എന്ത് വിചാരിച്ചാ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്? ആരെങ്കിലും കണ്ടിരുന്നെങ്കില്‍? പഴയ കാലോന്നുമല്ല ഇത്. എനിക്ക് പറ്റില്ല. ഇതൊക്കെ ചെയ്യുന്നെന് മുമ്പ് അച്ഛന്‍ ഓര്‍ക്കണ്ടേ, ഫേസ്ബുക്കിലും വാട്‌സാപ്പിലും ലൈവ് പോന്ന കാലമാന്ന്. ഇമ്മാതിരി പോക്കുകേസുകളെ ബൈക്കില്‍ കയറ്റി കൊണ്ടുപോകാന്‍ എനിക്ക് പറ്റില്ല. ആല്ലെങ്കിലേ ഒരു അവസരത്തിന് കാത്തുനിക്കുന്നവരാ ചുറ്റും. തലയില്‍ മുണ്ടിട്ടു ഇറങ്ങേണ്ട ഗതികേട് വരുത്തരുത്'
അവന്റെ ശബ്ദം ഉച്ചത്തിലായി. ഇത്തിരിപോലും അലിവില്ലാത്ത വാക്കുകള്‍. അവളത് വ്യക്തമായി കേട്ടു. കൂരമ്പുകള്‍ പോലെ നെഞ്ചില്‍ തറച്ച വാക്കുകള്‍ കാതുകളില്‍ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു.
ആ ശബ്ദം... അത്...!
അവള്‍ പെട്ടെന്ന് ഞെട്ടിവിറച്ചു. അത് കൂടികൂടി വന്നു ഒരു പെരുമ്പറമുഴക്കമായി. ഇരു കൈകള്‍ കൊണ്ട് ചെന്നിയില്‍ അമര്‍ത്തിപ്പിടിച്ചു കണ്ണുകള്‍ ഇറുക്കി അടച്ചു. തലയ്ക്കുള്ളില്‍ ആയിരം കാലുകളുള്ള തേരട്ടകള്‍ തലങ്ങും വിലങ്ങും പരക്കുന്നു. കാതുകളില്‍ കരിവണ്ടുകളുടെ മുരള്‍ച്ച. പതിയെ പതിയെ ഉയര്‍ന്നു അതൊരു കൂട്ടച്ചിരിയായി മാറുന്നു. പൊട്ടിയൊലിക്കുന്ന ചോര നുണഞ്ഞു വെറിപിടിച്ച ചെന്നായ്ക്കള്‍ നെഞ്ചിന് കൂട് കടിച്ചുവലിക്കുന്നു. അവയുടെ എണ്ണം കൂടിക്കൂടി വരുന്നു.
ഒന്ന് രണ്ട് മൂന്ന്..... പെരുമഴയുടെ ആര്‍ത്തനാദത്തില്‍ അലിഞ്ഞുപോയ, ലഹരിയുടെ ഉന്മാദാവസ്ഥയില്‍ പിച്ചിച്ചീന്തപ്പെടുന്ന പച്ചമാംസത്തില്‍ ഇത്തിരി പ്രാണന്‍ ബാക്കിവെക്കാന്‍ കെഞ്ചി വിലപിക്കുന്ന ഒരു പെണ്ണിന്റെ വേദനയില്‍ അവ ഊറിച്ചിരിക്കുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നു. പതിയെ അടയുമ്പോള്‍ അങ്ങകലെ വെളുത്ത വിരിയിട്ട കട്ടിലില്‍ ഒരു കുഞ്ഞു മാലാഖ. ഒരിക്കല്‍... ഒരിക്കലെങ്കിലും അവളെ ഒന്ന് കാണാനുള്ള പ്രാണന്‍ ബാക്കിവെക്കാനായി അവള്‍ കെഞ്ചി. കൊല്ലരുത്.. എനിക്കെന്റെ മോളെ ഒന്ന് കാണണം. ഒച്ച പുറത്തുവരാതിരിക്കാന്‍ വായില്‍ തുണി തിരുകി അവര്‍ മാറി മാറി കാമം തീര്‍ത്തു. ശൗര്യം കെട്ടടങ്ങി അര്‍ദ്ധപ്രാണനോടെ ഉടുതുണിയില്ലാതെ അവളെ ഉപേക്ഷിച്ചു പോകുമ്പോള്‍ ചിരിച്ച ഓരോ ചിരിയും ഏഴുജന്മം തിരിച്ചറിയാനുള്ള അടയാളങ്ങളായി അവളുടെ ഉള്ളില്‍ പതിച്ചിരുന്നു
നിന്നനില്‍പ്പില്‍ അവള്‍ അടിമുടി വിറച്ചു. തളര്‍ന്നുപോയ കാലുകള്‍ക്ക് ബലം വന്ന പോലെ. കണ്ണടച്ചുപിടിച്ചു ഓരോ ചുവടും മണ്ണില്‍ ആഞ്ഞു ചവിട്ടി ആ ശബ്ദത്തിന്റെ ഉറവിടത്തിലേക്കു അവള്‍ നടന്നു. കണ്ണുകള്‍ ചോരപ്പുപോലെ. ചുണ്ടുകള്‍ ലോകം മുഴുക്കെ കേള്‍ക്കാന്‍ പറ്റുന്നത്ര ഉച്ചത്തില്‍ അലറിക്കരയാനായി വിറയ്ക്കുന്നു.
അവളുടെ ഭാവമാറ്റം കണ്ടു എല്ലവരും സ്തബ്ധരായി നിന്നു. അവള്‍ അവന്റെ കണ്ണുകളിലേയ്ക്ക് ഒരു നിമിഷം സൂക്ഷിച്ചു നോക്കി. അതെ. അതേ കണ്ണുകള്‍. സര്‍വ്വവും ചുട്ടുചാമ്പലാക്കാനുള്ള തീ എരിയുന്നുണ്ടായിരുന്നു അവളുടെ നോട്ടത്തില്‍.
അതു സഹിക്കാനാവാതെ അവന്‍ മുഖം താഴ്ത്തി. മുഖത്ത് നേരിയ പരിഭ്രമം തെളിഞ്ഞുവന്നു.
അവളുടെ ശ്വാസനിശ്വാസങ്ങള്‍ ഉയര്‍ന്നു പൊങ്ങി. അടുത്ത നിമിഷം അരയില്‍ തിരുകിവെച്ചിരുന്ന ലോട്ടറിടിക്കറ്റ് എടുത്തു ചുരുട്ടിക്കൂട്ടി അവന്റെ മുഖത്തേക്കെറിഞ്ഞു. പിന്നെ രണ്ടു കവിളിലും അവളുടെ കൈകള്‍ മാറിമാറി പതിച്ചു. ഒന്ന് പ്രതികരിക്കാന്‍ പോലുമാവാതെ അവന്‍ അടികൊണ്ടു പുളഞ്ഞു.
മകനെ തല്ലുന്നത് കണ്ടു തടയാനായി അയാള്‍ മുന്നോട്ടാഞ്ഞു.
പിറകില്‍ നിന്നും ഒരു കൈ അയാളെ തടഞ്ഞു. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവളെ തടയേണ്ടെന്ന അര്‍ത്ഥത്തില്‍ അമ്മ തലയാട്ടി. അതില്‍ എല്ലാം ഉണ്ടായിരുന്നു. അവളുടെ നോട്ടത്തിനു മുന്നില്‍ തലകുനിച്ച മകന്റെ ഭാവം ഒരു വിശദീകരണത്തിന്റെ ആവശ്യം ഇല്ലാതെയാക്കി.
അന്നാദ്യമായി ആ അമ്മ തന്റെ ഗര്‍ഭപാത്രത്തെ വെറുത്തു. വിഷസര്‍പ്പത്തിന് അമൃതുചുരത്തിയ മുലക്കണ്ണുകള്‍ അറുത്തെറിഞ്ഞു പ്രായശ്ചിത്തം ചെയ്യാനായിരുന്നുവെങ്കില്‍. നെയ്തുകൂട്ടിയ സ്വപ്നങ്ങളില്‍ ചിതലുകയറിയതറിയാതെപോയതിന്റെ വേദനയില്‍ അവര്‍ പിടഞ്ഞു. നിസ്സഹായയായ പെണ്ണിന്റെ പ്രതികാരത്തിനുമുന്നില്‍ പേറ്റുനോവ് മറന്നു അവര്‍ വിങ്ങിപ്പൊട്ടി.
അടികൊണ്ടു അവശനായ അശ്വിന്‍ തളര്‍ന്നു തറയിലിരുന്നു. അതുവരെ ഉള്ളില്‍ അടക്കി വെച്ചതൊക്കെയും പുറത്തേക്കുവന്നപ്പോള്‍ അവള്‍ പരിസരംമറന്നുപോയിരുന്നു. സ്വബോധം തിരിച്ചുകിട്ടാന്‍ കുറച്ചുസമയം വേണ്ടിവന്നു. പിന്നെ ഒന്നും ഉരിയാടാതെ തിണ്ണയില്‍ ചാരിയിരുന്നു. പെരുമഴയുടെ ബാക്കി ആ കണ്ണുകളില്‍ നിന്നും പെയ്തുകൊണ്ടിരുന്നു. പിന്നെ നിറകണ്ണുകളോടെ അവളെത്തന്നെനോക്കിനില്‍ക്കുന്ന അമ്മയുടെ അടുത്തേക്കു ചെന്നു നോട്ടുകള്‍ എടുത്ത് അവരുടെ കാല്‍ക്കല്‍ വെച്ചു.
'എന്നോട് പൊറുക്കണം.. ഈ പണം.. ഇത് എനിക്ക് വേണ്ട.'
അവള്‍ തിരിഞ്ഞുനടന്നു. ഒന്നും പറയാനാകാതെ അവര്‍ ദിക്കറിയാതെ നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന കാഴ്ചയില്‍ ഒരു നിഴല്‍ രൂപം പോലെ അവള്‍ അകലുന്നത് കണ്ടു. പതിയെ പതിയെ അവള്‍ അതില്‍ അലിഞ്ഞലിഞ്ഞില്ലാതെയായി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...