
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കാറ്റ് മഴ രണ്ടുപേര്‍
ചുരത്തിന്റെ എട്ടാംവളവിലെത്തിയപ്പോള്‍
വണ്ടി ചെറുതായൊന്ന് പമ്മിയിരച്ചു.
ഒന്നാം ഗിയറിലേക്ക് പരിവര്‍ത്തനപ്പെട്ടപ്പോള്‍
ഒരു മുക്കലും മൂളലോടും കൂടി
പിന്നെയും മുകളിലേക്ക്
ഒരു കുതിപ്പായിരുന്നു.
ഒന്നാടിയുലഞ്ഞപ്പോള്‍
അയാളൊന്ന് പിന്നിലേക്ക് നോക്കി.
വണ്ടിയോടൊപ്പം അവളുമൊന്ന്
ശബ്ദിച്ചോ എന്ന് സംശയിച്ചു.
അത് തികച്ചും സംശയമായിരുന്നു.
അവള്‍ ഒന്നും മിണ്ടിയില്ല.
കാറ്റ് നീളത്തില്‍ ഒഴുകിയിറങ്ങി
തുടങ്ങിയപ്പോള്‍
ഇടിവെട്ടി ഒരു പേമാരി പെയ്തു.
അയാളുടെ മുഖം നനഞ്ഞു.
അവള്‍ അപ്പോഴും തണുത്തു തണുത്തുറങ്ങി.
പണ്ടും ഇവിടെ വന്നിരുന്നു.
അന്നും മഴ പെയ്തിരുന്നു.
അന്ന് ഓരോ വളവുകളും കയറുമ്പോള്‍
അവള്‍ പറഞ്ഞത് അയാളോര്‍ത്തു.
'കുളിരുന്നു.'
മഴ തീര്‍ന്നപ്പോള്‍ അയാള്‍ക്ക്
പഴയകാലത്തില്‍ ഒരു കുളിരുണ്ടായി.
അവള്‍ ആ കുളിരിലും ഉറങ്ങി.
അയാള്‍ ഉണര്‍ത്തിയില്ല.
അങ്ങനെയങ്ങനെ
കാറ്റും മഴയും കടന്ന് അയാള്‍
ഒരു മരണവീട്ടിലേക്ക്
വണ്ടിയോടിച്ചു പോയി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...