ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ചിന്തുരാജ് എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam short story by Chinthuraj

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഞാന്‍; കാണാതായ പെണ്‍കുട്ടി

ഒരു താമരയിലയില്‍, നേര്‍ത്ത ഓളങ്ങളില്‍, കാറ്റിനൊപ്പം ഉയര്‍ന്നുതാഴ്ന്ന്, ദിക്കറിയാതെ ഒഴുകി നടക്കുകയായിരുന്നു അപ്പോള്‍ ഞാന്‍. നിശ്ശബ്ദമായ എന്റെ സ്വപ്നത്തെ ഭംഗിച്ചുകൊണ്ട് ചിലമ്പിച്ച ശബ്ദങ്ങള്‍ കാതുകളില്‍ വന്നലച്ചു.

കായിലിനരികെയുള്ള ഒരു വീട്ടിലായിരുന്നു ഞാനപ്പോള്‍. പക്ഷെ കാണുന്ന മുഖങ്ങളില്ലെല്ലാം ദുഃഖം തളംകെട്ടി നില്‍ക്കുന്നു. അവിടമാകെ പരിചിതമെങ്കിലും എന്തോ ഒരപരിചിതത്വം അനുഭവപ്പെട്ടു, എല്ലാരും വിഷാദത്തിലാണ്, അവളെ അന്വേഷിക്കുകയാണവര്‍, അവളെയോര്‍ത്തു സങ്കടപ്പെടുകയാണ് അമ്മ, ആരാണവള്‍? അവള്‍ക്കെന്താണ് സംഭവിച്ചത്? എല്ലാരേയും ദുഃഖത്തിലാഴ്ത്തി അവള്‍ എവിടെയാണ് പോയത്?

ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ വീടിനു പിറകുവശത്തുള്ള കായലിനരികെത്തേക്കു ഞാന്‍ പോയി. ഓളങ്ങളില്ലാതെ ഏതോ മഹാരഹസ്യവും പേറി കായല്‍പെണ്ണ് മൂകമായി കിടക്കുന്നു. വെള്ളത്തില്‍ തന്നെ നോക്കി നില്‍ക്കുമ്പോഴാണ് അവള്‍, കാണാതായ പെണ്‍കുട്ടി, എന്റെ മുന്നില്‍ ജലത്തിലൂടെ ഊളിയിട്ട് വന്നത്. നീണ്ട ചുരുണ്ട മുടി ഇരുവശവും പിന്നിയിട്ട് മനോഹരമായി ചിരിച്ചുകൊണ്ടവള്‍ സ്വന്തം കഥ പറഞ്ഞു.

'പതിവുപോലെ പാലുകൊടുക്കാന്‍ മുത്തശ്ശിയുടെ വീട്ടില്‍ പോയതായിരുന്നു ഞാന്‍, പാലുവാങ്ങിയിട്ട് മുഖം കടുപ്പിച്ചു മുത്തശ്ശി പറഞ്ഞു, 'ഇനി മുതല്‍ പാലുംകൊണ്ട് നീ വരണ്ട, അമ്മയോ ചേച്ചിയോ കൊണ്ടുവന്നാല്‍ മതി'.

ഞാന്‍ മുഖം കുനിച്ചു ഇറങ്ങി പോകാന്‍ നേരം മുത്തശ്ശി പറയുന്നത് കേട്ടു, ഈ കൊച്ചു പാല്‍ കൊണ്ടുവരാന്‍ തുടങ്ങിയത് മുതല്‍ പ്രശ്‌നങ്ങളാ, ഇതിനെ കണികണ്ടാല്‍ അന്നത്തെ ദിവസം പോയിക്കിട്ടും, ശകുനപ്പിഴ.

ഇതൊക്കെ എത്ര കേട്ടിരിക്കുന്നു ഞാന്‍ ഉള്ളില്‍ ചിരിച്ചു, തൊട്ടടുത്ത നിമിഷത്തില്‍ കൈകാലുകള്‍ വിറപ്പിച്ചു, കണ്ണുകള്‍ മേല്‍പ്പോട്ടാക്കി, മുഖം കോട്ടി നിലത്തു കിടന്നുരുണ്ടു. മുത്തശ്ശി നിലവിളിച്ചുകൊണ്ട് എന്നെ പിടിച്ചു, അപ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ടെഴുന്നേറ്റു. 'അഹങ്കാരി' മുത്തശ്ശി ദേഷ്യത്തോടെ വിളിച്ചു. മുത്തശ്ശിയെ പേടിപ്പിച്ചതിന്റെ സംതൃപ്തിയില്‍ ഞാന്‍ വീട്ടിലോട്ടു നടന്നു.

'ആ പാവം ശോഭക്ക് ഇങ്ങനെയൊരു മൂധേവി വന്നുപിറന്നല്ലോ'. മുത്തശ്ശി അരിശത്തോടെ പറഞ്ഞു.

ഈ ശകാരങ്ങളൊന്നും എനിക്ക് പുത്തരിയല്ല ഓരോ ദിവസോം പുതിയ ശാപവാക്കുകള്‍ നിഘണ്ടുവില്‍ ചേര്‍ക്കുന്നതായിരുന്നു എന്റെ പ്രധാന ഹോബി. അശ്രീകരം, മൂധേവി, ശകുനപ്പിഴ, തന്തയെ കൊല്ലി അങ്ങനെ ഓരോ ചെല്ലപ്പേരുകള്‍. തന്തയെ കൊല്ലിയെന്നു ആദ്യം വിളിച്ചത് അമ്മയായിരുന്നു. ജനിച്ചു ആറാംമാസം എനിക്ക് അപസ്മാരം വന്നു, എന്നെ ഹോസ്പിറ്റലില്‍കൊണ്ടുപോകാന്‍ ഓടുന്നതിനടയിലാണ് അച്ഛന്‍ അപകടത്തില്‍പെട്ടു മരിക്കുന്നത്. അങ്ങനെയാണ് തന്തയെ കൊല്ലി എന്ന പേരുകിട്ടിയത്. പിന്നെയും ഇടവിട്ട് അപസ്മാരം വന്നു, സ്ഥിരമായി മരുന്ന് കഴിക്കുന്ന അസുഖകാരിയായി. ചിലപ്പോഴക്കെ എനിക്കിഷ്ടമില്ലാത്ത സാഹചര്യം വരുമ്പോള്‍ ഞാന്‍ രോഗം അഭിനയിച്ചു, എന്റെ പ്രതിരോധ മാര്‍ഗമായിരുന്നു അത്.

അമ്മയുടേയും ചേച്ചിയുടെയും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എല്ലാം ഒന്നായിരുന്നു, ഞാന്‍ എന്റെതായ ലോകത്തും. എന്റെ വിചിത്രമായ സ്വഭാവരീതികള്‍ പലപ്പോഴും അവര്‍ക്കു ഉള്‍ക്കൊള്ളാനായില്ല. എലിയെ കെണിവെച്ചു പിടിച്ചു ചുട്ടെരിച്ചു കൊല്ലുന്നതായിരിന്നു എന്റെ പ്രധാന വിനോദം. 'ഇങ്ങനെ എല്ലാര്‍ക്കും ഭാരമാവാതെ എങ്ങോട്ടാങ്കിലും പൊയ്ക്കൂടേ'- അമ്മയുടെ വാക്കുകള്‍.

ഞാന്‍ കായലരികത്തേയ്ക്കു പോയി എന്റെ സങ്കടങ്ങള്‍ പറയാന്‍. അവളാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി, ഞാന്‍ കരയുമ്പോള്‍ കൂടെ കരയുന്നവള്‍, ഞാന്‍ ചിരിക്കുമ്പോള്‍ നോക്കിച്ചിരിക്കുന്നവള്‍, എന്റെ ദുഃഖങ്ങള്‍ എല്ലാം ഏറ്റുവാങ്ങി സഹതപിക്കുന്നവള്‍, എനിക്ക് സ്വാന്തനമേകുന്നവള്‍, രാത്രിയാണ് ഞാനതു ചെയ്തത് നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി, അവളുടെ ആഴങ്ങളില്‍ ഞാന്‍ അഭയം കണ്ടെത്തി.'- അവള്‍ പറഞ്ഞു നിര്‍ത്തി.

അവളെ തിരഞ്ഞു ആള്‍ക്കാര്‍ കായലിലേയ്ക്കു ഇറങ്ങി. ഞാന്‍ നോക്കിനില്‍ക്കെ അവള്‍ ആഴങ്ങളിലേക്ക് അപ്രത്യക്ഷമായി. അവളെ കണ്ടെത്താനാവാതെ അവര്‍ മടങ്ങിയപ്പോള്‍ കാണാക്കയങ്ങളില്‍ ജലകന്യകമാര്‍ അവള്‍ക്കു താരാട്ടുപാടുന്നത് ഞാന്‍ അറിഞ്ഞു.

സന്ധ്യയ്ക്കു കായല്‍ത്തീരത്തടിഞ്ഞ അവളെയോര്‍ത്തു സഹതപിക്കുന്നവരെ കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു. ജീവിച്ചിരുന്നപ്പോള്‍ ഒരു വാക്കുകൊണ്ടങ്കിലും അവളെ ചേര്‍ത്തുനിര്‍ത്താത്തവര്‍.

എനിക്കും പോകാന്‍ നേരമായി.

ശേഷം ഞാന്‍ വീണ്ടും ഓളങ്ങളിലൂടെ, ഇരുണ്ട ഗര്‍ത്തങ്ങളിലൂടെ, ഓര്‍മ്മകളുടെ ബന്ധനങ്ങളില്‍ നിന്നു മുക്തയായി, അകലങ്ങളിലേയ്ക്ക് ഒഴുകി. 12വര്‍ഷമായി എന്നെ കാത്തിരിക്കുന്ന, വാത്സല്യനിധിയായ ഒരമ്മയുടെ മടിത്തട്ടിലേക്ക്. അവളുടെ കഥ അവസാനിക്കുന്നിടത്ത് എന്റെ കഥ തുടങ്ങുന്നു, എന്തെന്നാല്‍ ഞാനും അവളും ഒന്നാണല്ലോ.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...