Malayalam Poem: അതങ്ങനെയാണ്, ഷംല ജഹ്ഫര്‍ എഴുതിയ കവിതകള്‍

Published : Jan 31, 2026, 06:25 PM IST
poem by shamla jahafar

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ഷംല ജഹ്ഫര്‍ എഴുതിയ കവിതകള്‍. Asianet News Chilla Literary Space. Malayalam Poem by Sharmla Jahfar

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

അതങ്ങനെയാണ്

അതങ്ങനെയാണ്,
വലിയൊരു ചുറ്റളവില്‍ നിന്നും
ചുരുങ്ങിച്ചുരുങ്ങി
ചെറുകുഴിയിലേക്കൊരു സന്നിവേശം.

അതങ്ങനെയാണ്,
ആകാശം ഒന്നാണെങ്കിലും
ചിലര്‍ മാത്രം മുന്നില്‍ പറക്കും
ഒരു പക്ഷി വഴിമാറിയാല്‍
മുഴുവന്‍ കൂട്ടവും വഴി തെറ്റും.

അതങ്ങനെയാണ്,
ആരംഭത്തില്‍ ഒരു വൃക്ഷമാകും,
എല്ലാവര്‍ക്കും തണല്‍ നല്‍കും,
പിന്നീട് ശാഖകള്‍ തമ്മില്‍ നിഴല്‍ പിടിക്കുമ്പോള്‍
ചില ഇലകളില്‍ വെളിച്ചം പോലും വീഴില്ല.

അതങ്ങനെയാണ്,
ഒരു കോണിലെ ചുവരുകള്‍
കനപ്പെടുമ്പോള്‍
ഭാരം ഒരു ദിശയിലേക്ക് വഴുതും.

അതങ്ങനെയാണ്
ഒരേ തിരമാലയില്‍ തുടങ്ങുന്ന യാത്രയില്‍
ചില കരകളെ മാത്രം തിരകള്‍ ഏറ്റുവാങ്ങും.
മറ്റുള്ളവയെ വിട്ടുകളയും.

അതങ്ങനെയാണ്,
ജീവിതത്തിനും വാക്കുകള്‍ക്കും ഒരേ ശൈലി,
ഒരേ ദിശ, ഒരേ തലക്കെട്ട്,

അതെ
ജീവിതം ഇങ്ങനെയൊക്കെയാണ്.
 

മടുപ്പ്

വിജനമായ
തീരത്തിരുന്ന്
മടുത്തവള്‍
കടലിലിറങ്ങി
മുങ്ങാങ്കുഴിയിട്ടു.

തിരിച്ചുപൊങ്ങുമ്പോള്‍
വശ്യമായ
നൃത്തച്ചുവടുമായൊരു
വാഹനം
മുന്നില്‍ വന്ന്
നില്‍ക്കുന്നു.

നനഞ്ഞൊട്ടിയ
വസ്ത്രത്തോടെ
അവളതില്‍ കയറി
ഇടത് സീറ്റിലിരുന്നു.

അപ്പുറം
ചുണ്ടില്‍ കവിതയും
കണ്ണില്‍ പ്രണയവും
കൈകളില്‍
വളയവുമായൊരാള്‍
അവളെത്തന്നെ
നോക്കി-
നില്‍ക്കുന്നുണ്ടായിരുന്നു.

കണ്ണുകളാല്‍
പുണര്‍ന്നവര്‍ക്കിടയില്‍
നിന്നുമൊരു പുഷ്പം വിടര്‍ന്നുവന്ന്,
ഹൃദയത്തിലേക്കതൊരു
വസന്തം ചൊരിഞ്ഞു.

മരിച്ചുപോയ
ഇഷ്ടങ്ങള്‍ക്കുമേല്‍
പൂവിതള്‍ ചുംബിക്കുമ്പോള്‍
സ്വപ്നങ്ങള്‍
തളിര്‍ക്കാനും
ഹൃദയം
പൂക്കാനും തുടങ്ങുന്നു.

മണ്ണിനടിയിലെ
വേരുകളാവാന്‍
അവരപ്പോള്‍
ഏറെ
കൊതിച്ചിട്ടുണ്ടാവണം.

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Poem : ഇരുള്‍പുതപ്പ്, സുജാത അപ്പോഴത്ത് എഴുതിയ രണ്ട് കവിതകള്‍
Malayalam Short Story : കരിന്തിരി, സൗമ്യ മേരി എഴുതിയ ചെറുകഥ